ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Friday, January 27, 2017

പരീക്ഷിത്ത് - പുരാണകഥകൾ


ഈ പേര് എങ്ങനെ കിട്ടി? പണ്ടൊരിക്കല്‍ പാണ്ഡവന്മാര്‍ ഉപവാസത്തിനുശേഷം ഉപപ്ലാവ്യ നഗരത്തില്‍ താമസിക്കുമ്പോള്‍ ഒരു ബ്രാഹ്മണന്‍ അവിടെ വന്നു. ബ്രാഹ്മണന്‍ ഉത്തരയോട് പറഞ്ഞു. കൗരവന്മാര്‍ പരീക്ഷീണരാകുമ്പോള്‍ ഉത്തരയ്ക്കു ഒരു കുട്ടി ജനിക്കും. ആ കുട്ടി ഗര്‍ഭത്തില്‍വച്ചുതന്നെ പരീക്ഷിക്കപ്പെടും. ആ കുഞ്ഞിന് പരീക്ഷിത്ത് എന്ന് നാമകരണം ചെയ്യുമെന്നും. അങ്ങനെ ബ്രാഹ്മണന്റെ പ്രവചനം ഫലിച്ചു.


മഹാഭാരതം സൗപ്തികപര്‍വം 16-മത് അധ്യായത്തിലാണ് ഈ കഥ പറയുന്നത്. അഭിമന്യുവിന് ഉത്തരയിലുണ്ടായ ശിശുവാണ് പരീക്ഷിത്ത്. ഈ ശിശു മൃതനായിട്ടാണ് ജനിച്ചത്. അനന്തരം ശ്രീകൃഷ്ണന്‍ കുഞ്ഞിന് ജീവന്‍കൊടുത്തു രക്ഷിച്ചു. അര്‍ജുനന്റെ പൗത്രനായ പരീക്ഷിത്ത് ചന്ദ്രവംശത്തിലെ അത്യുജ്ജ്വലനായ രാജാവായിത്തീര്‍ന്നു.


കൗരവരും പാണ്ഡവരും തമ്മില്‍ ഭാരതയുദ്ധം ആരംഭിച്ചപ്പോള്‍ ഉത്തര ഗര്‍ഭിണിയായിരുന്നു. ദ്രോണപുത്രനായ അശ്വത്ഥാമാവ് അര്‍ധരാത്രിയില്‍ പാണ്ഡവരുടെ പടകുടീരത്തില്‍ പ്രവേശിച്ചു. ധൃഷ്ടദ്യുമ്‌നനെ വധിച്ചു. പിന്നീട് പാണ്ഡവരെ സംഹരിക്കുന്നതിനുവേണ്ടി ബ്രഹ്മശിരോസ്ത്രം പ്രയോഗിച്ചു. അതിനെ തടുക്കുന്നതിനുവേണ്ടി അര്‍ജ്ജുനനും ബ്രഹ്മശിരോസ്ത്രം അയച്ചു. രണ്ടു മഹാസ്ത്രങ്ങള്‍ ആകാശത്തില്‍ പായുന്നത് കണ്ട് മഹര്‍ഷിമാര്‍ പരിഭ്രാന്തരായി.


വിവരമറിഞ്ഞ് വ്യാസന്‍ ആദിയായവര്‍ രംഗത്തുവന്നു. ഉടന്‍ തന്നെ ബ്രഹ്മശിരോസ്ത്രം ഉപസംഹരിക്കുവാന്‍ രണ്ടുപേരോടും ഉപദേശിച്ചു. എന്നിട്ടും ഒരു ഫലവും ഉണ്ടായില്ല. അശ്വത്ഥാമാവിന്റെ അസ്ത്രം അഭിമന്യുവിന്റെ ഭാര്യയായ ഉത്തരയുടെ ഗര്‍ഭത്തില്‍ തറച്ചു. അസ്ത്രത്തിന്റെ ആഘാതമേറ്റ് ഗര്‍ഭസ്ഥനായ ശിശു മരിച്ചു. ഇതുകണ്ട് കോപിഷ്ഠനായി ശ്രീകൃഷ്ണന്‍ ഇങ്ങനെ പറഞ്ഞു: ”അശ്വത്ഥാമാവേ, ഗര്‍ഭത്തില്‍വച്ചു മരിച്ച ശിശു ജീവിക്കുകതന്നെ ചെയ്യും. അവന്‍ അടുത്ത കുരുരാജാവെന്ന പേരില്‍ പ്രസിദ്ധനായിത്തീരുകയും ചെയ്യും. എന്നാല്‍ നിന്റെ കാര്യം ദയനീയമാണ്. ശിശുഘാതകനായ നിന്നെ ബുദ്ധിമാന്മാര്‍ പാപി എന്നുവിളിക്കും. ശിശുഹത്യാപാപം മൂലം നീ മൂവായിരം വര്‍ഷം ഭൂമിയില്‍ അലയും. ആരും നിന്നെ അടുപ്പിക്കുകയില്ല. ആള്‍ക്കൂട്ടത്തില്‍ നിനക്ക് ഇരിപ്പിടം കിട്ടുകയില്ല. നിന്റെ ശരീരത്തില്‍ സര്‍വവ്യാധികളും പടര്‍ന്നുപിടിക്കും. എന്നാല്‍, ഈ ശിശുവാകട്ടെ സര്‍വാസ്ത്രവിദഗ്ധനായി അറുപതു സംവത്സരക്കാലം കുരുരാജാവെന്ന പേരില്‍ ഭരിക്കും.”


ഭാരതയുദ്ധം അവസാനിച്ചശേഷം ധര്‍മപുത്രന്‍ ഒരു അശ്വമേധയാഗം കഴിച്ചു. യാഗത്തില്‍ പങ്കെടുക്കുവാന്‍ വേണ്ടി ശ്രീകൃഷ്ണന്‍ ആദിയായ പ്രമുഖര്‍ ഹസ്തിനപുരത്തിലെത്തി. വിദുരര്‍ എല്ലാവരെയും വിളിച്ചുവരുത്തി. ഈ സമയം ഉത്തര മരിച്ച ശിശുവിനെ (ചാപിള്ളയെ) പ്രസവിച്ചു. എല്ലാവരും ദുഃഖിതരായി വിലപിച്ചു. ശ്രീകൃഷ്ണന്‍ അന്തഃപുരത്തില്‍ പ്രവേശിച്ചു. കുഞ്ഞിനെ പുനര്‍ജ്ജീവിപ്പിക്കണമെന്ന് എല്ലാവരും ശ്രീകൃഷ്ണനോട് അപേക്ഷിച്ചു. ശ്രീകൃഷ്ണന്‍ കുഞ്ഞിന് ജീവന്‍ കൊടുത്തനുഗ്രിച്ചു. ബ്രാഹ്മണവാക്യമനുസരിച്ച് കുഞ്ഞിന് പരീക്ഷിത്ത് എന്ന് നാമകരണം ചെയ്തു.

3, 4, 5 എന്നീ അധ്യായം മഹാഭാരതം ആദിപര്‍വം വിവാഹവും സന്താനജനനവും വിവരിക്കുന്നു-പരീക്ഷിത്ത് മാദ്രവതി എന്ന രാജകുമാരിയെ വിവാഹം കഴിച്ചു. ജനമേജയന്‍, ശ്രുതസേനന്‍, ഉഗ്രസേനന്‍, ഭീമസേനന്‍ എന്ന നാലുപുത്രന്മാര്‍ ജനിച്ചു. അങ്ങനെ സുഖമായി ജീവിച്ചു.


No comments:

Post a Comment