ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, January 26, 2017

പിതൃവാത്സല്യത്തിന്റെ സമാനതകള്‍ ഇല്ലാത്ത ഉത്തമ ഇതിഹാസനായകനാണ് ഭീഷ്മര്‍


ശന്തനു മഹാരാജാവിന് ഗംഗാദേവിയില്‍ ജനിച്ച ദേവവൃതനാണ് പിന്നീട് ഭീഷ്മര്‍ എന്ന നാമത്തില്‍ അറിയപ്പെടാന്‍ തുടങ്ങിയത്.
ധീരനും വീരശൂരപരാക്രമിയുമായിരുന്ന ദേവവൃതന്‍, 

കുരുവംശപാരമ്പര്യത്തിന് അനുഗുണമായ രീതിയില്‍ തന്നെ വേദങ്ങളുടെ പഠനത്തിലും ആയുധവിദ്യയിലും അസാധാരണമായ മികവ് കാട്ടിയിരുന്നു. പങ്കെടുത്ത യുദ്ധങ്ങളിലെല്ലാം വിജയശ്രീലാളിതനായ ദേവവൃതരാജകുമാരന്റെ, കീര്‍ത്തി ഭാരതമെങ്ങും പരന്നിരുന്നു!! ഹസ്തിനപുര കൊട്ടാരത്തിലെ കീരീടാവകാശിയായ ദേവവൃതരാജകുമാരനെ ശന്തനുമഹാരാജാവ് ഏറെ സ്‌നേഹിക്കുകയും,  ബഹുമാനിക്കുകയും ചെയ്തിരുന്നു.


ഒരു ദിവസം ശന്തനുമഹാരാജാവ് മൃഗയാവിനോദത്തിനായി വനത്തിലൂടെ സഞ്ചരിക്കും സമയം, അസാധാരണമായ സുഗന്ധത്താല്‍ ആകര്‍ഷിതനായി. ഹൃദ്യവും, മനോജ്ഞവുമായ, ആ കസ്തുരി ഗന്ധത്തിന്റെ മാസ്മരികതയില്‍ ലയിച്ച് ശന്തനുമഹാരാജാവ് അതിന്റെ ഉറവിടം തേടി അലഞ്ഞു. ലാവണ്യവതിയും, യൗവനയുക്തമായ ഒരു സുന്ദരിയാണ് ആ സുഗന്ധത്തിന് ഉറവിടം എന്നറിഞ്ഞ രാജാവിന് അത്ഭുതമായി.
സത്യവതിയായിരുന്നു ആ സുന്ദരി!

ശന്തനുമഹാരാജാവിന് ആ സുന്ദരിയോട് അഗാധമായ പ്രണയംതോന്നി. അവളെ സ്വന്തമാക്കാന്‍ രാജാവ് മോഹിച്ചു.


മുക്കുവ കുടുംബങ്ങളുടെ പ്രമുഖനായിരുന്ന സത്യവതിയുടെ പിതാവ്.
ശാന്തനുമഹാരാജാവ് തന്റെ മോഹം സത്യവതിയുടെ പിതാവിനെ അറിയിച്ചു.
സത്യവതിയുടെ പിതാവിന് സന്തോഷമേ ഉണ്ടായിരുന്നുള്ളു, തന്റെ മകളെ മഹാരാജാവിന് വിവാഹം ചെയ്ത് കൊടുക്കാന്‍. പക്ഷെ, ദുരാഗ്രഹിയും, സ്വാര്‍ത്ഥനുമായ, സത്യവതിയുടെ പിതാവ് വിവാഹത്തിനായി ഒരു വ്യവസ്ഥ മുന്നോട്ടു വച്ചു.

ഹസ്തിനപുരി കൊട്ടാരത്തിന്റെ കീരിടവകാശി, ശന്തനുമഹാരാജാവിന് ഗംഗാദേവിയില്‍ ജനിച്ച ദേവവൃത രാജകുമാരനായിരിക്കരുത്; മറിച്ച്, തന്റെ പുത്രി സത്യവതിയില്‍ ശന്തനു മഹാരാജാവിന് ജനിക്കുന്ന കുട്ടിയായിരിക്കും ഹസ്തിനപുരകൊട്ടാരത്തിലെ കീരിടവകാശി. ഈ വ്യവസ്ഥ മഹാരാജാവിന് ഒട്ടും സ്വീകാര്യമായിരുന്നില്ല. താന്‍ ജീവന് തുല്യം സ്‌നേഹിക്കുന്ന, ദേവസമാനനായ ദേവവൃതരാജകുമാരന്‍ തന്നെയായിരിക്കണം കീരിടവകാശി എന്ന് രാജാവിന് നിര്‍ബ്ബന്ധമുണ്ടായിരുന്നു. അങ്ങനെ സുന്ദരിയായ സത്യവതിയെ വിവാഹം കഴിക്കാന്‍ പറ്റാത്തതിലുള്ള ഇച്ഛാഭംഗത്തോടും, നിരാശയോടും കൂടി മഹാരാജാവ് കൊട്ടാരത്തിലേക്ക് മടങ്ങി.


പിന്നീടുള്ള മഹാരാജാവിന്റെ ദിനങ്ങള്‍. ഇരുളിമ നിറഞ്ഞതായിരുന്നു.
സത്യവതിയോടുള്ള പ്രണയപാരവശ്യം ഒരുവശത്ത്! മകനായ ദേവവൃതനോടുള്ള സ്‌നേഹവാത്സല്യവും കരുതലും മറുവശത്ത്.
സത്യവതിയെ വിസ്മരിക്കാനാവുന്നില്ല. ദേവവൃതനെ വേദനിപ്പിക്കാനും മഹാരാജാവിന് കഴിയുന്നില്ല. രാജാവ്, ഏകനായി, മുകനായി, ചിന്തമഗ്നനായി സദാസമയം കാണപ്പെട്ടു. രാജസദസ്സില്‍ പങ്കെടുക്കാതെ, രാജ്യകാര്യങ്ങളില്‍ ശ്രദ്ധിക്കാതെ, വിഷാദമമഗ്നനായി കഴിയുന്ന പിതാവിന്റെ ദുഃഖകാരണങ്ങള്‍ തേടി, ദേവവൃതരാജകുമാരന്‍ ശന്തനുവിന്റെ അടുത്ത് എത്തി. ജീവിച്ചിരിക്കുന്ന തന്റെ ഏകമകനായ ദേവവൃതരാജകുമാരനെപ്പറ്റിയുള്ള ഉല്‍കണ്ഠയാണ് തന്റെ വിഷാദത്തിന് കാരണം എന്ന് ശന്തനുമഹാരാജാവ് പറഞ്ഞെങ്കിലും, ബുദ്ധിമാനായ ദേവവൃതരാജകുമാരന്‍ അത് വിശ്വസിച്ചില്ല.
മൃഗയാവിനോദത്തിന് രാജാവിനോടൊപ്പം പോയ സേവകനില്‍ നിന്ന് വസ്തുതകളുടെ നീചസ്ഥിതി മനസ്സിലാക്കിയ ദേവവൃതരാജകുമാരന്‍, താമസംവിനാ സത്യവതിയുടെ പിതാവിന്റെ അരികിലെത്തി.
തന്റെ പിതാവായ ശന്തനുമഹാരാജാവിന്റെ സുഖവും ക്ഷേമവുമാണ് തന്റെ ജീവിതലക്ഷ്യം. അതിനായി ഞാന്‍ സത്യം ചെയ്യുന്നു. 


ഹസ്തിനപുരകൊട്ടാരത്തിന്റെ കീരിടവകാശം ഇന്നു മുതല്‍ ഞാന്‍ ത്യജിക്കുന്നു. പക്ഷേ കുടില ചിന്തകനായ സത്യവതിയുടെ പിതാവ് ഇതില്‍ സന്തുഷ്ടനായില്ല. തന്റെ സംശയം ദേവവൃതരാജകുമാരനോട് പറഞ്ഞു.
''യുവാവായ ദേവവൃതന്‍ വിവാഹം ചെയ്താല്‍ അതില്‍ നിന്നുണ്ടാകുന്ന മക്കള്‍, ഹസ്തിനപുര കൊട്ടാരത്തിന്റെ കീരിടവകാശത്തിനായി അവകാശവാദം ഉന്നയിച്ചാല്‍.....? സത്യവതിയുടെ പിതാവിന്റെ ഇംഗിതം മനസ്സിലാക്കിയ ദേവവൃതരാജകുമാരന്‍ ഒട്ടും സംശയിച്ചില്ല. തന്റെ പിതാവായ ശന്തനുമഹാരാജാവിന്റെ സുഖവും, സംതൃപ്തിയും ആഹ്ലാദവും, ക്ഷേമവുമായിരുന്നു പുത്രനായ ദേവവൃതന്റെ ജീവിതാഭിലാഷം അതിന് മുമ്പില്‍ തന്റെ വിവാഹജീവിതമോ, കിരീടാവകാശമോ എല്ലാം ദേവവൃതന് വെറും തൃണമായി തോന്നി.

ഉറച്ച ശബ്ദത്തില്‍ ഗാംഭീര്യത്തോടെ ദേവവൃതരാജകുമാരന്‍ ഉഗ്രപ്രതിജ്ഞ എടുത്തു.

ഹസ്തിനപുരകൊട്ടാരത്തിന്റെ കീരിടാവകാശം ത്യജിക്കുക മാത്രമല്ല, മരണം വരെ അവിവാഹിതനായി ജീവിക്കുമെന്നും, ഹസ്തിനപുരം കൊട്ടാരത്തിന്റെ സംരക്ഷകനായി നിലകൊള്ളുമെന്നും പ്രതിജ്ഞ ചെയ്യുന്നു. ആ ദൃഢപ്രതിജ്ഞ കേട്ട് ആകാശത്തിലെ ദേവന്‍മാര്‍, ദേവവൃതനുമേല്‍ പുഷ്പവൃഷ്ടി നടത്തി, ഭീഷ്മ, ഭീഷ്മ എന്ന് ആഹ്ലാദരവങ്ങളോടെ പ്രഘോഷിച്ചു.
ശന്തനുമഹാരാജാവിനായി, സത്യവതിയുമായി കൊട്ടാരത്തിലേക്ക് മടങ്ങിയത്, ദേവവൃതനായിട്ടല്ല ജീവിതസായൂജ്യം നേടിയ ഭീഷ്മരായിട്ടാണ്!!

പിതാവിന്റെ സുഖത്തിനും ക്ഷേമത്തിനുമായി, വിവാഹജീവിതവും, രാജാധികാരവും വെടിഞ്ഞ, ഭീഷ്മര്‍ വാണ ഭാരതത്തിന്റെ, യുവതലമുറയുടെ വൃദ്ധമാതാപിതാക്കളോടുള്ള ഇന്നത്തെ സമീപനമോ? 
വേണ്ടാത്ത പൂച്ചയെ ചാക്കില്‍ കെട്ടി പുറംപോക്കില്‍ എറിയുന്ന ലാഘവത്തോടെ, ജീവിതത്തിന്റെ പുറംപോക്കിലേക്ക് തള്ളപ്പെടുന്ന അശരണരായ വൃദ്ധമാതാപിതാക്കളുടെ കണ്ണീര് കാണാനും വിലാപം ശ്രവിക്കാനും കഴിയാത്തവിധം മരവിച്ച ഹൃദയങ്ങള്‍ക്ക് ഉടമയായി തീര്‍ന്നിരിക്കുകയാണ് നമ്മുടെ യുവതലമുറ. അശരണരും നിരാലംബരുമായി അഗതിമന്ദിരങ്ങളില്‍ അഭയംതേടുന്ന ആ വൃദ്ധജനങ്ങളുടെ കണ്ണുകളില്‍ നിഴലിക്കുന്നത് ദുഃഖത്തിന്റെ മഹാസമുദ്രങ്ങളാണ്.


ഈ മനോഹരഭൂമിയിലൂടെ കടന്നുപോകുവാന്‍ നിമിത്തമായ മാതാപിതാക്കളെ നമുക്ക് കൃതജ്ഞതയോടെ, നന്ദിയോടെ ഓര്‍ക്കാം, സേവിക്കാം. അത് നമ്മുടെ ജീവിതത്തെ സഫലമാക്കും.

No comments:

Post a Comment