ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, January 25, 2017

‘ഏറു തഴുവുടല്‍’ - ജെല്ലിക്കെട്ട്



പ്രാചീനതമമായ ഹൈന്ദവസംസ്‌കൃതിക്ക് എന്തോ കുഴപ്പമുണ്ടെന്നും അതെല്ലാമൊന്ന് ശരിയാക്കിയിട്ടേ അടങ്ങുവെന്നും കരുതുന്നവരുണ്ട്. സൂക്ഷ്മമായി നിരീക്ഷിച്ചാണ് ചിട്ടയായ തെറ്റുതിരുത്തലിന് അവരിങ്ങിപ്പുറപ്പെടുന്നത്. തെറ്റുതിരുത്തി കഴിയുമ്പോഴേക്ക് ഒരുപക്ഷേ, ഹിന്ദുധര്‍മത്തില്‍ ആരും അവശേഷിക്കരുതെന്നാണ് ഈ പരിഷ്‌കാരവാദികളുടെ ഉള്ളിലിരുപ്പെന്ന് തോന്നുന്നു. ‘ഏറു തഴുവുടല്‍’ എന്ന ജെല്ലിക്കെട്ട് മുതല്‍ കോഴി ഇറച്ചി തീറ്റിക്കുന്ന ‘മഹാവീര്‍ സിംഗ് ഫോഗാട്ട്’ വരെ ഈ പരിഷ്‌കരണ പരീക്ഷണ ലാബുകളാണ്.

തമിഴ്‌നാട്ടിലെ ‘ഏറു തഴുവുടലാ’ണ് ‘ഹോട്ടസ്റ്റ് സെലിബിറിറ്റി ഓഫ് ദി ഇയര്‍’ എന്ന് വേണമെങ്കില്‍ പറയാം. 3000 വര്‍ഷങ്ങളായി ഒരു ജനതയുടെ ഉയിരിലും ഉടലിലും മണ്ണിലും മനസ്സിലും പതിഞ്ഞുപോയ സംസ്‌കാരത്തെ ഏതോ നിഗൂഢലക്ഷ്യത്തോടെ പിഴുതെടുക്കാന്‍ ഒരുമ്പെടുമ്പോള്‍ അതിനെതിരെ പ്രതിഷേധക്കനലെരിയുന്നത് നാം കാണുന്നു. കാളയുടെ ഉടലൊന്ന് തഴുകുകയെന്നേ ‘ഏറു തഴുവുടല്‍’ എന്നതിന് അര്‍ഥമുള്ളൂ. നല്ല വിത്തുകാളകളെ തിരഞ്ഞെടുക്കുന്നതിന് തദ്ദേശീയമായി ഉയിര്‍കൊണ്ട ഒരു വിനോദം. ജെല്ലിക്കെട്ടിലൂടെ നല്ല നാടന്‍ കന്നുകാലി വര്‍ഗത്തെ നിലനിര്‍ത്താന്‍ തമിഴ് കാര്‍ഷിക സംസ്‌കൃതിക്ക് കഴിഞ്ഞു.

ജെല്ലിക്കെട്ട് നിരോധനം വന്നതിലൂടെ വിത്തുകാളകളെ സംരക്ഷിക്കുന്നതിനുള്ള പ്രചോദനത്തിന്റെ തിരി തന്നെ തല്ലിക്കെടുത്തി. അവയെ കൂട്ടം കൂട്ടമായി അറവുശാലകളിലേക്ക് തള്ളിവിട്ടപ്പോള്‍ ആര്‍ക്കും ഒരു ദണ്ണവും കാണുന്നില്ല. തമിഴ്‌നാട്ടില്‍ മാത്രമുള്ള ആറുതരം ദേശീയപശുക്കളില്‍ ഒന്നായ ‘ആലമ്പടി മാട്’ തീര്‍ത്തും നാമാവശേഷമായിക്കഴിഞ്ഞു. ജെല്ലിക്കെട്ട് നിരോധനത്തിലൂടെ അവശേഷിക്കുന്നവയും ഇല്ലാതാവുകയാണ്. 1.1 ദശലക്ഷം ഉണ്ടായിരുന്ന ‘കാങ്കേയം’ എന്ന പശു ഇനി ആകെ 15000 എണ്ണമേ ബാക്കിയുള്ളൂ. തമിഴര്‍ക്ക് ഭൂമി സ്ഥാവരസ്വത്താണെങ്കില്‍ ജെല്ലിക്കെട്ടു കാളകള്‍ ജംഗമസ്വത്തുക്കളാണ്. കാരണം ജെല്ലിക്കെട്ടു കാളകള്‍ രണ്ടുലക്ഷം രൂപയ്ക്കാണ് വിറ്റുപോകുന്നത്.

എല്ലാറ്റിനുമുപരി സംഘകൃതികളില്‍ പോലും രോമാഞ്ചകഞ്ചുകമണിയിക്കുന്ന ഭാഷാപൊലിമയില്‍ വര്‍ണിച്ച തമിഴന്റെ ഓരോ അംശത്തിലും പടര്‍ന്നുപന്തലിച്ച ഒരു കായികവിനോദമാണിത്. തമിഴ്‌നാടിന്റെ സംസ്‌കാരത്തെ ക്രമത്തില്‍ നാശത്തിലേക്ക് നയിച്ച് അന്യമതങ്ങള്‍ക്ക് വേരോട്ടം നല്‍കാന്‍ ആവതു പരിശ്രമിക്കുന്ന ദ്രാവിഡപാര്‍ട്ടികള്‍ കഴിഞ്ഞ കുറെ ദശകങ്ങളായി തങ്ങളുടെ പ്രവൃത്തി ‘ശ്ലാഘനീയ’മായി ചെയ്തുവരികയാണ്. തമിഴന്റെ ഹൃദയത്തുടിപ്പായ പാട്ടും കലയുമെല്ലാം ഇന്ന് അവന് തനിക്കന്യമായ മതബോധത്തിന്റെ ചിഹ്നങ്ങളായി മാറിക്കഴിഞ്ഞു.

ജെല്ലിക്കെട്ട് അവന്റെ സംസ്‌കാരത്തിന്റെയും കാര്‍ഷികജീവിതത്തിന്റെയും നട്ടെല്ലാണ്. അതിനെക്കൂടി തകര്‍ത്താല്‍ നാടന്‍ പശുവര്‍ഗത്തെ എന്നന്നേക്കുമായി തുടച്ചുനീക്കാന്‍ കഴിയുമെന്ന് ചിലര്‍ വ്യാമോഹിക്കുന്നു. അതിലൂടെ പുത്തനായ മറ്റേതോ ഒരു സംവിധാനത്തെ പുനഃസ്ഥാപിക്കാന്‍ കോര്‍പ്പറേറ്റുകള്‍ എവിടെനിന്നോ ഗൂഢാലോചന നടത്തുകയും ചെയ്യുന്നു.
ഇവിടെയാണ് peta’ (people for the e-thical treatment of animals) ന്ന സംഘടനയുടെ പ്രസക്തി. ഇന്‍ഗ്രിഡഡ് ന്യൂകിര്‍ക്കും അലക്‌സ് പാച്ചിക്കോയും ചേര്‍ന്ന് 1980 ല്‍ സ്ഥാപിച്ച അമേരിക്കയിലെ ഒരു അവകാശസംഘടനയുടെ വരുമാനം 2014 ല്‍ 43 മില്യണ്‍ ഡോളറാണ്. ജെല്ലിക്കെട്ട് നിരോധിക്കാന്‍ മുന്‍കൈയെടുക്കുന്ന പെറ്റയ്ക്ക് മുന്‍പില്‍ കമല്‍ഹാസന്റെ പ്രസക്തമായ അഭിപ്രായം ഒരു ചോദ്യചിഹ്നംപോലെ നില്‍ക്കുന്നു. ”ജെല്ലിക്കെട്ട് നിരോധിക്കണമെന്നാണെങ്കില്‍ നമുക്ക് ബിരിയാണിയും നിരോധിക്കേണ്ടിവരും.”

യുക്തിവാദിയായ കമല്‍ എന്തുപറഞ്ഞാലും തൊണ്ടതൊടാതെ വിഴുങ്ങുന്നവര്‍ക്ക് പക്ഷെ, ഇതത്ര രുചിച്ചില്ല. രസിച്ചുമില്ല. മൃഗങ്ങളെ കഴുത്തില്‍ കത്തിവച്ച് അരിഞ്ഞുതള്ളുമ്പോള്‍ അതിനേക്കാള്‍ വലിയ ഹിംസ ജെല്ലിക്കെട്ടില്‍ നടക്കുന്നുണ്ടോ എന്നതാണ് കമലിന്റെ ചോദ്യം. ”സ്‌പെയിനിലെ ബുള്‍ഫൈറ്റുമായി ജെല്ലിക്കെട്ടിനെ താരതമ്യപ്പെടുത്തരുത്. സ്‌പെയിനില്‍ കാളകള്‍ പീഡിപ്പിക്കപ്പെടുമ്പോള്‍, തമിഴ്‌നാട്ടില്‍ അവയെ ദൈവത്തെപ്പോലെയാണ് കാണുന്നത്”- കമല്‍ഹാസന്‍ പറയുന്നു.

പശുവിനെ കൊല്ലരുതെന്ന് പറയുമ്പോള്‍ അത് ഫാസിസമാണെന്ന് പറഞ്ഞ് ബീഫ് ഫെസ്റ്റിവല്‍ നടത്തുന്നവരുണ്ട്. അവരെ സംബന്ധിച്ചിടത്തോളം ”ജെല്ലിക്കെട്ട്” നിരോധിക്കണമെന്നാണ് അഭിപ്രായം. എന്തോ ഒരു പന്തികേട് ആര്‍ക്കും തോന്നിപ്പോകില്ലേ? അതെ, പ്രാചീനമായ നമ്മുടെ സംസ്‌കൃതിയെ തകര്‍ക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്. ഇവിടെയാണ് പുതിയ സൂപ്പര്‍ഹിറ്റ് ഹിന്ദി സിനിമ ‘ദംഗല്‍’ വിചാരണയ്ക്ക് വിധേയമാക്കുന്നത്. ‘ദംഗല്‍’ എന്ന സിനിമയില്‍ മാംസം കഴിച്ചാലെ ശാരീരികബലം ഉണ്ടാവുകയുള്ളൂവെന്ന് പ്രഖ്യാപിക്കാന്‍വേണ്ടി മഹാവീര്‍സിംഗ് സ്വന്തം മക്കളെ കോഴിയിറച്ചി തീറ്റിക്കുന്ന ഒരു രംഗമുണ്ട്. കോഴിയിറച്ചിയെ പ്രോത്സാഹിപ്പിക്കുന്ന സിനിമക്കെതിരെ ആരെങ്കിലും എതിര്‍പ്പ് പ്രകടിപ്പിച്ചുവോ? യഥാര്‍ത്ഥത്തില്‍ മഹാവീര്‍സിംഗ് ഫോഗാട്ട് ഒരു സസ്യാഹാരിയാണെന്ന് എത്രപേര്‍ക്കറിയാം?

ജെല്ലിക്കെട്ടില്‍നിന്ന് ‘ദംഗലി’ലേക്കുള്ള ദൂരനമെന്താണെന്ന് നമുക്ക് നോക്കാം. താന്‍ ഇനി മുതല്‍ സമ്പൂര്‍ണ സസ്യാഹാരിയായിരിക്കുമെന്ന് സിനിമയിലെ നായകനായ അമീര്‍ഖാന്‍ പ്രസ്താവിച്ചത് 2015 മാര്‍ച്ചിലാണ്. അതായത് ദംഗലിന്റെ ഷൂട്ടിങ് ആരംഭിക്കുന്നതിന് ആറുമാസം മുന്‍പ്. കുറച്ചുകൂടി കൃത്യമായി പറഞ്ഞാല്‍ 97 കിലോഗ്രാം ശരീരഭാരത്തിലേക്ക് അമീര്‍ഖാന്‍ പരിവര്‍ത്തനം ചെയ്യപ്പെട്ടത് സമ്പൂര്‍സസ്യാഹാരം അമിതമായി കഴിച്ചതുകൊണ്ടാണെന്നര്‍ത്ഥം. സിനിമയില്‍ അമീര്‍ഖാന്‍ അവതരിപ്പിക്കുവാന്‍ പോകുന്ന മഹാവീര്‍ സിംഗ് ഫോഗാട്ട് ഒരു സസ്യാഹാരി ആയതിനാല്‍ തന്നെ ഈയൊരു ഭക്ഷണപരിവര്‍ത്തനം കഥാപാത്രത്തിന്റെ യഥാര്‍ത്ഥ ഭാവത്തെ ഉള്‍ക്കൊള്ളാന്‍ അമീറിനെ സഹായിച്ചേക്കുമെന്നും മാധ്യമലോകം അഭിപ്രായപ്പെട്ടു. (ദി ഇന്ത്യന്‍ എക്‌സ്പ്രസ്, 11 മാര്‍ച്ച് 2015). എന്നാല്‍ ഒരു വര്‍ഷത്തിനുശേഷം 2016 മാര്‍ച്ചില്‍ അമീര്‍ നല്‍കിയ അഭിമുഖത്തില്‍ 97 കിലോഗ്രാമില്‍നിന്നും 75 കിലോഗ്രാമിലേക്ക് പെട്ടെന്നൊരു പരിവര്‍ത്തനം ആവശ്യമായതിനാല്‍ ഡയറ്റീഷ്യന്റെ നിര്‍ദ്ദേശാനുസരണം ഇനി വരുന്ന മൂന്നുമാസം മത്സ്യവിഭവങ്ങളും ഭക്ഷണത്തിന്റെ ഭാഗമാക്കാന്‍ പോകുകയാണെന്ന് വ്യക്തമാക്കുകയുണ്ടായി.

താന്‍ ധാര്‍മികമായ സസ്യാഹാരിയല്ലെന്നും ആരോഗ്യത്തിന് ഏറ്റവും നല്ലതെന്ന കാരണത്താലാണ് സമ്പൂര്‍ണ സസ്യാഹാരിയായതെന്നും അമീര്‍ പറഞ്ഞു. എന്നാല്‍ ‘ദംഗല്‍’ സിനിമയില്‍ ഗുസ്തിതാരങ്ങളും അതേപോലെ സസ്യാഹാരികളുമായ മഹാവീറിനെയും മക്കളേയും അമീര്‍ ചിത്രീകരിച്ചത് മാംസാഹാരികളായിട്ടാണ്. സാംസ്‌കാരിക പ്രതിബന്ധങ്ങളെ ഭേദിച്ച് ശാരീരിക ബലത്തിനായി കോഴിയിറച്ചി കഴിക്കുന്നവരാണ് സിനിമയിലെ കഥാപാത്രങ്ങള്‍. മാംസം കഴിച്ചാലേ ശരീരബലം ഉണ്ടാകൂവെന്ന, അശാസ്ത്രീയമെന്ന് തനിക്കുപോലും അനുഭവപ്പെട്ട കാര്യത്തെ സിനിമയില്‍ ഉടനീളം ചിത്രീകരിക്കാനാണ് അമീര്‍ ശ്രമിച്ചത്. കോഴിക്കച്ചവടക്കാരന്‍ സിനിമയിലുടനീളം സുപ്രധാനകഥാപാത്രമാണെന്നത് ഓര്‍ക്കുക.

ദൈനിക് ഭാസ്‌കറില്‍ വന്ന ഒരു ഫീച്ചറില്‍ താനൊരു സസ്യാഹാരിയാണെന്ന് ഗീതാ ഫോഗാട്ട് വിവരിക്കുന്നുണ്ട്. കൃത്യമായി തന്റെ ഭക്ഷണശൈലിയും പറയുന്നു. അതിലൊന്നും ഈ കോഴിമാംസമെന്നല്ല, ഒരു മാംസവുമില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഗീതയും അനുജത്തി ബബിതയും ട്രെയിനിങ് കാലത്ത് തികഞ്ഞ സസ്യാഹാരികളായിരുന്നുവെന്ന് കോച്ച് പ്യാരാ രാം സോംധിയും വ്യക്തമാക്കിയിട്ടുണ്ട്. ബോധപൂര്‍വം മാംസാഹാരത്തിന്റെ പ്രാധാന്യം സിനിമയില്‍ അവതരിപ്പിക്കുമ്പോള്‍തന്നെ മഹാവീര്‍ സിഹ് ഫോഗാട്ട് ഒരു ഹനുമാന്‍ ഭക്തനായിരുന്നുവെന്ന കാര്യം തീര്‍ത്തും സിനിമയില്‍നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്തു. ജെല്ലിക്കെട്ടിനെതിരെ സുപ്രീംകോടതിയില്‍ കേസ് ഫയല്‍ ചെയ്ത അതേ പെറ്റ ഹോട്ടസ്റ്റ് വെജിറ്റേറിയന്‍ സെലിബ്രിറ്റി ഓഫ് ദി ഇയര്‍ ആയി അമീര്‍ഖാനെ തിരഞ്ഞെടുത്തിരുന്നു. ആ അമീര്‍ഖാന്റെ ഈ മാംസാംഹാര നടനത്തിനെതിരെ ഒരു ചെറു പ്രസ്താവനപോലും ഇറക്കിയില്ല പെറ്റ. വിചിത്രമെങ്കിലും ഇതുമൊരു സത്യമാണ്.

ഇതൊന്നും പാവം തമിഴനറിഞ്ഞില്ല. എങ്കിലും അവരാരും ചോദ്യം അറിയാതെ ചോദിച്ചുപോയി. ”ഈ ആധുനിക മൃഗസംരക്ഷകരുടെ ലിസ്റ്റില്‍ പക്ഷികള്‍ പെടുകയില്ലെ; എത്രയെത്ര കോഴികളെയാണ് അവയ്ക്ക് എഴുന്നേറ്റ് നില്‍ക്കാന്‍ പോലും സ്ഥലമില്ലാത്ത, കമ്പിക്കൂടുകളില്‍ കുത്തിനിറച്ച് യാതൊരു കാരുണ്യവും കാണിക്കാതെ ചിക്കന്‍ സ്റ്റാളുകളിലേക്ക് എത്തിക്കുന്നത്! അത് നിരോധിച്ചിട്ടു പോരെ ഞങ്ങളുടെ ജെല്ലിക്കെട്ട്?”

സംഗതി ഇത്രയേ ഉള്ളൂ. പശുക്കളെ കൊല്ലണം. കാരണം ഹിന്ദുവിന്റെ വിശ്വാസം അതിനെ കൊല്ലരുതെന്നാണ്. ജെല്ലിക്കെട്ട് നിരോധിക്കണം. കാരണം അത് ഹിന്ദുവിന്റെ സംസ്‌കൃതിയുടെ ഭാഗമാണ്. മൂവായിരത്താണ്ട് പഴക്കമുള്ള ചിലപ്പതികാരത്തിലും, കളിത്തൊകൈയിലും വീരതയുടെയും കാല്‍പനികതയുടെയും പ്രേമത്തിന്റെയും മഹത്തായ കളിയായി വാഴ്ത്തിയ ‘ഏറു തഴുവുടല്‍’ കൂടി ഇല്ലാതായാല്‍ തമിഴകം മതപരിവര്‍ത്തനത്തിന്റെ പരിസ്ഫൂര്‍ത്തീകരണത്തിന് വേദിയാകും. കാര്‍ഷിക സംവിധാനങ്ങള്‍ മാറി മറിയും. വിദേശകുത്തകകള്‍ക്കും ബ്രീഡുകള്‍ക്കും കടന്നുവരാം.
എം.ആര്‍. രാജേഷ്‌

No comments:

Post a Comment