ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Monday, January 23, 2017

തിരിച്ചറിവിന്റെ മന്ത്രം # ദര്‍ശന കഥകള്‍ - 8



ഒരു ആശ്രമത്തില്‍ വൃദ്ധനായ ഗുരുവിനെ പരിചരിച്ചു ഒരു സ്വാമിനി കഴിഞ്ഞിരുന്നു. അവര്‍ എല്ലായ്‌പ്പോഴും ദൈവനാമം ഉച്ചരിച്ചുകൊണ്ടിരുന്നു.ആശ്രമത്തിലെ പാചകാവശ്യങ്ങള്‍ക്ക് വിറകിനൊപ്പം ചാണകവറളികള്‍ ഉപയോഗിക്കാറുണ്ട്. പശുവിന്റെ ചാണകം വട്ടത്തില്‍ കൈകൊണ്ടു പരത്തി വെയിലില്‍ ഉണക്കിയെടുക്കുന്നതാണ് വറളി.
സ്വാമിനി ഒരു ദിവസം ആശ്രമത്തിന്റെ മുന്നിലെ വിശാലമായ ചരിവില്‍ വറളികളുണ്ടാക്കി വെയിലില്‍ ഉണങ്ങാന്‍ വച്ചുപോന്നു.

താമസിയാതെ കുറച്ച് അപ്പുറത്തുള്ള വീട്ടിലെ സ്ത്രീയും സ്വാമിനി ഉണ്ടാക്കിവച്ചതിനടുത്തുതന്നെ കുറച്ചു വറളികള്‍ ഉണ്ടാക്കിവച്ചു.  രണ്ടുദിവസം കഴിഞ്ഞു. അപ്പുറത്തെ വീട്ടിലെ സ്ത്രീ വന്നു ആദ്യം സ്വാമിനി ഉണ്ടാക്കിവച്ച ചാണകവറളികള്‍ എടുത്തു കൊട്ടയില്‍ വെക്കാന്‍ തുടങ്ങി.
അതുകണ്ട് സ്വാമിനി ചെന്നു വിവരം പറഞ്ഞു: ”ഈ ഭാഗത്തുള്ള വറളികളെല്ലാം ഞാനുണ്ടാക്കിയതാണ്. നിങ്ങളുടേതു കുറച്ചേയുള്ളൂ. അത് ആ വശത്താണ്. അത് എടുക്കൂ.”

വീട്ടമ്മ സമ്മതിച്ചില്ല. സ്വാമിനി അപ്പോള്‍ ഗുരുവിന്റെ സഹായം തേടി. ഗുരുവന്നു. എന്താണ് തര്‍ക്കമെന്ന് രണ്ടുപേരില്‍നിന്നു കേട്ടശേഷം പറഞ്ഞു:
”ശരി. മൊത്തം ചാണകവറളികള്‍ ഇവിടെ കൂട്ടിയിട്ടോളൂ. അതില്‍നിന്ന് രണ്ടുപേരുടേയും വറളികള്‍ ഞാന്‍ വേര്‍തിരിച്ചു തരാം പോരേ?”

അതെങ്ങനെ എന്ന ചിന്ത ഉണ്ടായെങ്കിലും വീട്ടമ്മ വറളികള്‍ കൊട്ടയില്‍നിന്ന് എടുത്തു പുറത്തേക്ക് വച്ചു. മറ്റു വറളികളും രണ്ടുപേരും ചേര്‍ന്ന് അവയോടൊപ്പം കൂട്ടിക്കലര്‍ത്തിയിട്ടു.
ഗുരു പിന്നെ ഓരോ വറളിയും ചെവിയോടു ചേര്‍ത്തു ശ്രദ്ധിച്ചശേഷം ”ഇതു സ്വാമിനിയുടേത്” എന്നുപറഞ്ഞു വലതുവശത്തേക്കും ”ഇതു വീട്ടമ്മയുടേത്” എന്നുപറഞ്ഞു ഇടതുവശത്തേക്കും മാറ്റിയിടുവാന്‍ തുടങ്ങി.
എല്ലാം തീര്‍ന്നപ്പോള്‍ സ്വാമിനി പറഞ്ഞു: ”അദ്ഭുതം! ഇത്രയും വറളികള്‍ ഞാന്‍ ഉണ്ടാക്കിയത് തന്നെയാണ്.”

”അതെ. എന്റെ വറളികള്‍ ഇത്രയേയുള്ളൂ. കറുപ്പുനിറം അല്‍പ്പം കൂടിയവയാണ്.” വീട്ടമ്മയും സമ്മതിച്ചു. അവള്‍ ചോദിച്ചു:
”പക്ഷേ, സ്വാമീ! ഇത്ര കൃത്യമായി അങ്ങു സത്യസ്ഥിതി കണ്ടെത്തിയതെങ്ങനെ എന്നുകൂടി പറഞ്ഞാല്‍ നന്നായിരുന്നു.”
”പറയാം. എന്റെ ശിഷ്യ എപ്പൊഴും രാമനാമം ഉരുവിടുന്ന സ്വഭാവക്കാരിയാണ്. ഓരോ വറളിയും ചെവിയോടു ചേര്‍ത്തപ്പോള്‍ രാമനാമതരംഗം എനിക്ക് അനുഭവിക്കാന്‍ കഴിഞ്ഞു. അവയെല്ലാം വലതുവശത്തു മാറ്റിയിട്ടു. രാമചൈതന്യം അനുഭവപ്പെടാത്തവ ഇടത്തേക്കും മാറ്റി അത്രയേയുള്ളൂ.”

”ഈ തിരിച്ചറിവിന്റെ കഴിവു ശ്രേഷ്ഠം തന്നെ സ്വാമീ!” എന്നുപറഞ്ഞു വീട്ടമ്മ രാമനാമം ജപിച്ചുകൊണ്ട് തന്റെ വറളികളെടുത്ത് വീട്ടിലേക്ക് മടങ്ങി.

No comments:

Post a Comment