ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, January 19, 2017

ഗുരുദേവന്റെ മഹത്വം




ഭാരതത്തിന്റെ തത്വചിന്തയും ദര്‍ശനവും ലോകം അമൂല്യനിധിയായി വിലയിരുത്തിയപ്പോഴും വ്യാഖ്യാതാക്കളുടെയിടയില്‍ വൈവിധ്യമാര്‍ന്ന ചിന്താസരണി നിലനിന്ന സന്ദര്‍ഭത്തിലാണ് നാരായണ ഗുരുവിന്റെ അവതാരം. ഈ സാഹചര്യത്തില്‍ പ്രസ്ഥാനത്രയത്തിന് വ്യാഖ്യാനമെഴുതാതെ സ്വന്തമായി തനിക്ക് പറയുവാനുള്ളത് തന്റേതായ കൃതികളിലൂടെ അവതരിപ്പിക്കുകയാണ് ഗുരു ചെയ്തത്.
സജീഷ് വടമണ്‍ എഴുതിയ ഗുരുദേവന്റെ ഹിന്ദുത്വം (01-01-2017) എന്ന ലേഖനത്തോടുള്ള പ്രതികരണം.

ഗുരുദേവന്‍ ഭാരതീയ ഗുരുപരമ്പരയില്‍പ്പെട്ടയാള്‍ തന്നെയാണെന്നുള്ള പ്രസ്താവന സര്‍വസമ്മതമാണ്. ആ ഗുരുപരമ്പരയെ സ്തുതിച്ചുകൊണ്ട് നിലവിലുള്ള ഒരു ഗീതം ഈ രംഗവുമായി ബന്ധപ്പെട്ടവര്‍ക്കെല്ലാം സുപരിചിതമാണ്. അതിവിടെ ചേര്‍ക്കുന്നു.

നാരായണം പത്മഭാവം വസിഷ്ഠം
ശക്തിംച തത് പുത്ര പരാശരം ച
വ്യാസം ശുകം ഗൗഡപദം മഹാന്തം
ഗോവിന്ദയോ ഗീന്ദ്രമഥാസ്യശിഷ്യം
ശ്രീശങ്കരാചാര്യമഥാസ്യപത്മ-
പാദംചഹസ്താമലകംച ശിഷ്യം
തംതോടകം വാര്‍ത്തികകാരമന്യാന്‍
അസ്മദ് ഗുരുന്‍ സന്തതമാനതോസ്മി.

ആദിനാരായണത്തില്‍ ആരംഭിച്ച് വസിഷ്ഠനെയും പരാശരനെയും ശങ്കരാചാര്യരെയും തോടകനേയുമൊക്കെ അനുസ്മരിച്ചശേഷം അവര്‍ക്ക് ശേഷമുള്ള ഗുരുക്കന്മാരെയും സൂചിപ്പിക്കുന്നു. ഈ കാലഘട്ടത്തില്‍ നിന്നുകൊണ്ട് പ്രാര്‍ത്ഥിക്കുമ്പോള്‍ ശ്രീനാരായണഗുരുവിനെ അവസാന കണ്ണിയായി നമുക്ക് കാണാം. മേല്‍സൂചിപ്പിച്ച ഗുരുക്കന്മാരുടെയും നാരായണ ഗുരുവിന്റെയും കൃതികള്‍ പരിശോധിക്കുമ്പോള്‍ അവയിലെല്ലാം അന്തര്‍ധാരയായിരിക്കുന്ന ഉണ്മ ഒന്നുതന്നെയാണന്നതിലും തര്‍ക്കത്തിനിടയില്ല.

ബ്രഹ്മസൂത്രം ആദ്യമായി രചിച്ചത് വ്യാസനാണ്. ബാദരായണനും വ്യാസനും രണ്ടല്ലെന്നും വിശ്വസിച്ചുപോരുന്നു. വ്യാസനുശേഷം ബ്രഹ്മസൂത്രം അഥവാ വേദാന്തസൂത്രം രചിച്ചിട്ടുള്ളതു നാരായണ ഗുരു മാത്രമാണ്. ബ്രഹ്മസൂത്രം ഉള്‍പ്പെടുന്ന പ്രസ്ഥാനത്രയത്തിനു ഭാഷ്യം എഴുതി ശങ്കരാചാര്യര്‍ അദ്വൈത വേദാന്തവും രാമാനുജാചാര്യര്‍ വിശിഷ്ടാദ്വൈതവും മധ്വാചാര്യര്‍ ദ്വൈതവും സ്ഥാപിച്ചു. ഭാരതത്തിന്റെ തത്വചിന്തയും ദര്‍ശനവും ലോകം അമൂല്യനിധിയായി വിലയിരുത്തിയപ്പോഴും വ്യാഖ്യാതാക്കളുടെയിടയില്‍ വൈവിധ്യമാര്‍ന്ന ചിന്താസരണി നിലനിന്ന സന്ദര്‍ഭത്തിലാണ് നാരായണ ഗുരുവിന്റെ അവതാരം.

ഈ സാഹചര്യത്തില്‍ പ്രസ്ഥാനത്രയത്തിന് വ്യാഖ്യാനമെഴുതാതെ സ്വന്തമായി തനിക്ക് പറയുവാനുള്ളത് തന്റേതായ കൃതികളിലൂടെ അവതരിപ്പിക്കുകയാണ് ഗുരു ചെയ്തത്. 550 സൂത്രങ്ങളിലൂടെ വ്യാസന്‍ വ്യക്തമാക്കിയ ജ്ഞാനരഹസ്യം 24 സൂത്രങ്ങള്‍ കൊണ്ട് നാരായണ ഗുരു കൂടുതല്‍ വ്യക്തവും അസന്ദിഗ്ദ്ധവുമായവതരിപ്പിച്ചു. ശങ്കരാചാര്യരുടെ മായാവാദവും, ബ്രഹ്മം സത്യം ജഗദ്മിധ്യ എന്ന ദര്‍ശനവും രാമാനുജനും മാധ്വനും സ്വീകാര്യമായില്ല. ഈ രണ്ടുപേരുടെയും വിയോജിപ്പിനെ തള്ളിപ്പറയാതെ ശങ്കരാചാര്യരുടെ മായാവാദത്തെയും അദ്വൈതദര്‍ശനത്തെയും ഗുരു ആത്മോപദേശതകത്തില്‍ സുസമ്മതമാക്കി അവതരിപ്പിച്ചിരിക്കുന്നു.

”സകലവുമുള്ളതു തന്നെ
തത്ത്വചിന്താ-
ഗ്രഹനിതുസര്‍വവുമേകമായ്ഗ്രഹിക്കും
അകമുഖമായറിയായ്കില്‍
മായയാം വന്‍-
പക പലതും ഭ്രമമേകിടുന്നു പാരം.”

നാരായണ ഗുരു ഉപനിഷത്തുകള്‍ക്കോ മറ്റേതെങ്കിലും ഗ്രന്ഥത്തിനോ ഭാഷ്യം ചമച്ചിട്ടില്ല.
ഗുരുവിന്റെ കൃതികളെ സ്‌തോത്രകൃതികള്‍, ദാര്‍ശനിക കൃതികള്‍, സാരോപദേശകൃതികള്‍, തര്‍ജ്ജമകള്‍, ഗദ്യകൃതികള്‍ എന്നിങ്ങനെ ഇനം തിരിച്ച് മനസ്സിലാക്കാവുന്നതാണ്. സ്‌തോത്ര കൃതികളില്‍ വിനായാഷ്ഠകം, വിഷ്ണുസ്‌തോത്രങ്ങള്‍, ശിവസ്‌തോത്രങ്ങള്‍, ദേവീസ്‌തോത്രങ്ങള്‍, സുബ്രഹ്മണ്യസ്‌തോത്രങ്ങള്‍ എന്നിങ്ങനെ 33 കൃതികളും, ദാര്‍ശനിക കൃതികളില്‍ ആത്മോപദേശ ശതകം, അദ്വൈത ദീപിക, ദര്‍ശനമാല, വേദാന്തസൂത്രം തുടങ്ങി 10 കൃതികളുമാണുള്ളത്. സാരോപദേശമായി ജീവകാരുണ്യ പഞ്ചകം, അനുകമ്പാദശകം, ജാതിനിര്‍ണയം തുടങ്ങി 11 എണ്ണവും, തര്‍ജ്ജമകളില്‍ തിരുക്കുറളും ഈശാവാസ്യോപനിഷത്തും ചേര്‍ത്ത് രണ്ട് കൃതികളുമുണ്ട്. ഗദ്യകൃതികളുടെ കൂട്ടത്തില്‍ ആത്മവിലാസം, ചിജ്ജഡചിന്തനം തുടങ്ങി അഞ്ച് കൃതികളുമുള്‍പ്പെടെ മൊത്തം പ്രസിദ്ധീകൃതമായ കൃതികള്‍ 61.

ശങ്കരാചാര്യര്‍ തുടക്കം കുറിച്ച ദശനാമി സമ്പ്രദായത്തിലെ പത്തുനാമങ്ങള്‍ താഴെ ചേര്‍ക്കുന്നു. ഗിരി, പര്‍വതം, വനം, ആരണ്യം, സാഗരം, തീര്‍ത്ഥം, ആശ്രമം, പുരി, ഭാരതി, സരസ്വതി. നാലുമഹാവാക്യങ്ങളില്‍ ഓരോന്നിനോടും ബന്ധപ്പെടുത്തിയാണ് നാല് മഠങ്ങള്‍ സ്ഥാപിച്ചിട്ടുള്ളത്. മേല്‍സൂചിപ്പിച്ച നാമങ്ങള്‍ ഈ മഠങ്ങളിലെ സ്വാമിമാരുടെ പേരിന്റെ ഭാഗമായി ചേര്‍ക്കാനുള്ളതാണ്. ആദ്യത്തെ നാലില്‍ ഈ രണ്ടെണ്ണം രണ്ടു മഠങ്ങളിലേക്കും പിന്നത്തെ ആറില്‍ മൂന്നു വീതം അടുത്ത രണ്ടു മഠങ്ങള്‍ക്കും നിശ്ചയിച്ചിരിക്കുന്നു.

ഇതിനെയെല്ലാം കാലോചിതമായി മൂല്യനവീകരണം ചെയ്താണ് നാരായണഗുരു ആശ്രമങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുള്ളത്. ഗുരുവിന്റെ ആശ്രമ സങ്കല്‍പം ആശ്രമമെന്ന അഞ്ചു ശ്ലോകങ്ങളുള്ള കൃതിയില്‍ ഗുരു വ്യക്തമാക്കിയിരിക്കുന്നു. അതിലെ ഒന്നാമത്തെ ശ്ലോകം മാത്രം ഇവിടെ ഉദ്ധരിക്കാം.

ആശ്രമേസ്മിന്‍ ഗുരുഃ കശ്ചിദ്
വിദ്വാന്‍ മുതിരുദാരധീ
സമദൃഷ്ടിഃ ശാന്തഗംഭീ-
രാശയോ വിജിതേന്ദ്രിയഃ
അഞ്ചു ശ്ലോകങ്ങളുടെയും സാരം മാത്രം ഇവിടെ ചേര്‍ക്കുന്നു.
ഈ ആശ്രമത്തില്‍ വിദ്വാനായും മുനിയായും ഉദാരചിത്തനായും സമദൃഷ്ടിയായും ശാന്തഗംഭീരനായും ജിതേന്ദ്രീയനായും പരോപകാരിയായും ദീനദയാലുവായും സത്യവാനായും സമര്‍ത്ഥനായും സദാചാരതല്‍പരനായും കര്‍ത്തവ്യങ്ങളെ ശീഘ്രം ചെയ്യുന്നവനും മടിയില്ലാത്തവനായും ഇരിക്കുന്ന ഒരു ഗുരു ഉണ്ടായിരിക്കണം. ആ ഗുരു ഇതിന്റെ നേതൃത്വത്തെ സ്വീകരിച്ചിട്ട് നല്ല ഒരു സഭയുണ്ടാക്കണം. ഇതില്‍ ആരെല്ലാം ചേരുന്നുവോ അവരെല്ലാം സഹോദരഭാവേന ഉള്ളവരായിരിക്കണം. ഇവിടെ എങ്ങനെയോ അതുപോലെതന്നെ ദേശംതോറും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം പ്രത്യേകം വിദ്യാലയങ്ങളും ആശ്രമങ്ങളും സഭകളും ഉണ്ടാക്കണം. ഇതിനോരോന്നിനും വിദഗ്ദ്ധനായ ഓരോ നേതാവ് ഉണ്ടായിരിക്കണം. ഇതെല്ലാം കൂടിച്ചേര്‍ന്നതിന് അദ്വൈതാശ്രമം എന്നുപേര്‍. പുരുഷായുസ്സിലെ നാലാശ്രമങ്ങളോടു ബന്ധപ്പെട്ടതും അംഗീകരിച്ചിട്ടുള്ളതുമായ ശ്രീനാരായണധര്‍മ്മം എന്ന ഗ്രന്ഥവും ഇതിനോട് ചേര്‍ത്തുവായിക്കാവുന്നതാണ്. ഇതിനെ ദേശനാമി എന്നുപറയാനാവില്ല. വേദാന്തസൂത്രത്തിലെ ഒന്നാമത്തെ സൂത്രം.

ആദിനാരായണനിലാരംഭിക്കുന്ന ഭാരതീയ ഋഷിപരമ്പരയിലെ 21-ാം നൂറ്റാണ്ടിലെ കണ്ണിയാണ് നാരായണഗുരു എന്നുപറഞ്ഞാല്‍ ആര്‍ക്കാണ് നിഷേധിക്കാന്‍ കഴിയുക.

കെ.എന്‍. രവീന്ദ്രനാഥ്

No comments:

Post a Comment