ദുര്‍മുഖം നിഹതം ശ്രുത്വാ മഹിഷ: ക്രോധാമൂര്‍ച്ഛിത:
ഉവാച ദാനവാന്‍ സര്‍വ്വാന്‍ കിം ജാതമിതി ചാസകൃത്
നിഹതൌ ദാനവൌ ശൂരൌ രണേ ദുര്‍മുഖബാഷ് കലൌ
തന്വ്യാ തത്പരമാശ്ചര്യം പശ്യന്തു ദേവ ചേഷ്ടിതം
വ്യാസന്‍ തുടര്‍ന്നു: തന്‍റെ പ്രധാനസൈന്യാധിപന്മാര്‍ കൊല്ലപ്പെട്ടതറിഞ്ഞു മഹിഷന്‍ ക്രോധാകുലനായി എങ്ങിനെയാണത് സംഭവിച്ചതെന്ന് പലവട്ടം പലരോടും ചോദിച്ചു. ‘ദൈവഹിതം എന്തെന്ന് നോക്കൂ. ഇത്ര യുദ്ധവീരന്മാരായ ബാഷ്കളദുര്‍മുഖന്മാരെ വെറുമൊരു പെണ്ണ് വധിച്ചു കളഞ്ഞല്ലോ! കാലം തന്നെയാണ് മഹാബലന്‍! എല്ലാവര്‍ക്കും സുഖദുഖങ്ങളെ അളന്നു നല്‍കുന്നത് മറ്റാരാണ്? ഈ വീരന്മാര്‍ മരിച്ചുകഴിഞ്ഞ സ്ഥിതിക്ക് ഇനിയെന്താണ് കരണീയം എന്ന് എല്ലാവരും കൂടി തീരുമാനിച്ചാലും.’ ഇതുകേട്ട് ചിക്ഷുരന്‍ എന്ന വീരന്‍ ‘ഞാനവളെ കൊല്ലാം പ്രഭോ. ഒരു പെണ്ണിനെ കൊല്ലാന്‍ ഇത്രയ്ക്ക് ആലോചിക്കാന്‍ എന്തുണ്ട്?’ എന്ന് പറഞ്ഞുകൊണ്ട് പടയുമായി പുറപ്പെട്ടു. താമ്രനെ സേനയുടെ നേതാവാക്കി.
ദൈത്യരുടെ വരവറിയിച്ചുകൊണ്ട് ഭേരികള്‍ മുഴങ്ങി. ദേവിയും ചെറിയൊരു ഞാണൊലി മുഴക്കി. പടഹധ്വനി ആകാശത്ത് മാറ്റൊലിക്കൊണ്ടു. ദേവിയുടെ ഞാണൊലി അസുരന്മാരെ ഭീതരാക്കി. അവര്‍ യുദ്ധക്കളത്തില്‍ നിന്നും പായാന്‍ തുടങ്ങുമ്പോള്‍ ചിക്ഷുരന്‍ അവരെ തടഞ്ഞു നിര്‍ത്തി ‘എന്താണ് നിങ്ങളിങ്ങിനെ ഭീരുക്കളാകുന്നത്?’ എന്ന് കയര്‍ത്തു. ‘മദം പിടിച്ച ആ സ്ത്രീയെ ഞാനിന്നു കൊല്ലുന്നുണ്ട്’ എന്നവന്‍ വീമ്പു പറഞ്ഞു. തന്‍റെ ആയുധങ്ങളുമെടുത്ത് അവന്‍ ദേവിയുടെ മുന്നില്‍ചെന്നു പറഞ്ഞു: ‘സുന്ദരീ നീയിങ്ങിനെ ശബ്ദമുണ്ടാക്കി ആരെയാണ് പേടിപ്പിക്കാന്‍ നോക്കുന്നത്? നിന്‍റെ അട്ടഹാസമൊന്നും എന്‍റെയടുക്കല്‍ വിലപ്പോവില്ല. സ്ത്രീവധം ചെയ്തു എന്നൊരു പേരുദോഷം വരുമല്ലോ എന്ന ഒരുപേക്ഷ എന്റെ ഭാഗത്തുണ്ടായി എന്നത് ശരിയാണ്. പിന്നെ പെണ്ണുങ്ങള്‍ പൊരുതുന്നത് കടക്കണ്ണിന്‍റെ മുനകള്‍ എയ്തല്ലേ? ശരിയായ യുദ്ധം നിന്നെപ്പോലുള്ള സുന്ദരിമാര്‍ക്ക് പറഞ്ഞിട്ടുള്ളതല്ല. പിച്ചിപ്പൂവു കൊണ്ടുള്ള താഡനം പോലും നിന്റെ മേനിയെ നോവിച്ചേക്കും. അങ്ങിനെയുള്ള നിന്‍റെ നേര്‍ക്ക് കൂരമ്പ് തൊടുക്കാന്‍ എനിക്ക് മടി തോന്നുന്നു. പക്ഷെ എന്തുചെയ്യാം. യുദ്ധം ചെയ്യാന്‍ വിധിച്ചവന്‍റെ കാര്യം ഇങ്ങിനെയൊക്കെയാണ്. ഈ കോമള ശരീരത്തില്‍ കൂരമ്പുകള്‍ തറയ്ക്കേണ്ടിവരുന്നത് എത്ര കഷ്ടം! തേച്ചുകുളിച്ചു പോറ്റിയ സുന്ദരമായ ദേഹത്തിലും ശത്രു മുറിവുകളുണ്ടാക്കും. കൊടും വാളാല്‍ അവയവങ്ങള്‍ ഛേദിക്കപ്പെടും!
മനുഷ്യന്‍ വാളുകൊണ്ട് മുറിവേറ്റിട്ടായാലും ധനം സമ്പാദിക്കുന്നു. ആ ധനം പിന്നീട് സുഖം നല്‍കുമെന്ന് ഉറപ്പുണ്ടോ? നീ വാസ്തവത്തില്‍ ബുദ്ധിഹീനയാണ്. യുദ്ധത്തെ കൊതിക്കുന്നത് മൂഢത്വമല്ലാതെ മറ്റെന്താണ്? ഭൌതികമായ ഭോഗസുഖത്തിനു മീതെ ഈ ലോകത്ത് എന്തെങ്കിലുമുണ്ടോ? യുദ്ധത്തിലെ കാര്യം പറയാതിരിക്കയാണ് ഭേദം. അമ്പു കൊണ്ടുള്ള മുറിവ്, വാള് കൊണ്ടുള്ള മുറിവ്, ഗദകൊണ്ടുള്ള അടി, എല്ലാം കൊണ്ട് ചത്ത് കഴിഞ്ഞാല്‍ തീ കൂട്ടി ആ സുന്ദര്‍ ദേഹം കത്തിച്ചു കലയും അല്ലെങ്കില്‍ കുറുക്കനും നരിക്കും ഭക്ഷണമാവും. വേറെ പണിയൊന്നുമില്ലാത്ത കവികളാണ് ‘പോരില്‍ മരിച്ചാല്‍ സ്വര്‍ഗ്ഗം കിട്ടും’ എന്നൊക്കെ എഴുതി വിടുന്നത്. അതുകൊണ്ട് സുന്ദരീ നീ ഇപ്പോള്‍ എവിടെയെങ്കിലും പൊയ്ക്കൊള്ളുക. അതല്ലെങ്കില്‍ ദേവാരിയായ മഹിഷനെ വരിച്ചു സുഖമായി ജീവിക്കുക.’
അപ്പോള്‍ ജഗദംബ കോപത്താല്‍ തീ പാറുന്ന കണ്ണുകള്‍ ചുവപ്പിച്ചുകൊണ്ട് പറഞ്ഞു: ‘നീയെന്തിനാണ് പണ്ഡിതഭാവത്തില്‍ ഇങ്ങിനെ പുലമ്പുന്നത്? നീതി ശാസ്ത്രമോ തര്‍ക്കശാസ്ത്രമോ നിനക്ക് വശമുണ്ടോ? നിനക്ക് ധര്‍മ്മത്തില്‍ ശ്രദ്ധയുണ്ടോ? വയോജനങ്ങളെ ബഹുമാനിച്ചു പരിചയമുണ്ടോ? അതെങ്ങിനെ? നീ സേവിക്കുന്നത് വെറുമൊരു മൂര്‍ഖനെയല്ലേ? അപ്പോള്‍പ്പിന്നെ അവന്‍റെ സ്വഭാവം കുറച്ചു നിനക്കും കിട്ടാതിരിക്കില്ല. കുറഞ്ഞത് രാജധര്‍മ്മമെങ്കിലും അറിയണം. ഞാന്‍ നിന്‍റെ പ്രഭുവായ മഹിഷന്‍റെ ചോര കണ്ടിട്ടേ മടങ്ങൂ. ജയിച്ചു വെന്നിക്കൊടി പാറിച്ച് കഴിഞ്ഞ് ഞാന്‍ സുഖിച്ചു തന്നെ കഴിഞ്ഞുകൊള്ളാം. ദേവന്മാരെ പീഡിപ്പിക്കുന്ന ആ ദൈത്യനെ കൊല്ലും ഞാന്‍. വെറുതെ ഭ്രാന്തു പറഞ്ഞു നില്‍ക്കാതെ പോരിനു വരിക. എന്നാല്‍ നിനക്കും നിന്‍റെ പ്രഭുവിനും ജീവനില്‍ ആശയുണ്ടെങ്കില്‍ പെട്ടെന്ന് പാതാളത്തിലേയ്ക്ക് ഒാടിപ്പോയ്ക്കൊള്ളുക. അവിടെ മാത്രമേ നിങ്ങള്‍ക്കായി ഒരിടമുള്ളു. അല്ല, മരണമാണ് നിനക്കൊക്കെ വേണ്ടതെങ്കില്‍ എന്നോടു പോരിടുക.’
ദേവിയുടെ വാക്കുകള്‍ കേട്ട് ഔദ്ധ്യത്യത്തോടെ അവന്‍ മേഘക്കൂട്ടങ്ങള്‍ ഒന്നിച്ചു വന്നാലെന്നപോലെ ശരജാലങ്ങള്‍ കൊണ്ട് ദേവിയെ ആക്രമിച്ചു. സര്‍പ്പങ്ങള്‍ക്കൊത്ത ശരങ്ങള്‍ കൊണ്ട് ദേവി അവയെയെല്ലാം ഒന്നൊന്നായി മുറിച്ചു വീഴ്ത്തി. പെട്ടെന്ന് ദേവി തന്‍റെ ഗദയെടുത്ത് അസുരനെ ആഞ്ഞടിച്ചു. വന്മല വീണതുപോലെ അവന്‍ തേരില്‍ മൂര്‍ച്ഛിച്ചു വീണു. അക്കാഴ്ച കണ്ടു താമ്രന്‍ ദേവിയെ ആക്രമിക്കാന്‍ ഓടിയെത്തി. ‘വരിക, വരിക അസുരവീരാ, യമാലയം നിന്നെ കാത്തിരിക്കുന്നു’ എന്ന് ദേവി അവനെ കളിയാക്കി. ‘മൂഢരായ നിങ്ങളെ യുദ്ധത്തിനയച്ചിട്ട് ആ വീരന്‍ കൊട്ടാരത്തില്‍ ഒളിച്ചിരിക്കുകയാണോ? ആ പാപി ജീവിച്ചിരിക്കുമ്പോള്‍ നിങ്ങളെ കൊന്നിട്ടെന്താണ് ഫലം? അതുകൊണ്ട് അവനോടു ചെന്ന് പറയുക, ‘ഈ പെണ്ണ് ഇപ്പോഴും യുദ്ധവീര്യം കൈവിടാതെ അക്ഷോഭ്യയായി ഇവിടെ നില്‍ക്കുന്നുണ്ട് എന്ന്. ഇതുകേട്ട താമ്രന്‍ തന്‍റെ വില്ല് കുഴിയെ കുലച്ചു ദേവിയുടെ നേര്‍ക്ക് കൂരമ്പുകള്‍ തൊടുത്തുവിട്ടു. ദേവി കോപിഷ്ഠയായി. താമ്രശരങ്ങളെയെല്ലാം ദേവി ഖണ്ഡിച്ചു. അപ്പോഴേയ്ക്കും ചിക്ഷുരന്‍ കണ്ണ് തുറന്നു. അവനും ശരമെടുത്ത് പ്രയോഗം തുടങ്ങി. രണ്ടു ദൈത്യവീരന്മാരുമായി ദേവി ഘോരമായി പൊരുതി. ശരമാരിയില്‍ പടകളുടെ മാര്‍ച്ചട്ടകള്‍ തകര്‍ന്നുപോയി. അവര്‍ക്ക് കോപം കൊണ്ട് കണ്ണ് കാണാതെയായി. അവര്‍ വീറോടെ ദേവിയുടെ നേര്‍ക്ക് ശരങ്ങള്‍ എയ്തു. വസന്തകാലത്ത് പൂത്തുനില്‍ക്കുന്ന മുരുക്കിന്‍ പൂവുപോലെ ദൈത്യസൈന്യം ശോണവര്‍ണ്ണം പൂണ്ടു. ദേവന്മാര്‍ വിസ്മയത്തോടെ ആ കാഴ്ച കണ്ട് നിന്നു. താമ്രന്‍ അപ്പോള്‍ വലിയൊരു ഇരുമ്പുലക്കയെടുത്ത് സിംഹത്തിന്‍റെ തല നോക്കി ആഞ്ഞടിച്ച് അട്ടഹസിച്ചു. ദേവി ഒട്ടും താമസിയാതെ തന്‍റെ ദിവ്യ ഖഡ്ഗം കൊണ്ട് അവന്‍റെ തലയറുത്തു. അവന്‍റെ കബന്ധം ഒന്ന് ചുറ്റിത്തിരിഞ്ഞു ഭൂമിയില്‍ പതിച്ചു. താമ്രന്‍ തലയറ്റു വീണത് കണ്ട ചിക്ഷുരന്‍ വാളുമായി ചണ്ഡികയെ ആക്രമിച്ചു. അവനു നേരെ അഞ്ചു ശരങ്ങള്‍ ഒന്നിച്ചെയ്ത് ഒന്നുകൊണ്ട് അവന്‍റെ വാള് തെറിപ്പിച്ചു. രണ്ടാമത്തെ ശരം അവന്‍റെ കൈ അറുത്തു. മറ്റു മൂന്ന് ശരങ്ങള്‍ അവന്‍റെ തല കഴുത്തില്‍ നിന്നും വേര്‍പെടുത്തി. ബലവാന്മാരായ ദൈത്യനേതാക്കള്‍ മരിച്ചു വീണപ്പോള്‍ അസുരപ്പട പേടിച്ച് ഓടി മറഞ്ഞു. ആകാശത്തുനിന്നും ദേവന്മാര്‍ സന്തോഷത്തോടെ പൂമാരി തൂകി. ‘ജഗദംബേ ജയിച്ചാലും' എന്ന് സിദ്ധചാരണഗന്ധര്‍വ്വാദികള്‍ സ്തുതി പാടി അമ്മയെ വാഴ്ത്തി.
പുനരാഖ്യാനം: ഡോ. സുകുമാര് കാനഡ. ശ്രീ ടി എസ്. തിരുമുന്പിന്റെ ഭാഷാവിവര്ത്തനം, ശ്രീ എന് വി. നമ്പ്യാതിരിയുടെ മൂലം വിവര്ത്തനം, എന്നിവയെ അവലംബിച്ച് എഴുതിയത്
No comments:
Post a Comment