ശബരിമലയെക്കുറിച്ച്..;
ശബരിമല : ബ്രാഹ്മണ തന്ത്രവും ബൌദ്ധ കുതന്ത്രവും
------------------------------------------------------------------
ശബരിമല വൈദിക ക്ഷേത്രമാണോ, ബുദ്ധമതകേന്ദ്രമാണോ എന്നു ചർച്ച ചെയ്തിട്ട് ഒരു കാര്യവുമല്ല. അതു അഗസ്ത്യശിഷ്യരുടെ ഒരു തപോവനമായിരുന്നു. അതിനുമാത്രമാണു പ്രമാണമുള്ളത്. ബാക്കിയൊക്കെ കെട്ടിച്ചമച്ചതാണു.
ശബരിമലയ്ക്ക് വൈദിക പ്രാമാണ്യം കിട്ടുന്നത് തിരുവിതാംകൂർ രാജവംശം അതേറ്റെടുക്കുന്നതു മുതലാണു. അതിനു മുൻപ് ശബരിമല താന്ത്രികവിശ്വാസികളുടെ ഒരു കേനന്ദ്രം മാത്രമായിരുന്നു. അതൊരു ബുദ്ധമത വിഹാരമായിരുന്നു എന്നു പ്രചരിപ്പിക്കുന്നത് ചിലരുടെ അതിബുദ്ധിയാണു. അവിടുത്തെ വരുമാനം കണ്ട് കണ്ണ് മഞ്ഞളിച്ചിട്ട്.
ശബരിമല അതിന്റെ സ്ഥാനം കൊണ്ടാണു പ്രസിദ്ധം. അഗസ്തപാരമ്പര്യത്തിൽ അങ്ങനെ പല സ്ഥാനങ്ങളുണ്ട്. അവയെല്ലാം കൊടും മലകളുമാണു. അവയിൽ പ്രധാനം നാലെണ്ണമാണു. ചതുരഗിരി, കൊല്ലിമല, മംഗളാദേവി. ശബരിമല. ആദ്യത്തെ രണ്ടും തമിഴ്നാട്ടിൽ. പിന്നത്തെ രണ്ടും കേരളത്തിൽ. ഇവയ്ക്കൊന്നും അഗസ്ത്യന്റെയല്ലാതെ മറ്റ് വൈദികപാരമ്പര്യം അവകാശപ്പെടാനില്ല. ഇവിടെയൊക്കെ ആചാരങ്ങൾ വ്യത്യസ്ഥമാണു.
ശബരിമല ഏതെങ്കിലും വൈദിക ഋഷി പ്രതിഷ്ഠനടത്തിയതാണെന്ന ഐതിഹ്യവും കേൾക്കാനില്ല. പക്ഷെ കേരളത്തിലെ ഒട്ടുമിക്ക ക്ഷേത്രങ്ങൾക്കും അങ്ങിനെ ഐതിഹ്യമുണ്ടു താനും.
മണികണ്ഠൻ / അയ്യൻ / അയ്യപ്പൻ തപസു ചെയ്യാൻ പോയ ഇടമെന്നാണു ശബരിമലയുടെ പ്രസിദ്ധി. അല്ലാതെ അവിടുത്തെ പ്രതിഷ്ഠയ്ക്കല്ല. ഈ അയ്യനു ഒരു രാജവംശവുമായി ബന്ധവുമില്ല. അതുകൊണ്ട് വൈദിക ബന്ധം ബലപ്പെടുത്താനാവില്ല. പന്തളം രാജാവിനു പമ്പാതീരത്തു നിന്നു കളഞ്ഞുകിട്ടുന്ന കുട്ടിയാണു മണികണ്ഠൻ. അതു ചരിത്രമായി എടുത്താൽപ്പോലും വംശപാരമ്പര്യത്തിനു സാധുതയില്ല. പമ്പാ തീരത്തു മണികഠനെ ആരു പെറ്റിട്ടു? വംശ ശുദ്ധിക്കു എന്തു തെളിവുണ്ട്. അപ്പോൾ മാന്ത്രികം കാണിച്ചു വന്ന ആരേയോ രാജാവ് ഏറ്റെടുത്തതാണെന്നു ചുരുക്കും. വംശശുദ്ധിയുടെ പ്രശ്നമാണു പിന്നീട് രാജ്ഞിക്ക് വയറ്റിലുണ്ടാകുമ്പോൾ അയ്യനെ ഒഴിവാക്കാനുള്ള കാരണവും. അതിനു കണ്ട വഴിയാണ് ആയോധന കഴിവിനുമപ്പുറമുള്ള പുലിപ്പാൽ കൊണ്ടുവരാൻ ആവശ്യപ്പെടുന്നത്. രാജ്യത്തെ ഏറ്റവും വലിയ നായാട്ടുകാരനു പോലും അസാദ്ധ്യമായ കാര്യം. മണികണ്ഠനു പുലിയെ കൊണ്ടുവരാൻ ആവില്ലെന്ന വിശ്വാസത്തിലാണു അതു ആവശ്യപ്പെടുന്നത്. എന്നിട്ടും അയ്യൻ പുലിപ്പാൽ കൊണ്ടുവന്നെന്നു കഥ. അങ്ങനെയെങ്കിൽ അതു പുലിയെ വശീകരിക്കാൻ കഴിയുന്ന തന്ത്രമറിയാവുന്നതു കൊണ്ടുമാത്രമാണു. ശ്രീവിദ്യോപാസകരായ താന്ത്രികർക്ക് ഏതു മൃഗത്തെയും വശീകരിച്ച് വരുതിയിൽ നിർത്താൻ കഴിയും. ചട്ടമ്പിസ്വാമികളെപ്പറ്റി അങ്ങനെ കേട്ടിട്ടില്ലെ? പാമ്പിനേയും, നായയേയും, ഉറുമ്പുകളേയും വിളിച്ചു വരുത്തി ലാളിച്ച കഥകൾ. അതിനും ഒരുപടി കൂടി കടന്നു ചെയ്തവ്നായിരുന്നു അയ്യപ്പൻ, എന്ന പുലിപ്പാണി.
അയ്യൻ മലകേറിയ ശേഷമാണു പന്തളത്തു രാജാവുപോലും ശബരിമലയെക്കുറിച്ചറിയുന്നത്. താൻ ആരെന്നറിയാതെ തന്നെ വഞ്ചിക്കാൻ ശ്രമിച്ച ബ്രാഹ്മണ തന്ത്രിമാരേയും കൊണ്ട് അയ്യൻ മലയ്ക്കു പോകുമെന്നു വിശ്വസിക്കാമോ? പിന്നെ എവിടുന്നു വന്നു ശബരിമലയ്ക്ക് ചതുർവ്വേദികളുടെ വൈദിക പാരമ്പര്യം? അതു പിന്നീട് ഏച്ചു വച്ചതാണു. ആ ഏച്ചുവപ്പിൽ തന്നെയുമുണ്ട് ഒരു കല്ലുകടി. തരണനെല്ലൂരിനായിരുന്നു തിരുവിതാംകൂർ രാജവംശത്തിന്റെ തന്ത്രം. പക്ഷെ തരണനല്ലൂർ അതേറ്റെടുത്തില്ല. പകരം പരദേശബ്രാഹ്മണർക്കു കൊടുത്തു. എന്തായിരിക്കും കാരണം? ശബരിമലയിലെ ആചാരങ്ങൾ ചതുർവ്വേദ ബ്രാഹ്മണ്യത്തിന്റെ ഭാഗമല്ല എന്നതു തന്നെ. ഇന്നത്തെ തന്ത്രിമാർക്ക് ശബരിമലയിൽ തന്ത്രം കിട്ടിയിട്ട് ഏറിവന്നാൽ ഇരുനൂറു കൊല്ലം. അതിനു മുൻപ് ആ ക്ഷേത്രം എങ്ങനെ നടന്നു? ആരായിരുന്നു തന്ത്രികൾ? അവിടുത്തെ നിവേദ്യവസ്തുക്കൾ ബ്രാഹ്മണർ ഉപയോഗിക്കുന്ന ചമതാദികൾ അല്ല. സാധാരണക്കാർ ഉപയോഗിക്കുന്ന കൊട്ടത്തേങ്ങ, നെയ്യൊക്കെയാണു. അവയൊന്നും തൊട്ടുകൂടായ്മ നോക്കിയല്ല സ്വീകരിക്കുന്നതും. ആർക്കും കൊണ്ടുവരാം. ഏതുമതസ്ഥർക്കും കൊണ്ടുവരാം. അഭിഷേകം ചെയ്യാം. ഭസ്മം വാരിപ്പൂശി തിരികെപ്പോകാം.
വേറൊന്നുള്ളാത് വാവരുടെ സാന്നിദ്ധ്യമാണു. കേരളത്തിൽ മുസ്ലീം സാന്നിദ്ധ്യമുള്ള മറ്റേതെങ്കിലും ക്ഷേത്രമുണ്ടോ? ദേവതയുടെ അനുചരനായിട്ടോ ഉപദേവതയായിട്ടോ ഇത്ര പ്രാധാന്യത്തോടെ. അതും പോകട്ടെ ശബരിയെപ്പോലൊരു സ്ത്രീക്കു പ്രാധാന്യമുള്ള ക്ഷേത്രമുണ്ടോ? അതുമില്ല. ഇതു രണ്ടും ബ്രാഹ്മണ്യത്തിന്റെ കൊക്കിലൊതുങ്ങുന്നതുമല്ല.
തപസു ചെയ്യാൻ സുരക്ഷിതമായ ഒരു സ്ഥലമെന്ന നിലയിലാണു അഗസ്ത്യശിഷ്യനായ പുലിപ്പാണി ശബരിമല തെരെഞ്ഞെടുക്കുന്നത്. ആ താപസനു സഹായമായി ചുറ്റിലുമുള്ളവർ മാത്രമാണുണ്ടായിരുന്നത്. അവർ താപസരെ സഹായ്യിച്ചു. തപസിനു ഭംഗംവരാതെ താപസർക്ക് കാലബോദ്ധ്യം വരുത്താൻ ആണ്ടിലൊരിക്കൽ കിഴക്കൻ മലയിൽ മകര ദീപം തെളിയിച്ചു കാണിച്ചു. ഉത്തരായനത്തിന്റെ തുടക്കമായി എന്നു അറിയിക്കാൻ മാത്രം. മകര നക്ഷത്രം കണ്ട് കാലബോദ്ധ്യം വരുത്തുന്ന താപസർ അല്പനിമിഷം മാത്രം ജാഗ്രത്തിലേക്കു വരുന്നു. ആ അസുലഭ നിമിഷത്തിനു സാക്ഷ്യം വഹിക്കാൻ അഗസ്ത്യവിശ്വാസികൾ നോമ്പെടുത്തു മലകേറി. പിന്നെയുള്ള ഒരു വർഷക്കാലം ഭഗവാനും ശിഷ്യർക്കും ഭക്ഷണത്തിനും മറ്റുമുള്ള കലാവറ വസ്തുക്കൾ - നെയ്യ്, അവൽ, മലർ, ഭസ്മം എന്നിവ കൊണ്ടു ചെല്ലൂം. തങ്ങളുടെ ദീനങ്ങളും ആവലാതികളും അവർ പറയും. അതനുഗ്രഹം കൊണ്ട് മാറ്റിക്കൊടുക്കും. ഇന്നും അതിനു മാറ്റമില്ല. അത്രവിശ്വാസമില്ലാത്തവർക്ക് ആടിയ നെയ്യും മലരുമൊക്കെ കൊടുത്തുവിട്ട് ആശ്വസിപ്പിക്കും. അഗസ്ത്യപാരമ്പര്യമുള്ളിടത്തേ വൈദ്യമുള്ളു. ആടിയ നെയ്യ് ഒരു മരുന്നാണു. അതിനു വിഗ്രമാണു കാരണം. പുലിപ്പാണി ആരാധിച്ചിരുന്ന അഗസ്ത്യവിഗ്രഹം അതിനു തക്ക ശില കൊണ്ടുണ്ടാക്കിയതാവണം.
കാലാകാലമായി ഇതാണു തുടർന്നു വന്നത്. അതിനിടയിൽ എല്ലാ ജാതിമതസ്ഥരും സ്ത്രീകളുമൊക്കെ മല കയറിയിട്ടുണ്ടാവാം. അതിൽ ഒരു സ്ത്രീ ശിഷ്യയായി തപസ്സു ചെയ്തു സമാധിസ്ഥയിത്തീർന്നിട്ടുമുണ്ടാകാം. മാളികപ്പുറത്തമ്മയുടെ മുന്നിൽ വേലന്മാർ പാടുന്ന പാട്ടുകൾ ശ്രദ്ധിച്ചു കേൾക്കു. ഇനിയൊന്നുള്ളതു മലയ്ക്കു പോകുന്നവന്റെ ശരണം വിളിയാണു. അതു മലകേറ്റത്തിന്റെ മന്ത്രമാണു. അത് ഏതോ ജനിതക ഗഹ്വരങ്ങളുടെ ആഴത്തിൽ നിന്നു പുറത്തു വരുന്നതാണു. ഒരിക്കൽ മലകേറി ശരണം വിളിക്കുന്നവർക്ക് അതു അനുഭവമാകും. അതൊരു വിമുക്തി തരും. അതിപ്പോൾ 55 കഴിഞ്ഞ ഫെമിനിസ്റ്റിനായാലും യുക്തിവാദചന്ദ്രികൾക്കായാലും. ഇതിനെ ബുദ്ധം ശരണം ഗച്ഛാമിയോട് ബന്ധപ്പെടുത്തി മുതലെടുക്കാമോ എന്നാണ് വേറൊരു കൂട്ടർ നോക്കുന്നവർ. അല്ലാതെ ബൌദ്ധപാരമ്പര്യവുമായി ബന്ധമുള്ള വേറെന്തുണ്ട് ശബരിമലയിൽ?
പന്തളം രാജാവിനും, ബുദ്ധനും എത്രയോ കാലം മുന്നിലാണു അഗസ്ത്യപാരമ്പര്യം തുടങ്ങുന്നത്, അന്നുമുതൽ ശബരിമലയുമുണ്ട്. തമിഴർ ആരാധനയ്ക്ക് കൂട്ടത്തോടെ എത്തുന്നതിനു പിന്നിലും ഈ അഗസ്ത്യസ്വാധീനമാണു. ചതുർവേദ ബ്രാഹ്മണ്യം പാകപ്പെടുത്തിയിട്ടും അവശേഷിക്കുന്ന ജനീതക ത്വരയാണു മലയാളികളേയും മലയിലേക്ക് ആകർഷിക്കുന്നത്. തമിഴകവും കേരളവും ഒന്നായിരുന്ന ഒരു കാലമുണ്ടായിരുന്നല്ലോ.
ഇതിനിടയിലേക്ക് എങ്ങനെയാണു ചതുർവ്വേദ വൈദിക മര്യാദകൾ കടന്നു കൂടിയത്? രാജവംശങ്ങളുടെ ചില താല്പര്യങ്ങളാവില്ലെ അതിനു പിന്നിൽ. ചില രാജവംശങ്ങൾ നിലനിൽക്കാനും, ചിലർക്ക് മേൽക്കൈ നേടാനും. അതിനുള്ള രൂപപരിണാമങ്ങളേ ശബരിമലയിൽ ഉണ്ടായിട്ടുള്ളു. എന്നിട്ടും അതിന്റെ ഖ്യാതിക്കോ അനുഭവത്തിനോ മാറ്റമില്ല. രണ്ടു തവണ അവിടെ തീപ്പിടുത്തമുണ്ടായതായി. ആദ്യത്തേതു രാജഭരണ കാലത്തും രണ്ടാമത്തേതു ജനായത്തത്തിലും. ആദ്യത്തേതിൽ ക്ഷേത്രമേ കത്തിയുള്ളു. രണ്ടാമത്തേതിൽ വിഗ്രഹവും നഷ്ടപ്പെട്ടു എന്നാണു പറയുന്നത്. എന്നിട്ടും ശബരിമലയുടെ ആകർഷണം കുറഞ്ഞില്ല. ഇനിയിപ്പോൾ ഒരു വാശിക്കു വേണ്ടി പ്രായപരിധിയില്ലാതെ സ്ത്രീകളെ കടത്തിവിട്ടു നോക്കിക്കോളു. എന്നാലും ശബരിമലയുടെ താന്ത്രികത നഷ്ടപ്പെടാൻ പോകുന്നില്ല. അങ്ങനെ എതിർത്തുകേറുന്ന പെണ്ണാളുകൾ ശ്രീവിദ്യാഭാവനയോടെ തിരികെ വരുന്നതു കാണാം. ശബരിമലയ്ക്ക് ആരേയും മാറ്റിമറിക്കാൻ കഴിയും. ആ തന്ത്രസ്ഥാനത്തിൽ ഉപാസന നടത്താൻ മതമോ, ജാതിയോ, ലിംഗമോ വിഷയമല്ല. മാനസികമാണു ഉപാസനകളും പൂജകളും. ഫലപ്രദവും. അഗസ്ത്യൻ ഇപ്പോഴും അവിടെ അധിവസിക്കുന്നു. ആർക്കും പരീക്ഷിക്കാം. വിശ്വാസമുള്ളവർക്കും ഇല്ലാത്തവർക്കും. ആരും പരിണമിക്കും, അവരവരുടെ വാസനാ ബലങ്ങൾക്ക് ആനുപാതികമായി.
***********************************************************************************
ആക്റ്റിവിസത്തിന്റെയും യുക്തിവാദത്തിന്റെ മായാഭ്രമങ്ങളിൽ പെട്ട് ആയുസ്സ് നശിച്ചു കൊണ്ടിരിക്കുന്നവർക്ക് ജീവിതം തിരിച്ചു പിടിക്കാൻ കഴിയുന്ന ഒരു സാദ്ധ്യതയായ ഭൈരവ തന്ത്രത്തിലേക്കുള്ള ഒരു ക്ഷണം കൂടിയാണിത്.
കടപ്പാട്,,
No comments:
Post a Comment