ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, January 24, 2017

അമ്മയുടെ വാത്സല്യം - ദര്‍ശന കഥകള്‍ - 9


 
ആനന്ദാശ്രമത്തിലെ അമ്മ കൃഷ്ണാബായിയുടെ കാരുണ്യവും പ്രശ്‌നപരിഹാരരീതിയും ഒന്നും വേറെതന്നെയാണ്. ഒരു സംഭവം പറയാം.
ഒരിക്കല്‍ ആശ്രമത്തില്‍നിന്നു അകലെയല്ലാതെ താമസിക്കുന്ന ഒരു സാധുമനുഷ്യന്‍ സഹായം തേടി ആശ്രമത്തില്‍ വന്നു.

”ഭാര്യയും അഞ്ചുകുട്ടികളുമുള്ള എനിക്ക് ജീവിക്കാന്‍ വലിയ പ്രയാസമായിരിക്കുന്നു. വലപ്പോഴും കിട്ടുന്ന ജോലികൊണ്ട് ഒന്നിനും തികയുന്നില്ല. അമ്മ എന്തെങ്കിലും സഹായിക്കണം.”
”ഞാന്‍ കറവയുള്ള ഒരു പശുവിനെ തരട്ടെ? ദിവസവും അതിന്റെ പാല്‍ വിറ്റാല്‍ കുടുംബച്ചെലവിനുള്ള തുക കിട്ടാതിരിക്കില്ല. എന്തു പറയുന്നു?” അമ്മ ചോദിച്ചു.

ഗ്രാമീണന്‍ സന്തോഷം പ്രകടിപ്പിച്ചു. ആശ്രമത്തിന്റെ ഗോശാലയില്‍നിന്ന് ഒരു കറവപ്പശുവിനേയും കിടാവിനേയുംകൊണ്ട് അയാള്‍ വീട്ടിലേക്ക് മടങ്ങി.

അടുത്ത ദിവസം അയാള്‍ വീണ്ടും വന്ന് അമ്മയോട് പറഞ്ഞു:
”അമ്മേ! പശുവിനെ കെട്ടാന്‍ നല്ല ഒരു ആലയില്ലാത്തതിന്റെ കുറവുണ്ട്. മാത്രമല്ല, തീറ്റ നല്‍കാനുള്ള വകയും ഇല്ല.”

”ഓ! അതിനെന്താ? ആശ്രമത്തില്‍നിന്ന് ജോലിക്കാരെ വിട്ട് ഒരു ആല പണിയിച്ചു തരാം. ആശ്രമത്തില്‍ വേണ്ടുവോളം വൈക്കോലുണ്ട്. രണ്ടു വണ്ടിയില്‍ അതും കൊടുത്തയക്കാം. പിന്നെ പിണ്ണാക്കിന്റെ കാര്യമാണ്. ആവശ്യമനുസരിച്ച് അതും ഇവിടെ വന്നു വാങ്ങിക്കോളൂ. പോരേ?”

സന്തോഷത്തോടെ ഗ്രാമീണന്‍ മടങ്ങിപ്പോയി. അയാളുടെ വീടു കാണാന്‍ ഒരാളെയും ആശ്രമത്തില്‍ നിന്ന് അമ്മ പറഞ്ഞയച്ചു.
ഒരാഴ്ചയ്ക്കുള്ളില്‍ ആശ്രമജോലിക്കാര്‍ ചെന്ന് ആലയുടെ പണി പൂര്‍ത്തിയാക്കി. വൈക്കോലും പിണ്ണാക്കും കൂടി എത്തിച്ചു.

രണ്ടുമാസം തികഞ്ഞില്ല. ഗ്രാമീണര്‍ വീണ്ടും ആശ്രമത്തില്‍ എത്തി. അയാളോട് അമ്മ ചോദിച്ചു:
”എന്തുണ്ട് വിശേഷം ഗോവിന്ദാ? കുടുംബം സുഖമായിരിക്കുന്നില്ലേ?”
”സുഖം തന്നെ, അമ്മാ. പക്ഷെ, പാല്‍ വില്‍പ്പന ശരിയാവുന്നില്ല. പശു നന്നായി പാല്‍ തരുന്നുണ്ട്. വാങ്ങാന്‍ വേണ്ട ആളില്ല. കുറഞ്ഞ വിലയേ കിട്ടുന്നുള്ളൂ. അതിനാല്‍ ജീവിതപ്രയാസങ്ങള്‍ തുടരുകയാണ്.”

”ഓ, ഇതാണോ ഗോവിന്ദാ പ്രയാസം? ഒരു കാര്യം ചെയ്യൂ. കറന്നു കിട്ടുന്ന പാല്‍ മുഴുവന്‍ ആശ്രമത്തിന് തന്നോളൂ. ഇവിടെ ആവശ്യമുണ്ട്. ന്യായമായ വില തന്നു ഞാന്‍ വാങ്ങിക്കോളാം. എന്താ?”

ഗോവിന്ദന് വലിയ സന്തോഷമായി. അയാള്‍ പിന്നെ നിത്യവും പാലുമായി വന്നു ആശ്രമത്തിലെ സേവാ പ്രവര്‍ത്തനങ്ങളിലും പ്രാര്‍ത്ഥനകളിലും പങ്കെടുത്തു മടങ്ങുന്നത് പതിവാക്കി. ആ കുടുംബം ഭൗതികവും ആത്മീയവുമായ ആനന്ദത്തിന് പാത്രമായി.

No comments:

Post a Comment