ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Monday, January 16, 2017

രുദ്രശ്രേഷ്ഠത്വം - ശ്രീമദ്‌ ദേവീഭാഗവതം. 5. 1. - ദിവസം 93.



അഞ്ചാം സ്കന്ധം ആരംഭം


ഭവതാ കഥിതം സൂത മഹദാഖ്യാനമുത്തമം
കൃഷ്ണസ്യ ചരിതം ദിവ്യം സര്‍വ്വപാതക നാശനം
സന്ദേഹോ fത്ര മഹാഭാഗ വാസുദേവകഥാനകേ
ജായതേ ന: പ്രോച്യമാനേവിസ്തരേണ മഹാമതേ



ഋഷിമാര്‍ പറഞ്ഞു: മഹാഭാഗാ, സര്‍വ്വ പാപങ്ങളെയും ഇല്ലാതാക്കാന്‍ പോന്ന ശ്രീകൃഷണകഥ അങ്ങ് ഞങ്ങളെ കേള്‍പ്പിച്ചു. എന്നാല്‍ ഞങ്ങളുടെ സംശയങ്ങള്‍ തീര്‍ന്നിട്ടില്ല. വിഷ്ണുവിന്‍റെ അംശമായി പിറന്ന ശ്രീകൃഷ്ണന്‍ കാട്ടില്‍പ്പോയി പരമശിവനെ തപസ്സു ചെയ്തു. മഹാദേവനും ജഗജ്ജനനിയുടെ അംശമായ പാര്‍വ്വതീദേവിയും അദ്ദേഹത്തിനായി അനുഗ്രഹങ്ങള്‍ നല്‍കി. കൃഷ്ണന്‍ സ്വയം ഈശ്വരനാണെങ്കില്‍ എന്തിനാണ് രുദ്രനെ പൂജചെയ്ത് പ്രീതിപ്പെടുത്തിയത്? അവരെക്കാള്‍ താഴെയാണോ കൃഷ്ണന്‍?


സൂതന്‍ പറഞ്ഞു: വ്യാസഭഗവാന്‍ ഇതിന്‍റെ കാരണം പറഞ്ഞിട്ടുള്ളതുപോലെ ഞാന്‍ നിങ്ങള്‍ക്കത് പറഞ്ഞു തരാം.


എന്നാല്‍ ഉടനെ തന്നെ ബുദ്ധിമാനായ ജനമേജയന്‍ ചോദിച്ചു: ഇതിനു പുറകിലെ പരമകാരണം എന്തെന്ന് അങ്ങ് നേരത്തേ പറഞ്ഞത് എനിക്ക് മനസ്സിലായി. മായാവിശിഷ്ടബ്രഹ്മമാണല്ലോ ഭഗവതി. എങ്കിലും എന്നിലെ സംശയം തീരുന്നില്ല. സര്‍വ്വേശ്വരനും സര്‍വ്വാത്മാവുമായ വിഷ്ണു സാധാരണഭക്തനെപ്പോലെ ശിവനെ തപസ്സുചെയ്യാന്‍ എന്താണ് കാരണം? ജഗത്തിന്‍റെ സൃഷ്ടിക്കും സ്ഥിതിക്കും സംഹാരത്തിനും വിഷ്ണുവിന് സ്വയം കഴിവുള്ളതല്ലേ? പിന്നെയെന്തിനാണ് തപസ്സു ചെയ്തത്?


വ്യാസന്‍ പറഞ്ഞു: അങ്ങ് പറഞ്ഞത് ശരിയാണ്. സര്‍വ്വകാര്യങ്ങള്‍ക്കും സമര്‍ത്ഥനാണ് വിഷ്ണു. അസുരനിഗ്രഹം അദ്ദേഹത്തിനു നിഷ്പ്രയാസവുമാണ്. എന്നാല്‍ മനുഷ്യദേഹം പൂണ്ടതിനാല്‍ ആ പരംപൊരുളിന് വര്‍ണ്ണാശ്രമങ്ങള്‍ക്ക് യോജിച്ച ഭാവങ്ങള്‍ സ്വംശീകരിക്കേണ്ടിവന്നു. പ്രായമുള്ളവരെയും ബ്രാഹ്മണരെയും അദ്ദേഹം പൂജിച്ചു ബഹുമാനിച്ചു. ഗുരുക്കന്മാരെ വന്ദിച്ചു. ദേവതകളെ ആരാധിച്ചു. ദുഖത്തില്‍ വിലപിച്ചു. ഹര്‍ഷത്തില്‍ ആഹ്ലാദിച്ചു. ദുഷ്പേരില്‍ ഖിന്നനായി. സ്ത്രീകളില്‍ ആസക്തനായി. ത്രിഗുണങ്ങള്‍ക്ക് വശംവദനായി കാമാക്രോധലോഭാദികള്‍ക്ക് കീഴടങ്ങി വര്‍ത്തിച്ചു. അങ്ങിനെയുള്ള ഒരു ദേഹത്തിനു നിര്‍ഗ്ഗുണത്വം എങ്ങിനെയുണ്ടാവാനാണ്?



ഗാന്ധാരിയുടെയും ബ്രാഹ്മണരുടെയും ശാപങ്ങള്‍ യാദവകുലത്തെ ഇല്ലാതാക്കി. കൃഷ്ണഭഗവാന്‍ തന്‍റെ ദേഹവും ഉപേക്ഷിച്ചു. കൃഷ്ണപത്നിമാരെ കള്ളന്മാര്‍ കൊണ്ടുപോകുന്നതില്‍ നിന്നും തടുക്കാന്‍ വില്ലാളിവീരനായ അര്‍ജ്ജുനനുപോലുമായില്ല. പ്രദ്യുമ്നന്‍, അനിരുദ്ധന്‍ എന്നിവരെ കൊട്ടാരത്തില്‍ നിന്നും അപഹരിച്ചുകൊണ്ടുപോയത് കൃഷ്ണന്‍ അറിഞ്ഞില്ല. മനുഷ്യരൂപമെടുത്താല്‍ അതിനു യോജിച്ച കര്‍മ്മങ്ങള്‍ അനുഭവിച്ചേ തീരൂ.



വിഷ്ണുവിന്‍റെയും നാരായണമുനിയുടെയും അംശമായ കൃഷ്ണന്‍ മഹാദേവനെ ആരാധിച്ചത് ഉചിതമെന്നേ പറയേണ്ടൂ. കാരണശരീരത്തിന് നാഥനായ ശിവന്‍ വിഷ്ണുവിനും പൂജ്യനാണ്. കാരണശരീരത്തില്‍ നിന്നാണ് ലിംഗശരീരത്തിന്‍റെ ഉത്ഭവം. വിഷ്ണുവിന് ലിംഗ ശരീരാഭിമാനം ഉള്ളതിനാല്‍ കാരണശരീരസ്ഥന്‍ പൂജനീയനാണ്. അതുകൊണ്ട് വിഷ്ണുവിന്‍റെ അംശമായ കൃഷ്ണന്‍ രുദ്രനെ പൂജിക്കുന്നത് ഉചിതമാണ്. ‘അ’കാരം ബ്രഹ്മാവും, ‘ഉ’കാരം വിഷ്ണുവും ‘മ’കാരം ശിവനുമാണ്. ഇവയിലെ അര്‍ദ്ധമാത്രയാണ് മഹേശ്വരി. ഓംകാരത്തിന്‍റെ നാല് മാത്രകളാണിവ. സ്ഥൂലം, സൂക്ഷ്മം, കാരണം, തുരീയം ഇവയാണ് അ, ഉ, മ, അര്‍ദ്ധമാത്ര എന്നിവകൊണ്ട് വിവക്ഷിക്കപ്പെടുന്നത്. ഇവയ്ക്കോരോന്നിനും ഒന്നിനൊന്നുപരിയായി പ്രാധാന്യമുണ്ട്.



ദേവിയാണ് മുഖ്യ. നിത്യയും അവാച്യയുമാണ് ദേവി. ബ്രഹ്മാവിനേക്കാള്‍ മുകളില്‍ വിഷ്ണു. വിഷ്ണുവിനേക്കാള്‍ മുകളില്‍ രുദ്രന്‍. ബ്രഹ്മാവിന്‍റെ മുഖത്തു നിന്നും രണ്ടാമതൊരു രുദ്രന്‍ ജനിച്ചു. പൂജനീയനായ ഈ രുദ്രനാണ് സാധകര്‍ക്ക് വരം നല്‍കുന്നത്. രണ്ടാം രുദ്രന് ഇത്ര പ്രഭാവമുണ്ടെങ്കില്‍ മൂലരുദ്രന്‍റെ പ്രാഭവം എത്രയായിരിക്കും? ദേവിയുടെ സാന്നിദ്ധ്യം സദാ ഉള്ളതിനാല്‍ ശിവന് ഉത്തമത്വം കല്‍പ്പിച്ചിരിക്കുന്നു. യോഗമായയുടെ പ്രഭാവം മൂലമാണ് ശ്രീഹരിയ്ക്ക് അവതാരങ്ങള്‍ എടുക്കാനാകുന്നത്.


കടക്കണ്ണിന്‍റെ ചടുലചലനങ്ങളാല്‍ വിശ്വത്തെ സൃഷ്ടിച്ചും പരിപാലിച്ചും സംഹരിച്ചും വിലസുന്ന ജഗജ്ജനനിതന്നെയാണ് ത്രിമൂര്‍ത്തികളെ നാനാവതാരകലകളിലൂടെ വലയ്ക്കുന്നത്. കാരാഗ്രഹത്തില്‍ നിന്നും രക്ഷപ്പെടുത്തി നന്ദന്‍റെ ഭവനത്തില്‍ കൃഷ്ണനെ കൊണ്ടാക്കിയതും ഭഗവാനെ മഥുരയില്‍ എത്തിച്ചതും അവിടെനിന്നും ദ്വാരകയില്‍ താമസം മാറ്റിച്ചതുമെല്ലാം ദേവിയുടെ നിയോഗം തന്നെ. പതിനാറായിരത്തി അന്‍പതു സ്ത്രീകള്‍ കൂടാതെ എട്ടു പ്രധാന രാജ്ഞിമാര്‍ എന്നിവരെ സൃഷ്ടിച്ചൊരുക്കി കൃഷ്ണനെ അവര്‍ക്കു ദാസനാക്കിയത് ആ മഹേശ്വരി തന്നെയാണ്. ഒറ്റയ്ക്കൊരു യുവതിയുടെ കീഴില്‍ പുരുഷന്‍ കുരുങ്ങിപ്പോകും പിന്നെ ഇത്രയധികം യുവതികളുടെ കയ്യില്‍പ്പെട്ടാല്‍ ഒരു പുരുഷന്‍റെ കഥയെന്താവും?


ഒരിക്കല്‍ അദ്ദേഹം സത്യഭാമയുടെ നിര്‍ബ്ബന്ധബുദ്ധിക്ക് വഴങ്ങി ദേവേന്ദ്രനോട് വഴക്കിട്ട് പാരിജാതം കൊണ്ടുവന്നു അവളുടെ കൊട്ടാരത്തില്‍ നട്ടു കൊടുത്തു. ശിശുപാലനു പറഞ്ഞു വെച്ചിരുന്ന പെണ്ണായിരുന്നു രൂക്മിണി. അങ്ങിനെയുള്ള ഒരുവളെ കട്ടുകൊണ്ട് വരിക എന്ന് പറഞ്ഞാല്‍ പരദാരത്തെ സ്വീകരിക്കുക എന്നതിനു തുല്യം! ധര്‍മ്മിഷ്ഠനു യോജിച്ച പ്രവര്‍ത്തിയല്ല ഇതൊന്നും.


മോഹജാലത്തിനും അതുണ്ടാക്കുന്ന മൂഢതയ്ക്കും വശംവദനായി മനുഷ്യന്‍ നന്മയും തിന്മയും ചെയ്തു കൂട്ടുന്നു. അഹങ്കാരജന്യമാണ് സ്ഥാവരജംഗമപ്രകൃതി മുഴുവന്‍. ആ മൂലാഹങ്കാരത്തില്‍ നിന്ന് തന്നെയാണ് ഹരിഹരന്മാരുടെ ഉദയവും. ബ്രഹ്മാവ്‌ അഹങ്കാരമുക്തനായാല്‍പ്പിന്നെ സൃഷ്ടിയില്ല. അഹങ്കാരമുക്തനാണ് മുക്തന്‍. അഹങ്കാരത്തിനു കീഴടങ്ങിയവാന്‍ ബദ്ധന്‍. ഗൃഹമോ, ഭാര്യയോ പുത്രനോ ഒന്നും വാസ്തവത്തില്‍ ആരെയും ബന്ധിക്കുന്നില്ല. ‘ഞാനാണ് ഇക്കാര്യം ചെയ്തത്’ എന്ന ഭാവമാണ് ബന്ധനത്തിനുള്ള കാരണം. 'കാര്യം' സംഭവിക്കാന്‍ 'കാരണം' കൂടിയേ തീരൂ. കുഴയ്ക്കാന്‍ കളിമണ്ണില്ലെങ്കില്‍ കുടമുണ്ടാവുമോ? ശ്രീഹരി വിശ്വത്തെ പരിപാലിക്കുന്നത് അഹങ്കാരത്തോടെയാണ്. അഹങ്കാരമാണ് മനുഷ്യനെ ചിന്താകുലനാക്കുന്നത്. ജനനമരണചക്രത്തില്‍ നാം മുഴുകുന്നതിന്‍റെ കാരണം എന്താണ്? മോഹമാണ് അഹങ്കാരത്തിനു കാരണമാകുന്നത്. അതാണ്‌ പ്രപഞ്ചത്തിന്‍റെ ഹേതു. അഹങ്കാരം തീണ്ടാത്തവരെ മോഹം ബാധിക്കുകയില്ല. അവര്‍ക്ക് സംസാരവുമില്ല.


ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരുടെ ഭാവങ്ങള്‍ മൂന്നുവിധമാണ്. സാത്വികം, രാജസം, താമസം എന്നീ ഭേദങ്ങള്‍ അവരില്‍ ഉള്ളതുപോലെ മനുഷ്യരിലും ഇവയുണ്ട്. ത്രിമൂര്‍ത്തികള്‍ക്ക് ഈ മൂന്നു വിധത്തിലുള്ള അഹങ്കാരങ്ങളും ഉണ്ടെന്നു മാമുനിമാര്‍ പറയുന്നു. എന്നാല്‍ ബ്രഹ്മാദികള്‍ സ്വന്തം അഭീഷ്ടപ്രകാരമാണ് അവതാരങ്ങള്‍ കൈക്കൊള്ളുന്നതെന്ന് അവര്‍ തന്നെ പറയുന്നത് അവരും മായാമോഹിതരും മന്ദന്മാരുമായതുകൊണ്ടാവണം.


മന്ദന്മാര്‍ പോലും ആഗ്രഹിക്കാത്ത ഗര്‍ഭവാസ ദുരിതങ്ങള്‍ അനുഭവിക്കാന്‍ വിഷ്ണു സ്വമനസ്സാല്‍ തീരുമാനിക്കും എന്ന് തോന്നുന്നുണ്ടോ? ദേവകിയുടെ ഗര്‍ഭത്തില്‍ മലമൂത്രസഹിതം കിടന്നു വളര്‍ന്നത് ഹരിയുടെ സ്വാഭീഷ്ടത്തിലാണെന്ന് ആരും പറയില്ല. വൈകുണ്ഡവാസം ഉപേക്ഷിച്ചുവരാന്‍ തക്ക എന്ത് സുഖമാണിവിടെ അദ്ദേഹത്തിനു കിട്ടുക?  ദുഃഖപൂരിതമായ ജനനമരണക്ലേശം അനുഭവിക്കാതിരിക്കാന്‍ ലോകര്‍ തപസ്സും ദാനവും യജ്ഞങ്ങളുമൊക്കെ , ചെയ്യുന്നു. എന്നാല്‍ രാജാവേ, ആരും സ്വതന്ത്രരല്ല. ബ്രഹ്മാവുമുതല്‍ പുല്‍ക്കൊടിവരെയുള്ള എല്ലാം ജഗന്മായയുടെ അധീനത്തില്‍ അമ്മയുടെ താളത്തിനോത്ത് ലീലയാടുകയാണ്. യോഗമായ വിരിച്ച മോഹവലയത്തില്‍പ്പെട്ടു ബ്രഹ്മാദികള്‍ എട്ടുകാലിയുടെ വലയില്‍ കുടുങ്ങിയ പ്രാണിയെപ്പോലെ ബദ്ധരായിത്തീരുന്നു.


പുനരാഖ്യാനം: ഡോ. സുകുമാര് കാനഡ. ശ്രീ ടി എസ്. തിരുമുന്പിന്റെ ഭാഷാവിവര്ത്തനം, ശ്രീ എന് വി. നമ്പ്യാതിരിയുടെ മൂലം വിവര്ത്തനം, എന്നിവയെ അവലംബിച്ച് എഴുതിയത്

No comments:

Post a Comment