നഹുഷസ്ത്വഥ താം ശ്രുത്വാ ഗുരോസ്തു ശരണം ഗതാം
ചക്രോധ സ്മരബാണാര്‍ത്തസ്തമാംഗിരസമാശു വൈ
ദേവാനാഹാംഗിരാ സുനുര്‍ ഹന്ത വ്യോയം മയാ കില
സ ഇന്ദ്രാണീം ഗൃഹേ ഗൂഢോ രക്ഷതീതി മായാ ശ്രുതം
വ്യാസന്‍ തുടര്‍ന്നു: ഇന്ദ്രപത്നി ശചിയ്ക്ക് ദേവഗുരു അഭയം നല്‍കിയതായി അറിഞ്ഞ നഹുഷന്‍ ക്രുദ്ധനായി. ‘ആ വ്യാഴത്തെ ഞാനിന്നു കൊല്ലുന്നുണ്ട്. ഇന്ദ്രാണിയെ അയാളുടെ വീട്ടില്‍ വെച്ചു പോറ്റാന്‍ ഞാന്‍ സമ്മതിക്കില്ല.’
മുനിമാര്‍ അവനോടു സദുപദേശം നല്‍കി. ‘കാമാവേശം കൊണ്ട് വെറുതേ കോപിക്കാതെ രാജാവേ. പാപബുദ്ധി ദൂരെക്കളയൂ. അന്യസ്ത്രീഗമനം ധര്‍മ്മശാസ്ത്രത്തിനു നിരക്കാത്തതും മഹാ പാപവുമാണ്. ശക്രന്റെ പത്നിയാണെങ്കില്‍ ഒരു സതീരത്നമാണ്. ശക്രന്‍ ജീവിച്ചിരിക്കെ അവള്‍ മറ്റൊരാളെ വരിക്കുകയില്ല. ഇന്ദ്രപദവിയില്‍ ഇരിക്കുന്ന നീയാണ്നാട്ടില്‍ ധര്‍മ്മം നടപ്പാക്കേണ്ടവന്‍. അങ്ങിനെയുള്ള നീ ഇങ്ങിനെ തുടങ്ങിയാല്‍ എന്താവും സ്ഥിതി? നിനക്ക് രമിക്കാന്‍ ശചിയോളം പോന്ന സ്വര്‍ഗ്ഗതരുണികള്‍ വേറെ ഉണ്ടല്ലോ? അവര്‍ക്ക് പതിവ്രതാ പരിധികള്‍ നോക്കേണ്ട കാര്യവുമില്ല. രതിക്ക് പ്രധാനം ശൃംഗാരം തന്നെയാണ്. പിടിച്ചുപറിച്ചു ബലാല്‍ക്കാരമായി നടത്തുന്ന രതിയില്‍ സുഖമുണ്ടോ? പരസ്പരം മുറ്റിത്തഴയ്ക്കുന്ന പ്രേമവായ്പ്പ് രതിയിലേയ്ക്ക് എത്തുമ്പോള്‍ മാത്രമേ രണ്ടാള്‍ക്കും സുഖമുണ്ടാവൂ. അതുകൊണ്ട് അന്യനാരിയുമായി ബന്ധപ്പെടാനുള്ള വാഞ്ഛയുപെക്ഷിച്ച് ഇന്ദ്രന്‍റെ പദവിയ്ക്ക് ചേര്‍ന്ന രീതിയില്‍ പെരുമാറുക. അല്ലെങ്കില്‍ സുകൃതം ക്ഷയിക്കും, ദുഷ്കൃതം വര്‍ദ്ധിക്കുകയും ചെയ്യും.’
അപ്പോള്‍ നഹുഷന്‍ പറഞ്ഞു: ‘ഗൌതമന്‍റെ ഭാര്യയെ ഇന്ദ്രന്‍ കൊണ്ടുപോയി ഭോഗിച്ചപ്പോള്‍ നിങ്ങളൊക്കെ ഈ ഉപദേശങ്ങള്‍ കൊടുക്കാന്‍ മറന്നുപോയോ? എല്ലാവര്ക്കും അന്യരെ ഉപദേശിക്കാന്‍ വലിയ ഉത്സാഹമാണ്. എന്നാല്‍ സ്വയം ആ ഉപദേശങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നവര്‍ എത്ര ദുര്‍ലഭം! ശചി എന്നെ പ്രാപിക്കുന്നതുകൊണ്ട് ആര്‍ക്കും കുഴപ്പമുണ്ടാവില്ല. മറിച്ച് നിങ്ങള്‍ക്കുമെനിക്കും അത് ഹിതകരമാവും. ആ ദേവിയും അങ്ങിനെ ഞാനുമായി രമിച്ചു സുഖിച്ചുകൊള്ളട്ടെ. എനിക്കിപ്പോള്‍ മറ്റാരും വേണ്ട. മറ്റൊന്നിനാലും എന്‍റെ ആഗ്രഹം തീരുകയില്ല. അനുനയിച്ചോ അത്തിനു കഴിഞ്ഞില്ലെങ്കില്‍ ബലമായോ ശചിയെ കൂട്ടിക്കൊണ്ടു വരിക.
നഹുഷന്‍ ഇങ്ങിനെ ദൃഢമായി പ്രസ്താവിച്ചപ്പോള്‍ ദേവന്മാരും മുനിമാരും സംഭീതരായി ‘ഞങ്ങള്‍ അവളെ അനുനയിപ്പിച്ച് ഇവിടെ കൊണ്ടുവരാം’ എന്നു സമ്മതിച്ചു.
അവര്‍ ഗുരുവിന്‍റെ ഗൃഹത്തില്‍ച്ചെന്ന് കാര്യം അവതരിപ്പിച്ചു. ‘ശചി അവിടുത്തെ ശരണാഗതയാണെന്ന് ഞങ്ങള്‍ക്കറിയാം. എന്നാല്‍ നാം തന്നെ ഇന്ദ്രപദവിയില്‍ വാഴിച്ച നഹുഷന്‍ ശചിയെ വരിക്കണമെന്നു നിര്‍ബ്ബന്ധം പിടിക്കുന്നു. അവളെ നഹുഷന് കൊടുത്താലും’ ഇത് കേട്ട ഗുരു ‘എന്നില്‍ ശരണാഗതയായ ഇവളെ വിട്ടു തരുന്ന പ്രശ്നമില്ല.’ എന്ന് തീര്‍ത്തു പറഞ്ഞു.
‘എന്നാല്‍ അങ്ങ് തന്നെ അവനെ പ്രീതിപ്പെടുത്തുക. അവന്‍റെ കോപം നമുക്ക് താങ്ങാനാവുകയില്ല’ എന്നായി ദേവന്മാര്‍.
അപ്പോള്‍ ഗുരു പറഞ്ഞു: ‘ഇന്ദ്രാണി കൊട്ടാരത്തിലേയ്ക്ക് പോവട്ടെ. അവിടെച്ചെന്ന് വാക്കുകള്‍ കൊണ്ട് നഹുഷനെ പരമാവധി പ്രലോഭിപ്പിക്കട്ടെ.
‘ശക്രന്‍ മരിച്ചുവെന്നുറപ്പായാല്‍ ഞാന്‍ അങ്ങയെ വരിക്കാം. കാന്തന്‍ ജീവിച്ചിരിക്കുമ്പോള്‍ അന്യനെ വരിക്കാന്‍ വയ്യ. ഞാനദ്ദേഹം ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടോ എന്നറിയാന്‍ ഒരു യാത്ര പോവുകയാണ്. വിവാഹം യാത്രകഴിഞ്ഞു വരുമ്പോള്‍ ആവാം’.
ഗുരുവും ദേവന്മാരും നഹുഷനെ വഞ്ചിക്കാന്‍ തന്നെ തീരുമാനിച്ചു. അവര്‍ കൊട്ടാരത്തിലേയ്ക്ക് ഇന്ദ്രാണിയെ കൂട്ടിക്കൊണ്ടു ചെന്നു. ഇന്ദ്രാണിയെക്കണ്ട് അയാള്‍ പുഞ്ചിരിയോടെ പറഞ്ഞു: ‘പ്രിയേ, ഇപ്പോഴാണ് ഞാന്‍ ശരിക്കും ഇന്ദ്രനായത്. എന്നെ സേവിക്കൂ. അങ്ങിനെ സുഖിച്ചു ജീവിക്കൂ’.
‘അങ്ങയോട് എനിക്കൊരപേക്ഷയുണ്ട് ദേവാധിപാ. എന്‍റെ കാന്തന്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ അതോ മരിച്ചോ? എനിക്കാകെ ശങ്കയുണ്ട്. അത് തീര്‍പ്പാക്കുന്നത് വരെ അങ്ങ് കാത്തിരിക്കണം. ശക്രന്‍ എവിടെയാണോ ആവോ!’ നഹുഷന്‍ സമ്മതിച്ചു.
ഇന്ദ്രനെ കണ്ടുപിടിച്ചു കൂട്ടിക്കൊണ്ടു വരാന്‍ ശചി ദേവന്മാരോട് ആവശ്യപ്പെട്ടു. ദേവന്മാര്‍ക്ക് ആ വാക്കുകളിലെ സാരസ്യം മനസ്സിലായി. അവരുടനെ മഹാവിഷ്ണുവിനെ ചെന്ന് കണ്ടു സ്തുതിച്ചു. ആദിദേവനും ജഗന്നാഥനും ദീനവല്‍സലനുമായ ഭഗവാനെ ദേവന്മാര്‍ ഉചിതമായ പദങ്ങള്‍ കൊണ്ട് കീര്‍ത്തിച്ചു. എന്നിട്ടവര്‍ ആവലാതി പറഞ്ഞു: ‘ഭഗവാനേ, ബ്രഹ്മഹത്യാപാപഭയം കൊണ്ട് വലഞ്ഞ ശക്രന്‍ എവിടെയോ പോയി അലയുകയാണ്. അങ്ങയുടെ സഹായത്താല്‍ ഇന്ദ്രന്‍ ചതിവിലാണല്ലോ വൃത്രനെ കൊന്നത്. ഇപ്പോള്‍ പാപഭീതിയാല്‍ ഒളിവില്‍ക്കഴിയുന്ന ഇന്ദ്രനെ കണ്ടുപിടിക്കണം ഞങ്ങളെ രക്ഷിക്കണം. എന്താണൊരു പരിഹാരം?’
‘ശക്രന്റെ പാപവിമുക്തിക്കായി ഒരശ്വമേധയാഗം നടത്തണം. ഇങ്ങിനെ പാപമുക്തനായാല്‍പ്പിന്നെ ഇന്ദ്രന്‍ വീണ്ടും തന്‍റെ പദവിയലങ്കരിക്കും. അശ്വമേധത്തിനാല്‍ പ്രീതിപ്പെടുത്തുന്ന പക്ഷം ജഗദംബിക ബ്രഹ്മഹത്യാപാപങ്ങള്‍ നശിപ്പിച്ച് ഇന്ദ്രനെ സംരക്ഷിക്കും. ദേവിയെ പ്രീതിപ്പെടുത്തലാണ് അശ്വമേധത്തിന്റെ ഉദ്ദേശം. ശചിയും ദേവിയെ ഉപാസിക്കട്ടെ. അങ്ങിനെ ദുഃഖനിവൃത്തിയുണ്ടാവും. ജഗദംബികയുടെ മായയില്‍ മോഹിച്ചാണ് അയാള്‍ പാപം ചെയ്തത്. തന്‍റെ തന്നെ പാപഫലത്താല്‍ നഹുഷനു നാശമുണ്ടാവും. ഇന്ദ്രന് തന്‍റെ സ്ഥാനം തിരികെ കിട്ടും. കൂടെ ആ പദവിയുടെ പ്രതാപവും വന്നു ചേരും.’
വിഷ്ണുവിന്‍റെ വാക്കുകള്‍ കേട്ട ദേവന്മാരും ഗുരുവും ഇന്ദ്രന്‍ ഒളിച്ചു കഴിയുന്ന സ്ഥലത്ത് ചെന്ന് കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി അദ്ദേഹത്തെ ആശ്വസിപ്പിച്ചു. ഇന്ദ്രനെക്കൊണ്ട് അവര്‍ അശ്വമേധയാഗം നടത്തിച്ചു. ഭൂമിക്കും, നാരികള്‍ക്കും, മരങ്ങള്‍ക്കും നദികള്‍ക്കുമായി ബ്രഹ്മഹത്യാപാപത്തെ വിഭജിച്ച് നല്‍കി ഇന്ദ്രനെ അവര്‍ മുക്തനാക്കി. എങ്കിലും കാലം ശരിയാവാത്തതുകൊണ്ട് ശക്രന്‍ കുറേക്കാലം കൂടി താമരത്തണ്ടിനുള്ളില്‍ ഒളിച്ചു തന്നെ കഴിഞ്ഞു. ആര്‍ക്കും അദ്ദേഹത്തെ പുറമേയ്ക്ക് കാണാന്‍ കഴിഞ്ഞിരുന്നില്ല.
‘യജ്ഞം ചെയ്തിട്ടും എന്‍റെ കാന്തനെ കാണാത്തതെന്തേ’ എന്ന് ശചി ഗുരുവിനോട് ചോദിച്ചു. അദ്ദേഹത്തെ കാണാനുള്ള മാര്‍ഗ്ഗം പറഞ്ഞു തരണം എന്നവള്‍ അപേക്ഷിച്ചു.
‘പൌലോമീ, നീയാ മംഗളമൂര്‍ത്തി ജഗബംബികയെ ആരാധിക്കുക. ആ ദേവി നിനക്ക് നിന്‍റെ കാന്തനെ കാണിച്ചു തരും’ എന്ന് ഗുരു അവളെ ഉപദേശിച്ചു. ‘നഹുഷനെ തടയാനും അവനെ സ്വസ്ഥാനത്തു നിന്നും നിഷ്ക്കാസിതനാക്കാനും ദേവിയുടെ അനുഗ്രഹം വേണം.’ ഇത്രയും പറഞ്ഞു ഗുരു അവള്‍ക്ക് ദേവീ ഉപാസനയ്ക്കുള്ള മന്ത്ര ദീക്ഷ നല്‍കി.
ശചി ഭഗവതിയെ ആരാധിച്ചു. ബലി, പുഷ്പാര്‍ച്ചന, എന്നിവയാല്‍ അവള്‍ അംബികാപൂജനം ചെയ്തു. ഭോഗങ്ങള്‍ ഉപേക്ഷിച്ചു താപസ വേഷധാരിണിയായി ശചി ചെയ്ത സാധനയില്‍ ദേവി സംപ്രീതയായി. ഹംസവാഹനത്തില്‍ സൌമ്യഭാവത്തില്‍ ദേവി അവള്‍ക്ക് മുന്നില്‍ പ്രത്യക്ഷയായി. കോടി ചന്ദ്രന്മാരുടെ കുളുര്‍മ്മയും കോടി സൂര്യന്മാരുടെ പ്രഭയും ഒരുമിച്ചു വിളങ്ങുന്ന വേദപ്രകീര്‍ത്തിതയായ ദേവി പാശാങ്കുശവരാഭയങ്ങള്‍ അലങ്കരിക്കുന്നവളും കാലടിവരെ നീണ്ടുകിടക്കുന്ന മുത്തുമണിമാല ചാര്‍ത്തിയവളും പുഞ്ചിരിയലങ്കരിച്ച മുഖത്തോട് കൂടിയവളും മൂന്നു തിളക്കമാര്‍ന്ന നേത്രങ്ങള്‍ ഉള്ളവളും ശാന്തി, ആനന്ദം എന്നിവ നിറഞ്ഞ കുചകുംഭദ്വയങ്ങള്‍ ഉള്ളവളും ആബ്രഹ്മകീടജനനിയുമായ അമ്മ കൃപയുടെ കേദാരമായി അവിടെ വിളങ്ങി.
ജഗദംബിക മേഘഗംഭീര സ്വരത്തില്‍ ഇങ്ങിനെ മൊഴിഞ്ഞു: ‘ശചീ അഭീഷ്ടവരം എന്താണെങ്കിലും ചോദിച്ചാലും. നിന്നില്‍ ഞാന്‍ പ്രസീദയാണ്. എന്നെക്കാണുക എന്നത് ക്ഷിപ്രസാദ്ധ്യമല്ല. അനേകകോടി ജന്മങ്ങളിലെ ആര്‍ജ്ജിതപുണ്യപരിപാകം കൊണ്ടേ അതുണ്ടാവൂ.’
‘അമ്മേ, ഭര്‍ത്തൃദര്‍ശനമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നഹുഷനില്‍ നിന്നുള്ള പേടി ഇല്ലാതാക്കണം. ഇന്ദ്രന് തന്‍റെ സ്ഥാനം തിരികെ കിട്ടണം’ ശചി ആഗ്രഹമുണര്‍ത്തിച്ചു.
‘അങ്ങിനെയാകട്ടെ’ എന്ന് ദേവി അനുഗ്രഹിച്ചു. നീ ഈ ദൂതിയെക്കൂട്ടി മാനസസരസ്സില്‍ ചെല്ലുക. അവിടെ വിശ്വകാമാ എന്ന് പേരായ ഒരു മൂര്‍ത്തിയായി ഞാനുണ്ട്. അവിടെയാണ് ദുഖാകുലനായ ഇന്ദ്രന്‍ ഭയപ്പാടോടെ കഴിയുന്നത്. ഞാന്‍ നഹുഷനെ മോഹിപ്പിച്ച് അവന്‍റെ ഇന്ദ്രസിംഹാസനവാസം അവസാനിപ്പിക്കാം. അപ്പോള്‍ ഇന്ദ്രന് വീണ്ടുമാ പദവിയലങ്കരിക്കാം. അങ്ങിനെ നിനക്ക് സ്വസ്ഥയാവാം.’
ശചിയെക്കൂട്ടി ദേവിയുടെ ദൂതി മാനസസരസ്സില്‍ ഇന്ദ്രസന്നിധിയില്‍ എത്തിച്ചേര്‍ന്നു. അവിടെ ഒളിച്ചുകഴിയുന്ന ഇന്ദ്രനെ ദര്‍ശിച്ചു. ഏറെക്കാലമായി കാണാതിരുന്ന കാന്തനെ കണ്ട് അവള്‍ ആമോദം പൂണ്ടു.
പുനരാഖ്യാനം: ഡോ. സുകുമാര് കാനഡ. ശ്രീ ടി എസ്. തിരുമുന്പിന്റെ ഭാഷാവിവര്ത്തനം, ശ്രീ എന് വി. നമ്പ്യാതിരിയുടെ മൂലം വിവര്ത്തനം, എന്നിവയെ അവലംബിച്ച് എഴുതിയത്
No comments:
Post a Comment