ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Friday, January 20, 2017

ദൈത്യസൈന്യപരാജയം - ശ്രീമദ്‌ ദേവീഭാഗവതം. 5. 5. - ദിവസം 97.



ഇതി ശ്രുത്വാ സഹസ്രാക്ഷ: പുനരാഹ ബൃഹസ്പതിം
യുദ്ധോദ്യോഗം കരിഷ്യാമി ഹയാരേര്‍നാശനായ വൈ
നോദ്യമേന വിനാ രാജ്യം ന സുഖം ന ച വൈ യശ:
നുരുദ്യമം ന ശംസന്തി കാതരാ ന ച സോദ്യമാ:



വ്യാസന്‍ തുടര്‍ന്നു: ഗുരുവിന്‍റെ ഉപദേശം കേട്ട ഇന്ദ്രന്‍ പറഞ്ഞു: 'ഹയാരിയെ കൊല്ലാനായി ഞാന്‍ യുദ്ധസന്നാഹമൊരുക്കുകയാണ്. ഒരുവന് പ്രയത്നിക്കാതെ കീര്‍ത്തിയോ സമ്പത്തോ സുഖമോ ഒന്നും ലഭിക്കുകയില്ലല്ലോ? മാത്രമല്ല അലസനെ ആരും പ്രകീര്‍ത്തിക്കുകയുമില്ല. സന്യാസിമാര്‍ക്ക് ആത്മജ്ഞാനം, ബ്രാഹ്മണര്‍ക്ക് സന്തോഷം, ഐശ്വര്യം ആഗ്രഹിക്കുന്നവര്‍ക്ക് പ്രയത്നം എന്നിങ്ങിനെയാണല്ലോ പറഞ്ഞിട്ടുള്ളത്. വൃത്രാസുരന്‍, നമൂചി, വലന്‍ മുതലായ അസുരന്മാര്‍ വധിക്കപ്പെട്ടു. മഹിഷന്റെ കഥയും അങ്ങിനെതന്നെ തീരും. ദേവഗുരുവായ അങ്ങ് എന്‍റെ ബലമാണ്. വജ്രായുധമാണ് എന്‍റെ കയ്യിലുള്ളത്. മഹാവിഷ്ണു എനിക്ക് ഇപ്പോഴും തുണയേകുന്നു. മാത്രമോ പരമശിവനും എന്‍റെ സഹായത്തിനുണ്ട്. മഹാമുനേ, അങ്ങ് രാക്ഷസരെ നശിപ്പിക്കാന്‍ ഉതകുന്ന മന്ത്രങ്ങള്‍ ജപിച്ചാലും. ഞാന്‍ യുദ്ധത്തിനു തയാറെടുക്കട്ടെ.'


അപ്പോള്‍ ബൃഹസ്പതി പറഞ്ഞു: ‘യുദ്ധത്തിനായി നിന്നെ ഞാന്‍ പ്രോല്‍സാഹിപ്പിക്കുന്നില്ല, അതില്‍ നിന്നും നിന്നെ തടയുന്നുമില്ല. യുദ്ധത്തില്‍ ജയപരാജയങ്ങള്‍ മുന്‍കൂട്ടി പ്രവചിക്കാന്‍ ആവില്ലല്ലോ. എല്ലാം ദൈവേച്ഛ പോലെ വരും. അത് സുഖമായാലും ദുഖമായാലും മാറ്റമില്ല. എന്‍റെ ഭാര്യയെ പണ്ട് ചന്ദ്രന്‍ അപഹരിച്ചത് ഓര്‍മ്മയില്ലേ? അന്ന് അതെപ്പറ്റി എനിക്കെന്തെങ്കിലും മുന്‍കൂട്ടി അറിയാന്‍ സാധിച്ചുവോ? ചന്ദ്രന്‍ എനിക്ക് മിത്രമായിരുന്നു. എന്നിട്ടും ഇതാണ് സംഭവിക്കാന്‍ പോവുന്നതെന്ന് എനിക്കറിയാന്‍ കഴിഞ്ഞില്ല. അതിന്‍റെ പേരില്‍ ഞാനെത്ര സഹിച്ചു! എന്നെ എല്ലാവരും ബുദ്ധിമാനായി കരുതുന്നു. എന്നാല്‍ ഭാര്യയെ നഷ്ടപ്പെട്ട സമയത്ത് എന്നിലെ ബുദ്ധികൂര്‍മ്മതയെല്ലാം എവിടെപ്പോയി ഒളിച്ചു? അതുകൊണ്ട് ബുദ്ധിയുള്ളവന്‍ എപ്പോഴും തയ്യാറായിരിക്കണം.  എങ്കിലും കാര്യലാഭം ഉണ്ടാവുന്നത് ദൈവേച്ഛയാലാണെന്ന് മറക്കുകയുമരുത്.'


ഗുരുവിന്‍റെ ഉപദേശം കേട്ട ഇന്ദ്രന്‍ അദ്ദേഹത്തെയും കൂട്ടി ബ്രഹ്മാവിനെ ചെന്ന് കണ്ടു. ‘പിതാമഹ, മഹിഷന്‍റെ കാര്യം അറിയാമല്ലോ? അവന്‍ യുദ്ധത്തിനു തയ്യാറായി സ്വര്‍ഗ്ഗം കീഴടക്കാന്‍ വരുന്നു. അവന്‍റെകൂടെയുള്ള യുദ്ധക്കൊതിയന്മാരായ അതികായന്മാരും ദേവന്മാരെ ആക്രമിക്കും എന്ന് തീര്‍ച്ചയാണ്. അസാരം ഭയമുള്ളതുകൊണ്ട് അങ്ങയുടെ സഹായം തേടി വന്നതാണ് ഞങ്ങള്‍.’


അപ്പോള്‍ ബ്രഹ്മാവ്‌ പറഞ്ഞു: ‘എന്നാല്‍ നമുക്കെല്ലാവര്‍ക്കും കൂടി പെട്ടെന്ന് തന്നെ പരമശിവനെ കാണാന്‍ പോകാം. മഹാദേവനെയും മഹാവിഷ്ണുവിനെയും കൂട്ടി, ദേവസൈന്യത്തെ മുന്നില്‍ നിര്‍ത്തി നമുക്ക് യുദ്ധത്തിനിറങ്ങാം.’


അവര്‍ കൈലാസത്തില്‍പ്പോയി പരമശിവനെ സന്തുഷ്ടനാക്കി. എല്ലാവരും കൂടി മഹാവിഷ്ണുവിന്‍റെ അടുക്കല്‍പ്പോയി ദൈത്യന്‍ യുദ്ധത്തിനു വരുന്ന കാര്യം അറിയിച്ചു. ‘ശരി നമുക്ക് അവനെ യുദ്ധത്തില്‍ തോല്‍പ്പിക്കാം’ എന്ന് ഹരി അവര്‍ക്ക് വാക്ക് കൊടുത്തു. ദേവന്മാരും ത്രിമൂര്‍ത്തികളും അവരവരുടെ വാഹനങ്ങളില്‍ കയറി. ബ്രഹ്മാവ്‌ അരയന്നത്തിന്മേല്‍, ഗരുഡന് മുകളില്‍ മഹാവിഷ്ണു, കാളപ്പുറത്ത് ശംഭു, ഇന്ദ്രന്‍ ഐരാവതത്തിനു മുകളില്‍, മയില്‍പ്പുറത്ത് സുബ്രഹ്മണ്യന്‍, യമന്‍ പോത്തിന്‍ പുറത്ത് പിന്നെ ദേവന്മാര്‍ക്ക് അവരവരുടെ വാഹനങ്ങള്‍. യുദ്ധത്തിനായി സുരന്മാര്‍ ഒരുങ്ങിയതുപോലെ അസുരപ്പടയും മഹിഷന്‍റെ നേതൃത്വത്തില്‍ എത്തിച്ചേര്‍ന്നു. രണ്ടു സൈന്യവും തമ്മില്‍ ഘോരമായ യുദ്ധം നടന്നു. ഇരുമ്പുലക്ക, വാള്‍, ഗദ, വേല്‍, ശരം, പാര, മുള്‍ത്തടി, മഴു, കലപ്പ, കുന്തം തുടങ്ങിയ ആയുധങ്ങള്‍ ഉപയോഗിച്ച് അവര്‍ പരസ്പരം പോരാടി.


മഹിഷന്‍റെ സേനാപതി ചിക്ഷുരന്‍ ആനപ്പുറത്തു വന്ന് മഘവാന്‍റെ നേരെ അഞ്ച് ബാണങ്ങള്‍ അയച്ചു. ദേവേന്ദ്രന്‍ തന്‍റെ അര്‍ദ്ധചന്ദ്രം കൊണ്ട് അവനെ എയ്തപ്പോള്‍ ചിക്ഷുരന്‍ മോഹാലസ്യപ്പെട്ടു. ഉടനെതന്നെ ഇന്ദ്രന്‍ വജ്രായുധംകൊണ്ട് അവന്‍റെ ആനയെ ആക്രമിച്ചു. വിരണ്ടോടിയ ആനയെക്കണ്ട് മഹിഷാസുരന്‍ വിഡാലനോടു വിളിച്ചു പറഞ്ഞു: ‘വീരബാഹോ, നീ എത്രയും വേഗം ഇന്ദ്രനെ കൊന്നു കളയുക. വരുണന്‍ മുതലായ മറ്റു ദേവന്മാരെയും കൊന്നുകൊള്ളണം.'


വ്യാസന്‍ തുടര്‍ന്നു: മഹാബലനായ വിഡാലന്‍ ഒരു മദയാനയുടെ പുറത്തുകയറി ഇന്ദ്രന് നേരെ പാഞ്ഞടുത്തു. ഇന്ദ്രന്‍ സര്‍പ്പസമാനങ്ങളായ കൂര്‍ത്ത ശരങ്ങള്‍ അവനുനേരെ പ്രയോഗിച്ചു. അസുരന്‍ എല്ലാ ശരങ്ങളെയും തടഞ്ഞു. പിന്നെ ഒരന്‍പതു ശരങ്ങള്‍ ഇന്ദ്രന് നേരെ അയച്ചു. ചീറ്റിയടുക്കുന്ന സര്‍പ്പങ്ങളെപ്പോലെയുള്ള ശരങ്ങളാല്‍ അവയെയെല്ലാം ഇന്ദ്രന്‍ തടഞ്ഞു തകര്‍ത്തുകളഞ്ഞു. ശരയുദ്ധം തുടരവേ ദേവേന്ദ്രന്‍ അസുരന്റെ ആനയെ ഗദകൊണ്ട് ഊക്കോടെ പ്രഹരിച്ചു. അടിയേറ്റ ആന വിരണ്ടോടി കൂട്ടത്തില്‍ ദൈത്യസൈന്യവും പിന്തിരിഞ്ഞു പായാന്‍ തുടങ്ങി. എന്നാല്‍ ബിഡാലന്‍ ഒരു രഥത്തില്‍ ചാടിക്കയറി ഇന്ദ്രന് നേരെ വീണ്ടും കുതിച്ചു വന്നു. വീണ്ടും ദേവേന്ദ്രന്‍ സര്‍പ്പശരങ്ങള്‍ വര്‍ഷിച്ചു. ഇവര്‍ തമ്മിലുള്ള യുദ്ധം അതിതീവ്രമായി തുടര്‍ന്നു. യുദ്ധത്തില്‍ തളര്‍ന്നുപോയ ഇന്ദ്രന്‍ ജയന്തനെ മുന്നില്‍ നിര്‍ത്തി രണം തുടര്‍ന്നു. ജയന്തന്റെ അമ്പുകൊണ്ട് അസുരന്‍ രഥത്തില്‍ മൂര്‍ച്ഛിച്ചു വീണുപോയി. അസുരന്‍റെ സൂതന്‍ അവന്‍റെ രഥത്തെ ദൂരേയ്ക്ക് തെളിച്ചുകൊണ്ട്‌ പോയി. ആകാശത്ത് ജയഭേരികള്‍ മുഴങ്ങി. അപ്സരസ്സുകള്‍ നൃത്തമാടി.


ജയഭേരി കേട്ട മഹിഷന്‍ ക്രുദ്ധനായി തന്‍റെ മറ്റൊരു വീരയോദ്ധാവിനെ പടക്കളത്തില്‍ ഇറക്കി. താമ്രന്‍ തന്‍റെ വീര്യം മുഴുവനും ഉപയോഗിച്ച് കടലില്‍ മഴ പെയ്യുന്നതുപോലെ ശരമാരി തൂകി ദേവന്മാരെ ആക്രമിച്ചു. അപ്പോള്‍ വരുണന്‍ പാശമെടുത്തും യമന്‍ ദണ്ഡെടുത്തും യുദ്ധത്തിനു വന്നു. ബാണം, വാള്‍, വേല്, മുസലം, ഗദ എന്ന് വേണ്ട സകലവിധ ആയുധങ്ങളും യുദ്ധക്കളത്തില്‍ പ്രയോഗിക്കപ്പെട്ടു. യമന്‍റെ താഡനം തടുക്കാന്‍ താമ്രന് നിഷ്പ്രയാസം സാധിച്ചു. അവന്‍ വര്‍ദ്ധിത വീര്യത്തോടെ കൂടുതല്‍ അമ്പുകള്‍ തുടരെത്തുടരെ ദേവന്മാര്‍ക്കെതിരെ എയ്തു. ദേവന്മാരും ബാണയുദ്ധത്തില്‍ അവനൊപ്പം നിന്നു. ഇന്ദ്രനും കൂട്ടരും വര്‍ഷിച്ച ശരങ്ങള്‍ ദേഹത്ത് തറച്ചു താമ്രന്‍ നിലത്തുവീനു. പടത്തലവന്‍ വീണു പരാജിതരായ ദൈത്യസൈന്യം ഹാഹാ രവം മുഴക്കി വിലപിച്ചു.



പുനരാഖ്യാനം: ഡോ. സുകുമാര് കാനഡ. ശ്രീ ടി എസ്. തിരുമുന്പിന്റെ ഭാഷാവിവര്ത്തനം, ശ്രീ എന് വി. നമ്പ്യാതിരിയുടെ മൂലം വിവര്ത്തനം, എന്നിവയെ അവലംബിച്ച് എഴുതിയത്

No comments:

Post a Comment