മനസ്സ് അതിന്റെ രൂപത്തെ കൈവെടിയണം എന്നു പറഞ്ഞാല്‍ അതിലടിഞ്ഞ് കിടക്കുന്ന സകല ലൗകിക വാസനാ രൂപങ്ങളില്‍ നിന്നും മുക്തമാകണം എന്നര്‍ത്ഥം. എങ്കിലേ ശരിയായി ഈശ്വരധ്യാനം ചെയ്യുവാനും ഈശ്വരനുമായി ഗാഢബന്ധം പുലര്‍ത്താനും ആശയവിനിമയം ചെയ്യാനും ഈശ്വരങ്കല്‍ വിലയം പ്രാപിക്കാനും കഴിയൂ.
ഭക്തി രണ്ട് വിധമുണ്ട്. ഒന്നു വൈധീഭക്തി. അത് ഗുണാത്മകമാണ്, തന്മൂലം അതിനെ ഗൗണഭക്തിയെന്നും പറയാറുണ്ട്. അത് പ്രവര്‍ത്തിക്കുന്നത് മാനസിക മേഖലയിലാണ്. അതൊരു സാധനാഭക്തിയാണ്. നിരന്തര പരിശ്രമംകൊണ്ട് വളര്‍ത്തിയെടുക്കേണ്ടത്. അതിന് പടികളുണ്ട്. അവസ്ഥകളുണ്ട്. ഘട്ടങ്ങളുണ്ട്. ഭാവങ്ങളുണ്ട്.
അടുത്തത് പരാഭക്തിയാണ്. ഇതാണ് യഥാര്‍ത്ഥ ഭക്തി. പരാ എന്നാല്‍ ഗുണങ്ങള്‍ക്കതീതമായത് എന്നര്‍ത്ഥം. ഈ പരാഭക്തി അനിര്‍വചനീയമായ അനുഭൂതി വിശേഷമാണ്. അത് ഈശ്വരനോടുള്ള ഗാഢപ്രേമമാണ്. അവിടുത്തോടുള്ള പൂജ്യഭാവമാണത്. പരാല്‍പരനായ സര്‍വേശ്വരനോട് ജീവന് ഉളവാകുന്ന കാന്തസദൃശമായ ആകര്‍ഷണമാണത്. അതിന് ഗുണസ്പര്‍ശമില്ല. ആശകളുടെ മാലിന്യവുമില്ല. അത് ത്യാഗത്താലും വൈരാഗ്യത്താലും പാര്‍ശ്വരക്ഷിതയും പരിസേവിതയുമായ പ്രേമ ചക്രവര്‍ത്തിനിയാണ്. വിഷയങ്ങളില്‍ ചിന്നിച്ചിതറി കിടക്കുന്ന പ്രേമശക്തിയെ അവയില്‍നിന്നും പിന്‍വലിച്ച് ഈശ്വരനില്‍ കേന്ദ്രീകരിച്ച് അര്‍പ്പിക്കപ്പെടുമ്പോള്‍ ഭക്തിയായിത്തീരുന്നു.
ഒരു വ്യക്തിയുമായി പരിചയമോ ഒരു വസ്തുവിനെപ്പറ്റി അറിവോ ഉദിക്കുന്നതുവരെ ആ വ്യക്തിയോടോ വസ്തുവിനോടോ പ്രേമം ഉണ്ടാവുകയില്ല. പ്രേമം ഉണ്ടാകുന്നതിന് അറിവും പരിചയവും ഗാഢസൗഹൃദവും കൂടിയേ കഴിയൂ എന്നാണല്ലൊ. ഇതുപോലെ നിങ്ങളുടെ ഏറ്റവും പ്രിയങ്കരനായ ബന്ധു എന്ന നിലയില്‍ ഈശ്വരനെ അടുത്തറിയാത്തിടത്തോളം ഈശ്വരനോട് സ്വാര്‍ത്ഥരഹിതമായ പ്രേമം ഉദിക്കില്ല. അതിനാല്‍ ഭക്തി ഈശ്വരനെക്കുറിച്ചുള്ള ബോധത്തില്‍നിന്ന് ഉറവെടുക്കുന്ന ഒരു പ്രേമ പ്രവാഹമാണെന്നു വരുന്നു.
No comments:
Post a Comment