അമൃതവാണി
മക്കളേ, നാനാത്വബോധം വളര്‍ത്താനല്ല എകതാബോധം വളര്‍ത്താനായിരിക്കണം നമ്മള്‍ ശ്രദ്ധിക്കേണ്ടത്. കുടുംബാംഗങ്ങളുടെ ഇഷ്ടമൂര്‍ത്തികളുടെയും, ഗുരുവിന്റെയും ചിത്രമൊഴികെ മറ്റൊന്നും പൂജാമുറിയില്‍ വയ്‌ക്കേണ്ട ആവശ്യമില്ല. ചിലര്‍ നവരാത്രി, ശിവരാത്രി, ജന്മാഷ്ടമി, രാമനവമി തുടങ്ങിയ വിശേഷദിവസങ്ങളില്‍ ഉപയോഗിക്കാനായി മറ്റു ദേവീദേവന്മാരുടെ ചിത്രങ്ങള്‍ സൂക്ഷിക്കാറുണ്ട്. അതില്‍ തെറ്റില്ല. ചിത്രങ്ങളും മുറിയും നിത്യവും വൃത്തിയാക്കണമെന്നു മാത്രം.
പാല്, ദൂധ്, മില്‍ക്ക് എന്നൊക്കെ പറഞ്ഞാലും പാലിന് മാറ്റമില്ലല്ലോ! അതുപോലെ പല നാമരൂപങ്ങളില്‍ അറിയപ്പെട്ടാലും, ഈശ്വരന്‍ ഒന്നുമാത്രം. പൂജാ മുറിയില്‍ മാത്രമല്ല, ഓരോ മുറിയിലും, പെട്ടെന്ന് കാണത്തക്കവണ്ണം ഗുരുവിന്റെയോ, ഇഷ്ടമൂര്‍ത്തിയുടെയോ ചിത്രം തൂക്കിയിടുന്നതും അവ ദിവസവും തുടച്ച് വൃത്തിയാക്കുന്നതും, ശ്രദ്ധയും ഭക്തിയും വളര്‍ത്താന്‍ നല്ലതാണ്.
പണ്ടുകാലങ്ങളില്‍ എല്ലാ വീട്ടിലും തുളസിയും, തുളസിത്തറയും ഉണ്ടായിരുന്നു. കൂടാതെ സുഗന്ധപുഷ്പങ്ങള്‍ വിടരുന്ന ചെടികളും വച്ചുപിടിപ്പിച്ചിരുന്നു. ഇന്നവയുടെ സ്ഥാനത്തൊക്കെ കള്ളിമുള്‍ച്ചെടികളും മറ്റ് അലങ്കാരച്ചെടികളുമാണ്. ഇന്നത്തെ മനുഷ്യരുടെ മനസ്സിനെയാണ് അത് കാണിക്കുന്നത്. തുളസിയോ, കൂവളമോ ഉണ്ടായിരിക്കുന്നത് വീടിന് ഐശ്വര്യമാണ്. നിത്യവും അതിന് വെള്ളം ഒഴിക്കുകയും, വീട്ടിലേക്ക് കയറി വരുമ്പോഴും, ഇറങ്ങിപ്പോകുമ്പോഴും തൊട്ടുവന്ദിക്കുകയും വേണം. നമ്മുടെ പൂര്‍വികര്‍, ഉണര്‍ന്ന് കാല്‍ തറയിലൂന്നുന്നതിന് മുന്‍പായി, ഭൂമിയെ തൊട്ടുവന്ദിച്ചിരുന്നു. വീടിന് പുറത്തിറങ്ങുമ്പോള്‍ ഉദയസൂര്യനെ നമസ്‌കരിച്ചിരുന്നു. അവര്‍ പ്രകൃതിയുമായി ഇണങ്ങി ജീവിച്ചു. എന്തിലും ഈശ്വര ചൈതന്യം കണ്ടു. അതിന്റെ ആനന്ദവും ശാന്തിയും ആരോഗ്യവും അവര്‍ക്കുണ്ടായിരുന്നു.
പൂജകള്‍ക്കുപയോഗിക്കുന്ന കറുകപ്പുല്ല്, കൂവളം, തുളസി, തെച്ചി ഇവയൊക്കെ ഔഷധഗുണമുള്ളവയാണ്. കൂടാതെ, ഇവ വീട്ടില്‍ നട്ടുവളര്‍ത്തുന്നത് അന്തരീക്ഷശുദ്ധിക്കും നല്ലതാണ്. സ്ഥലസൗകര്യമുള്ളവര്‍ക്ക് വീട്ടില്‍ത്തന്നെ ചെറിയൊരു പൂന്തോട്ടം നിര്‍മിക്കാം. അതിനുവേണ്ട ശുശ്രൂഷകള്‍ നല്‍കുന്നത് മന്ത്രം ജപിച്ചുകൊണ്ടായിരിക്കണം. അതിലെ പൂക്കള്‍ ഈശ്വരന് സമര്‍പ്പിക്കാനാണെന്നുള്ള ബോധം, ഈശ്വരസ്മരണ നിലനിര്‍ത്തുവാന്‍ സഹായിക്കും.
ഓരോരുത്തരും അവരവരുടെ പറമ്പില്‍ അഞ്ച് സെന്റ് സ്ഥലത്തില്‍ കുറഞ്ഞത് കാല്‍സെന്റ് സ്ഥലമെങ്കിലും- വൃക്ഷങ്ങളും, ചെടികളും നട്ടുവളര്‍ത്തണം. ഇത് അന്തരീക്ഷശുദ്ധിക്ക് കാരണമാകും. പ്രകൃതിയുടെ താളാത്മകതയെ നിലനിര്‍ത്തും. പണ്ടുകാലത്ത് എല്ലാ വീടുകളിലും കാവും, കുളവും ഉണ്ടായിരുന്നു. അതിന്റെ ഗുണം അവര്‍ക്ക് മാത്രമല്ല, നാടിനുമുണ്ടായിരുന്നു.
ഒരു വീടിന്റെ ഐശ്വര്യം സ്ഥിതിചെയ്യുന്നത്, അതിന്റെ മോടിയിലല്ല, വൃത്തിയിലാണ്. ദിവസവും വീടും പരിസരവും വൃത്തിയാക്കി വെയ്ക്കുവാന്‍ ശ്രദ്ധിക്കണം. അത് സ്ത്രീകളുടെയോ, അല്ലെങ്കില്‍ ആരുടെയെങ്കിലും ഒരാളുടെയോ ജോലിയാണെന്ന് കാണാതെ വീട്ടിലുള്ള എല്ലാവരും സഹകരിച്ച് ചെയ്യണം. പുറത്തുപയോഗിച്ച ചെരിപ്പ് ധരിച്ചുകൊണ്ട് വീടിനുള്ളില്‍ കയറാതിരിക്കുക, പാദം കഴുകാനായി വെള്ളം വെളിയില്‍ സൂക്ഷിക്കുക തുടങ്ങിയ ആചാരങ്ങള്‍ താന്‍ ‘ഗൃഹസ്ഥാശ്രമി’യാണെന്ന ചിന്ത നിലനിര്‍ത്താന്‍ സഹായിക്കുന്നവയാണ്.
No comments:
Post a Comment