ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Sunday, January 22, 2017

യദുവംശജനായ വിദര്‍ഭന്റെ ചരിതവും ശ്രീകൃഷ്ണാവതാരവും – ഭാഗവതം (216)


യദാ യദേഹ ധര്‍മ്മസ്യ ക്ഷയോ വൃദ്ധിശ്ച പാപ്മനഃ
തദാ തു ഭഗവാനീശ ആത്മാനം സൃജതേ ഹരിഃ (9-24-56)

യസ്യാനനം മകര കുണ്ഡലചാരുകര്‍ണ്ണ
ഭ്രാജത്‌ കപോലസുഭഗം സവിലാസഹാസം
നിത്യോത്സവം ന തതൃപുര്‍ദൃശിഭിഃ പിബന്ത്യോ
നാര്യോ നരാശ്ച മുദിതാഃ കുപിതാ നി മേശ്ച (9-24-65)



ശുകമുനി തുടര്‍ന്നു:


വിദര്‍ഭന്റെ വംശീയരാണ്‌ സാത്‌വതനും ദേവാവൃധനും ബഭ്രുവും. ഇവര്‍ പ്രശസ്തരായി. സാത്‌വതന്റെ ഏഴാമത്തെ പുത്രനാണ്‌ മഹാബേജന്‍ . സദ്‍വൃത്തനും ശാന്തനുമായിരുന്ന മഹാബേജന്റെ വംശക്കാര്‍ ഭോജന്മാര്‍ എന്നറിയപ്പെട്ടു. ആഹുകപുത്രന്മാരായ ദേവകനും ഉഗ്രസേനനും ഈ വംശത്തിലാണ്‌ പിറന്നത്‌. ദേവകന്‌ അനേകം പുത്രന്മാരും പുത്രിമാരും ഉണ്ടായിരുന്നു. ആ കൂട്ടത്തിലൊരാളാണ്‌ ദേവകി. വസുദേവന്‍ എല്ലാ സഹോദരിമാരേയും വിവാഹം ചെയ്തു. ഉഗ്രസേനനും കുറെ കുട്ടികളുണ്ടായിരുന്നു. അതിലൊരാളാണ്‌ കംസന്‍ . മറ്റൊരു പിന്‍തലമുറക്കാരനായ ശൂരസേനന്‌ വസുദേവനടക്കം പത്തു പുത്രന്മാര്‍ . 

വസുദേവന്‍ ജനിച്ചപ്പോള്‍ ആകാശത്ത്‌ പെരുമ്പറ മുഴങ്ങിയതിനാല്‍ അദ്ദേഹത്തിന്‌ ആനകദുന്ദുഭി എന്നും പേര്‍ . ശൂരസേനന്‌ കുന്തിയും മറ്റ്‌ നാലു പുത്രിമാരും ഉണ്ടായിരുന്നു. കുന്തി ദുര്‍വാസാവു മുനിയെ സേവിച്ച്‌ ഒരു ദിവ്യമന്ത്രം വശത്താക്കിയിരുന്നു. ജിജ്ഞാസകൊണ്ട്‌ കന്യകയായിരിക്കുമ്പോള്‍ത്തന്നെ മന്ത്രമൊന്നു പരീക്ഷിക്കാന്‍ കുന്തി തീരുമാനിച്ചു. സൂര്യദേവന്‍ പ്രത്യക്ഷപ്പെട്ട്‌ അവള്‍ക്കൊരു പുത്രനെ നല്‍കി. അപമാനം ഭയന്ന് ആരുമറിയാതെ അവള്‍ കുഞ്ഞിനെ ഒരു പെട്ടിയിലാക്കി നദിയിലൊഴുക്കി. കുന്തിയുടെ സഹോദരി ശ്രുതദേവ വൃദ്ധശര്‍മ്മനിലൂടെ ദന്തവക്ത്രന്‌ ജന്മം നല്‍കി. രാക്ഷസഗുണങ്ങളാണയാള്‍ പ്രകടിപ്പിച്ചത്. മറ്റൊരു സഹോദരി സ്രുതസ്രവയ്ക്ക്‌ ചേദിരാജാവിലൂടെ ദമഘോഷന്‍ , ശിശുപാലന്‍ എന്നീ പുത്രന്മാരും ഉണ്ടായി. ഇവരും രാക്ഷസീയസ്വഭാവക്കാരായിരുന്നു.


വസുദേവന്‌ ദേവകിയും സഹോദരിമാരുമായി പലേ ഭാര്യമാരുണ്ടായിരുന്നു. രോഹിണിയില്‍ ബലനും മറ്റു കുട്ടികളും അദ്ദേഹത്തിന്‌ ജനിച്ചു. ദേവകിയില്‍ അദ്ദേഹത്തിന്‌ പലേ കുട്ടികളും ജനിച്ചു. ഭഗവാന്‍ സങ്കര്‍ഷണന്‍ , ഭഗവാന്‍ കൃഷ്ണന്‍ , അങ്ങയുടെ മുത്തശ്ശി സുഭദ്ര എന്നിവര്‍ ദേവകീസന്താനങ്ങളത്രെ.


“എവിടെയാണോ ധര്‍മ്മച്യുതിയുണ്ടാവുന്നത്‌, എവിടെയാണോ പാപം വര്‍ദ്ധിക്കുന്നത്‌, അവിടെ ഭഗവാന്‍ അവതരിക്കുന്നു. ഈ വിശ്വം മുഴുവനും സൃഷ്ടിച്ച്‌ പരിപാലിച്ച്‌ സംഹരിച്ച്‌ ഭഗവാന്റെ മായാവിലാസം പ്രകടമാക്കുന്നു. എന്നാല്‍ ഭഗവല്‍കൃപയാല്‍ ഒരുവന്‍ എല്ലാ പരിണാമവികാസത്തിന്‍റേയും അന്തിമലക്ഷ്യമായ ആത്മസാക്ഷാത്കാരത്തിലേക്ക്‌ നയിക്കപ്പെടുന്നു. ഭൂമി രാജാക്കന്മാരുടേയും ഭരണകര്‍ത്താക്കളുടേയും വേഷമണിഞ്ഞ രാക്ഷസര്‍ ഭരിക്കുമ്പോള്‍ ഭഗവാന്‍ സ്വയം കൃഷ്ണനും സങ്കര്‍ഷണനുമായി അവതാരമെടുത്ത്‌ പലേ അത്ഭുതങ്ങളും ചെയ്തു. ഈ മഹിമാവിശേഷങ്ങള്‍ ഒരിക്കലെങ്കിലും കേള്‍ക്കുന്നുവര്‍ക്ക്‌ കര്‍മ്മപാശത്തില്‍ നിന്നും മോചനം ലഭിക്കുന്നു. തന്റെ ഓരോ വാക്കിലും ചിന്തയിലും പ്രവൃ‍ത്തിയിലും ആഹ്ലാദജനകങ്ങളായ ലീലാവിനോദങ്ങളിലും ഭഗവാന്‍ തന്റെ സമകാലീനര്‍ക്ക്‌ അതീവസന്തോഷം പ്രദാനം ചെയ്തു. അവര്‍, പ്രത്യേകിച്ചും സ്ത്രീജനങ്ങള്‍, ഭഗവാന്റെ പരമസുന്ദരമായ മുഖകമലം ദര്‍ശിച്ച്‌ തൃപ്തി വരാതെ നിമിയോട്‌ അസഹ്യത പ്രകടിപ്പിച്ചു. കണ്‍പീലികളെ ഇടക്കിടയ്ക്ക്‌ അടപ്പിച്ച്‌ ഭഗവദ്ദര്‍ശനത്തിന്‌ ഭംഗം വരുത്തുന്നത്‌ നിമിയാണല്ലോ.”



കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം

No comments:

Post a Comment