ദേഹപുരി എന്നാണ് രാജ്യത്തിന്റെ പേര്. രാജാവിന്റെ പേര് മനസ്സ് എന്നും. ഒരേയൊരു മന്ത്രിയേ ഉള്ളൂ; പേര് വിവേക്.
ശക്തനാണ് രാജാവ്; സമര്‍ത്ഥനാണ് മന്ത്രി. എങ്കിലും രാജ്യഭരണം ആകെ കുഴപ്പത്തിലാണ്. അതിന് കാരണം രാജാവിനെ ആശ്രയിച്ചു കഴിയുന്ന ചില സുഹൃത്തുക്കളാണ്.
ആറു സുഹൃത്തുക്കളുണ്ട് രാജാവിന്. കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം എന്നിങ്ങനെ പേരുള്ളവര്‍. മന്ത്രിയുടെ ഉപദേശത്തെക്കാള്‍ ഈ ചീത്ത സുഹൃത്തുക്കളുടെ വാക്കുകളാണ് പരിഗണിച്ചിരുന്നത്.
സ്ത്രീകള്‍ക്കൊപ്പം നൃത്തമാടാനും, ലഹരി വസ്തുക്കള്‍ കഴിക്കാനും, ചൂതുകളിക്കാനുമൊക്കെയാണ് കൂട്ടുകാര്‍ ക്ഷണിക്കുക. അതിനിടയില്‍ മത്സരിച്ചും മോഹിച്ചും അഹങ്കരിച്ചും ഓരോ അപകടങ്ങളില്‍ അകപ്പെട്ട് രാജാവ് വിഷമിക്കാറുണ്ട്.
മന്ത്രി വിവേക് പലപ്പോഴും രാജാവിന്റെ സഹായത്തിന് എത്താറുണ്ട്. വിഷമസന്ധി തരണം ചെയ്താല്‍ രാജാവ് പശ്ചാത്താപ വിവശനാകും; മന്ത്രിയോട് മാപ്പ് ചോദിക്കുകയും ചെയ്യും.
പക്ഷെ, സുഹൃത്തുക്കള്‍ പിന്നെയും രാജാവിന്റെ പിന്നാലെ കൂടുകയായി. അവരുടെ വലയില്‍ വീണു രാജാവ് വീണ്ടും പ്രയാസങ്ങളിലാകും. അപ്പോഴും മന്ത്രിയുടെ സമയോചിതമായ ഇടപെടല്‍ രാജാവിനെ രക്ഷപ്പെടുത്തിയിരിക്കും.
ഇങ്ങനെ പലവട്ടമായപ്പോള്‍ രാജാവിന് ഒരു കാര്യം ബോധ്യമായി; തന്റെ യഥാര്‍ത്ഥ സുഹൃത്ത് വിവേകാണ്. മറ്റുള്ളവരെല്ലാം വഴിതെറ്റിച്ച് അപകടത്തിലാക്കുന്ന ദുഷ്ടസുഹൃത്തുക്കളത്രെ. തന്നെ ചൂഷണം ചെയ്തു കൊഴുത്തു തടിച്ചു നടക്കുകയാണവര്‍. ഇനി ഞാന്‍ അത് അനുവദിക്കില്ല.
മനസ്സെന്ന രാജാവ് തന്റെ കൊട്ടാരത്തില്‍നിന്ന് ആറു ചങ്ങാതിമാരെയും പുറത്താക്കി. രാജാവിന്റെ ധീരമായ നടപടിയില്‍ മന്ത്രി വിവേക് അത്യധികം സന്തോഷിച്ചു.
അടുത്ത ദിവസം പ്രഭാതത്തില്‍, പുണ്യനദിയില്‍ സ്‌നാനം കഴിച്ചുവരുന്ന രാജാവിന് മന്ത്രി വിശേഷപ്പെട്ട വസ്ത്രം നല്‍കി, ആദരവോടെ ആസനസ്ഥനാക്കിയശേഷം മന്ത്രോപദേശം ചെയ്തു.
മനസ്സെന്ന രാജാവ് ധ്യാനനിഷ്ഠനായി. ആ മുഖം പ്രകാശമാനമായി. ചുണ്ടില്‍ ഒരു പുഞ്ചിരി വിരിഞ്ഞുനിന്നു. രാജഭരണം മികച്ചതാവുന്നതിന്റെ സൂചനയായിരുന്നു അത്.
അടിച്ചുപുറത്താക്കിയ ആറു സുഹൃത്തുക്കള്‍-കാമ-ക്രോധ-ലോഭ-മദ-മാത്സര്യാദികള്‍-കൊട്ടാരത്തിലേക്ക് വീണ്ടും പ്രവേശിക്കാനുള്ള തന്ത്രങ്ങളുമായി അകലെ വന്നു നോക്കി.മന്ത്രി വിവേക് ജാഗ്രതയോടെ അതാ മുന്നില്‍ നില്‍ക്കുന്നു! എങ്ങനെ മുന്നോട്ടു പോകും? അവര്‍ മന്ത്രിയെയും രാജാവിനെയും മാറി മാറി നോക്കി. വല്ലാത്തൊരു ഭയം…. അവര്‍ ക്ഷണമാത്രയില്‍ പിന്തിരിഞ്ഞോടി!
No comments:
Post a Comment