ഉഡുപ്പി ശ്രീകൃഷ്ണനെപ്പറ്റി കേട്ടീട്ടില്ലേ? ഒരു കുട്ടിയായി, കൈയ്യില്‍ തയിരു കലക്കുന്ന മത്തും എടുത്തു കൊണ്ടു നില്‍ക്കുന്ന കണ്ണനാണ് അവിടെ ഉള്ളത്. അരയില്‍ ഒരു കോണകം പോലും ധരിച്ചീട്ടില്യ. യശോദ അണിയിച്ച ആഭരണങ്ങള്‍ മാത്രേ ഉള്ളൂ. കൈയില്‍ കടകോലും പിടിച്ചു കൊണ്ടു വിടര്‍ന്ന കണ്ണുകളോടെ നില്‍ക്കുന്ന സുന്ദര രൂപം എത്ര കണ്ടാലും മതിയാവില്യ.
ഉടുപ്പി കൃഷ്ണനിൽ അതീവ ഭക്തിയും പ്രേമവും ഉള്ള ഒരു ശ്രേഷ്ഠ ബ്രാഹ്മണന്‍ ഉണ്ടായിരുന്നു. ഒരിക്കല്‍ അദ്ദേഹം ഒരു കാട്ടു വഴിയില്‍ കൂടി സഞ്ചരിക്കുകയായിരുന്നു. അദ്ദേഹത്തിന്‍റെ കൂടെ കുറച്ചു പണ്ഡിതന്മാരും വന്നിരുന്നു. വഴിയില്‍ ഒരിടത്ത് ധാരാളം തുളസി ചെടികള്‍ തഴച്ചു വളര്‍ന്നു നില്‍ക്കുന്നത് കണ്ടു. അദ്ദേഹത്തിന്‍റെ മനസ്സില്‍ ആനന്ദം അലതല്ലി. തുളസി എവിടെയാണോ അവിടെ തന്റെ കൃഷ്ണൻ ഉണ്ടാകും . ബ്രാഹ്മണൻ അവിടെ ഒരു മരത്തണലില്‍ ഇരുന്നു ധ്യാനം ആരംഭിച്ചു. മനസ്സുകൊണ്ട് ശ്രദ്ധയോടെ തുളസി ഇല പറിക്കുവാന്‍ തുടങ്ങി. കാരണം തുളസി ചെടി ഭഗവാനു വേണ്ടി മാത്രം മുളയ്ക്കുന്നതാണ്. ചെടിക്ക് നോവാതെ വേണം അതിനെ പറിക്കാന്‍. നുള്ളിയ തുളസി ഇലകള്‍ കൊണ്ട് മനസ്സാ ഭഗവാനു ഒരു മാല കെട്ടി തുടങ്ങി. മഹാ ഭക്തനായ ആ ബ്രാഹ്മണൻ മാനസീകമായി ശ്രദ്ധയോടെ ഉണ്ടാക്കിയ മാല മനസ്സുകൊണ്ട് ഉഡുപ്പി കൃഷ്ണനു അതു ചാര്‍ത്തി. മാല ഭഗവാന്‍റെ കഴുത്തില്‍ ശരിയായി വീഴാതെ വലത്തേ തോളില്‍ ഇറങ്ങാതെ എവിടെയോ തട്ടി നിന്നു. അദ്ദേഹം വീണ്ടും മാല കഴുത്തിൽ നിന്നും ഉയര്‍ത്തി രാണ്ടാമതും ഇട്ടു നോക്കി. അപ്പോഴും വലത്തേ തോളില്‍ ശരിക്ക് ഇറങ്ങുന്നില്ല. ഇരു വശവും കൃത്യമായി ഇറങ്ങി കിടന്നാലല്ലേ ഭംഗിയുള്ളൂ! പെട്ടെന്ന് അദ്ദേഹത്തിന്‍റെ ധ്യാനം ഉലഞ്ഞു. അദ്ദേഹം കണ്ണ് തുറന്നു. മുഖം മ്ലാനമായിരുന്നു. കൂടെ വന്നവര്‍ കാര്യം തിരക്കി. അദ്ദേഹം മാനസ പൂജയില്‍ താന്‍ ഭഗവാനു ഒരു തുളസി മാല ചാര്‍ത്തിയ വിവരം പറഞ്ഞു. എന്തു കൊണ്ടോ ആ മാല ഭഗവാന്‍റെ കഴുത്തില്‍ ശരിയായി വീണില്ല എന്നും പറഞ്ഞു. അദ്ദേഹത്തിന്റെ കൂടെ വന്ന ബ്രാഹ്മണര്‍ക്ക് കുല ഗര്‍വം, വിദ്യാ ഗര്‍വം ഭക്തി ഗർവ്വ് എന്നിവ ഉണ്ടായിരുന്നതു കൊണ്ട് അദ്ദേഹത്തിന്‍റെ മാനസ പൂജ വേണ്ടത്ര ശരിയാവാത്തതുകൊണ്ടാണ് എന്നു പറഞ്ഞു. എന്നാൽ ബ്രാഹ്മണന് ആ മറുപടി സ്വീകാര്യമായി തോന്നിയില്ല. കാരണം അദ്ദേഹം അത്രത്തോളം ശ്രദ്ധയോടെയാണ് എല്ലാം ചെയ്തത്. മാല എന്തുകൊണ്ട് ഭഗവാന്‍റെ കഴുത്തില്‍ ശരിയായി ഇറങ്ങിയില്ല എന്നു ചിന്തിച്ച് അദ്ദേഹം മറ്റുള്ളവരുടെ കൂടെ മുന്നോട്ട് നീങ്ങി.
കുറച്ചകലെ നിന്നും ഒരാള്‍ അദ്ദഹത്തിന്റെ അടുത്ത് വന്ന് കൈകൂപ്പി നിന്നു. അയാള്‍ക്ക് അദ്ദേഹത്തോടു എന്തോ പറയാന്‍ ഉണ്ടെന്നു തോന്നി. അദ്ദേഹം അയാളെ അടുത്തു വിളിച്ചു.
ജാതിയിൽ താണ അയാളെ അടുത്തു വിളിച്ചത് മറ്റു പണ്ഡിതന്മാര്‍ക്ക് തീരെ ഇഷ്ടപ്പെട്ടില്ല. അവർ പരിഹാസത്തോടെ പരസ്പരം നോക്കി.
ബ്രാഹ്മണന്‍ അയാളോടു ചോദിച്ചു.
"എന്താണു കാര്യം?"
അയാൾ വിനയത്തോടെ പറഞ്ഞു .
"അങ്ങ് ഭഗവാന്‍റെ കഴുത്തില്‍ ഒരു മാല ഇട്ടില്ലേ അതു ശരിയായി വീണില്ല. ഇതു പറയാനാണ് ഞാൻ വന്നത്" ബ്രാഹ്മണന് വളരെ ആശ്ച്ചര്യമായി.
"ഞാന്‍ ഭഗവാന് മനസ്സാ തുളസി മാല ചാര്‍ത്തിയത് നീ എങ്ങനെ അറിഞ്ഞു? "
"അങ്ങ് തുളസി മാല ചാര്‍ത്തുന്ന അതേ അവസരത്തില്‍ ഞാനും ഭഗവാനു ഒരു മാല കെട്ടി ചാര്‍ത്തിയിരുന്നു. എന്‍റെ മാല ഭഗവാന്‍റെ കഴുത്തില്‍ പൂര്‍ണ്ണമായും ഇറങ്ങി, അങ്ങയുടെ വലതു വശത്ത് തട്ടി നിന്നത് ഞാന്‍ കണ്ടു"
ഇതു കേട്ട ആ ബ്രാഹ്മണൻ ആനന്ദക്കണ്ണീരോഴുക്കി. താന്‍ മാനസീകമായി ഇവിടെ ഇരുന്നു ഭഗവാനു മാല കെട്ടി ചാര്‍ത്തിയത് ഒരു അബ്രഹ്മണനായ ഇയാള്‍ മനസ്സിലാക്കിയിരിക്കുന്നു.
"ശരി എന്‍റെ മാല എന്തു കൊണ്ടു ഭഗവാന്‍റെ കഴുത്തില്‍ ശരിക്കു വീണില്ല എന്നു പറയാമോ?"
"അങ്ങ് ചാര്‍ത്തിയ മാല മത്തിന്റെ വശത്ത് കുടുങ്ങിയതാണ്. രാണ്ടാമത് എടുത്ത് ഇട്ടപ്പോഴും അത് അങ്ങയുടെ ശ്രദ്ധയിൽപ്പെട്ടില്ല."
ഇത് കേട്ട ഉടനെ അദ്ദേഹം ഉടനെ വീണ്ടും ധ്യാനിച്ച് നോക്കി. അയാള്‍ പറഞ്ഞത് ശരിയാണ്! തന്‍റെ മാല മത്തില്‍ കുടുങ്ങിയിരിക്കുകയാണ് എന്നു മനസ്സിലാക്കി. പതുക്കെ കൈ കൊണ്ടു മാല മത്തില്‍ നിന്നും വിടുവിച്ചു. എന്നിട്ട് അതു ശരിക്കും കൃഷ്ണന്‍റെ കഴുത്തില്‍ ഇറക്കി ഇട്ടു. ഇപ്പോള്‍ മാല ഭംഗിയായി കഴുത്തില്‍ വീണു.
ബ്രാഹ്മണൻ ആനന്ദത്തോടെ ആ ഭക്തനെ കെട്ടി പുണര്‍ന്നു. ആചാരവും അനുഷ്ഠാനവും വളരെയുള്ള വിഭാഗത്തിൽപ്പെട്ട അവർ സാധാരണ അബ്രാഹ്മണരെ അടുത്തേക്കു പോകുകപോലും പതിവില്ല. ബ്രാഹ്മണന്‍ ചോദിച്ചു.
"ആശ്ചര്യം തന്നെ അങ്ങ് എന്തു മന്ത്രമാണ് ജപിക്കുന്നത്? ആരാണ് അങ്ങയെ ധ്യാനവും മാനസപൂജയും പരിശീലിപ്പിച്ചത്?"
അയാള്‍ വിനയാന്വിതനായി പറഞ്ഞു.
എനിക്ക് പൂജയോ മന്ത്രമോ ഒന്നും അറിയില്ല. ഒരിക്കൽ ഒരു മഹാത്മാവ് തുളസിമാലകളുമായി ക്ഷേത്രത്തില്‍ പോകുന്നത് ഞാൻ അകലെ നിന്നു കണ്ടു. ഇതെന്തിനാണ് എന്ന് അദ്ദേഹത്തോട് ചോദിച്ചു. ഉഡുപ്പി കൃഷ്ണന് ചാർത്താനുള്ള മാലയാണ് എന്നു പറഞ്ഞു. ഞാൻ ആഗ്രഹത്തോടെ ചോദിച്ചപ്പോൾ എനിക്ക് ഭഗവാന്റെ രൂപത്തെപ്പറ്റി പറഞ്ഞു തന്നു. എനിക്കും കഷ്ണനെ കാണാനും ആ കഴുത്തിൽ മാല ചാർത്താനും കൊതി തോന്നി. പക്ഷേ എന്നേപ്പോലെയുള്ളവർക്ക് ക്ഷേത്രത്തില്‍ പോകാൻ അനുവാദമില്ലോ. അതുകൊണ്ട് ആ മഹാത്മാവ് പറഞ്ഞ രൂപത്തെ മനസ്സില്‍ കണ്ട് മനസ്സുകൊണ്ട് കെട്ടിയുണ്ടാക്കിയ തുളസിമാല കൃഷ്ണന് ചാർത്തും. "
ഇതു കൂടിക്കേട്ടപ്പോൾ ആ ബ്രാഹ്മണൻ അയാളുടെ കാലിൽ വീണു നമസ്ക്കരിച്ചുകൊണ്ട് പറഞ്ഞു.
"ഹേപുണ്യാത്മാവേ നീ തന്നെയാണ് ഉത്തമനായ ഭക്തൻ. കൃഷ്ണന് പ്രിയപ്പെട്ടവൻ"
നിറഞ്ഞ പ്രേമത്തോടെ കണ്ണന് എന്തു കൊടുത്താലും കണ്ണൻ സ്വീകരിക്കും.
എല്ലാ മനസ്സിലും കൃഷ്ണപ്രേമം നിറയട്ടെ.
എല്ലാ അക്ഷരപ്പൂക്കളും കണ്ണന് പ്രേമാർച്ചനയായി സമർപ്പിക്കുന്നു.
No comments:
Post a Comment