ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Saturday, January 28, 2017

ബാഷ്കള ദുര്‍മുഖ വധം - ശ്രീമദ്‌ ദേവീഭാഗവതം. 5. 13. - ദിവസം 105.



ഇത്യുക്ത്വാ തൌ മഹാബാഹു ദൈത്യൌ ബാഷ്കല ദുര്‍മുഖൌ
ജഗ്  മതുര്‍ മദദിഗ്ദ്ധാംഗൌ സര്‍വ്വശസ്ത്രാസ്ത്ര കൊവിദൌ
തൌ ഗത്വാ സമരേ ദേവീമൂചതൂര്‍ വചനം തദാ
ദാനവൌ ച മാദോന്‍മത്തൌ മേഘഗംഭീരയാ ഗിരാ



തങ്ങളുടെ പ്രഭുവായ മഹിഷനോട് വിട പറഞ്ഞ് ബാഷ്കളനും ദുര്‍മുഖനും അവിടെ നിന്നും പുറപ്പെട്ട് യുദ്ധോല്‍സുകരായി ദേവിയുടെ സവിധമണഞ്ഞു. എന്നിട്ടവര്‍ ഇടിവെട്ടുന്ന ശബ്ദത്തില്‍ ദേവിയോട് പറഞ്ഞു: ‘മറ്റു ദേവന്മാരെയെല്ലാം കീഴടക്കിയ ദൈത്യചക്രവര്‍ത്തിയെ വരിക്കുന്നതാണ് നിനക്ക് നല്ലത്. സര്‍വ്വലക്ഷണവും ഒത്ത ഒരു മനുഷ്യന്‍റെ രൂപം ധരിച്ച് അദ്ദേഹം നിന്നെ രാജ്ഞിയാക്കും. മൂന്നുലോകത്തും ലഭിക്കാവുന്ന വിഭവങ്ങള്‍ എല്ലാം നിന്റെ കാല്‍ക്കീഴിലാക്കാന്‍ അവനു നിഷ്പ്രയാസം സാധിക്കും. സര്‍വ്വാഭരണവിഭൂഷിതനായി നിന്നെ സ്വീകരിക്കാന്‍ തയ്യാറായ അവനെ നീ വരിക്കുക. ഇതൊരു പെണ്ണിനും കൊതിക്കാവുന്ന സൌഖ്യജീവിതത്തിന് അവനോടോത്തുള്ള ജീവിതം പോലെ മറ്റൊന്നുമില്ല എന്ന് നീ അറിയുക.’


അപ്പോള്‍ ഭഗവതി ക്രുദ്ധഭാവത്തില്‍ ഇങ്ങിനെ പറഞ്ഞു: ‘നീചന്മാരേ, എന്നെക്കുറിച്ചെന്താണ് വിചാരിച്ചത്? ഞാന്‍ മഹിഷനില്‍ കാമാര്‍ത്തയായ ബുദ്ധികെട്ട വെറും പെണ്ണെന്നാണോ നിന്റെയൊക്കെ വിചാരം? നല്ല നാരിമാര്‍ കൊതിക്കുന്നത് തന്നെക്കാള്‍ മഹിമയും സൌന്ദര്യവും ബുദ്ധിയും കുലമഹിമയുമുള്ള ഒരുവനെയാണ്. അല്ലാതെ മൃഗങ്ങളില്‍ നിന്ദ്യജന്മമായ വെറുമൊരു പോത്തിനെ വരിക്കാന്‍ ഏതൊരു കുലസ്ത്രീയാണ് തയ്യാറാവുക? രണ്ടു കൊമ്പുകളുമായി നടക്കുന്ന, ഒരു വൃത്തികെട്ട രോഗമെന്നതുപോലെ വര്‍ജ്ജ്യനായ ആ അസുരനോട് നിങ്ങള്‍ പോയിപ്പറയുക – നിനക്ക് പാതാളത്തിലേയ്ക്ക് ഓടിപ്പോവാന്‍ ഒരവസരം കൂടി തരാം. അല്ലെങ്കില്‍ യുദ്ധത്തിനു വരിക. നിന്നെ കൊല്ലുകയാണ് എന്റെ ലക്ഷ്യം.’ ഇതൊക്കെ പറഞ്ഞിട്ടും നിന്‍റെ  മന്ദബുദ്ധിയില്‍ വിവരം ഉണ്ടായില്ലെങ്കില്‍ ലോകത്തൊരിടത്തും നിനക്കൊരിടമിനി കിട്ടുകയില്ല. എന്നെ പൊരുതി തോല്‍പ്പിക്കാതെ ഇനി നിനക്ക് ഗുഹയിലും മലയിലും ഒന്നും എന്നെ ഒളിച്ചു ജീവിക്കാന്‍ സാധിക്കുകയില്ല. ഇനി നിന്റെ ഇഷ്ടം പോലെ ചെയ്യാം.



വ്യാസന്‍ തുടര്‍ന്നു: അസുരന്മാര്‍ക്ക് കോപം പെരുത്തു. അവര്‍ അമ്പും വില്ലുമെടുത്തു. ദേവി ഒരലര്‍ച്ചയോടെ അവരെ സധൈര്യം എതിരിട്ടു. ദേവി അവര്‍ക്ക് നേരെ ശരവര്‍ഷം തന്നെ ഉതിര്‍ക്കുകയുണ്ടായി. ആദ്യം ബാഷ്കളന്‍ ദേവിയെ നേരിട്ടു. അപ്പോള്‍ ദുര്‍മുഖന്‍ ആ പോര് കണ്ടു നിന്നു. അമ്പ്‌, വാള്‍, ഉലക്ക എന്നീ ആയുധങ്ങള്‍ പരസ്പരം പ്രയോഗിച്ചു യുദ്ധം കൊടുമ്പിരിക്കൊണ്ടു. ദേവി ബാഷ്കളന്‍റെ നേരെ അഞ്ചു തീഷ്ണ ശരങ്ങള്‍ ഒന്നിച്ചു വര്‍ഷിച്ചു. അവനാ ശരങ്ങളെ തടഞ്ഞുവെന്നു മാത്രമല്ല സിംഹവാഹനയായ ദേവിക്കുനെരെ അവന്‍ എഴ് അമ്പുകള്‍ പകരമയച്ചു. ദേവിയും ദൈത്യന്റെ അമ്പുകളെ മുറിച്ചു വീഴ്ത്തിയിട്ട് പകരം പത്തു ശരങ്ങള്‍ തൊടുത്തു വിട്ടു. പിന്നീട് അര്‍ദ്ധചന്ദ്രാകൃതിയില്‍ ഒരു ശരമെയ്തപ്പോള്‍ അസുരന്റെ കയ്യില്‍ നിന്നും ചാപം താഴെ വീണു. അവനുടനെ ഒരു ഗദയെടുത്ത് ദേവിക്ക് നേരെ ചെന്നു. ദേവിയും തന്‍റെ ഒരു കയ്യില്‍ ഇരുന്ന ദിവ്യഗദകൊണ്ട് അവനെ നന്നായി താഡിച്ചു. താഴെവീണ അസുരന്‍ മണ്ണില്‍ നിന്നും എഴുന്നേറ്റ് ഗദകൊണ്ട് ദേവിയെ എറിഞ്ഞു. അതുകണ്ട ദേവി തന്‍റെ ദിവ്യശൂലമെടുത്ത് അവന്റെ നെഞ്ചുനോക്കിയൊന്നു ചാട്ടിയതോടെ അവന്‍റെ കഥ കഴിഞ്ഞു. പെട്ടെന്ന് അസുരസൈന്യം ഛിന്നഭിന്നമായി. ദേവന്മാര്‍ ആകാശത്ത് ജയജയാരവം മുഴക്കി.



തന്‍റെ സഹസേനാധിപന്‍ മരിച്ചു വീണത്‌ കണ്ട ദുര്‍മുഖന്‍ കോപം പൂണ്ടു ചുവന്ന കണ്ണുകളുമായി ‘പെണ്ണേ, നില്ലവിടെ’ എന്ന് ദേവിയെ ഭര്‍സിച്ചു. അവന്‍ മാര്‍ച്ചട്ടയും മറ്റുമായി രഥത്തിലേറി യുദ്ധത്തിനൊരുങ്ങിത്തന്നെയാണ് വന്നത്. അവനെ നോക്കി ദേവി ശംഖുനാദം മുഴക്കി. അസുരന്‍റെ കോപം വര്‍ദ്ധിക്കെ ദേവി തന്റെ കൂര്‍ത്തു മൂര്‍ത്ത സര്‍പ്പസദൃശബാണങ്ങള്‍ അവനു നേരെ പ്രയോഗിച്ചു. അവനും പോരില്‍ മോശമായിരുന്നില്ല. ആ ബാണങ്ങളെ അവന്‍ ഓരോന്നായി ഖണ്ഡിച്ചു. ഒരു ഗര്‍ജ്ജനത്തോടെ ജഗദംബിക വേലും, ഗദയും, തോമരങ്ങളും എല്ലാം ഓരോന്നായെടുത്ത് യുദ്ധം തുടര്‍ന്നു. അസുരന്മാരുടെ തലകള്‍ അറ്റ് വീണു ചോരപ്പുഴയില്‍ ചുരയ്ക്കപോലെ പൊങ്ങിക്കിടന്നു. ശവം തിന്നുന്ന ചെന്നായ്ക്കള്‍ യുദ്ധക്കളത്തിലപ്പോള്‍ കാണായി. പരുന്ത്, കഴുകന്‍, നായ, കുറുക്കന്‍ തുടങ്ങിയ ഹിംസ്രജന്തുക്കള്‍ക്കവിടെ മൃഷ്ടാന്നമായി. ശവഗന്ധം കാറ്റില്‍ പരന്നു. ദുര്‍മുഖന്‍ മദപ്പാടോടെ ദേവിയോട് പറഞ്ഞു: ‘കുട്ടിത്തം വിടാത്ത ചണ്ഡിപ്പെണ്ണേ, ഞാന്‍ ഇപ്പോള്‍ത്തന്നെ നിന്നെ കൊല്ലാന്‍ പോവുന്നു. അത് വേണ്ട എന്നാണെങ്കില്‍ ഓടിപ്പോയി മഹിഷനെ സേവിക്കാന്‍ ഒരുങ്ങിക്കൊള്‍ക.’



അപ്പോള്‍ ദേവി പറഞ്ഞു: ‘ചാവാനുള്ള സമയമടുത്ത വങ്കന്റെ വീരസ്യം മാത്രമാണിത്. നിന്‍റെ സുഹൃത്ത് ബാഷ്കളനെ കാലപുരിക്കയച്ചതുപോലെ നിന്നെയും ഇപ്പോള്‍ത്തന്നെ പറഞ്ഞു വിട്ടേക്കാം. അല്ല നിനക്ക് പോകണമെങ്കില്‍ ഒടിപ്പോയ്ക്കോ. അല്ലെങ്കില്‍ നിന്നെ കൊന്നിട്ടുവേണം എനിക്കാ ശുംഭന്‍ പോത്തിന്‍റെ കഥ കഴിക്കാന്‍.’ ദേവിയുടെ ഗര്‍ജ്ജനം കേട്ട് വര്‍ദ്ധിത കോപത്തോടെ അസുരന്‍ കൂടുതല്‍ ശരങ്ങള്‍ വര്‍ഷിച്ചു. അവയെല്ലാം ദേവിയുടെ അമ്പുകളാല്‍ തടയപ്പെട്ടു. ദേവിയുടെ കൂരമ്പുകള്‍ ദൈത്യനെ വശംകെടുത്തി. ഇന്ദ്രന്‍ വൃത്രനെയെന്നപോലെ ദേവി ദുര്‍മുഖനെ ആക്രമിച്ചു. ദേവിയും അസുരനുമായുള്ള യുദ്ധത്തില്‍ അവന്‍റെ വില്ലും തേരും തകര്‍ന്നു. രഥം തകര്‍ന്ന ദുര്‍മുഖന്‍ ഗദയുമെടുത്ത് ദേവിയെ നേരിട്ടു. അവന്‍ ദേവിയുടെ വാഹനമായ സിംഹത്തിന്റെ തലയ്ക്കാണ് അടിച്ചത്. സിംഹം അടി കൊണ്ടിട്ടും കൂസാതെ നിന്നു. ഗദയുമേന്തി അടിക്കാനോങ്ങി നില്‍ക്കുന്ന ദൈത്യനെ തന്‍റെ ദിവ്യ ഖഡ്ഗം കൊണ്ട് ഒരൊറ്റ വെട്ടിനു ദേവി കാലപുരിക്കയച്ചു. അവന്‍റെ തല ദൂരെ തെറിച്ചു വീണു. വാനില്‍ ജയഘോഷം മുഴങ്ങി. ദേവന്മാര്‍ ഭഗവതിയെ സ്തുതിച്ചു വാഴ്ത്തി. വാനില്‍ നിന്നും പൂക്കള്‍ വര്‍ഷിക്കപ്പെട്ടു. സിദ്ധവിദ്യാധരഗന്ധര്‍വവന്മാരും അപ്സരസ്സുകളും ദുര്‍മുഖന്‍റെ മരണവാര്‍ത്തയറിഞ്ഞ് സന്തോഷം പ്രകടിപ്പിച്ചു.



പുനരാഖ്യാനം: ഡോ. സുകുമാര് കാനഡ. ശ്രീ ടി എസ്. തിരുമുന്പിന്റെ ഭാഷാവിവര്ത്തനം, ശ്രീ എന് വി. നമ്പ്യാതിരിയുടെ മൂലം വിവര്ത്തനം, എന്നിവയെ അവലംബിച്ച് എഴുതിയത്

No comments:

Post a Comment