ഗ്രാമത്തിലെ ഒരു സാധാരണ കുടുംബം. ഭാര്യയും ഭര്‍ത്താവും അഞ്ചുവയസ്സുകാരന്‍ മകനും മാത്രമാണ് അംഗങ്ങള്‍. പെട്ടെന്നൊരു നാള്‍ കുഞ്ഞിന് സുഖമില്ലാതായി. രോഗത്തിന്റെ ശക്തി ക്രമേണ വര്‍ധിച്ചു. ചികിത്സകളൊന്നും ഫലിച്ചില്ല. പത്താം ദിവസം കുട്ടി മരിക്കുകയും ചെയ്തു.
ഒരേയൊരു കുഞ്ഞിന്റെ മരണം മാതാപിതാക്കളെ വലിയ ദുഃഖത്തിലാഴ്ത്തി. കുറച്ചുനാള്‍ കഴിഞ്ഞു അച്ഛന്‍ പതിവുജോലികളില്‍ ഉല്ലാസത്തോടെ ഏര്‍പ്പെട്ടു. അമ്മയുടെ നില അതായിരുന്നില്ല.
വീട്ടുജോലികളില്‍ ഏര്‍പ്പെടുമ്പോഴും മകനെപ്പറ്റി ഓരോ കാര്യങ്ങള്‍ ഓര്‍ത്തുപറഞ്ഞും കരഞ്ഞും കൊണ്ടിരിക്കുകയാവും അമ്മ. അല്ലാത്തപ്പോള്‍ ദുഃഖസ്മരണകളോടെ തളര്‍ന്നുകിടക്കുകയാവും.
എന്നാല്‍ ഭര്‍ത്താവ് വിഷാദമൂകനായി ഇരിക്കാറില്ല. എന്തെങ്കിലും ജോലികളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കും. മറ്റുള്ളവരോട് വളരെ പ്രസരിപ്പോടെ ചിരിച്ചു സംസാരിക്കാനും അയാള്‍ ശ്രദ്ധിച്ചു. അതില്‍ ഭാര്യയ്ക്ക് കഠിനമായ അരിശം തോന്നി.
”ഒരേയൊരു മകന്‍ മരിച്ചിട്ട് ദിവസങ്ങളേ ആയിട്ടുള്ളുവല്ലോ. എന്നിട്ടും കണ്ടില്ലേ ചിരിയും സംസാരവും! ഇയാളുടെ മനസ്സെന്താ, കരിങ്കല്ലാണോ? എങ്ങനെ ഇത് സാധിക്കുന്നു?” ഭാര്യ ഒരു ദിവസം ദേഷ്യത്തോടെ ഭര്‍ത്താവിനോട് ചോദിച്ചു.
ഭര്‍ത്താവ് ആ പരുഷവാക്കുകള്‍ ശ്രവിച്ചിട്ടും ക്ഷോഭിച്ചില്ല. സൗമ്യഭാഷയില്‍ അദ്ദേഹം പറഞ്ഞു:
”എന്റെ പൊന്നേ! മകന്റെ വേര്‍പാടില്‍ നിന്നേക്കാള്‍ എനിക്ക് ദുഃഖമുണ്ട് എന്നതാണ് സത്യം. അതു ഞാന്‍ നിന്നെ ബോധ്യപ്പെടുത്തുകയും ചെയ്യാം.
ഇന്നലെ ഞാനൊരു സ്വപ്‌നം കാണുകയുണ്ടായി. ഒരു രാജകുമാരനായ ഞാന്‍ ഒരു രാജകുമാരിയെ വിവാഹം കഴിച്ചു.”
”ങ്ഹാ! ഞാനിവിടെ ഇരിക്കുമ്പൊഴോ?…” ഭാര്യ കോപിച്ചു.
”ഛീ! സ്വപ്‌നത്തിലാണെടോ. ഇടയ്ക്ക് കേറിപ്പറയരുത്. ആ ബന്ധത്തില്‍ ഏഴു കുഞ്ഞുങ്ങളുണ്ടായി. നാലു പെണ്ണും മൂന്നാണും. ഇളയകുട്ടികള്‍ എന്റെ മടിയിലും പുറത്തുമെല്ലാം കയറിമറിഞ്ഞു ഓരോ കുസൃതികള്‍ കാട്ടും. അവര്‍ക്കൊപ്പം കളിച്ചും ചിരിച്ചും കഴിയുന്നതിനിടെ ഞാന്‍ ഉറക്കമുണര്‍ന്നുപോയി! പിന്നെ മക്കളില്ല, ഭാര്യയുമില്ല. ഞാന്‍ മാത്രം! എത്ര വലുതാണ് എന്റെ ദുഃഖം?
ഇപ്പോള്‍ ഒരേയൊരു മകന്‍ നഷ്ടപ്പെട്ടതിനെപ്പറ്റി നീ കരയുന്നു, പറയുന്നു. പക്ഷെ, നീ അടുത്തുണ്ടല്ലോ എന്നതാണ് എന്റെ സന്തോഷം, അതുപോലെ ഞാന്‍ അടുത്തുണ്ടല്ലോ എന്ന് കരുതി നിനക്കും സന്തോഷത്തോടെ ജോലികള്‍ ചെയ്യരുതോ?”
ആ ചോദ്യത്തിന് മുന്നില്‍ അവള്‍ മൗനം പാലിച്ചു. കണ്ണീര്‍ തുടച്ചു ഭര്‍ത്താവിനെ പുണര്‍ന്നു.
പി.ഐ.ശങ്കരനാരായണന്‍
No comments:
Post a Comment