ജീവിതം അഗ്നിപരീക്ഷണമായിത്തീര്‍ന്ന ഒട്ടനവധി കഥാപാത്രങ്ങള്‍ നമ്മുടെ ഇതിഹാസങ്ങളിലുണ്ട്. വിധിയുടെ വികൃതികളില്‍ തട്ടിത്തടയുമ്പോഴും ബുദ്ധിയും ഭക്തിയും ഉപയോഗിച്ച്, ഇടറാതെ മുന്നേറാന്‍ അവരില്‍ പലര്‍ക്കും കഴിഞ്ഞിട്ടുമുണ്ട്. നിലപാടുകളിലും ചിന്തകളിലും പ്രായോഗിക പുരോഗമന രീതി സ്വീകരിച്ച ചില കഥാപാത്രങ്ങളെ ഓര്‍ത്തെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ധാര്‍മികതയ്ക്കും കുലരക്ഷയ്ക്കും മുന്നില്‍ വ്യക്തിബന്ധങ്ങളും വൈകാരികതയും തടസ്സവുമാക്കാതെ സമൂഹത്തിന്റെ നീതിബോധ നൈരന്തര്യത്തിന് വിളക്കുവച്ചവരാണവര്‍. ശരിയുടെയും തെറ്റിന്റെയും ഇടയിലുള്ളത് പലപ്പൊഴും, നേരിയൊരു നൂല്‍പ്പാലമാണ്. ശരി തിരഞ്ഞെടുക്കുമ്പോള്‍ അത്യന്തം സൂക്ഷ്മതയും വേണം. ദാര്‍ശനിക സൂക്ഷ്മതയിലൂടെ കുലധര്‍മത്തിന്റെ തുടര്‍ച്ചയും സുരക്ഷയും ഉറപ്പാക്കിയ ഇതിഹാസ ദമ്പതികളാണ് പാണ്ഡുവും കുന്തിയും- പാണ്ഡിന്റെയും ശാപത്തിന്റെയും ഭാരം ചുമക്കുന്ന പാണ്ഡുവും, കര്‍ണ്ണ മാതൃത്വത്തിന്റെ നോവിറക്കുന്ന കുന്തിയും.
ആകസ്മികതയാണെങ്കിലും, മൃഗരൂപം ധരിച്ച് സംഭോഗം നടത്തിക്കൊണ്ടിരുന്ന കിമിന്ദമഹര്‍ഷിയെയാണ് പാണ്ഡു വധിച്ചത്. കാമാവേശത്തോടെ സ്ത്രീയെ തൊട്ടാല്‍ കിട്ടുന്ന മരണം തന്നെയായിരുന്നു, മഹര്‍ഷി നല്‍കിയ ശിക്ഷ. നായാട്ട്, ക്ഷത്രിയന് പറഞ്ഞതാണെങ്കിലും പ്രകൃതിയുടെ നൈസര്‍ഗ്ഗിക ചോദനയനുഭവിക്കുന്ന സ്ത്രീപുരുഷ ബന്ധത്തെയാണ് പാണ്ഡു അമ്പെയ്തത്! സംഭോഗം, പ്രകൃതി നിശ്ചയിച്ചത്, സന്തത്യുല്‍പ്പാദനത്തിനായതുകൊണ്ട് തന്നെ പാണ്ഡു കൊടിയ തെറ്റാണ് ചെയ്തത്. പ്രകൃതിയിലെ സര്‍വജീവജാലങ്ങള്‍ക്കും അതിജീവനത്തിനും വംശപോഷണത്തിനും അവകാശമുണ്ട്. അതാണ് നിഷ്‌ക്കരുണം ധ്വംസിക്കപ്പെട്ടത്. സ്വാര്‍ത്ഥിയായ മനുഷ്യന്റെ മേല്‍ക്കൈ പ്രകൃതിയെ ചൂഷണം ചെയ്യുകയും, മൃഗ സ്വാതന്ത്ര്യത്തെയും അവകാശത്തെയും നിഷേധിക്കുകയും ചെയ്യുന്നതിനെതിരെയൊരു താക്കീത് തന്നെയാണ്, ഈ ശാപം. ലൈംഗികബന്ധത്തിന്റെ വിശുദ്ധി പാണ്ഡു എന്ന മനുഷ്യന്‍ തിരിച്ചറിയുന്നില്ല തന്നെ.
ചില തെറ്റുകള്‍ തിരുത്തപ്പെടാവുന്നവയല്ലല്ലൊ; മായ്ച്ചുകളയാനും കഴിയില്ല. ശാപമേറ്റ പാണ്ഡു ഭാര്യമാരെയും കൂട്ടി വനവാസത്തിനു പോകുന്നു. ഏറെ ഈശ്വരചിന്തയില്‍ കഴിഞ്ഞ അദ്ദേഹത്തിന്, പക്ഷെ, ‘മക്കളില്ലാത്ത ദുഃഖം’ (അനപത്യത) മറക്കാനാവുന്നില്ല. ധാര്‍മിക നിയമങ്ങളനുസരിച്ച് ഓരോ വ്യക്തിക്കും കുറെ കടങ്ങള്‍ വീട്ടാനുണ്ട്. പിതൃക്കള്‍, ദേവന്മാര്‍, മഹര്‍ഷിമാര്‍, മനുഷ്യര്‍ എന്നിവര്‍ക്കായി നാലുതരം കടംവീട്ടലാണ് ജീവിതത്തിന്റെ ഒരു ദൗത്യം. യജ്ഞംകൊണ്ട് ദേവന്മാര്‍ക്കും സ്വാദ്ധ്യായംകൊണ്ട് മഹര്‍ഷിമാര്‍ക്കും ദയകൊണ്ട് മനുഷ്യര്‍ക്കും ഉള്ള കടം തീര്‍ക്കാന്‍ പാണ്ഡുവിന് കഴിഞ്ഞിട്ടുണ്ട്.
ഒരു മനുഷ്യന്‍ കര്‍മ്മം, സ്വഭാവം, വിദ്യാഭ്യാസം എന്നിവയെ എങ്ങനെ സമീപിക്കുന്നുവെന്നതാണ് ഈ പങ്കിടലിലുള്ളത്. യാഗത്തിലൂടെ സമൂഹസേവയും, വിദ്യാഭ്യാസത്തിലൂടെ കാഴ്ചപ്പാടും വ്യക്തിത്വവികസനവും, ദയയിലൂടെ ലോകസ്‌നേഹവുമാണ് സൂചിപ്പിക്കുന്നത്. ഇവിടെ കഴിവു തെളിയിച്ചാല്‍, വിജയിച്ചു. വ്യക്തിത്വ വളര്‍ച്ചയുടെ മൂന്നുകാലുകളാണിവ. നാലാമത്തെ കാലാണ് പിതൃഋണം- പിതൃക്കളോടുള്ള കടംവീട്ടല്‍. മക്കളുടെ പരമ്പരിയൂടെ നീളുന്ന പൂര്‍വിക പിതൃശൃംഖലയ്ക്ക് ശ്രാദ്ധമൂട്ടുന്നതാണ് ഈ കടംവീട്ടല്‍. മക്കളില്ലാത്തവരുടെ വംശാവലി അറ്റുപോകുമ്പോള്‍, പിതൃശ്രാദ്ധം നിഷേധിക്കപ്പെടുന്നു. പിന്‍കാഴ്ച തരുന്ന കണ്ണാടികൂടി നോക്കിയിട്ടാണല്ലൊ വാഹനം ഓടിക്കുന്നത്! ഭൂതകാലത്തിലേക്കുള്ള വേരുകളാണ് പിതൃക്കള്‍. വംശാവലിയുടെ പിന്നാമ്പുറങ്ങളില്‍ നിന്നാണ് മനുഷ്യന്റെ മുന്നോട്ടുള്ള പ്രയാണം തുടങ്ങുന്നത്. കുഞ്ഞുണ്ണിമാഷ് എഴുതിയപോലെ, ”പിന്നോട്ടു മാത്രം മടങ്ങുന്ന കാലുകൊണ്ടല്ലയോ, മുന്നോട്ടു പായുന്നതിളുകള്‍!” പൂര്‍വികരെ നിരസിക്കുന്നത് ഇരിക്കുന്ന കൊമ്പിന്‍ കട മുറിച്ചിടലാണ് എന്നര്‍ത്ഥം. വംശത്തുടര്‍ച്ചയുടെ തുടക്കമായ പിതൃക്കളുടെ ഓര്‍മക്കുമുന്നില്‍ കറുകത്തലയ്ക്കല്‍ വെള്ളം തൂവാന്‍ സന്തതിയില്ലാത്ത ദുഃഖമാണ് പിതൃഋണത്തിന്റെ നോവായി പാണ്ഡുവിനെ അലട്ടിയത്.
ബുദ്ധിയുപയോഗിക്കാന്‍ നിര്‍ദ്ദേശിച്ച മഹര്‍ഷിമാരുടെ സൂചന മനസ്സിലാക്കുന്ന പാണ്ഡു, തനിക്കൊക്കുന്ന ഉത്തമകൃതികളില്‍ നിന്ന് സന്തത്യുല്‍പ്പാദനം നടത്താന്‍, ധര്‍മ്മനീതിയുടെ വാദമുഖവുമായി കുന്തിയോടാവശ്യപ്പെടുന്നു. വ്യാസനില്‍ നിന്നുല്‍ഭവിച്ച കുരുവംശവും ഭര്‍ത്താവിനെ ഇത്തരം നയപരമായ സന്ദര്‍ഭങ്ങളില്‍ അനുസരിക്കേണ്ട കടമയും പാണ്ഡുവിന്റെ ന്യായീകരണങ്ങളില്‍ കാണാം. പുരുഷന്റെ നിസ്സഹായതയില്‍, ഭാര്യക്ക് കുലധര്‍മരക്ഷയ്ക്കായി, അന്യപുരുഷബന്ധം വകവച്ചുകൊടുക്കുന്ന പുരോഗമന കാഴ്ചപ്പാടാണ് പാണ്ഡുവിന്റേത്. അവിടെ വംശധര്‍മ്മമാണ് പ്രധാനം. ധര്‍മ്മനീതിയനുസരിച്ച് അങ്ങനെയുണ്ടാവുന്ന കുഞ്ഞിന്റെ പിതൃത്വം ഭര്‍ത്താവിനുതന്നെയാണ്. ഗര്‍ഭപാത്രം വാടകക്കുകൊടുത്ത് കുഞ്ഞിനെ ഉണ്ടാക്കിക്കൊടുക്കലല്ല, മറിച്ച് സ്വന്തം കുലത്തിന്റെ നിലനില്‍പ്പിന് ബീജ ഭിക്ഷ സ്വീകരിച്ച് കുടുംബത്തെ വളര്‍ത്തലാണ് സ്ത്രീധര്‍മ്മമായി ഭാരതം കണ്ടത്. അവിടെ സ്ത്രീ രക്ഷകയാവുന്നു.
ദുര്‍വ്വാസാവില്‍നിന്ന് താന്‍ നേടിയ സന്താനലാഭ വരം ഉപയോഗിക്കാനുള്ള അവസരം കൂടിയായി ഇത് മാറുന്നു. ഉത്തരവാദിത്വത്തിന്റെ ഗൗരവമാണ് കുന്തിയെ ഇതിന് പ്രേരിപ്പിക്കുന്നത്. ആദ്യം ഏത് ദേവനെ പ്രീതിപ്പെടുത്തണം? പാണ്ഡുവിന് ഇവിടെയും കൃത്യമായ കാഴ്ചപ്പാടുണ്ട്. ”ആവാഹിക്കൂ ധര്‍മ്മനെ’ എന്നുപറയുന്ന പാണ്ഡുവാകട്ടെ, ധര്‍മ്മദേവന്റെ മകന്‍ അധര്‍മ്മത്തില്‍ രമിക്കില്ല എന്നും കണക്കുകൂട്ടുന്നു. ഒരു സന്തതിയുണ്ടാകുമ്പോള്‍, ഭാരതീയ കാഴ്ചപ്പാടു പ്രകാരം ആദ്യപ്രാധാന്യം ധര്‍മ്മത്തിനാകണം. ഭാരതം അധര്‍മത്തിലാണ് ദുഃഖം കണ്ടത്. ധാര്‍മികനായ മൂത്തമകനിലൂടെ, രാഷ്ട്രം ധര്‍മ്മം പുലരുന്നതാവണം എന്ന രാജനൈതികബോധമാണ് പാണ്ഡുവിന്റേത്. കൃത്രിമമാര്‍ഗ്ഗത്തിലൂടെ ഗര്‍ഭാധാനം നടത്തുന്ന ആധുനിക ലോകത്തിനും സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പേ തന്നെ, ഇത്തരം ചിന്തകള്‍ ഇവിടെയുണ്ടായിരുന്നു. അതാണ് ഭാരതത്തിന്റെ പുരോഗമനം. മാത്രമല്ല, സ്ത്രീജന്മത്തിന്റെ സാഫല്യമായ അമ്മ എന്ന അവസ്ഥ, സ്ത്രീക്ക് നിഷേധിക്കാതിരിക്കാനും പണ്ടേ ശ്രമമുണ്ടായിട്ടുണ്ട്. പ്രകൃതിയും ധര്‍മ്മവും രാജ്യവും സ്ത്രീയും, പൂര്‍വികപരമ്പരയും എല്ലാം തന്നെ സംരക്ഷിക്കണമെന്ന ഭാരത സംസ്‌കാര താല്‍പ്പര്യവും ഇവിടെ ദൃശ്യമാണ്.
പ്രൊഫ. വി.ടി. രമ
No comments:
Post a Comment