പകല്‍ വെളിച്ചത്തിലും മഴക്കാറുമേയുന്ന ജീവിതങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. സഹതപിക്കാനല്ലാതെ മറ്റൊന്നിനുമാകാതെ മാറി നില്‍ക്കേണ്ടിവരാറുമുണ്ട്. അഹല്യയുടെ കഥ അത്തരത്തിലൊന്നാണ്. ഋഷി പരമ്പര, തപഃശക്തിയിലൂടെ ധന്യമാക്കിയ കാടകങ്ങളിലെയൊരാശ്രമവാടത്തില്‍ അടര്‍ന്നുവീണ നക്ഷത്രമാണ് അഹല്യ; ഗൗതമമഹര്‍ഷി വേട്ട പുണ്യം. കാലാന്തരങ്ങള്‍ കടന്ന് ശ്രീരാമപാദത്തിന്റെ സ്പര്‍ശന ധന്യത അനുഭവിക്കാനിടവന്ന കാനനസൗന്ദര്യമായിരുന്നു അഹല്യ. തെറ്റായും ശരിയായുമൊക്കെ ഇരയെന്ന സഹതാപവും, ജാരബന്ധത്തിന്റെ ആരോപണവും അവരെ വേട്ടയാടിയിട്ടുണ്ട്. പക്ഷേ, ഇതൊന്നും അഹല്യയെ അലട്ടിയില്ലെന്നത് വിധി നല്‍കിയ തലോടലാണ്. കല്ലായിരിക്കാന്‍ ശപിക്കപ്പെട്ടതോടെ, തന്നെച്ചുറ്റിപറ്റിയുള്ള വാക്‌പോരാട്ടങ്ങളൊന്നും തന്നെ അവര്‍ അറിഞ്ഞതേയില്ല.
ലൗകികതയും ആധ്യാത്മികതയും സമന്വയിച്ച മുനി ദമ്പതികളായിരുന്നു, അഹല്യയും ഗൗതമനും. ലളിതജീവിതത്തിന്റെ സംതൃപ്തിയും തപശ്ചര്യയുടെ ഔന്നത്യവും ജീവിതത്തിന്റെ രസതന്ത്രമാക്കിയവര്‍. വിഘ്‌നം കൂട്ടാത്തൊഴുക്കനുവദിക്കാത്ത വിധി, അവരെയും വേട്ടയാടി. ഒരു പ്രാതഃസന്ധ്യക്ക് ഗൗതമന്‍ കുളിക്കാനായി തിരിച്ചപ്പോള്‍ കാമാതുരനായ ദേവേന്ദ്രന്‍ ഗൗതമന്റെ രൂപത്തില്‍ ആശ്രമം പൂകുകയാണ്. ആള്‍മാറാട്ടം തിരിച്ചറിയാത്ത അഹല്യയാകട്ടെ ‘ഡ്യൂപ്ലിക്കേറ്റ്’ ഗൗതമന്റെയൊപ്പം കാമതരളത അനുഭവിച്ചപ്പോഴാണ് യഥാര്‍ത്ഥ ഗൗതമന്‍ തിരിച്ചുവരുന്നത്. ഞെട്ടിത്തെറിച്ച ഭാര്യയെ കല്ലായി മാറാനുള്ള ശാപത്തിലൂടെയാണദ്ദേഹം ശിക്ഷിക്കുന്നത്. ത്രേതായുഗത്തിലെ ശ്രീരാമപാദസ്പര്‍ശം ലഭിക്കുന്നതുവരെ ഈശ്വരസ്മരണ ചെയ്ത്, വീണ്ടും തന്റെ ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള അനുജ്ഞയും നല്‍കിയാണ്, ഗൗതമന്‍ തപസ്സിനായി ഹിമാലയം പൂകുന്നത്. ഭാര്യയുടെ ശാപമോക്ഷകാലം വരെ അദ്ദേഹവും തപസ്സിന്റെ ലോകത്തുതന്നെയാണ്. കഥയിങ്ങനെയാണെങ്കില്‍, സമ്പൂര്‍ണസമയം ഈശ്വരപ്രാര്‍ത്ഥനയ്ക്ക് വിനിയോഗിച്ച് ദൈവദര്‍ശനം ഉറപ്പാക്കാനുള്ള അനുഗ്രഹമല്ലേ ഗൗതമന്‍ നല്‍കിയത്?
യഥാര്‍ത്ഥത്തില്‍ അഹല്യയുടെ തെറ്റ് എവിടെയാണ്? സ്വന്തം ഭര്‍ത്താവിനെയാണ്, അവര്‍ എതിരേറ്റത്. പക്ഷേ, വര്‍ഷങ്ങളോളം കൂടെക്കഴിഞ്ഞ, തപോധനനും ആചാരനിഷ്ഠനുമായ അദ്ദേഹം, പെട്ടെന്ന്, ഒരു സുപ്രഭാതത്തില്‍ സന്ധ്യാവന്ദനത്തിന് പകരം ശാരീരികബന്ധം ആഗ്രഹിക്കില്ലെന്ന് ഒരു നിമിഷം ഓര്‍ക്കാന്‍ ആ പാവം സാധ്വിക്ക് സാധിച്ചില്ല! മാത്രമല്ല, തന്നോടുള്ള, ഭര്‍ത്താവിന്റെ ഇടപെടലുകളിലെ വ്യത്യാസവും അവര്‍ ശ്രദ്ധിച്ചില്ല! പ്രാതസന്ധ്യയെന്ന അസമയത്ത് ഗൗതമന്‍ ഇത്തരം ഒരുമ്പാടിന് തുനിഞ്ഞിറങ്ങില്ലെന്നും അവര്‍ ഓര്‍ക്കണമായിരുന്നു. വൈകാരികതയുടെ നീരാളിപ്പിടുത്തത്തില്‍, സ്വധര്‍മ്മം മറന്ന അഹല്യ ‘ശരീര’ത്തിലേക്കൊതുങ്ങുകയായിരുന്നു. പ്രാതസ്സന്ധ്യയും സായംസന്ധ്യയും സംക്രമകാലങ്ങളാണെന്നും, അവ ഈശ്വരചിന്തയ്‌ക്കൊഴിച്ച് മറ്റെല്ലാത്തിനും നിഷിദ്ധമാണെന്നും അവര്‍ ചിന്തിച്ചതുമില്ല. ഭര്‍ത്താവിനെ മനസ്സിലാക്കാനായില്ല എന്ന പരാജയം അഹല്യയേറ്റുവാങ്ങുന്നു.
ധര്‍മ്മപത്‌നിയായ അഹല്യയുടെ കാഴ്ചത്തെറ്റും ഇവിടെ ശ്രദ്ധിക്കേണ്ടതുണ്ട്. സന്ധ്യാവന്ദനത്തിന്റെ സമയത്ത്, ലൈംഗികതൃഷ്ണ പ്രകടിപ്പിക്കുന്നത് സ്വന്തം ഭര്‍ത്താവാണെങ്കില്‍പ്പോലും, അതിന്റെ അസാംഗത്യവും അധര്‍മ്മവും ഓര്‍മിപ്പിക്കേണ്ട ചുമതല ധര്‍മ്മപത്‌നിയെന്ന നിലയില്‍ അഹല്യയ്ക്കുണ്ട്. ഭര്‍ത്താവിനെക്കൂടി ധാര്‍മിക ജീവിതത്തിലൂടെ നയിക്കുന്നവളാണ് ഭാര്യ; അവളാണ് സഹധര്‍മിണി. ഇവിടെ അധര്‍മചര്യയെ അഹല്യ നിരുത്സാഹപ്പെടുത്തിയില്ല എന്നത് സഹധര്‍മിണിയുടെ കര്‍മ്മത്തെറ്റിനെയാണ് കാണിക്കുന്നത്. ആചാരവൈമുഖ്യത്തെ ഓര്‍മ്മപ്പെടുത്താത്ത അഹല്യ, വിചാരത്തിന് വിരാമമിട്ട്, വികാരത്തിന് വശംവദയായി മാറുന്നു. ഇത് സ്ത്രീധര്‍മത്തിന്റെ പതനമായി കാണേണ്ടതുണ്ട്. അനിയന്ത്രിതമായ കാമനയെ നിയന്ത്രിക്കുമ്പോഴാണ്, സംസ്‌കാരം നടപ്പാവുന്നത്. അതെ, അതിവൈകാരികതയുടെ അടിമയായതാണ് അഹല്യയുടെ ‘ശരിയായ തെറ്റ്.’
ആശ്രമാന്തരീക്ഷം പോലും അവളെപൂര്‍ണമായി സ്വാധീനിച്ചില്ല! അതുകൊണ്ടുതന്നെ, ആ അശ്രദ്ധയ്ക്കു കൊടുക്കാവുന്ന, ശിക്ഷ, അതിവൈകാരികതയുടെ ഇങ്ങേയറ്റമായ നിര്‍വികാരാവസ്ഥയാണ്-അതാണ് കല്ലായി മാറല്‍. വികാരങ്ങള്‍ തണുത്തുറഞ്ഞ്, കല്ലിച്ച്, ഒരു കല്‍പ്പാളിയുടെ നിസ്സംഗതയുമായി നീളുന്ന ജീവിതമാണ് ആ ശിക്ഷയുടെ കാതല്‍. അത് വാച്യാര്‍ത്ഥത്തിലെ ശിലാരൂപാന്തരമല്ല തന്നെ. അവിടെയും ഗൗതമന്‍ അനുവദിക്കുന്നത് പ്രാര്‍ത്ഥനയാണ്. ആധ്യാത്മികതയിലൂടെ സംസ്‌കാരത്തിന്റെ സദാചാരപാഠം പഠിച്ചെടുക്കാനുള്ള അവസരമത്രെ അത്. കാമത്തിന്റെ കൈവിലങ്ങില്‍നിന്ന് ധര്‍മത്തിന്റെ സ്വഛസ്വാതന്ത്ര്യത്തിലേക്ക്, വിവേകത്തിന്റെ വ്യക്തിത്വത്തിലേക്ക് നടന്നു കയറാനുളള വഴിയാണ് ഗൗതമന്‍ കാണിച്ചുകൊടുക്കുന്നത്. ഇവിടെ ശാപം, അനുഗ്രഹമായി മാറുന്നു.
ശാപമോക്ഷം ലഭിച്ച അഹല്യയെ സന്തോഷത്തോടെ സ്വീകരിക്കാന്‍ മറക്കാതെയെത്തുന്നതും ഗൗതമന്‍ തന്നെ! മനുഷ്യമനസ്സിന്റെ ഉള്‍ക്കോണുകളില്‍ ജന്മവാസനയായി നാമ്പെടുക്കുന്ന കാമവാസനയെ, ധാര്‍മികതയിലേക്ക് പരിവര്‍ത്തനം ചെയ്യിക്കുന്ന ശുദ്ധഭക്തിയിലേക്കാണ് ഗൗതമന്‍ ഭാര്യയെ നയിച്ചത്. ഭാരതത്തിന്റെ സംസ്‌കാരത്തില്‍ ഒരു മാന്ത്രിക നിയന്ത്രണ ദണ്ഡാണ് ധര്‍മം. മനോവാക് കര്‍മങ്ങളെ നിയന്ത്രിതവും പരിമിതവും ധര്‍മാപേക്ഷിതവുമാക്കിക്കൊണ്ട് സാംസ്‌കാരികത്തുടര്‍ച്ച സംഭവിപ്പിച്ചുകൊണ്ടാണ് ഇത് സനാതനമായത്. ഭക്തി, മനസ്സിന്റെ കറ കഴുകിക്കളയുന്നു; നൈര്‍മല്യം പകരം തരുന്നു. ശരീരവും മനസ്സും ബുദ്ധിയും ശുദ്ധീകരിച്ച് ആത്മബോധത്തിലൂടെ മുന്നേറാനുള്ള ആഹ്വാനമാണ് അഹല്യയുടെ കഥ നല്‍കുന്നത്. അഹസ്സില്‍ (പകലില്‍) ലയിക്കുന്നവളാണ് അഹല്യ. അതാകട്ടെ രാത്രിയും! ഇരുളില്‍നിന്ന് വെളിച്ചത്തിലേക്കുള്ള പ്രയാണമായി അഹല്യയുടെ ശാപവും മോക്ഷവും വാഴ്ത്തപ്പെടുന്നു.
പ്രൊഫ. വി. ടി. രമ
No comments:
Post a Comment