പൗരസ്ത്യരാജ്യങ്ങളിലെയും പാശ്ചാത്യരാജ്യങ്ങളിലെയും തത്വാന്വേഷണവഴികള്‍ വ്യത്യസ്തദിശകളിലാണ് സഞ്ചരിച്ചുവന്നിട്ടുള്ളത്. പാശ്ചാത്യതത്വചിന്തയുടെ പിതാവ് എന്ന് കരുതപ്പെടുന്ന സോക്രട്ടീസിനു അതീന്ദ്രിയമായ ഉള്‍ക്കാഴ്ചകള്‍ കിട്ടിയിരുന്നു എന്ന് വായിച്ചിട്ടുണ്ട്. അറിവ് ആന്തരികമായി നേടേണ്ടതാണെന്ന് സോക്രട്ടീസ് വിശ്വസിച്ചിരുന്നു എന്ന് സൂചിപ്പിക്കുന്ന ആരുപറഞ്ഞതെന്ന് വ്യക്തമല്ലാത്ത ഒരു കഥയുണ്ട്. വാമൊഴിപാരമ്പര്യത്തില്‍ നിന്ന് വന്നതാവണം.
ഒരു ചെറുപ്പക്കാരന്‍ സോക്രട്ടീസിനെ സമീപിച്ചു പറഞ്ഞു: ‘മഹാത്മാവേ അങ്ങയില്‍ നിന്ന് അറിവ് നേടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.’
സോക്രട്ടീസ് കടല്‍ക്കരയിലേക്ക് നടന്നു. യുവാവ് കൂടെ നടന്നു. തിരകളിലിറങ്ങിയ സോക്രട്ടീസ് പെട്ടെന്ന് യുവാവിനെ കടലിലേക്കിട്ട് ഏതാനും നിമിഷങ്ങള്‍ അമര്‍ത്തിപ്പിടിച്ചു. ശ്വാസം മുട്ടിയ അയാളെ പൊക്കിയെടുത്ത് ചോദിച്ചു ഇപ്പോള്‍ നിനക്കെന്താണു വേണ്ടത് എന്ന്. ചെറുപ്പക്കാരന്‍ അറിവ് വേണമെന്ന് ആവര്‍ത്തിച്ചു. സോക്രട്ടീസ് വീണ്ടും അയാളെ വെള്ളത്തിനടിയില്‍ മുക്കിത്താഴ്ത്തി, ഇക്കുറി നേരത്തേതിലും അധികം സമയത്തേക്ക്. പൊക്കിയെടുത്ത് ചോദ്യം ആവര്‍ത്തിച്ചു. അതേ ഉത്തരം വന്നപ്പോള്‍ വീണ്ടും തിരയില്‍ താഴ്ത്തി ദീര്‍ഘനേരം കുറച്ചധികം നേരം അങ്ങനെ മുക്കിപ്പിടിച്ചു. ശ്വാസം കിട്ടാതെ പിടച്ച അയാളെ മോചിപ്പിച്ചുകൊണ്ട് ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ ഒടുവില്‍ അയാള്‍ക്ക് ശ്വാസം കിട്ടിയാല്‍ മതി എന്നായി. ‘നല്ലത്,’ സോക്രട്ടീസ് പറഞ്ഞു, ‘ഇങ്ങനെ ശ്വാസത്തിനു പിടക്കുന്ന പോലെ അറിവിനായി ആഗ്രഹിക്കുമ്പോള്‍ അതു നിനക്കു കിട്ടും.’
ഏതാണ്ട് രണ്ടായിരത്തിമുന്നൂറില്‍ പരം വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു അവധൂതനെപ്പോലെ നഗ്‌നപാദനായി, മുടി നീട്ടിവളര്‍ത്തി, വേഷത്തില്‍ ശ്രദ്ധിക്കാതെ കഴിഞ്ഞിരുന്ന ഒരാളായിരുന്നത്രെ സോക്രട്ടീസ്. അക്കാലത്ത് ഗ്രീക്കുകാര്‍ വിശ്വസിച്ചിരുന്ന ഡെല്‍ഫിയിലെ ‘ഓറക്കിള്‍’ വെളിച്ചപ്പെടുത്തുന്ന കാര്യങ്ങള്‍ അദ്ദേഹം വിശ്വസിച്ചില്ല. എല്ലാവരും ആരാധിച്ചിരുന്ന ദേവതകളെയും മാനിച്ചില്ല. (എന്നാല്‍ ദൈവത്തെ അംഗീകരിച്ചിരുന്നതായി പറയുന്നു.)
ജീവിതത്തിന്റെ നേരുകള്‍ തേടാന്‍ ഉത്തേജനം പകരുന്ന ചോദ്യങ്ങള്‍ സോക്രട്ടീസ് ചോദിച്ചു.
ജീവിതത്തിന്റെ നേരുകള്‍ തേടാന്‍ ഉത്തേജനം പകരുന്ന ചോദ്യങ്ങള്‍ സോക്രട്ടീസ് ചോദിച്ചു.
യുവാക്കള്‍ ആ ചോദ്യങ്ങളില്‍ ആകൃഷ്ടരായി. ചോദ്യങ്ങളിലൂടെ ആശയങ്ങളിലെത്തിച്ചേരുന്ന രീതി അവര്‍ ഇഷ്ടപ്പെട്ടു. ദേവതകളെ മാനിക്കുന്നില്ല, യുവാക്കളെ ‘ വഴി തെറ്റിക്കുന്നു’ എന്ന കാരണങ്ങള്‍ പറഞ്ഞാണ് ഭരണകൂടം ഒടുവില്‍ സോക്രട്ടീസിനെ വധശിക്ഷക്കു വിധിച്ചത്. വേണമെങ്കില്‍ രക്ഷപ്പെട്ട് എങ്ങോട്ടെങ്കിലും ഒളിച്ച് പോകാനുള്ള സാഹചര്യം ഉണ്ടായിരുന്നുവെങ്കിലും മരണത്തെ ശാന്തമായി സ്വീകരിക്കുകയാണ് സോക്രട്ടീസ് ചെയ്തത്. പാശ്ചാത്യനാടുകളില്‍ പില്‍ക്കാലത്തുണ്ടായ വ്യത്യസ്തചിന്താധാരകളെല്ലാം ഈ’ വഴി തെറ്റിയ ‘ യുവാക്കളില്‍ നിന്ന് പുറപ്പെട്ടവയാണെന്നു പറയുന്നു. സോക്രട്ടീസിനെ പിന്‍പറ്റിത്തന്നെയായിരുന്നുവത്രെ അവര്‍ അവരുടെ വഴികള്‍ പിന്തുടര്‍ന്നത്.
സോക്രട്ടിസിന്റെ സ്വന്തം വാക്കുകളിലൂടെ അദ്ദേഹത്തെ അറിയാന്‍ പില്‍ക്കാലത്തുള്ളവര്‍ക്ക് കഴിഞ്ഞില്ല. മുഖ്യശിഷ്യനായ പ്ലേറ്റോവിന്റെ എഴുത്തുകളാണ് സോക്രട്ടിസിന്റെ ആശയങ്ങളിലേക്കും ജീവിതത്തിലേക്കും വെളിച്ചം വീശിയത്. മറ്റൊരു പ്രധാനശിഷ്യനായ സെനോഫോണില്‍ നിന്നും മറ്റു ചിലരില്‍ നിന്നും കിട്ടിയ വിവരങ്ങളും ആ ജീവിതത്തെ മനസ്സിലാക്കാന്‍ സഹായകമായി. പ്ലേറ്റോവിന്റെ ശിഷ്യനായ അരിസ്‌റ്റോട്ടില്‍ അലക്‌സാന്‍ഡര്‍ ചക്രവര്‍ത്തിയെ പഠിപ്പിച്ചു.
അലക്‌സാന്‍ഡര്‍ കീഴടക്കിയ പ്രദേശങ്ങളില്‍ സോക്രട്ടീസില്‍ നിന്ന് പകര്‍ന്നു കിട്ടിയ ചിന്താപദ്ധതികള്‍ക്ക് പ്രചാരമുണ്ടായി. ഇതാണ് പാശ്ചാത്യസത്യാന്വേഷണത്തിന്റെ പ്രാരംഭം എന്നാണ് വിലയിരുത്തിക്കാണുന്നത്. വ്യവസ്ഥകളെ ഭയക്കാതെ മനുഷ്യജീവിതത്തിന്റെ അടിസ്ഥാനസത്യങ്ങളെക്കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കുന്ന സോക്രട്ടിസിന്റെ രീതിയാണ് ആധുനികശാസ്ത്രാന്വേഷണങ്ങളിലേക്കു വഴിനടത്തിയത്. സോക്രട്ടീസിനുണ്ടായിരുന്നു എന്ന് സൂചിപ്പിക്കപ്പെട്ടിട്ടുള്ള അനുഭവ ദാര്‍ശനികവശത്തേക്കാള്‍ ഒരുപക്ഷെ യുവാക്കള്‍ക്ക് പ്രകടമായി കാണാനും സ്വീകരിക്കാനും കഴിഞ്ഞത് അദ്ദേഹത്തിന്റെ ധൈഷണികമായ വെളിച്ചമായിരുന്നിരിക്കണം.
മനുഷ്യനില്‍ ജിജ്ഞാസ ലീനമായിരിക്കുന്നു. കുട്ടിക്കാലത്ത് ഒരുപാട് ചോദ്യങ്ങള്‍ ചോദിക്കുന്ന മനുഷ്യന്‍ ക്രമേണ ചുറ്റുപാടുകളുമായി സമരസപ്പെട്ട് വലിയ ചോദ്യങ്ങളിലേക്കെത്താതെയാവുന്നു. ഒരു പക്ഷെ ബാലഭാവം അസ്തമിച്ചിട്ടില്ലാത്ത മനസ്സുകളിലാവണം മൗലികമായ ചോദ്യങ്ങള്‍ ഉയര്‍ന്നുവരുന്നത്. പാശ്ചാത്യതത്വാന്വേഷണങ്ങള്‍ക്ക് വളരെ മുന്‍പ് ഭാരതത്തില്‍ ഋഷിമാരെ തീവ്രധ്യാനങ്ങളിലേക്കു നയിച്ചതും അതുവഴി വേദമന്ത്രങ്ങളുടെ ദ്രഷ്ടാക്കളാക്കിയതും ഈ ജിജ്ഞാസ തന്നെയല്ലേ?
ഇന്ന് നമ്മള്‍ വെളിപാടുകള്‍ എന്നു മനസ്സിലാക്കുന്ന വിഭാഗത്തിലാണ് ഈ കാഴ്ചകളെ ഉള്‍ക്കൊള്ളിക്കേണ്ടത്. കാരണം വേദങ്ങളെ ‘അപൗരുഷേയങ്ങള്‍’ എന്നാണു വിശേഷിപ്പിച്ചിട്ടുള്ളത്. അതായത് പരമാത്മാവിന്റെ തലത്തില്‍ നിന്ന് ജീവാത്മാവിലേക്കു ദൈവത്തില്‍ നിന്ന് മനുഷ്യനിലേക്ക് പകര്‍ന്നുകിട്ടിയത്. പരമഗുരുതത്വത്തിന്റെ ഒരു പ്രകാശനം. വേദങ്ങളെ തുടര്‍ന്നു അവയെ ഗ്രഹിക്കാനായി നടത്തിയ വിചിന്തനങ്ങളും ധ്യാനങ്ങളും രൂപം നല്‍കിയ ബ്രാഹ്മണങ്ങളും ആരണ്യകങ്ങളും ഉപനിഷത്തുകളും ഒക്കെ ഋഷിമാരായ ഗുരുക്കന്മാരും ശിഷ്യന്മാരും തമ്മിലുള്ള സംവാദങ്ങളിലൂടെ പകര്‍ന്ന അറിവുകളാണ് അവരും തപസ്വികള്‍ ആണെന്ന് മനസ്സിലാക്കാനാവും. ചോദ്യങ്ങള്‍ ചോദിച്ചവരാണെന്നും കാണാം. ഒരു പ്രശ്‌നോപനിഷത്തു തന്നെ നമുക്കുണ്ട്. എന്നാല്‍ പുരാതന ഗ്രീസില്‍ ഉത്ഭവിച്ച അറിവിന്റെ വഴി ഭൗതികമായ ദിശയിലാണു നീങ്ങിയതെങ്കില്‍ ഭാരതത്തിന്റെ വഴികള്‍ ആന്തരികമായിരുന്നുവെന്നു കാണാം.
ഒ.വി. ഉഷ
No comments:
Post a Comment