അമൃതവാണി
ദിവസം മുഴുവന്‍ ഭൗതിക വ്യവഹാരങ്ങളില്‍ മുഴുകിക്കഴിയുന്ന നമുക്ക് അല്‍പ്പസമയത്തേക്കെങ്കിലും ഈശ്വരചിന്ത ചെയ്യുവാന്‍ ക്ഷേത്രാന്തരീക്ഷം സഹായിക്കും. എന്നാല്‍ മരിക്കുന്നതുവരെ ക്ഷേത്രാചാരങ്ങളില്‍ മാത്രമായി ബന്ധിച്ചുനില്‍ക്കുവാന്‍ പാടില്ല. ദിവസം ഏകാന്തമായി ജപധ്യാനങ്ങള്‍ നടത്തുവാന്‍ കഴിയുന്ന ഒരുവന്, ക്ഷേത്രത്തില്‍ പോയില്ല എന്നുകരുതി ഒരുകുറവും സംഭവിക്കുന്നില്ല. ഈശ്വരനെ ഹൃദയത്തില്‍ പ്രതിഷ്ഠിക്കുവാന്‍ കഴിഞ്ഞില്ല എങ്കില്‍ ജീവിതകാലം മുഴുവന്‍ ക്ഷേത്രദര്‍ശനം നടത്തിയതുകൊണ്ടും പ്രയോജനമില്ല.
മക്കളേ, ക്ഷേത്രത്തിലും മഹാത്മാക്കളെ ദര്‍ശിക്കാനും പോകുന്നത് വെറുംകയ്യോടെ ആകരുത്. നമ്മുടെ അര്‍പ്പണത്തിന്റെ പ്രതീകമായി എന്തെങ്കിലും അവിടെ സമര്‍പ്പിക്കണം. ഒരുപുഷ്പമായാലും മതി.
എന്നാല്‍ തൊട്ടടുത്തുള്ള കടയില്‍നിന്ന് ഏതെങ്കിലും ഒരു പൂമാല വാങ്ങി ചാര്‍ത്തുന്നതും, നമ്മുടെ വീട്ടില്‍ നട്ടുവളര്‍ത്തിയ ചെടികളില്‍നിന്ന് പൂക്കളിറുത്ത്, ഒരു മാലകെട്ടി കൊണ്ടുകൊടുക്കുന്നതും തമ്മില്‍ വലിയ അന്തരമുണ്ട്. ചെടി നടുമ്പോള്‍, വെള്ളമൊഴിക്കുമ്പോള്‍, പൂപറിക്കുമ്പോള്‍, മാല കെട്ടുമ്പോള്‍, ക്ഷേത്രത്തിലേക്ക് കൊണ്ടുപോകുമ്പോള്‍ എല്ലാം ഭഗവത്‌സ്മരണ നിലനില്‍ക്കുന്നു. അങ്ങനെ പ്രേമപൂര്‍വം കൊണ്ടുചെല്ലുന്നതെന്തും-കുചേലന്റെ അവില്‍പോലെ-ഭഗവാന്‍ സ്വീകരിക്കും. കടയില്‍നിന്നും ഒരു മാല വാങ്ങി നല്‍കുമ്പോള്‍ അത് ഒരു ആചാരം മാത്രമേ ആകുന്നുള്ളൂ. മറ്റേതില്‍ ഭക്തി നിറഞ്ഞുനില്‍ക്കും.
No comments:
Post a Comment