ചില മനുഷ്യരുണ്ട്. കാണുമ്പോള്‍ വളരെ സാധാരണക്കാരനാണെന്ന് തോന്നും. പക്ഷെ, മനസ്സിലും ബുദ്ധിയിലും അവര്‍ യോഗികളായിരിക്കും. സമൂഹത്തിന്റെ നന്മയ്ക്കുവേണ്ടി സ്വയം നഷ്ടകഷ്ടങ്ങളും ത്യാഗങ്ങളും സഹിക്കുന്ന ആത്മാക്കള്‍.
വസ്ത്രങ്ങള്‍ തുന്നിക്കൊടുക്കുന്ന ഒരാളുണ്ടായിരുന്നു ഗ്രാമത്തില്‍. കൂടെ ഒരു സഹായിയും ഉണ്ട്. സ്ഥിരമായിട്ടല്ല. ഇടയ്‌ക്കൊക്കെ വന്നു സഹായിക്കും. അത്രയേയുള്ളൂ. നഗരത്തില്‍നിന്ന് ഒരു വ്യാപാരി പതിവായി വസ്ത്രങ്ങള്‍ വാങ്ങാന്‍ വരുമായിരുന്നു. സന്യാസിയെപ്പോലെ ജീവിതം നയിക്കുന്ന തയ്യല്‍ക്കാരനില്‍നിന്ന് അയാള്‍ ധാരാളം വസ്ത്രങ്ങള്‍ വാങ്ങിയാണ് മടങ്ങുക.
വ്യാപാരി കൃത്യമായി പണം നല്‍കാറുണ്ട്. ആഹ്ലാദത്തോടെ വാതോരാതെ സംസാരിക്കുന്ന പ്രകൃതക്കാരനാണ്. നാട്ടുകാര്യങ്ങളും തത്വചിന്തയുമൊക്കെ വിളമ്പും! പക്ഷേ, അയാള്‍ കൊടുത്തതെല്ലാം വ്യാജനാണയങ്ങളായിരുന്നു.
സന്യാസി അത് ശ്രദ്ധിക്കാതിരുന്നിട്ടില്ല. എങ്കിലും അല്‍പ്പവും സംശയം പ്രകടിപ്പിക്കാതെ പണം വാങ്ങി സന്തോഷത്തോടെ അയാളെ യാത്രയാക്കുകയാണ് പതിവ്. ഒരിക്കല്‍ സഹായിയെ കടയില്‍ നിര്‍ത്തി തയ്യല്‍ക്കാരന്‍ നഗരത്തില്‍ എന്തിനോ പോയി. അന്നായിരുന്നു വ്യാപാരിയുടെ വരവ്. സഹായി അയാള്‍ക്ക് വസ്ത്രങ്ങള്‍ വില്‍ക്കാന്‍ മടിച്ചു.
”ഇത്രയും ദൂരം വന്നിട്ട് വെറുംകൈയോടെ മടങ്ങുന്നതെങ്ങനെ? വില എഴുതിവച്ച കുറച്ചു വസ്ത്രങ്ങള്‍ എടുക്കാം. അതിന്റെ കൃത്യമായ തുകയും തരാം; പോരെ?” വ്യാപാരി ചോദിച്ചു.
സഹായി ഒരുവിധം സമ്മതിച്ചു. പിന്നെ തിരഞ്ഞെടുത്ത വസ്ത്രങ്ങള്‍ പൊതിഞ്ഞു നല്‍കി പണവും വാങ്ങി.
”അയ്യോ! ഇതു കള്ളനാണയങ്ങളാണല്ലോ! ഇതുവേണ്ട.” എന്നുപറഞ്ഞു സഹായി അടുത്ത നിമിഷം വ്യാപാരിയില്‍നിന്ന് വസ്ത്രപ്പൊതി തിരിച്ചുവാങ്ങി. പണം തിരിച്ചു കൊടുക്കുകയും ചെയ്തു.
”ഇതു കള്ളനാണയങ്ങളൊന്നുമല്ല. ഞാന്‍ നേരത്തെ കൊടുക്കാറുള്ളതല്ലേ?” വ്യാപാരി എതിര്‍ത്തു.
”ആയിരിക്കാം. ഇപ്പോള്‍ എന്റെ കൈയില്‍ കിട്ടിയത് കള്ളനാണയങ്ങളാണ്. എനിക്ക് സ്വീകരിക്കാന്‍ വയ്യ. കടയുടമയുള്ളപ്പോള്‍ നിങ്ങള്‍ വന്നോളൂ. കൊടുക്കലും വാങ്ങലും നടത്തിക്കോളൂ. ഞാന്‍ ഇടപെടുകയേ ഇല്ല” സഹായി തന്റെ നിലപാട് വ്യക്തമാക്കി.
അതോടെ വ്യാപാരി നഗരത്തിലേക്ക് മടങ്ങിപ്പോയി. വൈകുന്നേരം കടയുടമ വന്നപ്പോള്‍ വിവരങ്ങള്‍ അറിയിച്ചു. അതുകേള്‍ക്കേ തയ്യല്‍ക്കാരന്‍ ദുഃഖിതനായി.
”കഷ്ടം! ആ കള്ളനാണയങ്ങള്‍ വാങ്ങാമായിരുന്നു. ഇനി അത് മറ്റു സാധുക്കളെ ചതിക്കാനാവും അയാള്‍ ഉപയോഗിക്കുക. എനിക്ക് കിട്ടിയതെല്ലാം വടക്കുവശത്തെ വൃക്ഷച്ചുവട്ടില്‍ കുഴിച്ചുമൂടിയിരിക്കയാണ്. അത്രയും കള്ളനാണയങ്ങള്‍ സമൂഹത്തില്‍ കൈമാറ്റം ചെയ്യപ്പെടാതെ കഴിക്കാമല്ലോ എന്നതാണ് ഏക ആശ്വാസം.”
ഇത്തരത്തിലും ചില മനുഷ്യരുണ്ട്. കാണുമ്പോള്‍ വളരെ സാധാരണക്കാരനാണെന്ന് തോന്നും. പക്ഷെ, മനസ്സിലും ബുദ്ധിയിലും അവര്‍ യോഗികളായിരിക്കും. സമൂഹത്തിന്റെ നന്മയ്ക്കുവേണ്ടി സ്വയം നഷ്ടകഷ്ടങ്ങളും ത്യാഗങ്ങളും സഹിക്കുന്ന ആത്മാക്കള്‍.
No comments:
Post a Comment