ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, January 25, 2017

പൊട്ടി പുറത്ത്, ശീപോതി അകത്ത് - കര്‍ക്കടകസംക്രാന്തി



മിഥുനമാസത്തിലെ ദുരിതവും കര്‍ക്കടകമാസത്തിലെ ദുര്‍ഘടവും കഴിഞ്ഞ് പൊന്നും ചിങ്ങമാസത്തിലെ തിരുവോണത്തിന്റെ മുന്നോടിയായിട്ടാണ് കര്‍ക്കടകസംക്രാന്തിയെ നാം കാണുന്നത്.
ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും വളരെയധികം പ്രാധാന്യം കൊടുക്കുന്നവരാണ് കേരളീയര്‍. കേരളത്തിലെ പഴയ പല ആചാരങ്ങളും ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് പറയാതെ വയ്യ. അങ്ങനെയുള്ള ആചാരങ്ങളിലൊന്നാണ് കര്‍ക്കടകസംക്രാന്തി ആഘോഷം. കേരളത്തില്‍, തെക്കെ മലബാറിലാണ് ഇത് കൂടുതല്‍ ആചരിച്ചുകാണുന്നത്.

മിഥുനമാസത്തിന്റെ അവസാനത്തില്‍ കര്‍ക്കടക സംക്രമദിവസം സന്ധ്യാസമയത്താണ് ആഘോഷം നടക്കുക. സംക്രാന്തിക്ക് മുന്‍പായി വീടുകളിലെ മുറ്റത്തെ പുല്ലു ചെത്തി വൃത്തിയാക്കുന്നു. കട്ടിലകള്‍,ജനാലകള്‍ എന്നിവ കഴുകിവൃത്തിയാക്കുന്നു. പശുവിന്‍ ചാണകവെള്ളം തളിച്ച് വീടുകളും പരിസരങ്ങളും ശുദ്ധമാക്കുന്നു. അതിനുശേഷം പൊട്ടിയെ അടിച്ചു പുറത്താക്കുന്നു. ഒരു കീറിയ പഴയ മുറത്തില്‍ ചോറുകൊണ്ട് വെളുത്തതും കറുത്തതും മഞ്ഞയും നിറങ്ങളില്‍ മൂന്ന് ഉരുളകള്‍ ഉണ്ടാക്കിവയ്ക്കുന്നു. എരിഞ്ഞി ഇല, കൂവയില, മെച്ചിങ്ങ, കുറ്റിച്ചൂല്, മൈലാഞ്ചി എന്നിവയും വയ്ക്കുന്നു. ചോറ് ഉരുളകളുടെ മുകളിലായി മൂന്നുതീരികള്‍ കത്തിച്ചുവയ്ക്കുന്നു. അതിനുശേഷം വീട്ടില്‍ ജോലി ചെയ്യുന്ന സ്ത്രീ അല്ലെങ്കില്‍ മറ്റാരെങ്കിലും ഈ മുറം കയ്യില്‍ വച്ച് എല്ലാ മുറികളിലും കയറിയിറങ്ങുന്നു.

പൊട്ടി പോ, പോ, ശീപോതിയും മക്കളും വാ വാ എന്ന് ഉച്ചത്തില്‍ പറഞ്ഞുകൊണ്ടാണ് എല്ലാ മുറികളിലും കയറിയിറങ്ങുന്നത്. അതിനുശേഷം വീടിന് ചുറ്റും മൂന്നുപ്രാവശ്യം വലംവയ്ക്കുന്നു. വാഴപ്പിണ്ടികള്‍കൊണ്ടും മടലുകള്‍കൊണ്ടും നിലത്ത് അടിച്ച് ശബ്ദമുണ്ടാക്കി കുട്ടികളും ഇവരുടെ പിറകേ ഓടുന്നു. വീട് മൂന്ന് തവണ വലംവച്ചശേഷം മുറവും അതിലെ സാധനങ്ങളും മറ്റും ദൂരെ ഒഴിഞ്ഞ കോണില്‍ ഉപേക്ഷിക്കുന്നു. പിന്നീട് ആ സ്ത്രീ ഒരു കുളത്തില്‍ പോയി നീന്തി, തുടിച്ച് കുളിക്കുന്നു. കുളിക്കുന്നതിന് മുന്‍പായി ദേഹത്തിലും തലയിലും നിറയെ എണ്ണതേയ്ക്കുന്നു. കുറച്ച് എണ്ണ ഭൂമീദേവിക്കും സമര്‍പ്പിക്കും. ചേട്ടയെ അടിച്ചുപുറത്താക്കി ശ്രീപാര്‍വതിയെ അഥവാ ശ്രീദേവിയെ കുടിയിരുത്തുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം. മനുഷ്യമനസ്സുകളിലെ ദുഷ്ചിന്തകളും ദുഷ്‌പ്രേരണകളും അകറ്റി മനസ്സില്‍ ദൈവവിശ്വാസം ഉണ്ടാക്കുവാനും, ആത്മാവ് ശുദ്ധീകരിക്കുവാനുമാണ് ഇത് നടത്തുന്നത്. ഇത് നടത്തുന്നത്.

കര്‍ക്കടകമാസം ഒന്നിന് കാലത്ത് ഗൃഹനായിക കുളിച്ച് ശുദ്ധമായി പുതുവസ്ത്രങ്ങള്‍ ധരിച്ച് ദശപുഷ്പങ്ങള്‍ ചൂടി, വീട്ടിലെ മച്ചില്‍ അഥവാ പൂജാമുറിയില്‍ ഏഴുതിരിയിട്ട് നിലവിളക്ക് കൊളുത്തിവയ്ക്കുന്നു. ഒരു ഓട്ടുകിണ്ടിയില്‍ നിറയെ വെള്ളവും വയ്ക്കുന്നു. ഒരു താലത്തില്‍ ദശപുഷ്പങ്ങളും വാല്‍ക്കണ്ണാടിയും വയ്ക്കുന്നു. കറുക, കയ്യോന്നി, പൂവാംകുരുന്നില, മുക്കുറ്റി, ചെറൂള, മുയല്‍ചെവിയന്‍, കൃഷ്ണക്രാന്തി, നിലപ്പന, തിരുതാളി, ഉഴിഞ്ഞ എന്നിവയാണ് ദശപുഷ്പങ്ങള്‍. വീട്ടില്‍ ശാന്തിയും സമാധാനവും ഐശ്വര്യവും ഉണ്ടാകുവാനാണ് ഇങ്ങനെ ചെയ്യുന്നത് എന്നാണ് വിശ്വാസം. കര്‍ക്കടകമാസം പുണ്യമാസമായിട്ടാണ് ഹിന്ദുക്കള്‍ കാണുന്നത്. കര്‍ക്കടകമാസം രാമായണമാസമായി ആചരിച്ചുവരുന്നു. എല്ലാ ക്ഷേത്രങ്ങളിലും ഇക്കാലത്ത് പ്രത്യേക പൂജകളും നടന്നുവരുന്നു. ശ്രീരാമന്‍, ഭരതന്‍, ലക്ഷ്മണന്‍, ശത്രുഘ്‌നന്‍ എന്നീ വിഗ്രഹങ്ങള്‍ സ്ഥാപിച്ചിട്ടുള്ള ക്ഷേത്രങ്ങളില്‍ (നാലമ്പലം) കര്‍ക്കടകമാസത്തില്‍ ഒരേ ദിവസം ദര്‍ശനം നടത്തുന്നതും പുണ്യമായി കരുതുന്നു.

മിഥുനമാസത്തിലെ ദുരിതവും കര്‍ക്കടകമാസത്തിലെ ദുര്‍ഘടവും കഴിഞ്ഞ് പൊന്നും ചിങ്ങമാസത്തിലെ തിരുവോണത്തിന്റെ മുന്നോടിയായിട്ടാണ് കര്‍ക്കടകസംക്രാന്തിയെ നാം കാണുന്നത്. കേരളത്തില്‍ കര്‍ക്കടക സംക്രാന്തി ദിവസം മുതല്‍ ഓണത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു തുടങ്ങുന്നു.

ടി.വാസുദേവക്കുറുപ്പ്

1 comment:

  1. വീട്ടിൽ ആരെങ്കിലും മരിച്ചു പുലകുളി കഴിഞ്ഞാൽ ആ കൊല്ലം ശീപോതി വെക്കുന്ന ചടങ്ങ് നടത്താമോ

    ReplyDelete