സഞ്ചാരിയായ ഒരു സന്യാസി ഒരിക്കല്‍ ഒരു ഗ്രാമക്ഷേത്രത്തില്‍ എത്തി. അവിടം അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. ക്ഷേത്രത്തിന്റെ ഗോപുരപ്പുരയില്‍ കുറച്ചുനാള്‍ താമസിക്കാമെന്ന് അദ്ദേഹം തീരുമാനിക്കുകയും ചെയ്തു.
രാവിലെ കുളി കഴിഞ്ഞുവന്നു ധ്യാനത്തിലിരിക്കുന്ന സന്ന്യാസിയെ ക്ഷേത്രം പൂജാരി ശ്രദ്ധിക്കാതിരുന്നില്ല. പൂജകളെല്ലാം കഴിഞ്ഞുപോകുമ്പോള്‍ നിവേദ്യബാക്കി എടുത്ത് അദ്ദേഹം സന്യാസിക്കു നല്‍കി. അടുത്ത ദിവസങ്ങളിലും അതു തുടര്‍ന്നു.പതിവായി ക്ഷേത്രദര്‍ശനം നടത്തുന്ന ക്ഷേത്രം മാനേജര്‍ സന്യാസിയെ ശ്രദ്ധിച്ചിരുന്നു. ജോലി ചെയ്യാനുള്ള മടികൊണ്ട് ഭക്ഷണം കിട്ടുന്ന ദിക്കില്‍ ചടഞ്ഞുകൂടിയതാണിയാള്‍. അതിനാല്‍ ക്ഷേത്രത്തില്‍നിന്ന് ഇനി ഭക്ഷണമൊന്നും കൊടുക്കേണ്ട എന്ന് അദ്ദേഹം പൂജാരിയെ വിലക്കി.
പിറ്റേന്ന് നിവേദ്യച്ചോറ് നല്‍കാതെയാണ് പൂജാരി പോയത്. സന്യാസി അതേപ്പറ്റി ചോദിച്ചുമില്ല. പൂജാരിക്കു മനസ്സില്‍ വിഷമമുണ്ടായിരുന്നു. വൈകിട്ട് സന്യാസിയോട് തന്റെ നിസ്സഹായാവസ്ഥ അറിയിച്ചു; കൈയില്‍ കരുതിയിരുന്ന കുറച്ചു പഴങ്ങള്‍ കൊടുക്കുകയും ചെയ്തു.
സന്യാസി അടുത്ത ദിവസം മുതല്‍ ഉച്ചനേരത്ത് ഭിക്ഷാടനത്തിന് പോയിത്തുടങ്ങി. ഏതെങ്കിലും വീട്ടില്‍നിന്ന് ഭക്ഷണം ലഭിച്ചാല്‍ തൃപ്തനായി മടങ്ങും. ഒരു നേരമേയുള്ളൂ ഭക്ഷണം.
സന്യാസി അടുത്ത ദിവസം മുതല്‍ ഉച്ചനേരത്ത് ഭിക്ഷാടനത്തിന് പോയിത്തുടങ്ങി. ഏതെങ്കിലും വീട്ടില്‍നിന്ന് ഭക്ഷണം ലഭിച്ചാല്‍ തൃപ്തനായി മടങ്ങും. ഒരു നേരമേയുള്ളൂ ഭക്ഷണം.
ക്ഷേത്രദര്‍ശനം നടത്തുന്ന മാനേജര്‍ അതും ശ്രദ്ധിച്ചു. ഒരാഴ്ചയ്ക്കുശേഷം അദ്ദേഹം സന്യാസിയോട് ചോദിച്ചു:
”അങ്ങെന്തിനാണ് ഇവിടെത്തന്നെ മടിച്ചുകൂടുന്നത് സ്വാമീ? ജോലി ചെയ്താല്‍ മൂന്നുനേരവും ഭക്ഷണം സൗകര്യപ്പെടുമല്ലോ. അതിന് നോക്കരുതോ?”
സന്യാസി മറുപടിയൊന്നും പറഞ്ഞില്ല. കുറച്ചുനേരം കാത്തിരുന്ന മാനേജര്‍ ചോദ്യം ആവര്‍ത്തിച്ചു. സ്വാമി പറഞ്ഞു:
സന്യാസി മറുപടിയൊന്നും പറഞ്ഞില്ല. കുറച്ചുനേരം കാത്തിരുന്ന മാനേജര്‍ ചോദ്യം ആവര്‍ത്തിച്ചു. സ്വാമി പറഞ്ഞു:
”അഞ്ചുനിമിഷം കാത്തിരിക്കൂ; പറയാം.”
പത്തുമിനുട്ടു കഴിഞ്ഞിട്ടും സ്വാമി പറഞ്ഞില്ല. മാനേജര്‍ വാച്ചുനോക്കി ക്ഷോഭത്തോടെ ചോദിച്ചു.
”എത്ര സമയമായി ഞാന്‍ കാത്തിരിക്കുന്നു? നിങ്ങളെന്താണ് എന്റെ ചോദ്യത്തിന് ഉത്തരം നല്‍കാത്തത്?”
”സഹോദരാ, ക്ഷോഭിക്കല്ലേ! അല്‍പം കൂടി ക്ഷമിക്കൂ.” എന്നായിരുന്നു സ്വാമിയുടെ സൗമ്യമായ മറുപടി.
കാത്തിരിപ്പിന്റെ സമയം പിന്നെയും നീണ്ടു. മാനേജര്‍ വളരെ കുപിതനായി സന്യാസിയോട് ചോദിച്ചു:
”എത്ര സമയം ഞാന്‍ നിങ്ങള്‍ക്ക് തന്നു? 5, 15, 30 എന്നിട്ടും എന്റെ ചോദ്യത്തിന് നിങ്ങള്‍ മറുപടി തന്നില്ലല്ലോ ഇതെന്താ, ആളെ കളിയാക്കുകയാണോ?”
”സഹോദരാ, ശാന്തനാകൂ. ഞാന്‍ ഇവിടെ ശാന്തമായി ധ്യാനത്തിലിരിക്കുകയാണ്. നിങ്ങള്‍ എന്താണ് ചോദിച്ചത്?”
ദേഷ്യത്തിനിടയില്‍ മാനേജര്‍ തന്റെ യഥാര്‍ത്ഥ ചോദ്യം മറന്നുപോയിരുന്നു. അയാള്‍ വല്ലാതെ പരുങ്ങുകയായി. അപ്പോള്‍ സ്വാമി പറഞ്ഞു:
”ക്ഷോഭം വന്നാല്‍ ഇങ്ങനെയാണ്. പലതും മറന്നുപോകും. പോട്ടെ. ഒടുവില്‍, നിങ്ങള്‍ എനിക്ക് സമയം തന്നു എന്നാണ് പറഞ്ഞത്. എനിക്ക് അത് കിട്ടിയില്ല കേട്ടോ! ഇനിയും ധാരാളം സമയം നിങ്ങളുടെ കീശയില്‍ ഇരിപ്പുണ്ടോ?”
ആ ചോദ്യത്തിന് മുന്നില്‍ മാനേജര്‍ മിഴിച്ചിരുന്നു പോയി. സന്യാസിയുടെ ശാന്തവും പ്രസന്നവുമായ ഭാവം അയാളെ ചിന്തിപ്പിച്ചു. സ്വാമി തുടര്‍ന്നു പറഞ്ഞു:
”പരിഭ്രമിക്കേണ്ട! ഇനിയെങ്കിലും സമയം കളയാതിരിക്കൂ. ഓരോരുത്തരും അവരവരുടെ കര്‍മത്തില്‍ പരമാവധി ശ്രദ്ധിക്കണം. അനാവശ്യകാര്യങ്ങളില്‍ ഇടപെട്ട് തനിക്കും മറ്റുള്ളവര്‍ക്കും വിഷമങ്ങളുണ്ടാക്കാതെ ജീവിക്കാന്‍ സാധിച്ചാല്‍ അതല്ലേ സന്തോഷപ്രദം?”
അത്രയും കേട്ടപ്പോള്‍ മാനേജര്‍ക്ക് സന്യാസിയെ നമസ്‌കരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹം പൂജാരിയെ വിളിച്ചു. എന്നും സ്വാമിജിക്ക് ആഹാരവും വേണ്ട സൗകര്യങ്ങളും നല്‍കണമെന്ന് ഏല്‍പ്പിക്കുകയും ചെയ്തു.
പി.ഐ.ശങ്കരനാരായണന്‍
No comments:
Post a Comment