ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, January 31, 2017

ഭഗവതത്വജ്ഞാനത്തില്‍ എല്ലാ ജ്ഞാനവും(7-2) - ഗീതാദര്‍ശനം


എന്നെ സംബന്ധിച്ച ജ്ഞാനത്തില്‍ എല്ലാവിധ ജ്ഞാനവും ഉള്‍പ്പെടുന്നു. വിജ്ഞാനം എന്നതിന് അനുഭവജ്ഞാനം എന്നും, എല്ലാം വേര്‍തിരിച്ച് വിശദീകരിക്കുന്ന ജ്ഞാനം എന്നും അര്‍ത്ഥമുണ്ട്. ഈ ജ്ഞാനം നേടിയാല്‍ പിന്നെ ആത്മീയ മാര്‍ഗത്തില്‍ കൂടി സഞ്ചരിക്കുന്ന മുമുക്ഷുവിന് അറിയേണ്ടതായിട്ട് ഒന്നും ബാക്കിയുണ്ടാവില്ല. എല്ലാം അവന് അറിയാന്‍ കഴിയും

ശ്രീകൃഷ്ണഭഗവാനാണ് പരമഗുരു. മറ്റു ഗുരുക്കന്മാരായ ദേവന്മാര്‍ക്കും മഹര്‍ഷിമാര്‍ക്കും മനുഷ്യര്‍ക്കും ജ്ഞാനം പകര്‍ന്നുകൊടുക്കുന്നത് ഭഗവാന്‍ തന്നെയാണ്. പക്ഷേ, അവരുടെ സത്വരജസ്തമോഗുണങ്ങള്‍ക്ക് അനുസൃതമായി അവര്‍ ഉള്‍ക്കൊള്ളുന്നത് പലവിധത്തിലും പലതലത്തിലുമാണ്. ഇവിടെ അര്‍ജ്ജുനന്‍ ഭഗവാന്റെ സുഹൃത്തും സന്തതസഹചാരിയുമായതുകൊണ്ട് യഥാസ്വരൂപം തന്നെ ഉള്‍ക്കൊള്ളുന്നു. അതാണ് ഗീതയുടെ മഹത്വം. നമ്മളും ഗീത യഥാരൂപം തന്നെ ഉള്‍ക്കൊള്ളണം.

ഭഗവത്തത്ത്വജ്ഞാനം
നേടുന്നവര്‍ ദുര്‍ലഭം (7-3)

ജീവാത്മാവ്, മൃഗമായും പക്ഷിയായും വൃക്ഷലതാദികളായും ഇഴജന്തുക്കളായും ജന്മമെടുത്തതിന് ശേഷം മാത്രമാണ് മനുഷ്യദേഹത്തില്‍ പിറവിയെടുക്കുന്നത്. മനുഷ്യരൂപത്തില്‍ മാത്രമേ മനസ്സും ബുദ്ധിയും ഇന്ദ്രിയങ്ങളും പൂര്‍ണമായി പ്രവര്‍ത്തിക്കുന്നുള്ളൂ. അതുകൊണ്ടു മനുഷ്യര്‍ക്ക് മാത്രമേ മോക്ഷത്തിനുവേണ്ടി പരിശ്രമിക്കാനുള്ള യോഗ്യതയുള്ളൂ. പക്ഷേ ആയിരക്കണക്കിന് മനുഷ്യര്‍ക്ക് പാപമാലിന്യം നിറഞ്ഞ ദേഹവും ഇന്ദ്രിയങ്ങളും ആണുള്ളത്. അതു കാരണം, തങ്ങള്‍ മായാബദ്ധരാണെന്ന് അറിയുന്നില്ല. മുക്തി നേടണമെന്ന് ആഗ്രഹിക്കുന്നതേ ഇല്ല. അതുകൊണ്ടാണ് ആയിരക്കണക്കിന് മനുഷ്യരില്‍ ഒരാളായിരിക്കും, പൂര്‍വപുണ്യഫലത്താല്‍ മോക്ഷത്തിനുവേണ്ടി പ്രയത്‌നിക്കുന്നതും സിദ്ധിവരെ തുടര്‍ന്ന് പ്രവര്‍ത്തിക്കുന്നതും. അങ്ങനെ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് ആളുകള്‍ നിഷ്‌കാമകര്‍മയോഗം, ജ്ഞാനയോഗം, അഷ്ടാംഗധ്യാനയോഗം മുതലായ മാര്‍ഗങ്ങളിലൂടെ ആത്മീയയാത്ര നടത്തുന്നവരാണ്. അവരില്‍ പലരും മാര്‍ഗ്ഗമധ്യത്തില്‍ വച്ച്, യോഗമാര്‍ഗ്ഗങ്ങളില്‍ കാലിടറി വീണുപോകുന്നു എന്നും, അവര്‍ക്ക് അടുത്ത ജന്മത്തില്‍ പരിശ്രമം തുടരാന്‍ കഴിയുമെന്നുമാണ് കഴിഞ്ഞ അധ്യായത്തില്‍ വിവരിച്ചത്. അത്തരം മനുഷ്യസഹസ്രങ്ങളില്‍ ഒരാള്‍ മാത്രമാണ് എന്നെ അറിയാന്‍- ഈ കൃഷ്ണനെപ്പറ്റിയുള്ള ജ്ഞാനം നേടാന്‍ ആഗ്രഹിക്കുന്നത്. ”കശ്ചില്‍ മാം വേത്തി” എന്ന് പറഞ്ഞത് ഈ വസ്തുതയാണ്. പക്ഷേ ആ ജ്ഞാനവും ശരിയാവണമെന്നില്ല.

പാപികളുടെ തത്ത്വജ്ഞാനം


കംസന്‍, ദുര്യോധനന്‍, ശകുനി. കര്‍ണ്ണന്‍, ജരാസന്ധന്‍ തുടങ്ങിയ ദുഷ്ടരാജാക്കന്മാര്‍ തങ്ങളുടെ കണ്ണുകള്‍കൊണ്ട് ശ്രീകൃഷ്ണനെ കണ്ടവരാണ്; കാതുകള്‍കൊണ്ട് കേട്ടവരുമാണ്. അവര്‍ മനസ്സിലാക്കിയ തത്വമെന്താണ്?
കൃഷ്ണന്റെ അച്ഛനമ്മമാര്‍ ആരെന്ന് ഒരു നിശ്ചയമില്ല. ഗോപന്മാരുടെ-താഴ്ന്ന ജാതിക്കാരുടെ ഒപ്പം വളര്‍ന്നു. പശുക്കളെ പാലിക്കലാണ് ജോലി. ഒരു വിദ്യയും അഭ്യസിച്ചിട്ടില്ല. മഹാകവി, ഉള്ളൂര്‍ ഇത്തരക്കാരുടെ ജ്ഞാനം ഇങ്ങനെ പാടീട്ടുള്ളത് വായിച്ചിട്ടുണ്ടല്ലോ.


”ഗോരസത്തില്‍നിന്നു സാരി,
സാരിയിങ്കല്‍ നിന്ന് നാരി
വീരനിവന്‍ വിളയുന്ന
വിളച്ചില്‍ കൊള്ളാം”

ഗോപികമാരുടെ വെണ്ണയും പാലും കട്ടു; പിന്നെ ഗോപിമാരുടെ സാരി കട്ടു; പിന്നെ നാരിയെ-രുക്മിണിയെ കട്ടു. അമ്മാവനെ വധിച്ചു; ശിശുപാലനെ വധിച്ചു. അവസാനം ആത്മഹത്യ ചെയ്തു. ഇന്ന് ജീവിച്ചിരിപ്പില്ല, ഭാഗവതം വേദവ്യാസന്‍ എഴുതിയതല്ല. ഈ രീതിയില്‍ പാപികളുടെ ജ്ഞാനം പുരാണത്തില്‍ മാത്രമല്ല, ആധുനികകാലത്തെ പണ്ഡിതമ്മന്യന്മാരും തുടര്‍ന്നുവരുന്നുണ്ട്. ഇത് അവാസ്തവ ജ്ഞാനമാണ്.

ഭാഗവതാചാര്യന്‍ കാനപ്രം കേശവന്‍ നമ്പൂതിരി

No comments:

Post a Comment