ബഹൂനി സന്തി നാമാനി രൂപാണി ച സുതസ്യ തേ
ഗുണകര്‍മ്മാനുരൂപാണി താന്യഹം വേദനോ ജനാഃ (10-8-15)
ഗുണകര്‍മ്മാനുരൂപാണി താന്യഹം വേദനോ ജനാഃ (10-8-15)
വത്സാന്‍ മുഞ്ചന്‍ ക്വചിദസമയേ ക്രോശസംജാതഹാസഃ
സ്തേയം സ്വാദ്വത്ത്യഥ ദധി പയഃ കല്‍പ്പിതൈഃസ്തേയയോഗൈഃ
മര്‍ക്കാന്‍ ഭോക്ഷ്യന്‍ വിഭജതി സ ചേന്നാത്തി ഭാണ്ഡം ഭിനത്തി
ദ്രവ്യാലാഭേ സ ഗൃഹകുപിതോ യാത്യുപക്രോശ്യ തോകാന്‍ (10-8-29)
ശുകമുനി തുടര്‍ന്നു:
കുട്ടിക്കു പേരിടാനുളള സമയമായി. കുലജ്യോതിഷിയായ ഗര്‍ഗ്ഗനോട് യശോദയുടെയും രോഹിണിയുടെയും പുത്രന്‍മാര്‍ക്ക് പേരിടുന്ന ചടങ്ങ് നടത്തിക്കൊടുക്കാന്‍ നന്ദന്‍ അഭ്യര്‍ത്ഥിച്ചു. എന്നാല്‍ ഗര്‍ഗ്ഗന്‍ തന്റെ ആശങ്ക പ്രകടിപ്പിച്ചു. കംസന്‍ ഈ ചടങ്ങിനെപ്പറ്റി അറിഞ്ഞാല്‍ യശോദയുടെ കുഞ്ഞു ദേവകീപുത്രനാണെന്നു സംശയിച്ച് ഉപദ്രവിക്കാനൊരുങ്ങിയേക്കും. അതുകൊണ്ട് പരമരഹസ്യമായി ഒരു പശുത്തൊഴുത്തില്‍ വച്ച് നാമകരണം നടത്താം. ഗര്‍ഗ്ഗന്‍ പറഞ്ഞു: “ഈ മകന്‍ പലേ ജന്മങ്ങളും എടുത്തിട്ടുണ്ട്. അവയില്‍ വെളുത്തവനായും ചുവന്നും മഞ്ഞനിറത്തിലുമുളള രൂപങ്ങള്‍ അവന്‍ ധരിച്ചിട്ടുണ്ട്. ഇപ്പോള്‍ അവന്‍ കൃഷ്ണന്‍ എന്നറിയപ്പെടും. ശ്യാമനിറമാണല്ലോ അവന്‍റേത്. കാലാകാലങ്ങളില്‍ ആവശ്യങ്ങള്‍ക്കനുസരിച്ച് ഇവന് പലേ നാമരൂപങ്ങള്‍ ഉണ്ടായിട്ടുണ്ട്.
വസുദേവപുത്രനായതു കൊണ്ട് വാസുദേവന്‍ എന്നും ഇവനറിയപ്പെടും. ഇവന്‍ ഭഗവാന്‍ നാരായണന് തുല്യനത്രെ. ഇവനെ സ്നേഹിക്കുന്നുവര്‍ക്കും ഇവനില്‍ ഭക്തിയുളളവര്‍ക്കും ശത്രുക്കളില്‍ നിന്നു ദ്രോഹമുണ്ടാവുകയില്ല. അതുകൊണ്ട് അവനെ നല്ല പോലെ പരിരക്ഷിക്കുക.” മറ്റേ കുട്ടി ബലന്‍ എന്നും രാമന്‍ എന്നും അറിയപ്പെട്ടു. രണ്ടു ബാലന്‍മാരും വളരെ വേഗം വളര്‍ന്നു മുട്ടിലിഴയാന്‍ തുടങ്ങി. കാല്‍ത്തളമണികളിലെ മധുരശബ്ദങ്ങളാല്‍ അവിടം മുഖരിതമായി. അവരുടെ ശരീരം മിക്കവാറും പൊടിയും ചെളിയും പുരണ്ടിരുന്നു. അത് അവരുടെ ഭംഗി വര്‍ദ്ധിപ്പിക്കുകയും ചെയ്തു. വൃന്ദാവനത്തിലെ സ്ത്രീകളുടെ കണ്ണിലുണ്ണികളായി അവര്‍ . ആ കുട്ടികള്‍ കുസൃതിത്തരങ്ങള്‍ കാട്ടി എപ്പോഴും വിശ്രമരഹിതമായി അവരുടെ അമ്മമാര്‍ക്ക് ആശങ്കയും ഭയവും നല്‍കി. താമസമെന്യേ അവര്‍ നടക്കാനും തുടങ്ങി.
ഒരിക്കല്‍ ഗോപികമാര്‍ യശോദയോട് പരാതിപ്പെട്ടു: “ചിലപ്പോള്‍ നിങ്ങളുടെ മകന്‍ പാലു കറക്കുന്ന സമയത്തിനു മുന്‍പേ പശുക്കുട്ടിയെ അഴിച്ചു വിടുന്നു. ഞങ്ങളുടെ വീടുകളില്‍ നിന്നു് വെണ്ണയും പാലും മോഷ്ടിക്കുന്നു. എന്നിട്ട് അവനത് കുരങ്ങന്‍മാര്‍ക്കു പോലും നല്‍കുന്നു. വീട്ടില്‍ ഒന്നും തിന്നാന്‍ കിട്ടിയില്ലെങ്കില്‍ കിടന്നുറങ്ങുന്ന കുട്ടികളെ നുളളി നോവിച്ച് കരയിപ്പിക്കുന്നു. അവനില്‍നിന്നു് ഒന്നും ഒളിച്ചുവയ്ക്കാന്‍ വയ്യ. കാരണം അവന്‍ സ്വപ്രഭകൊണ്ട് മുറിയാകെ പ്രകാശിപ്പിച്ച് കലങ്ങളില്‍ എന്താണുളളതെന്നു നോക്കാതെതന്നെ മനസ്സിലാക്കുന്നു. ഇതെല്ലാംകഴിഞ്ഞ് ഒന്നുമറിയാത്തപോലെ അവന്‍ നിങ്ങളുടെ അടുത്തു വരുന്നു.” മറ്റൊരവസരത്തില്‍ അവര്‍ പരാതിപ്പെട്ടു: “നിങ്ങളുടെ മകന്‍ മണ്ണു തിന്നു.” യശോദ കൃഷ്ണനെ ശാസിച്ചു. കൃഷ്ണന്‍ പറഞ്ഞു: “ഞാന്‍ മണ്ണു തിന്നിട്ടില്ലമ്മേ.” എന്നിട്ട് വായും തുറന്നുകാട്ടി. കൃഷ്ണന്റെ വായില്‍ യശോദ ഈ വിശ്വത്തെ മുഴുവന്‍ ദര്‍ശിച്ചു. വൃന്ദാവനവും താനും എല്ലാം അതില്‍ തെളിഞ്ഞുകാണാം. ആശ്ചര്യചകിതയായി അവര്‍ സ്വയം സംസാരിക്കാന്‍ തുടങ്ങി. ഇത് മായയോ സത്യമോ? സത്യമെന്തെന്ന് ഈശ്വരനറിയാം. ഞാന്‍ ആ ഭഗവാനില്‍ അഭയം പ്രാപിക്കുന്നു. അവിടുത്തെ മായാശക്തിയാലാണല്ലോ ഞാന്‍ നന്ദഗോപരുടെ ഭാര്യ യശോദയാണെന്നും ഇവനെന്റെ മകനാണെന്നും കരുതുന്നത്. കൃഷ്ണന്‍ അമ്മയ്ക്കു മുകളില്‍ മായാപടം വീണ്ടുമിട്ടു. യശോദ മകനെ കുസൃതിക്കുടുക്കയായ കൃഷ്ണന്‍ എന്നു തന്നെ കരുതുകയും ചെയ്തു.
പരീക്ഷിത്തേ, ബ്രഹ്മാവ് ദേവന്മാരോട് വൃന്ദാവനത്തില്‍ ജനിക്കാന്‍ ആജ്ഞാപിച്ചല്ലോ. അപ്പോള്‍ ദ്രോണരും ഭാര്യ ധാരയും ഈ ജന്മത്തില്‍ ഭഗവാനില്‍ അതീവഭക്തിയുണ്ടാവാനായി പ്രാര്‍ത്ഥിക്കുകയും അവര്‍ നന്ദനും യശോദയുമായി ജനിക്കുകയും ചെയ്തു. അങ്ങനെ ഭഗവാനെ സ്വന്തം പുത്രനായി സ്നേഹിക്കാനുളള പരമഭാഗ്യം ലഭിക്കുകയും ചെയ്തു.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം
No comments:
Post a Comment