ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Saturday, January 21, 2017

ശിവമയം സര്‍വ്വസ്വം ശിവം തൃപ്പാദങ്ങളില്‍ അഭയം


പാപപങ്കിലമായ ഈ കലികാലത്ത് ജീവന്‍ സാധാരണ രീതിയില്‍ ആസുര ഭാവമുള്ളതായിരിക്കും. അങ്ങനെയുള്ള ജീവന്മാരെ പരിശുദ്ധമാക്കുന്നതിന് ഏറ്റവും നല്ല മാര്‍ഗ്ഗം ഏതാണെന്ന് മഹാജ്ഞാനിയായ സൂതനോട് ശഔനകമഹര്‍ഷി ആരാഞ്ഞു. അപ്പോള്‍ അതിനു മറുപടിയായി സൂതന്‍ പറഞ്ഞു: ആദിഭഗവാനായ പരമശിവന്റെ തൃപ്പാദങ്ങളില്‍ അഭയം പ്രാപിക്കുന്നതോടെ ജനങ്ങള്‍ സകല പാപങ്ങളില്‍ നിന്നും മുക്തരായി പരമമായ സദ്ഗതി പ്രാപിക്കുന്നതുമാണ്.




ശിവന്റെ ആവിര്‍ഭാവം

പ്രപഞ്ച സൃഷ്ടിക്ക് മുമ്പുള്ള നിശ്ചല ചൈതന്യത്തില്‍ സര്‍വ്വ പദാര്‍ത്ഥങ്ങളെയും വിഘടിപ്പിച്ച് വിലയിപ്പിച്ച് മറ്റൊരു നൂതന സൃഷ്ടിക്കു വേണ്ടി രംഗമൊരുക്കുന്ന പ്രക്രിയയാണ് സംഹാരം. ത്രിമൂര്‍ത്തി സങ്കല്‍പ്പത്തിലെ പരമശിവനാണ് ഈ പ്രക്രിയ അനസ്യൂതം നടത്തുന്നതെന്ന് വേദേതിഹാസപുരാണങ്ങള്‍ ഉദ്ഘോഷിക്കുന്നു. ശിവന്റെ ആവിര്‍ഭാവത്തെപ്പറ്റി വ്യത്യസ്തമായ കഥകളാണ് പുരാണങ്ങളിലുള്ളത് . കല്‍പ്പാരംഭത്തില്‍ (ബ്രഹ്മാവിന്റെ ഒരു പകല്‍) തനിക്ക് ഒരു പുത്രനുണ്ടാകണമെന്ന് ബ്രഹ്മാവ് ആഗ്രഹിച്ചപ്പോള്‍ കടും നീല നിറത്തിലുള്ള ഒരു ശിശു മടിയില്‍ പ്രത്യക്ഷപ്പെട്ടു. ഉറക്കെ കരഞ്ഞു കൊണ്ടിരുന്ന ആ ശിശുവിന് രുദ്രന്‍ എന്ന് ബ്രഹ്മാവ്‌ പേരിട്ടു.
തമോഗുണ പ്രധാനമായ സംഹാര കര്‍മ്മത്തിന്റെ ചുമതല അദ്ദേഹം രുദ്രന് നല്‍കിയെന്ന് വിഷ്ണുപുരാണത്തില്‍ പറയുന്നു.
ദേവീഭാഗവതത്തിലാകട്ടെ, ബ്രഹ്മാവിന്റെ ഭൂമദ്ധ്യത്തില്‍ നിന്നാണ് ശിവന്‍ ആവിര്‍ഭവിച്ഛതെന്നു പ്രതിപാദിക്കുന്നു.



ശിവലിംഗത്തിന്റെ മാഹാത്മ്യം

ശിവന്‍ ബ്രഹ്മരൂപിയാണ്. അതിനാല്‍ നിഷ്കളന്‍, നിരാകാരന്‍
എന്ന് വിശേഷിപ്പിക്കുന്നു. അതെ സമയം രൂപവാനാകുകയാല്‍ അദ്ദേഹത്തെ സകളന്‍ എന്നും വിശേഷിപ്പിക്കുന്നു. അതിനാല്‍ അദ്ദേഹം സകളനും നിഷ്കളനും ആണ്. ഈ രണ്ട് അവസ്ഥകളും ചേരുന്ന ഭാവത്തെയാണ് പരമാത്മ സങ്കല്‍പ്പമായി കരുതുന്നതും. അതുകൊണ്ടാണ് ശിവനെ രണ്ടു രൂപത്തില്‍ പൂജിക്കുന്നത്. അതായത് നിരാകാര സങ്കല്‍പ്പത്തിനടിസ്ഥാനമായ ലിംഗപൂജയും, മറ്റൊന്ന് സകള സങ്കല്‍പ്പത്തിനടിസ്ഥാനമായ മൂര്‍ത്തി അഥവാ വിഗ്രഹ പൂജയും. മറ്റു ദേവതകള്‍ക്ക് മൂര്‍ത്തിരൂപം മാത്രമുള്ളതിനാല്‍ ലിംഗപൂജ അനുവദനീയമല്ല.


ഒരിക്കല്‍ അനന്തശായിയായ മഹാവിഷ്ണുവും, വേദജ്ഞരില്‍ ശ്രേഷ്ഠനായ ബ്രഹ്മാവും തങ്ങളിലാരാണ് പ്രഗത്ഭരെന്നു തെളിയിക്കാന്‍ തയാറെടുത്തു. വിവാദം മൂത്തപ്പോള്‍ വിഷ്ണു, ബ്രഹ്മാവിന്റെ മേല്‍ മഹേശ്വരാസ്ത്രം പ്രയോഗിച്ചു. അതികോപവാനായ ബ്രഹ്മാവ്‌ ഭൂമിയെ വിറപ്പിച്ചുകൊണ്ട്‌ വിഷ്ണുവിന്റെ മാറിലേക്ക്‌ പശുപതാസ്ത്രം അയച്ചു. ആ അസ്ത്രങ്ങള്‍ കത്തി ജ്വലിച്ച് ആകാശത്തിലേക്കുയര്‍ന്നു. ഇതുകണ്ട് ഭയന്ന് വിറച്ച ദേവന്മാര്‍ ശിവനെ കണ്ട് വൃത്താന്തമെല്ലാം ധരിപ്പിച്ചു. ഭഗവാന്‍ ശിവനാകട്ടെ അസ്ത്രങ്ങളുടെ നടുവില്‍ ഒരു തീ സ്തംഭമായിട്ട് നില കൊണ്ടു. അസ്ത്രങ്ങള്‍ ആ അഗ്നിസ്തംഭത്തില്‍ തട്ടി ശമിച്ചു . ഇതുകണ്ട് വിഷ്ണുവും ബ്രഹ്മാവും ഈ അഗ്നിസ്തംഭത്തിന്റെ ആദിയും അന്തവും കണ്ടുപിടിക്കാന്‍ തയ്യാറായി.

 വിഷ്ണുവാകട്ടെ താഴത്തെ അഗ്രം കണ്ടുപിടിക്കുന്നതിനായി വരാഹ (പന്നിയുടെ) രൂപത്തില്‍ കീഴ്പ്പോട്ടു പോയി. ബ്രഹ്മാവാകട്ടെ അഗ്നിസ്തംഭത്തിന്റെ മുകളറ്റം കണ്ടുപിടിക്കുന്നതിനായി ഹംസ രൂപത്തില്‍ യാത്രയായി. ആദിഭാഗം കാണാന്‍ സാധിക്കാതെ വിഷ്ണു ക്ഷീണിതനായി പുറപ്പെട്ട സ്ഥാനത്ത് മടങ്ങിയെത്തി. ബ്രഹ്മാവ്‌ വഴിക്കുവച്ച് ഒരു കൈതപ്പൂ (താഴമ്പൂ) വിനെ കണ്ടു. (ഭഗവാന്‍ പരമേശ്വരന്‍ അവരെ
പരിഹസിക്കാനാണ് കൈതപ്പൂവിനെ വീഴിച്ചത് ). കൈതപ്പൂ സ്തംഭത്തിന്റെ അവസാനം കണ്ടുപിടിച്ചതായി ബ്രഹ്മാവിനോട് കള്ളം പറയാന്‍ നിര്‍ബന്ധിച്ചു. ആ കൈതപ്പൂ അതിനു സാക്ഷിയായി. കള്ളം പറഞ്ഞ ബ്രഹ്മാവിനെ ശിക്ഷിക്കാന്‍ ശിവന്‍ തന്റെ പുരികങ്ങളുടെ നടുവില്‍ നിന്ന് അത്ഭുതകരമായി കാലഭൈരവനെ സൃഷ്ടിച്ചു. കാലഭൈരവന്‍ ഭഗവാനെ വണങ്ങിയിട്ട്, കല്‍പ്പനപ്രകാരം ബ്രഹ്മാവിന്റെ അഞ്ചാമത്തെ തല (ആ തല കൊണ്ടാണ് കള്ളം പറഞ്ഞത്) വാളുകൊണ്ട് ച്ചേദിച്ചു. അതോടെ ബ്രഹ്മാവ് ചതുര്‍മുഖന്‍ എന്ന പേരിലറിയപ്പെട്ടു. വിഷ്ണുവില്‍ സന്തുഷ്ടനായ ശിവന്‍ തനിക്ക് തുല്യമായ സ്ഥാനവും വിഗ്രഹാരാധനയും എന്നേക്കും ജനങ്ങളില്‍ നിന്നും ഉണ്ടാവുന്നതുമാണെന്ന് അനുഗ്രഹിച്ചു. അങ്ങനെയാണ് വിഷ്ണുവിന് വിഗ്രഹാരാധന രൂപം കൊണ്ടത്‌. ബ്രഹ്മാവ്‌ ക്ഷമാപണം അര്‍പ്പിച്ചത് നിമിത്തം യജ്ഞത്തില്‍ ഗുരുവായിരിക്കാന്‍ പരമേശ്വരന്‍ നിര്‍ദ്ദേശിച്ചു. തന്നിമിത്തം ബ്രഹ്മാവിന് പൂജയോ ഉത്സവമോ ജനങ്ങളില്‍ നിന്നും ഇല്ലാതെയായി. കള്ള സാക്ഷിയായ കൈതപ്പൂവിനെ പൂജക്കെടുക്കാത്തതും, ദേവദര്‍ശനം ലഭ്യമായതിനാല്‍ വിതാനമെന്ന പേരില്‍ ഭഗവാന്റെ മേല്‍ഭാഗത്ത് വിരാജിക്കാനും അനുമതി നല്‍കി.



ബ്രഹ്മാവും വിഷ്ണുവും മഹേശ്വരനെ ദ്രവ്യങ്ങള്‍ കൊണ്ടും മനസ്സുകൊണ്ടും വാക്ക് കൊണ്ടും ദേവന്മാരോടൊപ്പം പൂജിച്ചു. അന്ന് ഒരു ശിവരാത്രി ദിവസം കൂടിയായിരുന്നു. ജ്യോതിര്‍മയ സ്തംഭരൂപത്തില്‍ ആവിര്‍ഭവിച്ചതാകട്ടെ ധനുമാസത്തിലെ തിരുവാതിര നക്ഷത്രത്തോട് കൂടിയ വെളുത്ത പക്ഷമോ പ്രതിപദമോ ആയിരുന്നു. ആ ജ്യോതിര്‍മയ സ്തംഭമാണ് ചെറുതായി ലിംഗരൂപത്തില്‍ ഭക്തര്‍ക്ക്‌ ദര്‍ശനം നല്‍കുന്നത്. അഗ്നിസ്തംഭം പോലെ കാണപ്പെട്ട സ്ഥലം പില്‍ക്കാലത്ത് അരുണാചലം (തമിഴ്നാട്ടില്‍) എന്ന പേരില്‍ അറിയപ്പെടുന്നു. അവിടെ പല തരത്തിലുള്ള തീര്‍ത്ഥങ്ങള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അങ്ങനെയാണ് ലിംഗപൂജ ഏറ്റവും പ്രാധാന്യമര്‍ഹിച്ചത്. ലിംഗപൂജകൊണ്ട് എല്ലാവിധ സൌഖ്യവും അതോടെ മോക്ഷവും ലഭിക്കുന്നതാണ്. ശിവലിംഗമില്ലാതെ വെറും വിഗ്രഹം മാത്രമുള്ളത് ക്ഷേത്രമെന്ന് പറയപ്പെടുന്നില്ല.




പ്രണവത്തിലെ അഞ്ചു കൃത്യങ്ങള്‍

പ്രണവസ്വരൂപനായ ഭഗവാന് അഞ്ചുകൃത്യങ്ങളാണ് സമഷ്ടചരാചരങ്ങളുടെയും നിലനില്‍പ്പിന് പ്രയോജനപ്പെടുന്നത് . സൃഷ്ടി, പാലനം, സംഹാരം, തിരോഭാവം, അനുഗ്രഹം ഇവയാണ് അഞ്ചു കൃത്യങ്ങള്‍. ലോക രചനക്കുള്ള ആരംഭത്തിനാണ് സൃഷ്ടി അഥവാ സര്‍ഗ്ഗം എന്ന് പറയുന്നത്. സൃഷ്ടി സുസ്ഥിരമായി ഇരിക്കുന്നതിനെയാണ് പാലനം കൊണ്ടു വിശേഷിപ്പിക്കുന്നത്. അതിന്റെ വിനാശമാണ് സംഹാരം. പ്രാണങ്ങളുടെ ഉല്‍ക്രമണത്തിന്‌ തിരോഭാവം എന്ന് പറയുന്നു. ഇവയില്‍ നിന്നെല്ലാം വിട്ടുമാറി ഭഗവദ് പാദത്തില്‍ ചേരുന്നതാണ് മോക്ഷം. സൃഷ്ടി ഭൂമിയിലും, സ്ഥിതി ജലത്തിലും, സംഹാരം അഗ്നിയിലും, തിരോഭാവം വായുവിലും, അനുഗ്രഹം ആകാശത്തിലും നില നില്‍ക്കുന്നു. ഇതാണ് പഞ്ചഭൂതാവസ്ഥ എന്ന് വിശേഷിപ്പിക്കുന്നതും. ഈ അഞ്ചു കൃത്യങ്ങളുടെയും ധാതാവായതുകൊണ്ട് ശിവനെ പഞ്ചമുഖന്‍ എന്നറിയപ്പെടുന്നു. വിഷ്ണുവും ബ്രഹ്മാവും തപസ്സുചെയ്തു സൃഷ്ടിയും സ്ഥിതിയും യഥാക്രമം നേടിയിട്ടുണ്ട്. വിഭൂതി (ഭസ്മം) ആകട്ടെ സംഹാരത്തിന്റെയും തിരോഭാവത്തിന്റെയും പ്രതീകമാണ്.


ഭഗവാന്‍ വാച്യനും, ഓംകാരം വാചകവുമാണ്. ഭഗവാന്റെ വടക്കേ മുഖത്തു നിന്ന് ഉകാരവും, തെക്കേ മുഖത്തു നിന്ന് മകാരവും, കിഴക്കേ മുഖത്തു നിന്ന് ബിന്ദുവും, മദ്ധ്യഭാഗത്തുള്ള മുഖത്തു നിന്ന് നാദവും ഉണ്ടായി. ഇതാണ് 'ഓം' എന്ന പ്രണവ മന്ത്രം . ഇത് നിരാകാരത്തെ പ്രതിനിധീകരിക്കുന്നു. ഇതില്‍ നിന്നാണ് 'ഓം! നമശിവായ!' എന്ന പഞ്ചാക്ഷരമുണ്ടായത്. ഇത് സകള രൂപത്തെ പ്രതിപാദിക്കുന്നു. പഞ്ചാക്ഷര മന്ത്രത്തില്‍ നിന്നും ശിരോമന്ത്രത്തോടുകൂടിയ ഗായത്രി ഉണ്ടായി. ഗായത്രിയില്‍ നിന്നും വേദങ്ങള്‍ മുഴുവനും ഉണ്ടായി. വേദങ്ങളില്‍ നിന്ന് കോടിക്കണക്കിന് മന്ത്രങ്ങള്‍ രൂപാന്തരപ്പെട്ടു. മന്ത്രസമുച്ഛയത്തില്‍ നിന്ന് ഭോഗവും മോക്ഷവും സിദ്ധമായി. ലിംഗത്തിന് ഓംകാര മന്ത്രം കൊണ്ടും, മൂര്‍ത്തിക്ക് പഞ്ചാക്ഷര മന്ത്രം കൊണ്ടും പൂജ നടത്തണം.



ഓംകാരം

ഓംകാരത്തിലെ ബിന്ദു രൂപം മാതാവായ ഉമാദേവിയെയും, നാദരൂപം പിതാവായ ശിവനെയും പ്രതിപാദിക്കുന്നു. അപ്പോള്‍ ഓംകാരം പരാശക്തി (ശിവശക്തിമയം അഥവാ സ്ത്രീപുരുഷ സംയോഗം) എന്ന തത്വത്തെയാണ് വെളിപ്പെടുത്തുന്നത്. സ്ത്രീപുരുഷ സംയോഗത്തില്‍ സകല ചരാചരങ്ങളും അനസ്യൂതം നില കൊള്ളുന്നു എന്ന് വ്യക്തം.


ശിവലിംഗം മാതാപിതാ സ്വരൂപമാണല്ലോ. ശിവന്‍ പുരുഷ രൂപനും, ശക്തി പ്രക്രുതിയുമാണ്. അവ്യക്തവും ആന്തരികവും അടിസ്ഥാന രൂപവുമായ ഗര്‍ഭത്തെ പുരുഷനെന്നു പറയുന്നു. സുവ്യക്തവും ആന്തരികവും അടിസ്ഥാന ഭൂതവുമായ ഗര്‍ഭത്തെ പ്രകൃതിയെന്നും വിശേഷിപ്പിക്കുന്നു. പുരുഷന്‍ ആദിഗര്‍ഭനാണ്. അവന്‍ പ്രകൃതിരൂപമായ ഗര്ഭത്തോട് കൂടിയവനാകുകയാല്‍ ഗര്‍ഭവാനാണ്. അവന്‍ തന്നെയാണ് പ്രകൃതിയുടെ ജനകന്‍. പ്രകൃതിയില്‍ ഏതൊരു പുരുഷന്റെയാണോ സംയോഗമുണ്ടാകുന്നത് ആ പുരുഷനില്‍ നിന്ന് തന്നെയാണ് പ്രകൃതിയുടെ ആദ്യ ജന്മവും. അങ്ങനെയുള്ള പ്രകൃതിയില്‍ മഹത്തത്വം അനുസരിച്ച് ഏതൊരു ലോകമാതാവാണോ വ്യക്തമാകുന്നത് അത് തന്നെയാണ് ആ പ്രകൃതിയുടെ രണ്ടാം ജന്മമെന്നു അറിയപ്പെടുന്നതും. പുരുഷനില്‍ നിന്ന് തന്നെയാണ് ജീവന്‍, ജന്മവും മരണവും പ്രാപിക്കുന്നത്. മായയില്‍ കൂടി പ്രത്യക്ഷമാകുന്നതിനെ ജന്മവും, അപ്രത്യക്ഷമാകുന്നതിനെ മരണവും എന്ന് പറയുന്നു. ജീവന്‍ വിവിധ കര്‍മ്മങ്ങള്‍ വഴി ബന്ധനത്തില്‍പ്പെടുന്നു. അതിനാല്‍ ജനന മരണ രൂപത്തിലുള്ള ബന്ധനത്തിന്റെ നിവൃത്തിക്കുവേണ്ടി ജന്മത്തിന്റെ അടിസ്ഥാനകാരണമായ മാത്രുപിത്രുസ്വരൂപമായ ശിവലിംഗത്തെ പൂജിക്കേണ്ടത്‌ അത്യാവശ്യമാണ്. അപ്പോള്‍ ശിവലിംഗ പൂജ മോക്ഷദായകമാണെന്ന് വ്യക്തം. ശിവലിംഗത്തില്‍ പശുവിന്‍പാല്‍, തൈര്, നെയ്യ് ഇവകൊണ്ട് അഭിഷേകം ചെയ്യണം. പാലും അന്നവും ശര്‍ക്കരയും ചേര്‍ത്ത് നൈവേദ്യം തയ്യാറാക്കി പ്രണവമന്ത്രം ഉച്ചരിച്ചുകൊണ്ട് ഭഗവാന് സമര്‍പ്പിക്കണം.




പാര്‍വ്വതി സ്വയംവരം

ഹിമവാന്റെയും മേനയുടെയും പുത്രിയായി പാര്‍വ്വതി ചൈത്രമാസത്തിലെ നവമിതിഥിയും, മകയിരം നക്ഷത്രവും കൂടിയ ദിവസം അര്‍ദ്ധരാത്രി സമയത്ത് ചന്ദ്രമണ്ഡഃലത്ത് നിന്ന്  ആകാശഗംഗയെന്നപോലെ  ദേവീരൂപത്തില്‍ ജാഥയായി. നീല താമരദളം പോലെ ശോഭയുള്ളതും , ശ്യാമവര്‍ണ്ണവുമായിരുന്നു ദേവി. ആ സമയത്ത് വിഷ്ണു മുതലായ സകല ദേവന്മാരും അവിടെ സന്ഹിതരായിരുന്നു. ആ ജഗദംബയുടെ ദര്‍ശനം ലഭിച്ച് എല്ലാപേരും സന്തോഷപുളകിതരായി. കന്യകാ പ്രായമെത്തിയ ദേവിയെ ദേവ ഋഷികളാല്‍ പ്രേരിതനായ ഹിമവാന്‍ ശിവന് കന്യാധാനം നടത്തി.



"ഇമാം കന്യാം തുഭ്യമഹം ദദാമി പരമേശ്വര
ഭാര്യാര്‍ത്ഥം പരിഗൃഹ്നീഷ ! പ്രസീദ സകലേശ്വരാ!

(അല്ലയോ പരമേശ്വര, ഞാന്‍ എന്റെ കന്യകയെ അങ്ങേക്ക് നല്‍കുന്നു , അവിടന്ന് ഇവളെ ഭാര്യയാക്കുന്നതിനു സ്വീകരിച്ചാലും. സര്‍വ്വേശ്വര, ഈ കന്യാദാനത്താല്‍ അവിടന്ന് സന്തുഷ്ടനായാലും)

ശിവന്‍ പാര്‍വ്വതിയുടെ ശിരസ്സില്‍ സിന്ദൂര ദാനം നടത്തി. അതോടെ പാര്‍വ്വതിയുടെ ശോഭ അത്ഭുതകരവും അവര്‍ണ്ണനീയവുമായി ഭവിച്ചു. പിന്നീട് രതിയുടെ അപേക്ഷപ്രകാരം അവളുടെ ഭര്‍ത്താവ് കാമദേവനെ ശിവന്‍ പുനര്‍ജീവിപ്പിച്ചുകൊടുത്തു.




കാമദേവനെ ശിവന്‍ ഭസ്മമാക്കിയത്തിന്റെ കാരണം ചുവടെ വിവരിക്കുന്നു

ബ്രഹ്മദേവന്റെ പുത്രനായ മരീചിയുടെ പുത്രനാണ് കശ്യപന്‍. പതിമൂന്ന് ദക്ഷപുത്രിമാരില്‍ മൂത്തവളായ ദിദിയില്‍ കശ്യപന് ജനിച്ച പുത്രന്മാരാണ് ഹിരണ്യാക്ഷനും ഹിരണ്യകശിപും. അസുര ജനനമെടുത്തതിനാല്‍ ഇന്ദ്രനെയും ദേവന്മാരെയും നിരന്തരം പീഡിപ്പിച്ചിരുന്നു. അവരെ വിഷ്ണു ഭഗവാന്‍ കൊല്ലുകയുണ്ടായി. ദിദി വീണ്ടും ഗര്‍ഭിണി ആയപ്പോള്‍ ഇന്ദ്രന്‍ യോഗശക്തിയാല്‍ ഗര്‍ഭത്തില്‍ പ്രവേശിച്ച് വജ്രായുധം കൊണ്ട് ഗര്‍ഭസ്ഥ ശിശുവിനെ വീണ്ടും വീണ്ടും മുറിച്ചു. ദിദിയുടെ വൃതശക്തിയാല്‍ അത് നാല്‍പ്പത്തിയൊമ്പത് പുത്രന്മാരായി ഭവിച്ചു. അവര്‍ പിന്നീട് ദേവന്മാരായി ഇന്ദ്രനോടൊപ്പം സ്വര്‍ഗ്ഗത്തിലെത്തി. കശ്യപന് ദിദിയില്‍ പിന്നീട് വജ്രാംഗനെന്ന പേരില്‍ ദേവതുല്യനായ ഒരു പുത്രന്‍ ജനിച്ചു. അമ്മയുടെ നിര്‍ദ്ദേശപ്രകാരം പിന്നീട് അവന്‍ ഇന്ദ്രനെ ആക്രമിച്ചു. ഒടുവില്‍ ആസുരഭാവം ഉപേക്ഷിച്ച് സാത്വികനായി. ബ്രഹ്മദേവന്‍ അവനു വരാംഗി എന്ന കന്യകയെ സൃഷ്ടിച്ചു നല്‍കി. കാമിനിയായ അവള്‍ ഭര്‍ത്താവിനോട് മഹാശക്തനും, മൂന്നുലോകങ്ങളെയും ജയിക്കുന്നവനും, ഇന്ദ്രനെ ദുഖിപ്പിക്കുന്നവനുമായ ഒരു പുത്രനെ നല്‍കാന്‍ ആവശ്യപ്പെട്ടു. മനസ്സില്ലാമനസ്സോടെ വജ്രാംഗന്‍ ബ്രഹ്മദേവനെ തപസ്സു ചെയ്ത് അനുഗ്രഹം വാങ്ങി.    


അനന്തരം വരാംഗി ഗര്‍ഭിണിയായി, താരകനെന്ന പുത്രന് ജന്മം നല്‍കി. കഠിന തപസ്സനുഷ്ടിച്ച് താരകന്‍ രണ്ടു വരം ബ്രഹ്മദേവനില്‍ നിന്നും കരസ്ഥമാക്കി. ഒന്നാമത്, തന്നെപോലെ ബലവാനായി ഒരു പുരുഷനും ഈ ലോകത്ത് ഉണ്ടാവരുത്. രണ്ടാമത്, ശിവന്റെ വീര്യത്തില്‍ നിന്നുണ്ടാകുന്ന പുത്രന്‍ തന്നില്‍ ആയുധം പ്രയോഗിച്ചാല്‍ മാത്രമേ മരണം സംഭാവിക്കാവൂ. അതോടെ താരകന് അസുരഭാവം ഉടെലുടുക്കുകയും ദേവന്മാരെയും ഇന്ദ്രനെയും പീഡിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. ബ്രഹ്മദേവനോ, വിഷ്ണുവിനോ, ശിവനോ തോല്‍പ്പിക്കാന്‍ പറ്റാത്ത രീതിയില്‍ താരകാസുരന്‍ വളര്‍ന്നു കഴിഞ്ഞു. ഇതേസമയം ദക്ഷന്റെ പുത്രി സതി ദക്ഷയാഗാഗ്നിയില്‍ സ്വദേഹം ഉപേക്ഷിച്ച് ഹിമവാന്റെയും മേനയുടെയും പുത്രി പാര്‍വ്വതിയായിട്ടു ജനിക്കുകയുണ്ടായി. ശിവനും പാര്‍വ്വതിക്കും കൂടി ജനിക്കുന്ന ഒരു പുത്രന് മാത്രമേ താരകാസുരനെ വധിക്കാന്‍ സാധിക്കുകയുള്ളൂ. പാര്‍വ്വതി യവ്വനാവസ്ഥയില്‍ എത്തി. എന്നാല്‍ ശിവനാകട്ടെ ഉത്തമ തപനുഷ്ടിച്ചു കൊണ്ടിരുന്നു. ഇതറിഞ്ഞ ഇന്ദ്രന്‍ കാമദേവനെ അനുനയിപ്പിച്ച് ശിവന്റെ തപസ്സു മുടക്കാന്‍ ആവശ്യപ്പെട്ടു. കാമാസ്ത്രങ്ങള്‍ കൊണ്ട് ചഞ്ചലനായ ശിവനാകട്ടെ, തന്റെ മൂന്നാം കണ്ണില്‍ നിന്നും അഗ്നി ജ്വലിപ്പിച്ച് കാമദേവനെ ഭസ്മമാക്കി.



ശിവ-പാര്‍വ്വതി സംയോഗത്തില്‍, സ്കന്ദന്‍ (കാര്‍ത്തികേയന്‍, സുബ്രമണ്യന്‍, മുരുകന്‍, ആറുമുഖന്‍ എന്നീ നാമങ്ങളിലറിയപ്പെടുന്നു ) ജനിച്ച് താരകാസുരനെ വധിച്ച്‌ ദേവന്മാര്‍ക്കും ഭക്തര്‍ക്കും ശാന്തിയും സമാധാനവും പ്രദാനം ചെയ്തു. പാര്‍വ്വതി സ്വശരീരത്തില്‍ നിന്നും ഗണേശനെ ജനിപ്പിച്ച് കാവല്‍ക്കാരനായി നിയോഗിച്ചു. കഥയറിയാതെ, ശിവന്‍ എത്തിയപ്പോള്‍ ഗണേശന്‍ ശിവന് പ്രവേശനം നിഷേഷിച്ചു. ഭൂതഗണങ്ങള്‍ക്ക് പോലും തോല്‍പ്പിക്കാന്‍ സാധിക്കാതെ വന്നപ്പോള്‍, ശിവന്‍ ത്രിശൂലം പ്രയോഗിച്ച് ഗണേശന്റെ ശിരസ്സ് ച്ചേദിച്ചു. ഇതറിഞ്ഞ പാര്‍വ്വതി അതീവ ദുഖിതയായി. ദേവന്മാര്‍ ശിവനെ വിവരമെല്ലാം ധരിപ്പിക്കുകയും, വടക്ക് ദിക്കില്‍ ഏതു ജീവിയെ ആദ്യം കാണുന്നുവോ അതിന്റെ ശിരസ്സ് മുറിച്ച് ഗണേഷിന്റെ ശിരസ്സില്‍ ചേര്‍ക്കാന്‍ ശിവന്‍ നിര്‍ദ്ദേശിച്ചു. അങ്ങനെ കണ്ട ഒറ്റകൊമ്പുള്ള ആനയുടെ ശിരസ്സ് മുറിച്ചുകൊണ്ടുവന്ന് ബാലന്റെ ശിരസ്സില്‍
വേദമാന്ത്രോച്ചാരണത്തോടെ ചേര്‍ത്ത് പിടിപ്പിച്ചു. ശിവന്‍ ഗണേശന് സര്‍വ്വദ്ധ്യക്ഷപദം പ്രദാനം ചെയ്തതോടെ ആദ്യപൂജക്ക് അര്‍ഹനായി അംഗീകരിക്കുകയും ചെയ്തു.




അര്‍ദ്ധനാരീശ്വര തത്വം

ആദി സൃഷ്ടിയില്‍ ബ്രഹ്മാവിനാല്‍ നിര്‍മ്മിക്കപ്പെട്ട സകല ജീവികളും വളര്‍ന്ന് വികസിച്ചിരുന്നില്ല. അതിനാല്‍ അദ്ദേഹം ശിവയോടുകൂടിയ ശിവനെത്തന്നെ തപസ്സ് ചെയ്ത് മൈഥുനീ സൃഷ്ടി (ആണും പെണ്ണും ഉള്ളതായ സൃഷ്ടി) നടത്താന്‍ തീരുമാനിച്ചു. ശിവന്‍ പ്രത്യക്ഷനായി സ്വ ശരീരത്തിന്റെ പകുതി ഭാഗത്ത് നിന്ന് ശിവദേവിയെ പ്രത്യേകമാക്കി. ശിവന്റെ പകുതിയില്‍ നിന്നും പ്രത്യക്ഷപ്പെട്ട ദേവിയോട് ബ്രഹ്മാവ്‌ തന്റെ പുത്രനായ ദക്ഷന്റെ പുത്രിയാകാന്‍ അപേക്ഷിച്ചു. ബ്രഹാമാവിന്റെ അപേക്ഷ സ്വീകരിച്ചതോടൊപ്പം ദേവി തന്റെ പുരികങ്ങളുടെ മദ്ധ്യഭാഗത്തുനിന്നും തന്നെപോലെ തന്നെയുള്ള രൂപത്തില്‍ ഒരു ശക്തിയെ (ശാരദ അഥവാ ബ്രഹ്മാണി) നിര്‍മ്മിച്ച്‌ ബ്രഹ്മദേവനും പ്രദാനം ചെയ്തു. പിന്നീട് ദേവി ശിവന്റെ ശരീരത്തില്‍ പ്രവേശിച്ചു. അതോടെ ഭഗവാന്‍ ശങ്കരനും പെട്ടെന്ന് അന്തര്‍ദ്ധാനം ചെയ്തു. അന്നുമുതല്‍ സ്ത്രീയും പുരുഷനും തുല്യ സ്ഥാനത്തിനര്‍ഹരായി. ഇതാണ് അര്‍ദ്ധനാരീശ്വര തത്വം കൊണ്ട് വ്യക്തമാക്കുന്നത്.



ശിവരാത്രി വ്രതവും മാഹാത്മ്യവും

ഋഷിവര്യന്മാരുടെയും ഭക്തന്മാരുടെയും ക്ഷേമത്തിനായി \മഹേശ്വരന്‍ മഹാശിവരാത്രി ദിനത്തില്‍ ലിംഗരൂപം ആര്‍ജ്ജിച്ചു. ശിവനെ ഉപസിക്കുന്നതിലൂടെ ഭക്തര്‍ക്ക്‌ ജ്ഞാനം ലഭിക്കുന്നു. എല്ലാ
തപസ്സ്യകളുടെയും യജ്ഞങ്ങളുടെയും അന്തിമ ഫലം ജ്ഞാനമാണ്.
ശിവരാത്രി അതുകൊണ്ടുതന്നെ പവിത്രമായി കരുതുന്നു
ത്രയോദശി ദിവസം ഒരു നേരം മാത്രം ആഹാരം കഴിച്ചിട്ട് ചതുര്‍ദശി ദിവസം തീര്‍ത്തും ഉപവാസം അനുഷ്ഠിക്കണം. ശിവരാത്രി ദിവസം വേണ്ടപോലെ നിത്യകര്‍മ്മം നടത്തിയിട്ട് ശിവക്ഷേത്രത്തില്‍ പോയി യഥാവിധി ശിവ പൂജ നടത്തണം. രാത്രിയിലെ പ്രത്യേക യാമത്തില്‍ പ്രത്യേകം പ്രത്യേകം പൂജ നടത്തി ഉറക്കമിളയ്ക്കണം. കീര്‍ത്തനങ്ങള്‍, ഗീതം, നൃത്തം മുതലായവ നടത്തിക്കൊണ്ട് രാത്രി മുഴുവന്‍ നയിക്കണം. പ്രഭാതത്തില്‍ പൂജ നടത്തിയിട്ട് വിധിപ്രകാരം ഹോമം നടത്തണം. ഭഗവാന് പുഷ്പാജ്ഞലിയും പാലഭിഷേകവും നടത്താം. അതിനു ശേഷം ആചാര്യനും മറ്റും ദക്ഷിണ നല്‍കുകയും പ്രസാദം വിതരണം ചെയ്യുകയും ചെയ്യണം. ഇപ്രകാരം അനുഷ്ഠിക്കുന്ന വ്രതം വളരെ നല്ല ഫലം പ്രദാനം ചെയ്യുമെന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല.



ഇതിനുദാഹരണമായി ഒരു ഐതീഹ്യം പറയാം.

വാരണാസിയിലെ വനത്തില്‍ ഗുരുദൃഹനെന്ന ഒരു വേടന്‍
ഉണ്ടായിരുന്നു. മൃഗങ്ങളെ വേട്ടയാടി ഭക്ഷിച്ച്‌ കാലം കഴിച്ചുപോയിരുന്നു. ഒരു ദിവസം (അന്ന് ശിവരാത്രിയായിരുന്നു ) പകല്‍ മുഴുവനും വേട്ടക്കു പോയപ്പോള്‍ മൃഗങ്ങളൊന്നും കിട്ടാതെ ഭക്ഷിക്കാനോ, ജലപാനം നടത്താനോ സാധിക്കാതെ വിഷണ്ണനായി കുടുംബാംഗങ്ങളുടെ വിശപ്പും മനസ്സിലാക്കി രാത്രിയിലും മൃഗവേട്ട തുടരാന്‍ തന്നെ തീരുമാനിച്ചു. തടാകത്തില്‍ നിന്ന് കുറച്ചു വെള്ളവും ശേഖരിച്ച്, അടുത്തുള്ള ഒരു മരത്തിന്റെ (അത് കൂവള മരമായിരുന്നു) മുകളില്‍ കയറി, ജാഗരൂകനായി ഇരുപ്പുറപ്പിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു പെണ്‍ മാന്‍ തടാകത്തില്‍ വെള്ളം കുടിക്കാനെത്തി. അപ്പോള്‍ത്തന്നെ വേടന്‍ തന്റെ വില്ലില്‍ അമ്പുകൊരുക്കാന്‍ തിടുക്കം കാണിച്ചു. അതുനിമിത്തം കുറച്ച് വെള്ളവും അതോടുകൂടി കുറച്ച് ഇലകളും താഴോട്ടു വീണു. അത് വീണത്‌ മരച്ചുവട്ടിലെ ശിവലിംഗത്തിലായിരുന്നു. ഇത് വേടന്‍ അറിയുന്നില്ല. ആ സമയം രാത്രിയുടെ ഒന്നാം യാമമായിരുന്നു. അതിനാല്‍ ശിവന് ഒന്നാം യാമത്തിലെ പൂജ ഭംഗിയായി നടന്നു. ശബ്ദം കേട്ട മാന്‍പേട ഓടി രക്ഷപ്പെട്ടു. വേടന്‍ വീണ്ടും കാത്തിരുന്നു. കുറച്ച് സമയം കഴിഞ്ഞപ്പോള്‍ വേറൊരു പെണ്‍ മാന്‍ വെള്ളം കുടിക്കാനായി തടാക
തീരത്തെത്തി. വേടന്‍ അമ്പു വില്ലില്‍ കോര്‍ക്കാന്‍ തയ്യാറായി. അതുനിമിത്തം വീണ്ടും കൈതട്ടി കുറച്ച് വെള്ളവും ഇലകളും താഴോട്ടു വീണു. അപ്പോഴും അത് വീണത്‌ മരച്ചുവട്ടിലെ ശിവലിംഗത്തിലായിരുന്നു. ആ സമയം രാത്രിയുടെ രണ്ടാം യാമമായിരുന്നു. രണ്ടാം യാമത്തിലെ പൂജയും അങ്ങനെ ഭംഗിയായി നടന്നു. മാന്‍പേട തിടുക്കത്തില്‍ ഓടി രക്ഷപ്പെട്ടു.


വേടന്‍ വീണ്ടും ജാഗരൂകനായി ഒരേ ലക്ഷ്യത്തോടെ കാത്തിരുന്നു.
കുറച്ച് സമയം കഴിഞ്ഞപ്പോള്‍ ഒരു കലമാന്‍ അവിടെയെത്തി. ഇതുകണ്ട് വേടന്‍ അമ്പ് വില്ലില്‍ കോര്‍ക്കാന്‍ ശ്രമിച്ചു. അപ്പോഴും കൈതട്ടി കുറച്ച് വെള്ളവും ഇലകളും താഴോട്ടു വീണു. അതും ശിവലിംഗത്തിലാണ് വീണത്‌. ആ സമയം രാത്രിയുടെ മൂന്നാം യാമമായിരുന്നു. അങ്ങനെ
മൂന്നാം യാമത്തിലെ പൂജയും ഭംഗിയായി നടന്നു. ശബ്ദം കേട്ട് ആ കലമാനും ഓടി രക്ഷപ്പെട്ടു. വേടന്‍ വീണ്ടും അതിജാഗരൂകനായി. കുറച്ച് സമയം കഴിഞ്ഞപ്പോള്‍ ഈ മാനുകളും അവയുടെ കുഞ്ഞുങ്ങളും അവിടെയെത്തി. വേടന് വളരെ സന്തോഷമായി. പരവശത്തോടെ അമ്പ് വില്ലില്‍ കോര്‍ക്കാനൊരുങ്ങുമ്പോള്‍ വീണ്ടും കൈതട്ടി കുറച്ച് വെള്ളവും ഇലകളും താഴോട്ടു വീണു. അതും ശിവലിംഗത്തിലാണ് വീണത്‌. ആ സമയം രാത്രിയുടെ നാലാം യാമമായിരുന്നു. അങ്ങനെ നാലാം യാമത്തിലും പൂജ പവിത്രമായി നടന്നു. അതോടെ വേടന്റെ സകല പാപങ്ങളും ഇല്ലാതായി. മാനുകളാകട്ടെ തങ്ങളുടെ ശരീരം ഇനി ഭക്ഷണമാക്കിക്കൊള്ളൂ എന്ന് വെടനോട് പറഞ്ഞു. ശിവപൂജയില്‍ ജ്ഞാനം ലഭിച്ച വേടന് മറ്റു ജീവികളോട് ആദരവു തോന്നുകയും തന്റെ പ്രവൃത്തിയില്‍ അപകര്‍ഷതാബോധം തോന്നുകയും ചെയ്തു. വേടന്റെ ഈ സല്‍പ്രവൃത്തിയില്‍ സന്തോഷനായ പരമശിവന്‍ പ്രത്യക്ഷപ്പെട്ട് വിശ്വരൂപം കാണിച്ചുകൊടുക്കുകയും, വേടന് ശിവ സായൂജ്യം നല്‍കുകയും ചെയ്തു. ജ്ഞാനിയായ വേടന്‍ ഭഗവദ് പാദങ്ങളില്‍ സാഷ്ടാംഗം പ്രണമിച്ചു. അതോടെ മാനുകളും മുക്തരായി കഴിഞ്ഞിരുന്നു. 

ആ വേടനാണ് പുനര്‍ജന്മത്തില്‍ ഗുഹനായി ജനിച്ച്, വനവാസത്തിന്റെ തുടക്കത്തില്‍ ശ്രീരാമനെയും സീതയേയും നദി കടക്കാന്‍ സഹായിച്ചതും, ശ്രീരാമന്റെ മൈത്രിബന്ധം സ്ഥാപിക്കാന്‍ സാധിച്ചതും.
പ്രിയ സജ്ജനങ്ങളെ! ജ്ഞാനം, ക്രിയ, ഇച്ച എന്നീ മൂന്ന് ശക്തികള്‍ വഴി ഈശ്വരന്‍ എപ്പോഴും ലോകം മുഴുവന്‍ വ്യാപ്തമായി നിലകൊള്ളുന്നു. ഈ മൂന്നു ശക്തികളില്‍ നിന്നുമായി ലോകത്തിന്റെ ഉയര്‍ച്ചയും നിലനില്‍പ്പും ഉണ്ടാവുന്നു. ശരീരം അന്തരാത്മാവിനെ (ജീവാത്മാവ് )  ഉള്‍ക്കൊള്ളുന്നതും, ബ്രഹ്മാണ്ഡഃo ബാഹ്യാത്മാവിനെ (പരമാത്മാവ്‌) ഉള്‍ക്കൊള്ളുന്നതും ആകയാല്‍ ജീവാത്മ-പരമാത്മ സംയമനം തിരിച്ചറിഞ്ഞ് ഭക്തിയും സല്‍ക്കര്‍മ്മങ്ങളുമാകുന്ന സാധനയില്‍ കൂടി മുക്തി പദത്തിലെത്തിച്ചേരാന്‍ സാധിക്കുമാറാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

ഓം നമഃ ശിവായ 




No comments:

Post a Comment