അമൃതവാണി
ധ്യാനത്തിന്റെയും പ്രാണായാമത്തിന്റെയും സമയം ക്രമേണ മാത്രമേ ദീര്‍ഘിപ്പിക്കാവൂ. എന്നാല്‍ കുംഭകം കൂടാതെയുള്ള ശ്വസനക്രിയകളും ലളിതമായ ധ്യാനരീതികളും മിതമായും ചിട്ടയോടെയും അനുഷ്ഠിക്കുന്നത് ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിനും ആത്മീയോന്നതിക്കും സഹായിക്കും. എന്നിരുന്നാലും ഗുരുവിന്റെ നിര്‍ദ്ദേശമനുസരിച്ച് ചെയ്യുന്നതാണ് ഉത്തമം.
പൊതുവെ, എല്ലാവര്‍ക്കും ചെയ്യാവുന്ന സാധനകളാണ് പ്രാര്‍ത്ഥന, അര്‍ച്ചന, ഭജന, മാനസപൂജ, ജപം തുടങ്ങിയവ. എന്നാല്‍ ഏതിലും മിതത്വം പാലിക്കേണ്ടതാവശ്യമാണ്.
മനുഷ്യശരീരത്തിന് പരിമിതികളുണ്ട്. നമ്മുടെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന അനന്തമായ ആത്മീയശക്തിയെ ഉണര്‍ത്തുമ്പോള്‍ അത് വളരെ ശ്രദ്ധയോടെ ചെയ്യണം. അല്ലെങ്കില്‍, ശാരീരികവും മാനസികവുമായ പ്രയാസങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അമിതമായ വിദ്യുച്ഛക്തി പെട്ടെന്ന് കടന്നുചെന്നാല്‍ ബള്‍ബ് ഫ്യൂസാകുന്നില്ലേ? അതുകൊണ്ട്, ശരീരത്തിനും മനസ്സിനും ബുദ്ധിക്കും താങ്ങാന്‍ പറ്റുന്ന വിധത്തില്‍ ആത്മീയസാധനകളിലൂടെ ക്രമേണ ആ ശക്തിയെ ഉണര്‍ത്തണം. ദിവസവും നിശ്ചിതസമയത്ത് ഇത്തരം സാധനകള്‍ അനുഷ്ഠിക്കുവാന്‍ ശ്രദ്ധിക്കണം.
പതുക്കെപ്പതുക്കെ സമയദൈര്‍ഘ്യം കൂട്ടിക്കൊണ്ടുവരണം. അങ്ങനെ കാലക്രമേണ ഏതു സമയത്തും എത്ര നേരം വേണമെങ്കിലും ആത്മീയസാധന ചെയ്യാനുള്ള കഴിവ് വളര്‍ത്തിയെടുക്കാന്‍ കഴിയും. ജീവിതത്തെ അര്‍ത്ഥമുള്ളതാക്കാനും തിരക്കുനിറഞ്ഞ ആധുനിക ജീവിതത്തില്‍ ആരോഗ്യസംരക്ഷണത്തിനും മനശ്ശാന്തിക്കും ശരിയായ ജീവിതവീക്ഷണം കൈവരിക്കുന്നതിനും തത്വമറിഞ്ഞുള്ള ആത്മീയസാധനകള്‍ നമ്മെ വളരെയധികം സഹായിക്കും.
No comments:
Post a Comment