ഇതി തസ്യ വച: ശ്രുത്വാ മഹിഷോ മദ വിഹ്വല:
മന്ത്രി വൃദ്ധാന്‍ സമാഹൂയ രാജാ വചനമബ്രവീത്
കാര്യേfസ്മിന്‍ നിപുണാ യൂയമുപായേഷു വിചക്ഷണാ:
സമാദിഷു ച കര്‍ത്തവ്യം വിശ്രബ്ധം ബ്രൂത മാ ചിരം
വ്യാസന്‍ പറഞ്ഞു: മന്ത്രി പ്രവരന്റെ വാക്കുകള്‍ കേട്ട മഹിഷന്‍ മന്ത്രി വൃദ്ധന്മാരെ വിളിച്ചു കൂട്ടി കാര്യവിചാരണ ചെയ്തു. ‘നിങ്ങള്‍ സാമഭേദാദി ഉപായങ്ങളില്‍ സമര്‍ത്ഥരാണല്ലോ. ഇപ്പോള്‍ എന്താണ് ചെയ്യേണ്ടതെന്ന് പറഞ്ഞാലും. ദേവന്മാര്‍ ഉണ്ടാക്കിയ ശാംബരീമായയാണോ ഈ ദേവി? എന്താണിപ്പോള്‍ കരണീയം എന്ന് പറഞ്ഞാലും’
മന്ത്രിമാര്‍ പറഞ്ഞു: 'വളരെ ആലോചിച്ച് ഹിതവും സത്യവും പറയുക എന്നതാണ് ജ്ഞാനികളുടെ ലക്ഷണം. സത്യം എന്നും ഹിതകരമായിരിക്കും. എന്നാല്‍ പ്രിയം പറഞ്ഞതുകൊണ്ട് അത് ഹിതമാവണമെന്നില്ല. രോഗിക്ക് ഔഷധം ഒരിക്കലും പ്രിയമല്ല. പക്ഷെ അത് ഹിതകാരിയാണ്. സത്യം പറയുന്നവനും കേള്‍ക്കുന്നവനും ഇക്കാലത്ത് ദുര്‍ലഭമാണ്. ഇവിടെയിപ്പോള്‍ ഞങ്ങള്‍ എന്താണ് പറയുക? ശുഭാശുഭങ്ങളെ മുന്‍കൂട്ടി കണ്ടറിഞ്ഞതായി ആരുണ്ടീ മൂന്നു ലോകത്തും?' എന്ന് പറഞ്ഞ് ഒഴിയാന്‍ ശ്രമ്മിച്ച അവരെ രാജാവ് സ്വന്തം അഭിപ്രായം പറയാന്‍ വീണ്ടും പ്രോത്സാഹിപ്പിച്ചു. ‘നന്മയുണ്ടാവുന്ന കാര്യങ്ങള്‍ നല്ലവണ്ണം ആലോചിച്ചു പറഞ്ഞാലും’ എന്നദ്ദേഹം അവരെ ആഹ്വാനം ചെയ്തു.
മന്ത്രിമാരില്‍ വിരൂപാക്ഷന്‍ രാജപ്രിയമായി ഇങ്ങിനെ പറഞ്ഞു: ‘മഹാരാജന്‍, ഈ നീചസ്ത്രീ വെറുതേ പുലമ്പുകയാണ്. നമ്മെ ഒന്ന് പേടിപ്പെടുത്താന്‍ നോക്കുകയാണവള്‍. മദദംഭോടെ ഒരു സ്ത്രീ യുദ്ധം ചെയ്യാന്‍ വീമ്പിളക്കുന്നത് എന്തിനാണ് നമ്മെപ്പോലുള്ള വീരന്മാര്‍ കേട്ട് നില്‍ക്കുന്നത്? സ്ത്രീകള്‍ക്കാണെങ്കില്‍ കളവും എടുത്തു ചാട്ടവും സഹജമാണ്. മൂന്നുലോകവും ജയിച്ച വീരനാണ് അങ്ങ്. വെറുമൊരു പെണ്ണിന്‍റെ മുന്നില്‍ യുദ്ധത്തിനു പോവുക എന്നത് നാണക്കേടാണ്. അനുവാദം കിട്ടിയാല്‍ ഞാനൊറ്റയ്ക്ക് പോയി ക്ഷണത്തില്‍ അവളുടെ കഥ കഴിച്ചു മടങ്ങി വരാം. അതല്ല സൈന്യസന്നാഹങ്ങളുമായി പോയി ആ മുന്‍ശുണ്ഠിക്കാരിയെ വധിക്കാം. അതല്ല അങ്ങേയ്ക്കവളെ ജീവനോടെ വേണമെങ്കില്‍ നാഗപാശം കൊണ്ട് കെട്ടിവരിഞ്ഞ് അങ്ങയുടെ മുന്നിലിട്ട് തരാം. അങ്ങിനെ അവളെ അങ്ങേയ്ക്ക് വശഗദയാക്കാം. ഞാനുള്ളപ്പോള്‍ അങ്ങ് ആകുലപ്പെടേണ്ടതില്ല.’
ദുര്‍ദ്ധരന്‍ പറഞ്ഞു: ’ഈ വീരന്‍ പറഞ്ഞത് ശരിയാണ് പ്രഭോ. എന്‍റെ അഭിപ്രായം കൂടി കേട്ടാലും. ഈ സുന്ദരിയായ ചണ്ഡിക കാമാതുരയാണ്. സ്വന്തം സൌന്ദര്യത്തില്‍ മദിച്ചു ഗര്‍വിക്കുന്നവള്‍ പലതും പുലമ്പിയെന്നിരിക്കും. അവളുടെ ചാരുരൂപത്തില്‍ അങ്ങയെ വശീകരിച്ച് നിര്‍ത്താനാണ് ശ്രമം. ശൃംഗാരത്തിന്‍റെ ഭാഗമായി കാമുകി താന്‍ ആശിക്കുന്ന പുരുഷനോട് പറയുന്ന വക്രോക്തികളായി അതിനെ കണക്കാക്കിയാല്‍ മതി. കാമശാസ്ത്രനൈപുണ്യമുണ്ടെങ്കില്‍ അവളുടെ വാക്കുകളിലെ കാമത്വര മനസ്സിലാക്കാന്‍ കഴിയും. യുദ്ധക്കളത്തില്‍ ‘നിന്നെ ബാണങ്ങള്‍ കൊണ്ട് വധിക്കും’ എന്നാണല്ലോ അവള്‍ ജല്‍പ്പിച്ചത്. കാമിനിമാരുടെ ബാണങ്ങള്‍ കടക്കണ്ണുകൊണ്ടുള്ള കടാക്ഷങ്ങളാണ് എന്ന് രസവിജ്ഞന്‍മാര്‍ക്കറിയാം. അവളുടെ മറ്റു വചനങ്ങളും കാമപീഡിതയായ ഒരു നാരിയുടെ പുഷ്പബാണങ്ങള്‍ മാത്രമാണ്. അങ്ങിനെ ശൃംഗാരവതിയായ അവള്‍ക്കുണ്ടോ യുദ്ധനൈപുണ്യം? അവള്‍ക്കെന്നല്ല ബ്രഹ്മാദികള്‍ക്ക് പോലും നിന്നെ നേരിടാനുള്ള ശക്തിയില്ല. പിന്നെയല്ലേ ഈ പെണ്ണ്! ‘കടാക്ഷബാണങ്ങളാല്‍ നിന്നെ കൊല്ലും’ എന്നാണവള്‍ പറഞ്ഞതിന്റെ അര്‍ത്ഥം. നിന്‍റെ പ്രഭുവിനെ ഞാന്‍ പോര്‍മയമായ മെത്തയില്‍ വീഴ്ത്തും എന്നാണു സാരം. വിപരീത രതിക്രീഡാഭാഷണമാണിത്. ദൂതുപോയ ആ മന്ത്രിമഹാന്‍ ഇത്തരം സംഭാഷണങ്ങളുടെ മാറ്ററിയാന്‍ തക്ക രസികനല്ല എന്ന് വ്യക്തമാണ്. രതിക്രീഡാ ഭാഷയില്‍ പ്രാണന്‍ പോക്കും എന്ന് പറഞ്ഞാല്‍ ‘വീര്യം’ പോക്കും എന്നാണര്‍ത്ഥം. വാസ്തവത്തില്‍ അങ്ങയെ വരിക്കാന്‍ അകാംഷാഭരിതയാണവള്‍. ഇതറിഞ്ഞു വേണ്ടതുപോലെ പ്രവര്‍ത്തിക്കാന്‍ രസികന്മാര്‍ക്ക് കഴിയണം. ഇങ്ങിനെയുള്ള കാമിനിമാരോട് സാമദാനങ്ങള്‍ മാത്രമേ പാടുള്ളൂ. രസഭംഗമില്ലാതെ അവളെ വശഗദയാക്കുന്നതിലാണ് പുരുഷന്‍റെ മിടുക്ക്. അവളുടെ കപട കോപവും ഗര്‍വവും ഉരുകിപ്പോവാന്‍ ഉതകുന്ന മധുരഭാഷണം കൊണ്ട് ഞാന്‍ അവളെ അങ്ങയുടെ സവിധത്തില്‍ എത്തിക്കാം. അവളെ അങ്ങയുടെ ദാസിയാക്കാന്‍ ഞാനിതാ പുറപ്പെടുകയായി.
ഇതുകേട്ടപ്പോള്‍ മഹിഷന്‍റെ മറ്റൊരു മന്ത്രിയായ താമ്രന്‍ എഴുന്നേറ്റു. താമ്രന്‍ തത്വവിശാരദനാണ്. ‘രാജാവേ, ഞാനൊന്ന് പറയാം. കേട്ടിടത്തോളം അവള്‍ കാമാതുരയൊന്നുമല്ല. ഞാന്‍ അവളുടെ വാക്കുകളിലെ യുക്തിയും ധര്‍മ്മവും രസവും എല്ലാം ആലോചിച്ചുനോക്കി. അവളുടെ ശത്രുതാപനത്വര വാക്കുകളില്‍ നിന്നും മനസ്സിലാക്കാം. കാമത്തിന്‍റെ ലേശം പോലും അതിലില്ല. വെറുതേ ആ വാക്കുകള്‍ക്ക് വ്യംഗ്യാര്‍ത്ഥം കല്‍പ്പിക്കേണ്ടതില്ല. തുണയൊന്നുമില്ലാതെയാണാ വരവര്‍ണ്ണിനി വന്നിട്ടുള്ളത്. പതിനെട്ടു കരങ്ങളിലും ദിവ്യായുധങ്ങള്‍! അങ്ങിനെയുള്ള ആരെയെങ്കിലും പറ്റി മുന്‍പ് നാം കേട്ടിട്ടുപോലുമില്ല. ഞാന്‍ നിദ്രയില്‍ക്കണ്ട ദുസ്വപ്നങ്ങളും ഇവളുടെ വരവും ചേര്‍ത്തു വച്ച് നോക്കുമ്പോള്‍ ആകെ ആപത്തിന്‍റെ ലക്ഷണമാണ് എനിക്ക് ദൃശ്യമാകുന്നത്. അതിരാവിലെ കറുത്ത തുണിയുടുത്ത ഒരു സ്ത്രീ കരഞ്ഞുകൊണ്ട് എന്‍റെ വീട്ടുമുറ്റത്ത് നില്‍ക്കുന്ന കാഴ്ചയാണ് സ്വപ്നത്തില്‍ ഞാന്‍ കണ്ടത്. അതിരാവിലെ കാണുന്ന സ്വപ്നം ഫലിക്കുമെന്നാണല്ലോ. ദുര്‍നിമിത്തങ്ങളായി രാത്രി ചില വികൃതരാപ്പക്ഷികളുടെ കൂവലും കേട്ടിരുന്നു. മഹാരാജന്‍, അങ്ങയെ വെല്ലുവിളിച്ച ആ സ്ത്രീ വെറും ഒരപ്സരസ്സോ മനുഷ്യസ്ത്രീയോ ഗന്ധര്‍വ്വവനിതയോ ഒന്നുമല്ല. ദേവന്മാര്‍ തപസ്സുചെയ്തുണ്ടാക്കിയെടുത്ത മായാമോഹിനിയാണ് എന്ന് തോന്നുന്നു. ഞാന്‍ എന്‍റെ അഭിപ്രായം പറഞ്ഞുവെന്നേയുള്ളൂ. യുദ്ധം അനിവാര്യമാണ്. വരാനുള്ളത് വഴിയില്‍ തങ്ങുകയില്ല. ശുഭാശുഭങ്ങള്‍ വരുത്തുന്നത് ദൈവമാണ്. നമുക്കെന്തറിയാം?. മൂന്നു ലോകത്തും ദൈവഗതി മാറ്റാന്‍ കഴിവുള്ള ആരുമുണ്ടെന്നു തോന്നുന്നില്ല. ഏതായാലും ധൈര്യം വെടിയാതെ ആലോചിച്ചു വേണം കാര്യങ്ങള്‍ ചെയ്യാന്‍.’
ഇത് കേട്ട മഹിഷന്‍ താമ്രനോടു പറഞ്ഞു: 'അങ്ങ് യുദ്ധത്തിനു പുറപ്പെട്ടാലും. ധര്‍മ്മയുദ്ധത്തില്‍ ആ മഹതിയെ ജയിച്ച് കൂടിക്കൊണ്ടു വരിക. പോരില്‍ നിനക്ക് കീഴടങ്ങാന്‍ അവള്‍ കൂട്ടാക്കിയില്ലെങ്കില്‍ ദയവൊന്നും വേണ്ട, അവളെ വധിക്കുക. എന്നാല്‍ അനുനയിപ്പിക്കാന്‍ കഴിഞ്ഞാല്‍ അതാണ് ഉചിതം. നീ കാമകലയിലും ചിന്തയിലുമെല്ലാം മിടുക്കനാണല്ലോ. പടയെ കൂട്ടിക്കൊണ്ടുപോയി അവളെപ്പറ്റിയുള്ള കാര്യങ്ങള്‍ മനസ്സിലാക്കി വേണം കാര്യങ്ങള്‍ മുന്നോട്ട് നീക്കാന്‍. കാമഭാവമാണോ വൈരമാണോ അവളെ നയിക്കുന്നത്? അവളുടെ ആഗ്രഹമെന്താണ്? അവളുടെ യോഗ്യതയെന്താണ്? ശൌര്യം എത്രയുണ്ട്? എല്ലാമനുസരിച്ചു വേണം പ്രവര്‍ത്തിക്കാന്‍. ഭയം വേണ്ട, എന്നാല്‍ അവളോടു ദയവും വേണ്ട.’
രാജാവിനെ വണങ്ങി സൈന്യസമേതം താമ്രന്‍ അവിടെനിന്നും പുറപ്പെട്ടു. കാലപുരത്തേയ്ക്ക് പോവാന്‍ അവനു സമയമായി എന്നു നിശ്ചയം. വഴിയില്‍ കണ്ട ശകുനങ്ങള്‍ അവനെ സംഭ്രമിപ്പിച്ചു. യുദ്ധക്കളത്തില്‍ അവന്‍ സിംഹാസനസ്ഥയായ ദേവിയെ കണ്ടു, സര്‍വ്വാഭരണങ്ങളും സര്‍വ്വായുധങ്ങളും അവളെ അലങ്കരിക്കുന്നു. ദേവന്മാര്‍ സ്തുതികളോടെ അവളെ പൂജിക്കുന്നു. നമസ്കരിച്ചശേഷം താമ്രന്‍ വിനയത്തോടെ ദേവിയോട് പറഞ്ഞു: ‘അല്ലയോ മനോഹരീ, എന്‍റെ രാജാവ് മഹിഷന്‍ അവിടുത്തെ പാണിഗ്രഹണം ചെയ്യാന്‍ ആഗ്രഹിക്കുന്നു. ദേവന്മാര്‍ക്ക് അജയ്യനാണദ്ദേഹം. അദ്ദേഹത്തെ വേളികഴിച്ചു നന്ദനോദ്യാനങ്ങളില്‍ വ്യഹരിക്കുകയല്ലേ സുഖം? ഇങ്ങിനെ സര്‍വ്വാംഗസുന്ദരമായ ദേഹം കിട്ടിയിട്ട് സുഖം അനുഭവിക്കുന്നതല്ലേ ഉചിതം? എന്തിനാണ് ദുഃഖം വിളിച്ചു വരുത്തുന്നത്? ആ മൃദുലകരങ്ങളില്‍ എന്തിനാണ് പരുഷങ്ങളായ ആയുധങ്ങള്‍? പൂപ്പന്തുകളല്ലേ ആ കൈകള്‍ക്ക് അലങ്കാരമാവുക? ചില്ലിവില്ലുകളും കടാക്ഷവിക്ഷേപങ്ങളുമുള്ള സുന്ദരിമാര്‍ക്ക് വെറും ബാണചാപങ്ങള്‍ കൊണ്ട് എന്താണ് പ്രയോജനം? യുദ്ധംകൊണ്ട് സുഖം നേടിയവര്‍ ആരാണ്? പൂക്കള്‍കൊണ്ട് പോലും പോരാടാന്‍ നിനക്ക് പ്രയാസമാകും. പിന്നെയാണ് ശരങ്ങള്‍ കൊണ്ടുള്ള വിളയാട്ടം! നിശിതശരങ്ങള്‍ കൊണ്ട് നിന്‍റെ ദേഹം മുറിപ്പെടുന്നത് ആലോചിക്കാന്‍പോലും കഴിയുമോ? അതിനാല്‍ നിന്‍റെ സന്തോഷത്തിനായി ഞാന്‍ ഹിതം പറയുന്നു. ദേവാസുരന്മാരെ മുഴുവന്‍ ഭരിക്കുന്ന എന്‍റെ പ്രഭുവിനെ നീ വരിച്ചാലും. നിന്‍റെ ഇഷ്ടത്തിന് അദ്ദേഹം അരു നില്‍ക്കും എന്ന് നിശ്ചയമാണ്. അദ്ദേഹത്തിന്‍റെ പട്ടമഹിഷി നീ തന്നെ. അതില്‍ സംശയമേയില്ല.
എന്റെ വാക്കുകള്‍ കേട്ടാല്‍ നിനക്ക് സുഖം ഉറപ്പാണ്. യുദ്ധത്തില്‍ ആര് ജയിക്കുമെന്ന് ഉറപ്പൊന്നുമില്ലല്ലോ! നിനക്ക് രാജനീതികള്‍ അറിയാം. രാജഭോഗങ്ങള്‍ അനുഭവിച്ചു ചിരകാലം വാഴുക. നിനക്ക് ഉത്തമനായ പുത്രനുണ്ടാവും. അവന്‍ രാജാവുമാകും. യൌവനത്തില്‍ നന്നായി സുഖിച്ചു കഴിയുക. അങ്ങിനെ വാര്‍ദ്ധക്യത്തിലും നിനക്ക് സുഖിയായി വാഴാം.’
പുനരാഖ്യാനം: ഡോ. സുകുമാര് കാനഡ. ശ്രീ ടി എസ്. തിരുമുന്പിന്റെ ഭാഷാവിവര്ത്തനം, ശ്രീ എന് വി. നമ്പ്യാതിരിയുടെ മൂലം വിവര്ത്തനം, എന്നിവയെ അവലംബിച്ച് എഴുതിയത്
No comments:
Post a Comment