ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, January 24, 2017

എട്ടുവീട്ടില്‍ പിള്ളമാര്‍


മരുമക്കത്തായക്കാരായിരുന്നു തിരുവിതാംകൂറിലെ രാജാക്കന്മാര്‍. എന്നാല്‍ പതിനേഴാം നൂറ്റാണ്ടില്‍ വേണാട് ഭരിച്ചിരുന്ന രാമവര്‍മ്മ തമ്പുരാന്‍, സ്വന്തം പ്രണയസാഫല്യത്തിനായി ആ രീതി മാറ്റാനൊരു തീരുമാനമെടുത്തു. അഭിരാമി എന്ന ദേവദാസി സ്ത്രീയെ പരിഗ്രഹിക്കാന്‍ വേണ്ടിയായിരുന്നു അത്. അഭിരാമിയെ കൃഷ്ണത്താളമ്മ എന്നു പേരിട്ട് കൊട്ടാരം അമ്മച്ചിയാക്കി. അതില്‍ മൂന്ന് കുട്ടികളും ജനിച്ചു.

എന്നാല്‍ ആ ദാമ്പത്യം അധികം നീണ്ടില്ല. മൂത്തപുത്രന്‍ രാമന്‍ തമ്പിക്ക് ഇരുപത് വയസ്സായപ്പോള്‍ കടുത്ത വസൂരിരോഗം മൂലം മഹാരാജാവ് നാടുനീങ്ങി. മരിക്കുന്നതിന് മുന്‍പ് അനന്തിരവനായ മാര്‍ത്താണ്ഡവര്‍മ്മയെ വിളിച്ച് തന്റെ ഭാര്യയുടെയും മക്കളുടെയും രക്ഷാഭാരം ഏല്‍പ്പിച്ചു. അദ്ദേഹം അപ്പോള്‍ ആറ്റിങ്ങള്‍ ഇളമുറതമ്പുരാനായിരുന്നു.

എന്നാല്‍ അതോടെ കാര്യങ്ങള്‍ തകിടംമറിഞ്ഞു. എട്ടുവീട്ടില്‍ പിള്ളമാരുടെ സഹായത്തോടെ തമ്പിമാര്‍ മാര്‍ത്താണ്ഡവര്‍മ്മയെ വധിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. പിന്നീട് അമ്മച്ചിപ്ലാവും മേല്‍ശാന്തിയും ചില നാട്ടുപ്രമാണിമാരുമൊക്കെയാണ് അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിച്ചത്. ഒടുവില്‍ ഒരു ഏറ്റുമുട്ടലിലൂടെ തമ്പിമാര്‍ വധിക്കപ്പെട്ടു. അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ വേണാടിന്റെ സാരഥിയുമായി.

ഭരണച്ചുമതല ഏറ്റെടുത്തതോടെ മാര്‍ത്താണ്ഡവര്‍മ്മ ആദ്യമായി ചെയ്തത് തൃപ്പടിദാനമായിരുന്നു. അതായത് രാജ്യം ശ്രീപത്മനാഭന് സമര്‍പ്പിക്കുക എന്ന ചടങ്ങ്. എന്നിട്ട് തനിക്ക് എതിരായി നിന്നിരുന്ന മാടമ്പിമാരെയും പ്രഭുക്കന്മാരെയും (ആകെ നാല്‍പ്പത്തിരണ്ടുപേര്‍) വിചാരണ നടത്തി കല്‍ക്കുളത്തിന് വടക്കുപടിഞ്ഞാറായുള്ള മുഖമണ്ഡപത്തില്‍ വച്ച് തൂക്കിലേറ്റി (മാര്‍ത്താണ്ഡത്തുപിള്ള, രാമനാഥമഠത്തില്‍ പിള്ള, കുളത്തൂര്‍ പിള്ള, കഴക്കൂട്ടത്തുപിള്ള, വെങ്ങാനൂര്‍ പിള്ള, പള്ളിച്ചല്‍ പിള്ള, കുടമണ്‍ പിള്ള). എന്നിട്ട് അവരുടെയെല്ലാം സ്ത്രീകളെ തുറയിലെ മുക്കുവര്‍ക്കിടയിലേക്ക് നടതള്ളുകയും ചെയ്തു. അങ്ങനെ അവരുടെയെല്ലാം വംശങ്ങള്‍ കുറ്റിയറ്റു.

മരിച്ചുകഴിഞ്ഞിട്ടും എട്ടുവീട്ടില്‍ പിള്ളമാര്‍ക്ക് രാജവംശത്തോടുള്ള കലിയടങ്ങിയില്ല. ശേഷക്രിയകള്‍ ചെയ്യാന്‍ പിന്മുറക്കാരാരുമില്ലാത്തതിനാല്‍ അവരുടെ ആത്മാക്കളെല്ലാം ദുര്‍മൂര്‍ത്തികളായി രൂപപ്പെട്ടു. ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും അര്‍ദ്ധരാത്രിയോടെ ആ ദുരാത്മാക്കള്‍ താവളംവിട്ടിറങ്ങും. അവറ്റകളുടെ തേര്‍വാഴ്ച കടപ്പുറം മുതല്‍ പടിഞ്ഞാറെകോട്ടവരെയാണ്.

ശ്രീപത്മനാഭനെ ഭയമായിരുന്നതിനാല്‍ കോട്ടയ്ക്കകത്തേക്ക് കടന്നിരുന്നില്ല. അവരുടെ സഞ്ചാരപഥത്തിനിടയില്‍ ആരെയെങ്കിലും കണ്ടാല്‍ കഥകഴിക്കുകയാണവരുടെ പ്രിയ വിനോദം. ആ ദുഷ്ടമൂര്‍ത്തികളുടെ അലര്‍ച്ചകളും അട്ടഹാസങ്ങളും കേട്ട് ജനങ്ങള്‍ സഹികെട്ടു. അവര്‍ രാജാവിന് മുന്നില്‍ പരാതികള്‍ നിരത്തി.

തമ്പുരാന്‍ പല മന്ത്രവാദികളെയും വരുത്തി വിവരങ്ങള്‍ പറഞ്ഞു-പല പല ക്രിയകളും നടത്തി. എന്നാല്‍ അതൊന്നും ഫലപ്രാപ്തിയിലെത്തിയില്ല. പരിഹാസപൂര്‍വം അവര്‍ ചാടിത്തുള്ളുന്ന ശബ്ദമാണ് പിന്നീട് കേട്ടത്. രാജാവും മന്ത്രിമാരും വിഷണ്ണരായി. എന്തുചെയ്യണമെന്ന് തമ്പുരാന്‍ തലപുകഞ്ഞാലോചിച്ചു. അങ്ങനെയിരിക്കുമ്പോഴാണ് കല്ലൂര്‍മനയിലെ കുമാരസ്വാമി നമ്പൂതിരിപ്പാടിന്റെ വരവ്.

വിവരങ്ങളെല്ലാം അറിഞ്ഞശേഷം നമ്പൂതിരിപ്പാട് ഒരു ഓല എഴുതി മഹാരാജാവിനെ ഏല്‍പ്പിച്ചു. നല്ല ധൈര്യമുള്ള ആരെങ്കിലും കോട്ടയ്ക്കകത്തുനിന്നുകൊണ്ട് ആ ഓല ദുര്‍മൂര്‍ത്തികളെ എറിഞ്ഞുകൊള്ളണമെന്നായിരുന്നു കല്‍പ്പന. അതില്‍ സ്പര്‍ശിക്കുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന ഭാവവ്യത്യാസങ്ങളും മനസ്സിലാക്കണം. പട്ടാളശിപായി അതനുസരിച്ചു. വെള്ളിയാഴ്ച അര്‍ദ്ധരാത്രിയായിരുന്നു സംഭവം. കോട്ടവാതില്‍ക്കലെത്തിയ ദുരാത്മാക്കളുടെ നിഴലിന് നേര്‍ക്ക് മന്ത്രിച്ച ഓല വലിച്ചെറിഞ്ഞു. അതില്‍ സ്പര്‍ശിച്ച മാത്രയില്‍ അവര്‍ വേദനകൊണ്ടെന്ന മട്ടില്‍ അലറിക്കരഞ്ഞുകൊണ്ട് വന്നവഴിയെ പടിഞ്ഞാറോട്ടേയ്‌ക്കോടി സമുദ്രത്തിലേക്ക് എടുത്തുചാടി. ഭടന്‍ തിരിച്ചുവന്ന് രാജാവിനേയും നമ്പൂതിരിപ്പാടിനേയും വിവരങ്ങള്‍ അറിയിച്ചു.

‘തല്‍ക്കാലത്തേയ്ക്ക് രക്ഷപ്പെട്ടു’
നമ്പൂതിരിപ്പാടിന്റെ അധരങ്ങളില്‍ ഒരു ചെറുപുഞ്ചിരി വിരിഞ്ഞു.
”പക്ഷെ ഇനിയും ഈ ശല്യങ്ങള്‍ ഉണ്ടായിക്കൂടെന്നില്ല. വേണാടിന് പുറത്താക്കി കുംഭപ്രതിഷ്ഠ നടത്തിയാലേ ഇവറ്റകളുടെ ഉപദ്രവത്തിന് നിത്യപരിഹാരങ്ങളാകൂ.”

രാജാവ് വീണ്ടും വിഷണ്ണനായി. അദ്ദേഹം രാജപുരോഹിതനായ കുമാരമംഗലത്ത് നമ്പൂതിരിയുമായി കൂടിയാലോചനകള്‍ നടത്തി.
”തിരുമനസ്സ് വിഷമിക്കേണ്ട” അദ്ദേഹം ആശ്വസിപ്പിച്ചു.
”എന്റെ കുടുംബപരദേവതയാണ് വേട്ടടിക്കാവിലമ്മ. ഞാനീ ദുരാത്മക്കളെ ചെമ്പുകുംഭങ്ങളിലാവാഹിച്ച് ക്ഷേത്രമതില്‍ക്കെട്ടിന് പുറത്ത് കുടിയിരുത്താം. ഒരു ആരാധന കിട്ടുന്നതോടെ അവര്‍ ശാന്തരൂപരാവുകയും ചെയ്യു.”

പിള്ളമാരെ എട്ട് ചെമ്പുകുംഭങ്ങളില്‍ ആവാഹിച്ചുകൊണ്ട് കുമാരമംഗലത്ത് നമ്പൂതിരി ചങ്ങനാശ്ശേരി പുഴവാത് എന്ന സ്ഥലത്തേക്ക് വഞ്ചിയില്‍ യാത്രയായി. പക്ഷെ കുറേദൂരം ചെന്നപ്പോഴേക്കും കായലില്‍ കാറും കാറ്റും അലോസരങ്ങളായി. ഓളംതുള്ളുന്ന വഞ്ചിയില്‍നിന്നും ദുരാത്മാക്കള്‍ ചാടിപ്പിടഞ്ഞ് പുറത്തുചാടി തിരുവനന്തപുരത്തേക്കുതന്നെ തിരിച്ചുപോയി.
നമ്പൂതിരി വഞ്ചിയില്‍ തിരിച്ച് വേണാട്ടിലെത്തി. വീണ്ടും അവരെയും കൂട്ടി ചങ്ങനാശ്ശേരിയിലേക്ക്-വഴിയില്‍വച്ച് ദുരാത്മാക്കള്‍ വീണ്ടും കെട്ടുപൊട്ടിച്ചു മടക്കം. ഇത് കുറേതവണ തുടര്‍ന്നു. ഒടുവില്‍ കുമാരമംഗലം കടുത്ത ആവാഹനക്രിയകള്‍ നടത്തി കുംഭം തുറക്കാനാകാത്ത വിധത്തിലാക്കി. എന്നിട്ട് അതുമായി പുഴവാതിലെത്തി വേട്ടടിയമ്മയെ നമസ്‌കരിച്ചു. എന്നിട്ട് ആല്‍ത്തറയ്ക്കടുത്ത് പീഠം കെട്ടി പ്രശ്‌നവിചാരണ നടത്തി.

”ഞങ്ങള്‍ ഈ പീഠത്തില്‍ സ്ഥാപിക്കുന്ന ചെമ്പുകുംഭത്തില്‍ ഒതുങ്ങിക്കൊള്ളാം.”
ദുരാത്മാക്കളുടെ വെളിപാടുണ്ടായി.

”പക്ഷെ തിരുവിതാംകൂര്‍ രാജകുടുംബത്തിലെ ആരുംതന്നെ ചങ്ങനാശ്ശേരിയില്‍ കാല്‍കുത്തരുത്. അങ്ങനെയുണ്ടായാല്‍ ഞങ്ങള്‍ അവരോടൊപ്പം തിരുവനന്തപുരത്തേക്ക് തിരിച്ചുപോകും.
മറ്റു നിവൃത്തികളില്ലാത്തതിനാല്‍ കുമാരമംഗലം അത് സമ്മതിച്ചു. അങ്ങനെ ചങ്ങനാശ്ശേരി പുഴവാത് വേട്ടടിക്കാവിലെ ആല്‍ത്തറയ്ക്കടുത്ത് എട്ടുവീട്ടില്‍ പിള്ളമാരുടെ ദുരാത്മാക്കള്‍ ഉറഞ്ഞമര്‍ന്നു. ചില പ്രത്യേക ദിവസങ്ങളില്‍ അവിടെ വിളക്കുവയ്പും പൂജകളുമുണ്ട്. അന്നുമുതല്‍ തിരുവിതാംകൂര്‍ രാജാക്കന്മാര്‍ ചങ്ങനാശ്ശേരിയില്‍ കാല്‍കുത്താതെയായി.

ചങ്ങനാശ്ശേരിയിലൂടെ കടന്നുപോകേണ്ടിവരുമ്പോള്‍ കിഴക്കന്‍ വഴിയിലൂടെയാണവര്‍ സഞ്ചരിച്ചിരുന്നത്. രാജവാഴ്ച അവസാനിച്ചതോടെ അതിന് മാറ്റം വന്നതായി കേള്‍ക്കുന്നു.
തിരുവിതാംകൂര്‍ രാജവംശം നശിക്കാന്‍ വേണ്ടി എട്ടുവീട്ടില്‍പിള്ളമാര്‍ ശ്രമം നടത്തിയതായി ചരിത്രരേഖകള്‍ സൂചിപ്പിക്കുന്നുണ്ട്. അതിലൊന്ന് വലിയശാല കാന്തളൂര്‍ മഹാദേവക്ഷേത്രത്തില്‍ ശ്മശാനശിവനെ പ്രതിഷ്ഠിച്ചതാണ്.

ആ ക്ഷേത്രത്തിനടുത്താണ് തൈക്കാട് ശ്മശാനവും കിള്ളിയാറും. വലിയ ഉദിയാദിച്ചപുരത്തും കഴക്കൂട്ടത്തും ഇതുപോലെയൊരു ശ്മശാനശിവനെ പ്രതിഷ്ഠിച്ചതായി പറയപ്പെടുന്നു. പേരൂര്‍ പാര്‍ത്ഥസാരഥിക്ഷേത്രം സ്ഥാപിക്കാനും കാരണം എട്ടുവീട്ടില്‍ പിള്ളമാര്‍ രാജകുടുംബം നശിപ്പിക്കാനായി സ്ഥാപിച്ച ദേവീപ്രതിഷ്ഠകൊണ്ടാണത്രെ.

വേട്ടടിക്കാവിലെ എട്ടുവീട്ടില്‍ പിള്ളമാരെന്ന ദുര്‍മൂര്‍ത്തികള്‍ക്ക് ആരും വഴിപാടുകള്‍ അര്‍പ്പിക്കാറില്ല. മീനമാസത്തില്‍ അവര്‍ക്കായി ചില രഹസ്യപൂജകള്‍ അവിടെ നടത്താറുണ്ട്. അന്ന് അമ്പലവളപ്പിലേക്ക് സ്ത്രീകളാരും കടക്കരുതെന്നാണ് ആചാരം.

അഖില

No comments:

Post a Comment