ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, January 25, 2017

ക്ഷേത്രങ്ങളുടെ പവിത്രത വീണ്ടെടുക്കണം


അമൃതവാണി
amruthanandamayiമനുഷ്യനില്‍ ആത്മീയവും സാംസ്‌കാരികവുമായ ഉണര്‍വ് പകരുന്നതിനുവേണ്ടിയുള്ളതാണ് ക്ഷേത്രോത്സവങ്ങള്‍. എന്നാല്‍ ഇന്ന് ആത്മീയവുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് ഈശ്വരന്റെ പേരില്‍ ക്ഷേത്രങ്ങളില്‍ സംഘടിപ്പിക്കുന്നത്. ഇതുമൂലം ജനങ്ങളില്‍ സംസ്‌കാരം വളരുകയല്ല നഷ്ടമാകുകയാണ് ചെയ്യുന്നത്. നാടകങ്ങളും സിനിമകളും കാണുവാന്‍ തിയറ്ററുകള്‍ ധാരാളം വെളിയിലുണ്ട്. ക്ഷേത്രാന്തരീക്ഷങ്ങളില്‍ പൂര്‍ണമായും മനുഷ്യനില്‍ ആദ്ധ്യാത്മിക സംസ്‌കാരം വളര്‍ത്തുന്ന പരിപാടികള്‍ മാത്രമേ നടത്താവൂ.
ക്ഷേത്രാന്തരീക്ഷങ്ങളില്‍ ഈശ്വരനാമം മാത്രമേ കേള്‍ക്കുവാന്‍ പാടുള്ളൂ. ക്ഷേത്രമതിലുകള്‍ക്കുള്ളില്‍ കടന്നാല്‍ അനാവശ്യ കാര്യങ്ങള്‍ സംസാരിക്കുന്നത് നിര്‍ത്തണം. പൂര്‍ണമായും ഈശ്വരസ്മരണയില്‍ത്തന്നെ മനസ്സ് മുഴുകണം. ക്ഷേത്രങ്ങളുടെ നഷ്ടപ്പെട്ട പവിത്രത വീണ്ടെടുക്കേണ്ടത് ഗൃഹസ്ഥമക്കളുടെ ചുമതലയാണ്. അതിനാല്‍, നമ്മുടെ സംസ്‌കാരത്തെക്കുറിച്ച് ചിന്തിക്കുന്ന മക്കള്‍, ക്ഷേത്രകമ്മറ്റികളുമായി കൂട്ടുചേര്‍ന്ന് ഇന്നത്തെ ഈ കഷ്ടസ്ഥിതിക്ക് പരിഹാരം കാണണം.
ക്ഷേത്രജീവനക്കാരും, പൂജാരികളും ശമ്പളത്തിന് ജോലി ചെയ്യുന്നവരാണ്. അവരുടെ കുറ്റവും കുറവും നോക്കി ഹിന്ദുധര്‍മത്തെ ആരും അളക്കരുത്. അവര്‍ക്ക് തെറ്റുചെയ്യാനുള്ള സാഹചര്യം ഉണ്ടാകാതിരിക്കുവാനാണ് നമ്മള്‍ ശ്രദ്ധിക്കേണ്ടത്. ഈശ്വരദര്‍ശനത്തിനായി മാത്രം ജീവിതം മുഴുവന്‍ സമര്‍പ്പിച്ച് നിസ്വാര്‍ത്ഥ സേവനമനുഷ്ഠിക്കുന്നവരാണ് ഹിന്ദുധര്‍മത്തിന്റെ യഥാര്‍ത്ഥ മാര്‍ഗദര്‍ശികള്‍.

No comments:

Post a Comment