ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Sunday, January 29, 2017

ഹിഡിംബിയും,ഭീമസേനനും - പുരാണകഥകൾ


മഹാഭാരതത്തിലെ ഒരു കഥാപാത്രമാണ്‌ ഹിഡിംബി. പഞ്ചപാണ്ഡവരിൽ രണ്ടാമനായ ഭീമന്റെ ഭാര്യമാരിൽ ഒരാളാണ്. ദ്രൗപദിയെ വിവാഹം ചെയ്യുന്നതിനുമുൻപ് തന്റെ സഹോദരരോടൊത്തുള്ള വനവാസത്തിനിടയ്ക്ക് കാട്ടാളനായ ഹിഡിംബനെ ദ്വന്ദ്വയുദ്ധത്തിൽ വധിച്ച ഭീമൻ ഹിഡിംബന്റെ സഹോദരിയായ ഹിഡിംബിയെ വിവാഹം ചെയ്യുകയായിരുന്നു. അവർക്കുണ്ടായ മകനാണ് ഘടോൽകചൻ. ആ കഥയിലൂടെ
ഒരുയാത്ര...



അരക്കില്ലം കത്തിയമര്‍ന്നു. പാണ്ഡവകുടുംബമെന്നോണം, ആറു കാട്ടു മനുഷ്യര്‍ അരക്കില്ലത്തോടൊപ്പം ഒരുകിയൊടുങ്ങി.തങ്ങളുടെ ജീവനു ഭീഷണിയായി എഴുന്നുനില്ക്കുന്ന ദുര്യോധനഖഡ്ഗം ഭയന്ന്, പാണ്ഡുപുത്രരും കുന്തിയും പലായനം തുടരുകയായിരുന്നു.യാത്ര... നീണ്ട യാത്ര.. അന്ധകാരത്തിലേക്ക്,  ഭൂഗോളം ആഴ്ന്നാഴ്ന്നറങ്ങവേ, അരികെയൊരു പ്രശാന്തമായ വനപ്രദേശം കാണായി. ആരെയോ ഭയന്നിട്ടാവാം, കാട്ടുജാതികള്‍ പോലും ഒച്ചയടക്കി ഒളിച്ചിരിക്കുന്ന വനപ്രദേശം.  പകല്‍ മുഴുവന്‍ തുടര്‍ന്ന‍ യാത്രയില്‍, പാണ്ഡവകുടുംബം തളര്‍ന്നു കഴിഞ്ഞു. ഇനി മുന്നോട്ട് ഒരടി വെയ്ക്കാനാവതില്ലാതെ കുന്തീ മാതാവ്, ഒരു കല്‍ പീഠത്തിലിരുന്നു. ക്ഷീണവും തളര്‍ച്ചയും, മറ്റുള്ളവരേയും ബാധിച്ചു തുടങ്ങി. അവരും ഓരോരുത്തരായി, അവിടവിടെ തളര്‍ന്നിരുന്നു. തളര്‍ച്ചയിലും തളര്‍ച്ച മറന്ന്, ഭീമസേനന്‍, അവര്‍ക്കു കുടിപ്പതിനു ശുദ്ധജലം തേടി പുറപ്പെട്ടു. അധികം നടക്കേണ്ടി വന്നില്ല, മനോഹരമായ തടാകം കണ്ണില്‍ പെട്ടു. അടിത്തട്ടു കാണ്കെ, തെളിനീരൊഴുകുന്നു....  


കോട്ടിയെടുത്ത ഇല കുമ്പിളുകളില്‍, ജലം നിറച്ച്, ഭീമസേനന്‍ വിശ്രമസങ്കേത്തിലേയ്ക്ക് മടങ്ങി. തളര്‍ന്നവശരായ കൂടപ്പിറപ്പുകളും, മാതാവും, നിദ്രയെ പൂകിയിരുന്നു. അവരെയോരോരുത്തരെയും സ്നേഹപൂര്‍വ്വം വിളിച്ചുണര്‍ത്തി, അമൃതജലം നല്കി. സംഭരിച്ചിരുന്ന കാട്ടു കിഴങ്ങുകള്‍ വീതിച്ചു നല്കി. വീണ്ടും അവരെ ഉറങ്ങാന്‍ വിട്ടിട്ട്, താന്‍ അവര്‍ക്കു കാവൽകാരനായി ഉണര്‍ന്നിരുന്നു. പ്രകൃതിപോലും വിറങ്ങലിച്ചു നിന്ന, ആ വനഭാഗം, ഹിഡിംബവനത്തിന്‍റെ രാജധാനിയായിരുന്നു. ഹിഡിംബന്‍ എന്ന ദുഷ്ടരാക്ഷസന്റെ കേളീ രംഗം. ആ വനഭാഗത്തിലെ ഏറ്റവും ഉയര്‍ന്ന വനവൃക്ഷത്തില്‍, മനുഷ്യകപാലങ്ങളും, മൃഗാസ്ഥികളും, മരത്തോലും കൊണ്ട്, കെട്ടിയുണ്ടാക്കിയ വമ്പന്‍ ഏറുമാടത്തില്‍, ഹിഡിംബന്‍ ഉറക്കമുണര്‍ന്നു.   ഭയചകിതരായ മനുഷ്യവര്‍ഗ്ഗങ്ങളാരുംതന്നെ, ഈ ഹിഡിംബവനത്തില്‍‍ എത്താറില്ല.... ഹിഡിംബൻ  സഹോദരി ഹിഡിംബിയോടായി പറഞ്ഞു.“വിഡ്ഢികളായ മനുഷ്യരാരോ അടുത്തെത്തിയിട്ടുണ്ട്... ഒളിച്ചും മറഞ്ഞും എങ്ങിനെയെങ്കിലും നീ അവരെ കണ്ടുപിടിക്കണം... എന്നിട്ട്, നീഎനിക്കു വിവരം നല്കൂ... നമുക്കിന്ന് മൃഷ്ടാന്നം തന്നെ...”വനവഴിയിലൂടെ, നിശ്ശബ്ദയായി, ഏകയായി അവള്‍ മനുഷ്യഗന്ധം ആസ്വദിച്ചു നടന്നു.....

ഒരു വൃക്ഷപ്പടര്‍പ്പിനുതാഴെ, നാലു ഭൂസുന്ദരന്മാര്‍, അഗാധനിദ്രയില്‍ ആഴ്ന്നു കിടക്കുന്നു.... അപ്പുറത്തു മാതാവ്.... ഏകനായൊരുവന്‍, നിദ്രാലേശമില്ലാതെ, കൂടപ്പിറപ്പുകള്‍ക്കും മതാവിനും കാവലിരിക്കുന്നു.... വൃകോദരനായ ആ ആ മാനുഷന്‍റെ ശരീരഭാഷ ഒന്നു വേറെ തന്നെ.... ആവശ്യമെങ്കില്‍ തന്നെപ്പോലും ഞെരിച്ചുടയ്ക്കാന്‍ പോന്ന ദേഹപ്രകൃതം... അവനെ നേരിടുന്നത് ശ്രമകരം തന്നെ.... അവള്‍ സ്വയംമറന്ന് അല്പനേരം നിന്നുപോയി. അവള്‍ തന്‍റെ മനസ്സു നിറഞ്ഞ് ആ അമാനുഷനില്‍ പ്രണയപ്പൂക്കളര്‍പ്പിച്ചുപോയി....

ജന്മസിദ്ധമായ അത്ഭുതശക്തിയാല്‍, അവള്‍, സുന്ദരിയായൊരു തരുണീരത്നമായി,  ഭീമസേനന്‍റെ മുന്നിലേക്ക് അടിവച്ചു. ആ സൌന്ദര്യധാമത്തെ കണ്ട് ഭീമസേനന്‍ ആത്മഗതം ചെയ്തു... “ഈ ഇരുണ്ടവനത്തിലെ തരുണീമണിയാര്... അസമയത്തുഴറി നടക്കുന്ന ഇവള്‍, വനദുര്ഗ്ഗയോ.... രക്തം കുടിക്കാന്‍ വെമ്പുന്ന വനയക്ഷിയോ....  കാത്തിരുന്നു കാണുക തന്നെ...”സഹോദരിയെ കാണാതെ തിരഞ്ഞെത്തിയ ഹിഡിംബന്‍ ഈ കാഴ്ചകള്‍ കണ്ടു... ലോകം നടുങ്ങുമാറ് അവന്‍ ഗര്‍ജ്ജിച്ചു.... 

മഹാകായന്മാരായ ഭീമനും, ഹിഡിംബനും മുഖാമുഖം കണ്ടു....  ഭയാശങ്കകളൊന്നുമില്ലാതെ, ഭീമന്‍, ഹിഡിംബനോട് നിശ്ശബ്ദനാകാന്‍ ആജ്ഞാപിച്ചു...  തളര്‍ന്നുറങ്ങുന്ന മാതാവിനേയും, സഹോദരങ്ങളെയും ഉപദ്രവിക്കാതെ, അകന്നുപോകുവാന്‍ കല്പിച്ചു....കോപാവിഷ്ഠനായ ഹിഡിംബന്‍, ഭീമനെ താഡിച്ചു... 

ഭീമനു ഗതിമുട്ടി... സിംഹതുല്യനായി, അവന്‍, ഹിഡിംബന്‍റെ മേല്‍ ചാടി വീണു...രണ്ടു ഹിംസ്രജന്തുക്കളേപ്പോലെ യുദ്ധം തുടങ്ങി.... ഭീകരമായൊരു മുഷ്ഠിയുദ്ധം...ഭീമന്റെ ബലിഷ്ഠമായ കരങ്ങള്‍ക്കുമുമ്പില്‍ അധികനേരം പോരാടാനാവാതെ, ഹിഡിംബന്‍ നിശ്ശബ്ദനായി....നിവര്ന്നുനോക്കിയ ഭീമന്‍റെ മുമ്പില്‍, രാക്ഷസ്സിയായി ഹിഡിംബി നിന്നിരുന്നു....സഹോദരനെ നഷ്ടപ്പെട്ടതില്‍ അവള്‍ വിലപിച്ചു... തനിക്കിനി ആരോരുമില്ലെന്നു തേങ്ങിക്കരഞ്ഞു...രാക്ഷസിയെങ്കിലും അരക്ഷിതയായ സ്ത്രീയേ കണ്ട ഭീമസേനനും മനമുലഞ്ഞു. അവളെ തനിക്കൊപ്പം സ്വീകരിച്ചിരുത്തുകയെന്നതാണ്  തന്‍റെ ധര്‍മ്മമെന്ന് അവനോര്‍ത്തു..പക്ഷെ, മനുഷ്യനേയും രാക്ഷസ്സിയേയും എങ്ങിനെ ചേര്‍ത്തിരുത്താനാവും... ഈ സത്യം ഭീമസേനന്‍, ഹിഡിംബിയെ അറിയിച്ചു.  യുദ്ധകാഹളത്തില്‍ ഉറക്കമുണര്‍ന്ന കുന്തീദേവിയും സഹോദരന്മാരും പരസ്പരം കണ്ണില്‍ കണ്ണില്‍ നോക്കി... മറുപടിക്കായി പരതി നില്ക്കുന്ന സ്വപുത്രന്മാരോടും ഹിഡിംബിയോടുമായി അവര്‍ പറഞ്ഞു...  

“രാക്ഷസ കുലത്തില്‍‍ പിറന്ന ഹിഡിംബിയേയും കൊണ്ട് മാനവകുലോത്തമനായ ഭീമന്, നാടുപൂകാനാവില്ല... തങ്ങള്‍ക്കെന്നും കാവലാളായ ഭീമനെ, വനത്തില്‍വിട്ട് തങ്ങള്‍ക്കു പോകാനുമാവില്ല.. അതുകൊണ്ട്, രാക്ഷസകുലജന്യയായ സ്ത്രീയേ, നീ മറ്റാരെയെങ്കിലും തെടിക്കൊള്‍ക...”ഹൃദയംനുറുങ്ങുന്ന വ്യഥയോടെ, ഹിഡിംബി വിങ്ങിക്കരഞ്ഞു...അവള്‍ കുന്തീമാതാവിന്‍റെ കാല്ക്കല്‍ നമിച്ചു പറഞ്ഞു...“മാതേ... അവിടുത്തെ പുത്രനെ മനസാ വരിച്ചു കഴിഞ്ഞ ഞാന്‍, ഇനി മറ്റൊരു പുരുഷനെ തേടുകയില്ല.. അദ്ദേഹത്തെ ചെറിയൊരു കാലയളവിലേയ്ക്കെങ്കിലും ഈ സാധുവിന് വിട്ടുതന്നാലും.... 
ഭാര്യാഭര്‍ത്താക്കന്മാരായി കുറച്ചു കാലം ഞങ്ങളെ ജീവിക്കാനനുവദിക്കൂ.... ആ ദാമ്പത്യത്തില്‍ ഞാനൊരു സത്പുത്രനു ജന്മം നല്കുകയും വഴിയെ, ഇദ്ദേഹത്തെ അവിടുത്തേയ്ക്കുതന്നെ മടക്കി തരികയും ചെയ്യാം... പിന്നീട് മാനവശ്രേഷ്ഠനായി, ഇദ്ദേഹത്തിന് നഗരത്തില്‍ തന്നെ കാലം കഴിക്കാം... കാലം വൈകാതെ സ്വപുത്രന്‍റെ കൈത്താങ്ങില്‍ ഞാന്‍ ശേഷജീവിതം പൂര്‍ത്തിയാക്കിക്കൊള്ളാം. ഞങ്ങളുടെ പുത്രനെ എപ്പോള്‍ വേണമെങ്കിലും അവിടുത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോകുകയും ചെയ്യാം....”ഇങ്ങിനെ പറഞ്ഞവസാനിപ്പിച്ച ഹിഡിംബി, കുന്തീദേവിയെ പ്രതീക്ഷയോടെ നോക്കി. 



അവളുടെ കണ്ണുകളിലപ്പോഴും പ്രത്യാശയുടെ നിഴല്‍ പടര്‍ന്നിരുന്നു... ഒന്നു രണ്ടു കണ്ണുനീര്‍ത്തുള്ളികള്‍ മണ്ണില്‍ വീണു ചിതറി...കുന്തീദേവിയും കുറച്ചുനേരം ചിന്തയില്‍ മുഴുകി.“ഇനിയും കുറേക്കാലങ്ങള്‍ കൂടി തങ്ങള്‍ക്ക് വനാന്തരത്തില്‍ കഴിച്ചുകൂട്ടേണ്ടതായിട്ടുണ്ട്. അപ്പോള്‍ ഈ ബാഹുല്യ കാന്താരത്തില്‍ ഒരു ബന്ധമുണ്ടാകുന്നത് എന്തുകൊണ്ടും നല്ലതു തന്നെ. ശേഷിക്കുന്ന കാലയളവിന്‍റെ ഒരു ഭാഗം അവര്‍ സന്തുഷ്ടരായി ജീവിച്ചുകൊള്ളട്ടെ.  അപ്പോഴേക്കും കാലം തികയുകയും, ഹിഡിംബി ഒരു പുത്രന് ജന്മം നല്കുകയും ചെയ്തുകൊള്ളും. അതുകഴിഞ്ഞാല്‍ ഭീമസേനന്‍ തങ്ങളില്‍തന്നെ ചേരുകയും ചെയ്തുകൊള്ളും.”കുന്തീദേവി, ഹിഡിംബിയുടെ വാക്കുകള്‍ ഉള്‍ക്കൊണ്ട്, അവളുടേയും ഭീമസേനന്‍റേയും കരങ്ങള്‍ ചേര്‍ത്തു വച്ചുകൊടുത്തു.പരിപൂര്‍ണ്ണ തൃപ്തിയുടെ മധു നുകര്‍ന്ന്, അവരിരുവരും കുന്തീമാതാവിന്‍റെ പാദദ്വയങ്ങളില്‍ തൊട്ടു വണങ്ങി, ദാമ്പത്യത്തിന്‍റെ നിധികുംഭം ഏറ്റെടുത്തു.ജീവനറ്റ ഹിഡിംബനെ വിധിയാം വണ്ണം പിതൃലോകത്തേയ്ക്കയച്ച്, പുലര്‍ന്നു തുടങ്ങിയ പ്രഭാതത്തിലേക്ക് അവരിറങ്ങി.ഹിഡിംബന്‍റെ മൃത്യുവോടെ ഉണര്‍ന്നുതുടങ്ങിയ വനാന്തരത്തിലൂടെ....   ആകെ വശ്യയായ പ്രകൃതിയിലൂടെ... അവരങ്ങിനെ നടന്നു... ഘടോല്കചന്‍ എന്ന സുപുത്രന്‍റെ ജന്മം വരെ.....

No comments:

Post a Comment