ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, January 18, 2017

ഭക്തനോടുള്ള ഭഗവാന്റെ സ്‌നേഹം - ദര്‍ശന കഥകള്‍ - 6


ദര്‍ശന കഥകള്‍ - 6
രാത്രിയിലെ കാവല്‍ക്കാരന്‍ ഒരു ദിവസം ഒരു നാമജപഘോഷയാത്ര പോകുന്നതു കണ്ടു. നാമജപം അയാളെ വല്ലാതെ ആകര്‍ഷിച്ചു. അയാളും ആ ദിവ്യനാമം ഉരുവിടാന്‍ തുടങ്ങി.
വലിയ ഒരു കമ്പനി മന്ദിരം. മുഖ്യകവാടത്തിന് മുന്നില്‍ രണ്ട് പേരെ കാവലിന് നിയോഗിച്ചിട്ടുണ്ട്. പകല്‍ നേരത്ത് ഒരാള്‍; രാത്രിയില്‍ മറ്റൊരാള്‍.
രാത്രിയിലെ കാവല്‍ക്കാരന്‍ ഒരു ദിവസം ഒരു നാമജപഘോഷയാത്ര പോകുന്നതു കണ്ടു. നാമജപം അയാളെ വല്ലാതെ ആകര്‍ഷിച്ചു. അയാളും ആ ദിവ്യനാമം ഉരുവിടാന്‍ തുടങ്ങി.
അടുത്തദിവസം ഘോഷയാത്ര കമ്പനിയുടെ മുന്നിലൂടെ കടന്നുപോകുമ്പോള്‍ കാവല്‍ക്കാരന് ആവേശമായി അയാള്‍ തന്റെ ജോലി വിസ്മരിച്ചു ആ സംഘത്തിന്റെ ഏറ്റവും പിന്നില്‍ ചേര്‍ന്നു; നാമാലാപനത്തില്‍ ലയിച്ചു; കാലത്തു തിരിച്ചെത്തുകയും ചെയ്തു.

പക്ഷെ, കമ്പനി ഉടമയ്ക്ക് വിവരം കിട്ടിയിരുന്നു. അദ്ദേഹം കാവല്‍ക്കാരനെ വിളിപ്പിച്ചു താക്കീതു നല്‍കി. അനുസരണയോടെ അയാള്‍ മടങ്ങി.
എന്നാല്‍ അന്ന് രാത്രിയും കാവല്‍ക്കാരന് നില്‍ക്കപ്പൊറുതി ഉണ്ടായില്ല. ദൂരെനിന്ന് ഘോഷയാത്രയുടെ വരവറിഞ്ഞപ്പോഴേ ഓടിച്ചെന്നു. അതിന്റെ മുന്‍നിരയിലാണ് അയാള്‍ ചേര്‍ന്നത്. പിന്നെ സ്വയം മറന്നുള്ള നാമാലാപനത്തിന്റെ ആനന്ദലഹരിയില്‍ നടക്കുകയായി.
രണ്ടുദിവസം അങ്ങനെ കഴിഞ്ഞു. മൂന്നാം നാള്‍ കാവല്‍ക്കരന് കുറ്റബോധം തോന്നി കമ്പനി ഉടമയെ ചെന്നു കണ്ടു. താന്‍ ഘോഷയാത്രയില്‍ മൂന്നുനാളായി പങ്കെടുത്തു വരുന്നു എന്ന സത്യം അറിയിച്ചു.

”ഛീ! എന്തു മണ്ടത്തരമാണ് നിങ്ങള്‍ പറയുന്നത്? സ്വപ്‌നം കണ്ടതാണോ? ഘോഷയാത്ര പോയിക്കഴിഞ്ഞ ഉടനെ ഞാന്‍ കാവല്‍പ്പുരയില്‍ വന്നു നോക്കിയതാണല്ലോ. ജാഗ്രതയോടെ നിങ്ങള്‍ അവിടെ നില്‍ക്കുന്നത് കണ്ടാണ് മടങ്ങിയത്. എന്റെ കണ്ണുകൊണ്ട് കണ്ടതോ, നിങ്ങള്‍ പറയുന്നതോ ഞാന്‍ വിശ്വസിക്കേണ്ടത്?”
ആ ചോദ്യം കാവല്‍ക്കാരന്റെ അകക്കണ്ണു തുറപ്പിച്ചു.
കമ്പനിയുടമ കണ്ടതാണ് സത്യം. അദ്ദേഹം ഭഗവാനെ നേരില്‍ കണ്ടിരിക്കുന്നു; ഈ പാവത്തിന്റെ വേഷത്തിലാണെന്ന് മാത്രം! തന്നെ രക്ഷിക്കാന്‍ വേണ്ടി ഭഗവാന്‍ കാവല്‍ക്കാരനായി വന്നതോര്‍ത്ത് അയാള്‍ക്ക് രോമാഞ്ചമുണ്ടായി. അയാള്‍ പറഞ്ഞു:
”അങ്ങുന്നേ, എനിക്ക് ഈ ജോലിയില്‍ തുടരാന്‍ വയ്യ. ഞാന്‍ നാമജപസംഘത്തില്‍ ചേരുകയാണ്. എന്നെ പോകുവാന്‍ അനുവദിച്ചാലും!”
കാവല്‍ക്കാരന്‍ കൂടുതലൊന്നും പറയാതെ ഭഗവാന്റെ തിരുനാമം ആലപിച്ചുകൊണ്ട് പുറത്തേക്ക് നടന്നു. കമ്പനിയുടമ അദ്ഭുതത്തോടെ അയാളെ നോക്കിനിന്നു!

പി.ഐ.ശങ്കരനാരായണന്‍


No comments:

Post a Comment