സമത്വവും സ്വാതന്ത്ര്യവുമാണ് ശാശ്വത സത്യം
ഓരോ പ്രാവശ്യവും മനസ്സ് ഉപശമിക്കുന്നതിലൂടെ നാം സാധാരണ ജീവിയായിക്കൊണ്ടിരിക്കുന്നുണ്ട്. അപ്പോഴാണ് നമുക്ക് സന്തോഷം, സുഖമൊക്കെ അനുഭവപ്പെടുന്നത്. ഉറക്കത്തിലാണ് ഏറ്റവും കൂടുതല്‍ സുഖം അനുഭവപ്പെടുന്നത്. അവിടെ മനുഷ്യന്‍ എന്ന ഭേദചിന്തയില്ല എന്നത് എല്ലാവര്‍ക്കും അറിയാവുന്നതുമാണല്ലൊ. ജാഗ്രതാവസ്ഥയിലും ഇതുതന്നെയാണ് സത്യം. അത് തിരിച്ചറിയണം എന്നു മാത്രമേ ശാസ്ത്രം പറയുന്നുള്ളൂ. അഹം ഊതിവീര്‍പ്പിക്കുന്ന തെറ്റായ വ്യാഖ്യാനങ്ങളെ കരുതിയിരിക്കുക. അവ മരണത്തിലേക്കുള്ള കുറുക്കുവഴികളാണ്.
മനുഷ്യനെന്നും ജ്ഞാനിയെന്നുമൊക്കെയുള്ള അഭിമാനത്തില്‍ നില്‍ക്കുന്ന അജ്ഞാനികളായ സാധാരണ മനുഷ്യരുടെ പ്രതിനിധിയാണ് നചികേതസ്സ്. പക്ഷെ യമധര്‍മ്മന്‍ അങ്ങനെയല്ല. എല്ലാ ജീവികളെയും ഒരുപോലെ പിടികൂടുന്നതാണ് യമധര്‍മ്മന്റെ ജോലി. മരണത്തിന് മനുഷ്യനെന്നോ മൃഗമെന്നോ വ്യത്യാസമില്ലല്ലൊ. ഈ സത്യം തന്നെയാണ് യമധര്‍മ്മന്‍ നചികേതസ്സിനെ ബോധ്യപ്പെടുത്തുന്നത്.
ആത്മാസാക്ഷാത്കാരം നേടുക എന്നതിന്റെ പ്രായോഗികമായ അര്‍ത്ഥം ദേഹാഭിമാനം (മനുഷ്യന്‍ എന്ന അഭിമാനം) ഇല്ലാതാക്കുക. അഥവാ പ്രകൃതിയിലെ ഒരു സ്വതന്ത്രജീവിയായി മാറുക എന്നാണ്. അപ്പോള്‍ പ്രകൃതിനിയമങ്ങളൊക്കെ സ്വാഭാവികമായിത്തീരും. എല്ലാവിധ ഭയങ്ങളും അസ്തമിക്കും. പൂര്‍ണമായ സ്വാതന്ത്ര്യത്തില്‍നിന്ന് ശാശ്വതമായ ശാന്തിയുണ്ടാകും. അതിനനുസരിച്ച് ആരോഗ്യവും ആയുസ്സും വര്‍ധിക്കുകയും ചെയ്യും.
ലോകത്തില്‍ മനുഷ്യനൊഴികെയുള്ള സമസ്ത ജീവജാലങ്ങളും സഹജമായ ഒരു അമൃതത്വത്തിലാണ് നിലകൊള്ളുന്നത്. നമ്മളും ഈയൊരു കഴിവോടുകൂടിത്തന്നെയാണ് ജനിച്ചത്. പക്ഷെ കൃത്രിമ സാഹചര്യങ്ങളില്‍ വളരുന്നതുകൊണ്ട് ജന്മസിദ്ധമായ ഈ സ്വാതന്ത്ര്യം നിലനിര്‍ത്താന്‍ നമുക്ക് സാധിക്കുന്നില്ല. ആദ്യം നമുക്കൊരു പേര് നിര്‍ദ്ദേശിക്കപ്പെടുന്നു. പിന്നീട് അതിനോടനുബന്ധിച്ച് ഒരുപാട് അഹന്താമമതകള്‍ നമ്മെ പിടികൂടുന്നു. നമ്മുടെ യഥാര്‍ത്ഥ സ്വത്വം നഷ്ടപ്പെടുന്നു. സമാധാനം നഷ്ടപ്പെടുന്നു. ക്രമേണ നാം മൃത്യുവിന്റെ കൈകളിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു. ഇതാണ് സാധാരണമനുഷ്യ ജീവിതം. ഇതില്‍നിന്നും സ്വതന്ത്രരായി വീണ്ടും നമ്മുടെ സഹജാവസ്ഥയിലേക്ക് എത്തുന്നതിനെയാണ് രണ്ടാമത്തെ ജനനം എന്നുപറയുന്നത്. അവരാണ് ബ്രാഹ്മണര്‍ അഥവാ ദ്വിജന്മാര്‍ (ആകാശജന്മാര്‍).
ബ്രഹ്മജ്ഞാനമാണ് അതിലേക്കുള്ള മാര്‍ഗ്ഗമായി വേദോപനിഷത്തുകളില്‍ പറയപ്പെട്ടിരിക്കുന്നതില്‍ ഏറ്റവും പ്രധാനം. എല്ലാവിധ അഹംഭാവവും മനസ്സിലാണ് സൃഷ്ടിക്കപ്പെടുന്നതും നിലനില്‍ക്കുന്നതും. അതുകൊണ്ട് മറ്റേതെങ്കിലും മാര്‍ഗ്ഗത്തില്‍കൂടി മനസ്സിനെ മാറ്റി നിര്‍ത്തിയാലും ബ്രാഹ്മണ്യം എന്ന സ്വരൂപാവസ്ഥയിലെത്താന്‍ കഴിയും. ഭക്തിജ്ഞാന കര്‍മയോഗങ്ങള്‍ ഒന്നുതന്നെയെന്ന് ഗീത ഉദ്‌ഘോഷിക്കുന്നത് ഈ അര്‍ത്ഥത്തിലാണ്.
പ്രമാണം അനുസരിച്ച് പറഞ്ഞാല്‍ ”ബ്രഹ്മജ്ഞാനിതു ബ്രാഹ്മണ” എന്നാണ് നിര്‍വചനം. പക്ഷേ ബ്രഹ്മജ്ഞാനത്തിലൂടെ നമ്മള്‍ പ്രകൃതിസഹജമായ സമത്വത്തിലേക്കും സ്വതന്ത്രതയിലേക്കും എത്തിയാല്‍ മാത്രമേ ബ്രാഹ്മണനാവുകയുള്ളൂ. ലക്ഷ്യപ്രാപ്തിയില്‍ മാര്‍ഗ്ഗം ഉപേക്ഷിക്കപ്പെടേണ്ടതുണ്ട്. ജ്ഞാനവും ജ്ഞാനിയും ഇല്ലാതാവുന്ന അവസ്ഥയെ സൂചിപ്പിക്കുന്ന വാക്കാണ് ബ്രാഹ്മണ്യം എന്നത്. ബ്രാഹ്മണന്‍ എന്നത് ഒരു വ്യക്തിയല്ല. വ്യക്തിത്വം ഇല്ലാതാവുന്നതാണ് ബ്രാഹ്മണന്‍. ശരീരത്തിന്റെ പരിധിയില്‍ നിന്ന് നാം പ്രപഞ്ചത്തോളം വികാസം പ്രാപിച്ച ബോധമായി മാറുകയാണ്. എന്നുവെച്ചാല്‍ മുഴുവന്‍ അഹങ്കാരവും ഉപേക്ഷിച്ച് പ്രകൃതിയിലേക്ക് സമര്‍പ്പിതരാവുകയാണ്.
പ്രകൃതിയുടെ കുറ്റമറ്റ സംരക്ഷണത്തിലാവുകയാണ്. ഇതിനെയാണ് യഥാര്‍ത്ഥ അമൃതത്വം എന്നുപറയുന്നത്. അജ്ഞാനത്തില്‍നിന്നും അഹങ്കാരത്തില്‍നിന്നുമാണ് ചോദ്യങ്ങളുണ്ടാവുന്നത്. അതില്ലാതായാല്‍ ചോദ്യവും ഇല്ലാതാവും. യമധര്‍മ്മന്‍ തല്‍ക്കാലം രക്ഷപ്പെടുകയും ചെയ്യും. നമ്മളും രക്ഷപ്പെടും.
സമത്വവും സ്വാതന്ത്ര്യവുമാണ് സത്യം. അതിലേക്കെത്തുന്നതിനെയാണ് സത്യസാക്ഷാല്‍ക്കാരമെന്നും, ബ്രഹ്മമായിത്തീരല്‍ എന്നുമൊക്കെ പറയുന്നത്. മനുഷ്യന്‍ എന്ന പരിമിതി ഇല്ലാതായാല്‍ സത്യസാക്ഷാത്കാരമായി. സമര്‍ദര്‍ശനമാണ് സത്യദര്‍ശനം അഥവാ അദ്വൈതം.
ദേഹസംബന്ധമായ അഹംഭാവം ഉപേക്ഷിച്ച് സാധാരണജീവിയായിത്തീര്‍ന്നാല്‍ എല്ലാജീവികളും യഥേഷ്ടം അനുഭവിച്ചുകൊണ്ടിരിക്കുന്ന ആത്മാനന്ദം നമുക്കും സ്ഥിരമായി അനുഭവിക്കാനാവും. ബ്രഹ്മജ്ഞാനത്തിലൂടെയായാലും മറ്റ് മാര്‍ഗ്ഗങ്ങളിലൂടെയായാലും ഇതല്ലാതെ വേറെ വഴിയില്ല. ജീവിതത്തില്‍ സമാധാനം അന്വേഷിക്കുന്നതിലൂടെ നാം ഈ സത്യത്തില്‍ എത്താന്‍ തന്നെയാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. നമുക്കത് തിരിച്ചറിയാന്‍ കഴിയാറില്ല എന്നുമാത്രം. ഓരോ പ്രാവശ്യവും മനസ്സ് ഉപശമിക്കുന്നതിലൂടെ നാം സാധാരണ ജീവിയായിക്കൊണ്ടിരിക്കുന്നുണ്ട്. അപ്പോഴാണ് നമുക്ക് സന്തോഷം, സുഖമൊക്കെ അനുഭവപ്പെടുന്നത്.
ഉറക്കത്തിലാണ് ഏറ്റവും കൂടുതല്‍ സുഖം അനുഭവപ്പെടുന്നത്. അവിടെ മനുഷ്യന്‍ എന്ന ഭേദചിന്തയില്ല എന്നത് എല്ലാവര്‍ക്കും അറിയാവുന്നതുമാണല്ലൊ. ജാഗ്രതാവസ്ഥയിലും ഇതുതന്നെയാണ് സത്യം. അത് തിരിച്ചറിയണം എന്നു മാത്രമേ ശാസ്ത്രം പറയുന്നുള്ളൂ. അഹം ഊതിവീര്‍പ്പിക്കുന്ന തെറ്റായ വ്യാഖ്യാനങ്ങളെ കരുതിയിരിക്കുക. അവ മരണത്തിലേക്കുള്ള കുറുക്കുവഴികളാണ്.
വി. വിഷ്ണു നമ്പൂതിരി
No comments:
Post a Comment