മഹാവിഷ്ണുവിന്റെ ഏറ്റവും പ്രിയംകരനായിട്ടു കൂടി ഗരുഡന് ശാപം ഏല്ക്കേണ്ടി വന്നു. സൌഭരി മഹർഷിയാണ് കാരണം. ഗരുഡൻ വിശന്നിട്ട് കാളിന്ദി നദിയിൽ നിന്ന് തന്റെ ഭക്ഷ്യവസ്തുവായ മത്സ്യത്തെ പിടികൂടാൻ ശ്രമിക്കുമ്പോൾ അവിടെ തപസ്സു ചെയ്തിരുന്ന സൌഭരി മഹർഷി വിലക്കിയിട്ടും അതിനെ അവഗണിച്ച് പിടിച്ചു. മത്സ്യരാജനെയാണ് പിടികൂടിയത്.ആശ്രിതരായ മറ്റു മത്സ്യങ്ങളുടെ ദുഃഖം കണ്ട് മഹർഷി അവരുടെ രക്ഷക്കായി ഇനി ഗരുഡൻ ഇവിടെ വന്ന് മത്സ്യങ്ങളെ പിടിക്കുകയാണെങ്കിൽ ഉടനെ മരിച്ചു പോകും എന്ന് ശാപവും നല്കി.
ഇതറിയാമായിരുന്ന കാളിയൻ ഗരുഡനെ ഭയന്ന് കാളിന്ദീ നദിയിൽ സ്ഥിരമാക്കുകയാണ് ഉണ്ടായത്. കാളിയനും സംഘവും യാത്രയായപ്പോൾ കൃഷ്ണൻ അവർ സമ്മാനിച്ച ദിവ്യങ്ങളായ പൂമാലകൾ, സുഗന്ധപൂരിതമായ കുറിക്കൂട്ടുകൾ എന്നിവയാലും വിലമതിക്കാനാവാത്ത രത്നങ്ങൾ പതിച്ച സ്വർണ്ണാഭരണങ്ങളാലും ശോഭിക്കുന്നവനായിട്ട് കാളിന്ദിയിലെ കയത്തിൽ നിന്നും കരയിലേക്ക് വന്നു. കൃഷ്ണനെ കണ്ടപ്പോൾ ഗോകുലവാസികൾക്കെല്ലാം പ്രാണൻ തിരിച്ചു കിട്ടിയ പോലെയായി.
ഇന്ദ്രിയങ്ങൾക്കെല്ലാം ഉണർവു വന്നതോടെ ശോകമൂകരായി ഇതികർത്തവ്യതാമൂഢരായി ജീവഛവമായി നിന്നിരുന്ന അവരെല്ലാം സന്തോഷഭരിതരായി. സന്തോഷത്താൽ ഓരോരുത്തരായി വന്ന് ഭഗവാനെ കെട്ടിപിടിച്ചു് തിരുമേനിയെല്ലാം തൊട്ടും തലോടിയും ഒന്നും പറ്റിയില്ലല്ലോകൃഷ്ണാ എന്നു ചോദിച്ചും ഭഗവാന്റെ സമീപം ഭഗവാനെത്തന്നെ സാകൂതം നോക്കി നില്പായി. ഇനി ഞങ്ങൾ കൃഷ്ണനെ ഒരാപത്തിലേയ്ക്ക് വലിച്ചിഴക്കില്ല എന്ന് പറഞ്ഞ് കേഴുവാൻ തുടങ്ങി.അവർ ഗദ്ഗദ കണ്ഠരായി കണ്ണുനീർ തൂകിക്കൊണ്ട് അവർ കൃഷ്ണനെ വീണ്ടും വീണ്ടും വാരിപ്പുണർന്നു.അമ്മ യശോദാ ദേവിയാകട്ടെ കരഞ്ഞു കരഞ്ഞു കണ്ണാ എന്നു വിളിച്ച് തെരു തെരെ കണ്ണനെ ചുംബിച്ച് ആശ്വാസം കൊണ്ടു.കൃഷ്ണന്റെ മാഹാത്മ്യം അറിയുന്ന ബലരാമൻ പുഞ്ചിരി തൂകി കൃഷ്ണനെ ആലിംഗനം ചെയ്തു. ആർത്ത സ്വരം പുറപ്പെടുവിച്ചിരുന്ന പശുക്കളും പശുക്കുട്ടികളും കൃഷ്ണനെ കണ്ടപ്പോൾ സന്തോഷത്താൽ മതിമറന്നു. വിഷജ്വാലയാൽ ഉണങ്ങിയ വൃക്ഷങ്ങളെല്ലാം തളിർത്തു. ഭഗവാന്റെ ഒരു കടാക്ഷ വീക്ഷണം കൊണ്ടാണ് എല്ലാം പൂർവ്വസ്ഥിതിയിലായത്.
അപ്പോഴേക്കും പുരോഹിത ബ്രാഹ്മണരെല്ലാം പത്നീ സമേതരായി നന്ദഗോപനെ സമീപിച്ചു.കാളിയന്റെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട ക്യഷ്ണന്റെ പേരിൽ ബ്രാഹ്മണർക്ക് ദാനം ചെയ്യണമെന്നു പറഞ്ഞു. പശുക്കൾ സ്വർണ്ണം ഇവയെല്ലാം ദാനം ചെയ്ത് നന്ദഗോപർ ബ്രാഹ്മണരെയെല്ലാം സന്തുഷ്ടരാക്കി.നഷ്ടപ്പെട്ട മകൻ തിരിച്ചു വന്ന സന്തോഷത്തോടെ യശോദാ ദേവി കൃഷ്ണനെ മടിയിലിരുത്തി ലാളിച്ചു കൊണ്ട് ധന്യയായിത്തീർന്നു. വിശന്നും ദാഹിച്ചും തളർന്ന ഗോകുലവാസികളും പശുക്കളും ആ രാത്രി കാളിന്ദി നദീതീരത്ത് കഴിച്ചുകൂട്ടി.
അർദ്ധരാത്രിയായപ്പോൾ കാട്ടുതീയുടെ രൂപത്തിൽ വീണ്ടും ആപത്ത് അവരെ വേട്ടയാടി.എല്ലാവരും സംഭ്രാന്തരായി തങ്ങളെ വിഴുങ്ങാൻ വരുന്ന കാട്ടുതീ കണ്ട് ഏകാവലംബമായ ശ്രീ കൃഷ്ണനെത്തന്നെ ശരണം പ്രാപിച്ചു. അവർ രാമനേയും കൃഷ്ണനേയും വിളിച്ച് "പാഹി പാഹി " എന്നു പറഞ്ഞ് കരയാ ൻ തുടങ്ങി.അവർ പറയാൻ തുടങ്ങി. അല്ലയോ മഹാപരാക്രമശാലികളായ കൃഷ്ണാ രാമാ ഈ കാട്ടുതീ നിങ്ങളുടെ ബന്ധുക്കളായ ഞങ്ങളെ പിടികൂടുന്നു.ഇതിനെ നേരിടാൻ അശക്തരായ ഞങ്ങളെ സംരക്ഷിക്കേണമേ.ഇങ്ങനെ കൃഷ്ണനേയും രാമനേയും വിളിച്ച് സങ്കടം പറയുന്ന അവരുടെ പരിതാപസ്ഥിതി കണ്ട ആദ്യന്തവിഹീനനും ലോക നായകനുമായ ഭഗവാൻ ആകാട്ടു തീയെപാനം ചെയ്തു.എന്തുവന്നാലും കൃഷ്ണൻ മാത്രമെ അശ്രയമുള്ളു എന്ന വസ്ഥയിലേക്ക് അവർ എത്തിച്ചേർന്നു.
നമുക്കും അവരുടെ പാത പിന്തുടരാം. സുഖമായാലും ദു:ഖമായാലും കൃഷ്ണന്റെ ഒരു കൈ പിടിച്ചു കൊണ്ടാവട്ടെ നമ്മുടെ ഈ സംസാരസാഗരത്തെതരണം ചെയ്യുന്നത്. കാറ്റും കോളും ഒന്നും നമുക്ക് പ്രശ്നമാവില്ല. കൈതാങ്ങായി കൃഷ്ണൻ കൂടേയില്ലെ ?.
അല്ലയോ ഗുരുവായൂരപ്പ അവിടുന്നു സന്തോഷിക്കണെ.ആ സന്തോഷം എല്ലാ ഭക്തജനഹൃദയങ്ങളിലും നിറഞ്ഞു തുളുമ്പണെ
കടപ്പാട്
No comments:
Post a Comment