ചിലര്‍ക്ക് ഗുരുവായൂരപ്പന്‍ ഗുരുവായൂരില്‍ മാത്രമിരിക്കുന്നു. അയ്യപ്പന്‍ ശബരിമലയില്‍ മാത്രമിരിക്കുന്നു എന്നിങ്ങനെയാണ് വിശ്വാസം. ഈശ്വരന്‍ ഒരു ക്ഷേത്രത്തിന്റെ നാലുമതിലുകള്‍ക്കുള്ളില്‍ മാത്രം ഒതുങ്ങുന്നു എന്ന് എന്റെ മക്കള്‍ കാണരുത്. അവിടുന്ന് സര്‍വവ്യാപിയും, സര്‍വശക്തനുമാണ്. അവിടുത്തേക്ക് ഏത് രൂപംവേണമെങ്കിലും സ്വീകരിക്കാം.
നമ്മുടെ ഇഷ്ടമൂര്‍ത്തി ഏതോ, അവിടത്തെ സര്‍വതിലും കാണാന്‍ കഴിയണം. ക്ഷേത്രത്തിലെ വിഗ്രഹങ്ങളില്‍ മാത്രമല്ല, സര്‍വജീവരാശിയിലും നമ്മുടെ ഇഷ്ടമൂര്‍ത്തിയെത്തന്നെ ദര്‍ശിച്ച് ശുശ്രൂഷിക്കാന്‍ കഴിയുന്നതാണ് ശരിയായ ഭക്തി. ഒരാളുടെ ഇഷ്ടമൂര്‍ത്തി കൃഷ്ണനാണെങ്കില്‍, ദേവീക്ഷേത്രത്തിലും ശിവക്ഷേത്രത്തിലും എന്നല്ല, എവിടെ ഏത് ക്ഷേത്രത്തില്‍ ചെന്നാലും തന്റെ ഇഷ്ടദേവനായ കൃഷ്ണനെത്തന്നെ കാണണം.
ശിവനെ പൂജിച്ചില്ലെങ്കില്‍ ശിവന്‍ കോപിക്കില്ലേ, ദേവിയെ സ്തുതിച്ചില്ലെങ്കില്‍ ദേവി അനുഗ്രഹിക്കാതിരിക്കുമോ എന്നൊന്നും മക്കള്‍ വിചാരിക്കരുത്. ഒരേ ആളെത്തന്നെ ഭാര്യ ഭര്‍ത്താവെന്ന് വിളിക്കുന്നു; മകന്‍ അച്ഛന്‍ എന്ന് വിളിക്കുന്നു. അനുജന്‍ ജ്യേഷ്ഠനെന്നു വിളിക്കുന്നു. ഇതുമൂലം ആളുമാറുന്നില്ലല്ലോ.
ഓരോരുത്തരുടെയും ഭാവനയ്ക്കും സങ്കല്‍പത്തിനുമനുസരിച്ച് ഈശ്വരനെ ഓരോരോ രൂപത്തിലും, നാമത്തിലും കാണുന്നു എന്നുമാത്രം. നാം ഒരാളെ, ഒരു രീതിയില്‍ അല്ലെ വിളിക്കാറുള്ളൂ? അതുപോലെ ഈശ്വരന്റെ കാര്യത്തിലും നമുക്കൊരു ഇഷ്ടരൂപവും, ഇഷ്ടനാമവും വേണം.
നമ്മള്‍ വിളിക്കുന്നത് ഒരു വ്യക്തിയെ അല്ല, ഈശ്വരനെയാണ്. നമ്മുടെ മനസ്സറിയുന്ന ആളാണ് ഈശ്വരന്‍. ഏതുപേരില്‍ വിളിച്ചാലും, തന്നെയാണ് വിളിക്കുന്നതെന്ന് അവിടുത്തേക്കറിയാം.
No comments:
Post a Comment