അമൃതവാണി
മക്കളേ, ഭക്ഷണം എല്ലായ്‌പ്പോഴും ഇരുന്നുതന്നെ കഴിക്കണം. നിന്നും നടന്നും ഭക്ഷണം കഴിക്കരുത്. കഴിവതും തറയില്‍ ഇരുന്നുവേണം ഭക്ഷണം കഴിക്കാന്‍. ഭക്ഷണം കഴിക്കുന്നത് വെറുതെ രുചിയില്‍ മാത്രം ശ്രദ്ധിച്ചുകൊണ്ടാകരുത്. നമ്മുടെ ഉള്ളില്‍ ഇഷ്ടദേവത, അല്ലെങ്കില്‍ ഗുരു ഇരിക്കുന്നതായും, അവിടുത്തെ ഊട്ടുന്നതായും ഭാവന ചെയ്യണം. ഇതുമൂലം ഭക്ഷണം കഴിക്കുന്നതും സാധനയായി മാറും. ഭക്ഷണ സമയം സംസാരിക്കരുത്. കുട്ടികളെ ഊട്ടുമ്പോഴും, ഇഷ്ടദേവതയ്ക്ക് ഉരുള ഉരുട്ടി നല്‍കുന്നതായി ഭാവന ചെയ്യണം.
ഭക്ഷണം കഴിക്കുന്നത് എല്ലാവരും ഒരുമിച്ചിരുന്നു വേണം. ഭോജനമന്ത്രം ചൊല്ലി കയ്യില്‍ അല്‍പം ജലമെടുത്ത് ആചമനം ചെയ്തശേഷം ആഹാരം കഴിച്ചു തുടങ്ങുന്നത് നല്ല ആചാരമാണ്. ആദ്യം ഒരു ഉരുള ഗുരുവിനെ അല്ലെങ്കില്‍ ഇഷ്ടമൂര്‍ത്തിയെ സങ്കല്‍പിച്ച് മാറ്റിവയ്ക്കണം. രണ്ട് മിനിറ്റ് കണ്ണടച്ച് ‘ഈശ്വരാ, നിന്റെ ജോലി ചെയ്യാനും നിന്നെ സാക്ഷാത്കരിക്കാനും എനിക്ക് ഈ അന്നം ശക്തി നല്‍കട്ടെ’ എന്ന് പ്രാര്‍ത്ഥിക്കണം.
ഭക്ഷണം കഴിക്കുന്നതിന് മുന്‍പ് വീട്ടില്‍ വളര്‍ത്തുന്ന പക്ഷിമൃഗാദികള്‍ക്കോ, അല്ലെങ്കില്‍ മറ്റ് പറവകള്‍ക്കോ, ജന്തുക്കള്‍ക്കോ അല്‍പം ആഹാരം നല്‍കണം. അവയിലും ഇഷ്ടദേവതയെ ദര്‍ശിച്ച് നിവേദ്യമായി ഇത് സമര്‍പ്പിക്കണം.
ഭക്ഷണം മന്ത്രജപത്തോടുകൂടി വേണം കഴിക്കാന്‍. ഇതുമൂലം അന്നശുദ്ധിയും, അന്തഃകരണശുദ്ധിയും ഒപ്പമുണ്ടാകും.
ഭക്ഷണം തയ്യാറാക്കുന്നവരുടെ സംസ്‌കാരം കൂടി അത് കഴിക്കുന്നവരില്‍ പകരും. അതുകൊണ്ട് കഴിയുന്നതും അമ്മമാര്‍തന്നെ കുടുംബാംഗങ്ങള്‍ക്കുള്ള ഭക്ഷണം പാകംചെയ്യുവാന്‍ ശ്രദ്ധിക്കണം. അതും മന്ത്രജപത്തോടെ ചെയ്താല്‍, അതിന്റെ ഫലം വീട്ടില്‍ എല്ലാവര്‍ക്കും കിട്ടും.’അന്ന’ത്തെ ലക്ഷ്മിയായിക്കരുതി ഭക്ത്യാദരപൂര്‍വം വേണം സ്വീകരിക്കാന്‍. അന്നം ബ്രഹ്മമാണ്. ആരുടെയും, ഒന്നിന്റെയും കുറ്റവും കുറവും ഭക്ഷണം കഴിക്കുമ്പോള്‍ പറയുവാന്‍ പാടില്ല. ഭഗവദ് പ്രസാദമായിക്കണ്ടുവേണം ഭക്ഷണം കഴിക്കുവാന്‍.
No comments:
Post a Comment