ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Saturday, April 15, 2017

ഹനുമാന്റെ ലങ്കാദര്‍ശനവും, സീതാസംഗമവും - പുരാണകഥകൾ

Image result for ഹനുമാന്റെ  ലങ്കാദര്‍ശനവും, സീതാസംഗമവും

ലങ്കാനഗരത്തിന്റെ കാവല്‍ക്കാരിയായ ലങ്കാലക്ഷ്മിയുടെ പ്രതിരോധത്തെ ലംഘിച്ച്, ചാരുദൃശ്യങ്ങള്‍കൊണ്ട് സമ്മോഹനമായ ആ നഗരത്തെ അഞ്ജനാപുത്രന്‍ കണ്ടു. മഹാപ്രാസാദങ്ങള്‍, തുംഗഗോപുരങ്ങള്‍, രാജവീഥികള്‍, ഉദ്യാനങ്ങള്‍, രാവണന്റെ മണിമാളികയ്ക്കു ചുറ്റുമുള്ള, ചെന്താമരയും കല്‍ഹാരവും നീലോല്പലവും വിരിഞ്ഞുനില്‍ക്കുന്ന ജലത്തോടുകൂടിയ കിടങ്ങ്... എല്ലാം വിസ്മയക്കാഴ്ചകള്‍!
ഉള്ളിന്റെയുള്ളില്‍ സീതയെ കണ്ടെത്തുകയെന്ന മോഹമായിരുന്നു. അശോകവനികയില്‍ ശിംശപാവൃക്ഷച്ചുവട്ടില്‍, രാക്ഷസികളാല്‍ ചൂഴപ്പെട്ടിരിക്കുന്ന ദേവിയെ കണ്ടു. കൃശഗാത്രിയും ശ്ലഥവേണിയും മലിനവസ്ത്രധാരിണിയും സദാ വിലപിച്ചുകൊണ്ടിരിക്കുന്നവളുമായ ദേവി രാമരാമേതി മന്ത്രം ഉരുവിട്ടുകൊണ്ടിരുന്നു. ''ജാതനെന്നാകില്‍ വരും സുഖം ദുഃഖവും'' എന്ന ലോകതത്ത്വം അനുസ്മരിക്കാം.

കമലമകളഖിലജഗദീശ്വരിതന്നുടല്‍
കണ്ടേന്‍ കൃതാര്‍ഥോസ്മ്യഹം കൃതാര്‍ഥോസ്മ്യഹം
ദിവസകരകുലപതിരഘൂത്തമന്‍ കാര്യവും
ദീനതയെന്നിയേ സാധിച്ചിതിന്നു ഞാന്‍

ഹനുമാന്റെ ആത്മഗതവും ആത്മവിശ്വാസവുമാണ് ഈ വരികളില്‍ മുഴങ്ങുന്നത്.


അങ്ങനെയിരിക്കെയാണ് അസുരകുലപതിയായ രാവണന്‍ സീതയെ വശീകരിക്കാനായി എഴുന്നള്ളുന്നത്. സുമുഖീ, നിന്റെ പാദദാസനായ എന്നില്‍ പ്രസാദിക്കണമെന്ന് അപേക്ഷിച്ച ദശാനനന്‍, തന്റെ ഗുണങ്ങളും രാമന്റെ ദൂഷ്യങ്ങളും എണ്ണിയെണ്ണിപ്പറഞ്ഞു. കൃതഘ്‌നനും കീര്‍ത്തിഹീനനും നിര്‍മമനുമായ രാമനുവേണ്ടി ഭവതി കാത്തിരിക്കേണ്ട. കൈയില്‍ വന്നുചേര്‍ന്ന അമൂല്യരത്‌നത്തെ ഉപേക്ഷിച്ച്, ആരെങ്കിലും കാക്കപ്പൊന്നിനുവേണ്ടി കാത്തിരിക്കുമോ?


എന്റെ കളത്രമായി നീ വാഴണം എന്നപേക്ഷിച്ച രാവണന്റെ മുന്നിലേക്ക്, രോഷാകുലയായ രാമപത്‌നി ഒരു പുല്‍ക്കൊടി പറിച്ചെടുത്തിട്ടു. പതിവ്രതകളായ സ്ത്രീകള്‍ക്ക് അഹങ്കാരികളും സ്ത്രീലമ്പടരുമായ പരപുരുഷന്മാര്‍, അവരെത്ര കേമന്മാരായാലും തൃണസമാനമാണെന്നു തെളിയിക്കുകയാണിവിടെ. ഏതെങ്കിലും വിധത്തില്‍ സീതയെ വശംവദയാക്കാന്‍ രാക്ഷസികളോട് നിര്‍ദേശിച്ചശേഷം രാവണന്‍ നിരാശനായി മടങ്ങി.


നിശാചരചക്രവര്‍ത്തിയില്‍നിന്നു തന്നെ രക്ഷിക്കാനെത്താത്ത കാകുല്‍സ്ഥന്‍, കരുണാഹീനനായോ എന്നു വിചാരിച്ച് വിലപിച്ചുതുടങ്ങിയ സീതാദേവിയുടെ സവിധത്തിലെത്തിയ ഹനുമാന്‍, ആ ചരണനളിനങ്ങളില്‍ വീണു നമസ്‌കരിച്ചു. വേഷപ്രച്ഛന്നനായെത്തിയ രാവണനാണോ ഇതെന്നു സംശയിച്ച ദേവിയെ 'ഋതമൃജുമൃദുസ്ഫുടവര്‍ണവാക്യ'ങ്ങളാല്‍ വിശ്വാസത്തിലെടുക്കാന്‍ വാനരേന്ദ്രനു കഴിഞ്ഞു. മനസാവാചാകര്‍മണാ കപടമില്ലാത്തവനാണ് ഞാനെന്നു പറഞ്ഞു, രാമനാമാങ്കിതമായ അംഗുലീയകം കൊടുത്തു, അടയാളവാക്യവും കേള്‍പ്പിച്ചു.
നിശാചരസംഘത്തെ കൊന്നൊടുക്കി, ഭവതിയെ രക്ഷിക്കാനായി രാമന്‍ വരുമെന്ന വാക്കുകേട്ട വൈദേഹി സന്തുഷ്ടചിത്തയായി. ഈ കൂടിക്കാഴ്ചയുടെ വിവരം എത്രയും പെട്ടെന്ന് രഘുവരനെ അറിയിക്കണമെന്നപേക്ഷിച്ചു. തെളിവിനായി ചൂഡാരത്‌നം തൃക്കൈയില്‍ കൊടുക്കണമെന്നും നിര്‍ദേശിച്ചു. മടക്കയാത്രയില്‍ പിഴവും ഉപരോധവുമൊന്നുമുണ്ടാകില്ലെന്നനുഗ്രഹിക്കുകയും ചെയ്തു.

അനിലതനയനുമഖില ജനനിയൊടു സാദര-
മാശീര്‍വചനമാദായ. പിന്‍വാങ്ങിനാന്‍...

No comments:

Post a Comment