ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, January 19, 2017

സുധര്‍മ്മയിലെ കാര്യചിന്ത - ശ്രീമദ്‌ ദേവീഭാഗവതം. 5. 4. - ദിവസം 96.



ഗതേ സുതേ സുരേന്ദ്രോ f പി സമാഹൂയ സുരാനഥ
യമവായുധനാദ്ധ്യക്ഷവരുണാനിദ മൂചിവാന്‍
മഹിഷോ നാമ ദൈത്യേന്ദ്രോ രംഭപുത്രോ മഹാബല:
വരദര്‍പ്പമദോന്മത്തോ മായാഗത വിചക്ഷണ:



വ്യാസന്‍ തുടര്‍ന്നു: മഹിഷന്‍റെ ദൂതന്‍ മടങ്ങിയപ്പോള്‍ ദേവേന്ദ്രന്‍ തന്‍റെ കൂടെയുള്ള വരുണന്‍, വായു, അഗ്നി, കുബേരന്‍ തുടങ്ങിയ ദേവന്മാരെ അടുത്തു വിളിച്ച് ഇങ്ങിനെ പറഞ്ഞു: ‘രംഭാസുരന്റെ മകന്‍ മഹിഷന്‍ നമ്മെ വന്നു വെല്ലുവിളിച്ചു പോയിട്ടുണ്ട്. വരബലം കൊണ്ട് അഹങ്കാരം മൂത്തവനും മായാജാലക്കാരനുമാണ് മഹിഷാസുരന്‍. അവനു സ്വര്‍ഗ്ഗം സ്വന്തമാക്കണമത്രേ! ‘ശക്രാ നീ ദേവലോകംവിട്ട് എങ്ങോട്ടെങ്കിലും പൊയ്ക്കൊള്ളുക, അല്ലെങ്കില്‍ മഹിഷനെ ആശ്രയിച്ചു കഴിയുക’ എന്നതാണ് അവന്‍റെ ദൂത്. അവന്‍റെ ദയാവായ്പ്പിനെപ്പറ്റിയും ദൂതന്‍ പറഞ്ഞു. അല്ല, എതിര്‍ക്കാനാണ് ഭാവമെങ്കില്‍ യുദ്ധത്തിനൊരുങ്ങിക്കൊള്ളാനും പറഞ്ഞിരിക്കുന്നു.’


‘എത്ര ദുര്‍ബ്ബലനാണെന്നു കരുതിയാലും ശത്രുവിനെ നാം അവഗണിക്കരുത്. ഇവന്‍റെ കാര്യത്തില്‍ പ്രത്യേകിച്ചും നാം ശ്രദ്ധിക്കണം. ആള്‍ക്ക് വരബലം വേണ്ടുവോളമുണ്ട്. നമ്മുടെ ശക്തിയും യുക്തിയും വേണ്ടതുപോലെ ഉപയോഗിക്കണം. പിന്നെ ജയപരാജയങ്ങള്‍ ദൈവെച്ഛപോലെയല്ലേ വരൂ. ഈ ദുഷ്ടനുമായി സന്ധിയൊന്നും വേണ്ട. അതുകൊണ്ട് നമുക്ക് ആലോചിച്ചുവേണം മുന്നോട്ടു നീങ്ങാന്‍. പെട്ടെന്ന് ചാടി പുറപ്പെടുകയൊന്നും വേണ്ട. സത്യമറിഞ്ഞുവരാന്‍ കഴിവുള്ള ചാരന്മാരെ നമുക്കയക്കാം. അസുരന്മാരുടെ സൈന്യത്തിന്‍റെ നേതാവാരെന്നും സൈന്യത്തിന്‍റെ വലുപ്പം, എണ്ണം, കഴിവ്, അവരുടെ ദൌര്‍ബ്ബല്യം, എല്ലാം ചാരന്മാര്‍ മനസ്സിലാക്കിവന്നു പറയട്ടെ. ധൃതിവെച്ച് കാര്യങ്ങള്‍ ചെയ്ത് വെറുതെ ആപത്തില്‍ ചാടണ്ടല്ലോ. ഒന്നുകില്‍ നമുക്ക് ദൈത്യര്‍ക്ക് കടക്കാന്‍ കഴിയാത്ത ഒരു കോട്ട കെട്ടാം. നമുക്ക് ഈ കാര്യത്തില്‍ ഒത്തൊരുമ വേണം. രോഗമാറിയാതെ ഔഷധം തീരുമാനിക്കാന്‍ ആവില്ലല്ലോ. അതുകൊണ്ട് ചാരന്മാര്‍ പുറപ്പെടട്ടെ.’


ഇന്ദ്രന്‍ പറഞ്ഞതുപോലെ ചാരന്മാര്‍ പോയി വന്നു വിവരമറിയിച്ചു. ശത്രുവിന്‍റെ സൈന്യ സന്നാഹങ്ങളും ബലവും അറിഞ്ഞു ദേവന്മാര്‍ അത്ഭുതം കൂറി. തന്റെ കൂടെയുള്ളവരെ ഉല്‍സാഹപ്പെടുത്താന്‍ അദ്ദേഹം ശ്രമിച്ചു. ദേവപുരോഹിതനായ അംഗിരസ്സിനെ വിളിച്ചു വരുത്തി ഉപചാരപൂര്‍വ്വം അദ്ദേഹത്തിന്‍റെ ഉപദേശം ആരാഞ്ഞു. ‘അങ്ങേയ്ക്ക് എല്ലാമറിയാം, എന്നാലും പറയട്ടെ. അതി വീരനും ബലവാനുമായ മഹിഷന്‍ വരബലം കൊണ്ട് അഹങ്കരിച്ച്‌ നമ്മോടു പോരിടാന്‍ വരുന്നുണ്ട്. അതിനെ തടയാന്‍ അങ്ങേയ്ക്കുള്ള മന്ത്രശക്തികള്‍ എത്രയും വേഗം ഉപയോഗിക്കണം. അസുരന്മാര്‍ക്ക് അവരുടെ ഗുരുവായ ശുക്രന്‍ മന്ത്രതന്ത്രങ്ങള്‍ പഠിപ്പിക്കുന്നു. അതുപോലെ അങ്ങും ഞങ്ങളെ നയിക്കണം.’


ഗുരു പറഞ്ഞു: ’ശക്ര, ധൈര്യം കൈവിടാതിരിക്കൂ. വ്യസനം വരുമ്പോഴും ധൈര്യം കൈവിടരുത്. ജയവും തോല്‍വിയും മാറിമാറി വരും. അത് ദൈവഹിതം മാത്രമാണെന്ന് ബുദ്ധിയുള്ളവര്‍ക്കറിയാം. എങ്കിലും ലോകവ്യവഹാരത്തിനു വേണ്ടി നാം ഉചിതമായ കര്‍മ്മങ്ങള്‍ അനുഷ്ടിക്കുകയും വേണം. ഋഷിപുംഗവന്‍മാര്‍ പോലും ഇങ്ങിനെ കര്‍മ്മങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്. സുഖമോ ദുഖമോ, ഫലം എന്തുമാവട്ടെ. പ്രയത്നം അനിവാര്യമാണ്. ചിലപ്പോള്‍ പ്രയത്നം ഇല്ലാതെ കാര്യം നടന്നുവെന്നും വരാം. എന്നാല്‍ അതിനു വേണ്ടി കാത്തിരിക്കരുത്. പ്രയത്നം കൂടാതെ കിട്ടുന്ന സുഖത്തില്‍ അതിയായി ആനന്ദിക്കുകയോ പ്രയത്നം ചെയ്തിട്ടും കിട്ടാത്ത സുഖത്തെയോര്‍ത്ത് അതിയായി ദുഖിക്കുകയോ ചെയ്യരുത്. ശരീരം തന്നെ കര്‍മ്മഫലത്തിന് അധീനമാണ്. സൈന്യം, മന്ത്രം, ആലോചന, ആയുധം ഒന്നും ഉണ്ടായിട്ടു മാത്രം കാര്യമില്ല. ദൈവാധീനം ഉണ്ടായിരിക്കണം. ചിലപ്പോള്‍ ബുദ്ധിമാന്‍ വിശന്നിരിക്കുമ്പോള്‍ മൂഢന്‍ വയറുനിറച്ച് ഭക്ഷിക്കുന്നു. വീരന്‍ ചിലപ്പോള്‍ തോല്‍ക്കുന്നു, ദുര്‍ബ്ബലന്‍ ജയിക്കുന്നു. അതുകൊണ്ടൊന്നും ദുഖിച്ചിട്ടു കാര്യമില്ല. തീര്‍ച്ചയായിട്ടും പ്രയത്നം ചെയ്യണം താനും. പ്രയത്നവും ദൈവാധീനവും സമ്യക്കായി വരുകയാണ് ഉത്തമം. സുഖമോ ദുഖമോ എന്തായാലും അവയെ ഗൌനിക്കാതെയിരിക്കുക. ദുഃഖം വരുമ്പോള്‍ തന്നിലും ഏറെ ദുരിതമനുഭവിക്കുന്നവരെക്കുറിച്ച് ഓര്‍ക്കുക. സുഖം വരുമ്പോള്‍ അതിലുമേറെ സുഖം അനുഭവിക്കുന്നവരെക്കുറിച്ച് ചിന്തിക്കുക. രണ്ടും അഹങ്കാരത്തെ ശമിപ്പിക്കും. ശോകവും ഹര്‍ഷവും മനസ്സിന്‍റെ ശത്രുക്കളാണ്. ധീരന് ദുഃഖം താങ്ങാന്‍ സാധിക്കും അധീരന് അത് പറ്റില്ല. സുഖദുഖങ്ങളെ അടക്കി നിര്‍ത്തുക ദുഷ്കരം തന്നെയാണ്.



എന്നാല്‍ മനോദാര്‍ഢ്യമുണ്ടെങ്കില്‍ ഈ ദ്വന്ദങ്ങള്‍ മനസ്സിനെ ബാധിക്കുകയില്ല. ‘ആര്‍ക്കാണ് ദുഃഖം? ആരാണ് സുഖമനുഭാവിക്കുന്നത്?’ എന്നിങ്ങിനെയുള്ള ചോദ്യങ്ങള്‍ സ്വയമുള്ളില്‍ അങ്കുരിക്കുമ്പോള്‍ താന്‍ നിര്‍ഗ്ഗുണനും അനശ്വരനും ആണെന്ന ബോധം ഉണരും. ‘ഇരുപത്തിനാല് മൂലതത്വങ്ങള്‍ക്കും അതീതനാണ് ഞാന്‍. പഞ്ചഭൂതങ്ങള്‍, പഞ്ചതന്മാത്രകള്‍, കര്‍മ്മ-ജ്ഞാന പഞ്ചേന്ദ്രിയങ്ങള്‍, പ്രകൃതി, മഹത്, അഹങ്കാരം, ബുദ്ധി ഇവയൊന്നും ഞാനല്ല.’ പിന്നെ സുഖവും ദുഖവും എങ്ങിനെയെന്നെ ബാധിക്കാനാണ്? വിശപ്പും ദാഹവും പ്രാണനല്ലേ ഉള്ളത്? എനിക്കല്ലല്ലോ!. ശോകവും മോഹവും മനസ്സിനല്ലേ, എനിക്കല്ലല്ലോ! ജരയും മൃത്യുവും ദേഹത്തിനല്ലേ, എനിക്കല്ലല്ലോ! ഈ ആറുപാധികള്‍ക്കും എന്നെ തൊടാനാവില്ല. അങ്ങിനെയുള്ള ശിവനാണ് ഞാന്‍.



മനസ്സല്ല ഞാന്‍ ബുദ്ധ്യഹങ്കാരചിത്തം
വപുസ്സല്ലതിന്നുള്ള മാറ്റങ്ങളല്ല
പൃഥിവ്യാദിയല്ലല്ല നേത്രാദിയും
സച്ചിദാനന്ദരൂപന്‍ ശിവന്‍ ഞാന്‍, ശിവന്‍ ഞാന്‍.  



ദേവേന്ദ്രാ ‘ഞാന്‍ പ്രകൃതിയോ അതിന്റെ വികൃതിഗോഷ്ഠിയോ അല്ല. അപ്പോള്‍പ്പിന്നെ എനിക്കെന്തു ദുഃഖം? എനിക്കെന്തു സുഖം’ എന്ന് സദാ ഉറപ്പിച്ചുകൊണ്ട് നിര്‍മമനായിരിക്കുക. ഇതുമാത്രമേ ദുഃഖനിവാരണത്തിന് മാര്‍ഗ്ഗമായുള്ളു. സന്തോഷം ഉണ്ടാവുകയാണ് മുഖ്യം. സന്തോഷമില്ലെങ്കില്‍ സുഖമുണ്ടായാലും അതാസ്വദിക്കുന്നതെങ്ങിനെ?


കൂടെ ദേവന്മാരുണ്ട്, ബുദ്ധിയുണ്ട്,  എന്നതൊക്കെ ശരിതന്നെ,  എങ്കിലും ഒരു കാര്യം മനസ്സിലാക്കുക. പ്രാരബ്ധകര്‍മ്മങ്ങളുടെ ഫലം അനുഭവിക്കാതെ തരമില്ല. അതിനാല്‍ ഭാവി കാര്യങ്ങളില്‍ വിവേകത്തിനു പ്രാധാന്യം നല്‍കണം. അതുകൊണ്ട് സുഖദുഖങ്ങളെക്കുറിച്ച് ആകുലപ്പെട്ടതുകൊണ്ട് കാര്യമില്ല. സുഖം മൂലം പുണ്യക്ഷയമാണ് സംഭവിക്കുന്നത്. അതിനാല്‍ സുഖത്തിലാണ് ദുഃഖം. അതുപോലെ ദുഖത്തില്‍ പാപക്ഷയമാണ് ഫലം. അതില്‍ ചിന്തിക്കുന്നവര്‍ അതില്‍ സന്തോഷിക്കുകയാണ് വേണ്ടത്. പക്ഷേ, ഇത് പറഞ്ഞതുകൊണ്ട് നാം പ്രയത്നത്തില്‍ യാതൊരു വീഴ്ചയും വരുത്തരുത്. എല്ലാവരുമായി കൂടിയാലോചിച്ച് യഥാവിധി പ്രയത്നിക്കുക. സംഭവിക്കേണ്ടത് മാറ്റമില്ലാതെ സംഭവിക്കും എന്ന അറിവില്‍ പ്രയത്നങ്ങള്‍ തുടരുകതന്നെ വേണം.

No comments:

Post a Comment