ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Friday, January 20, 2017

അഘോരശിവന്‍


അഘോരമൂര്‍ത്തിയായ ശിവന്‍. അഘോരന്‍ എന്നതിന് ഘോരനല്ലാത്തവന്‍, അതായത് സൗമ്യന്‍ എന്നും യാതൊരുവനെക്കാള്‍ ഘോരനായി മറ്റൊരുവന്‍ ഇല്ലയോ അവന്‍, അതായത് ഏറ്റവും ഘോരന്‍, എന്നും രണ്ടു വ്യുത്പത്തികളുണ്ട്.   ഭക്തന്മാര്‍ക്ക് സൌമ്യനായും ദുഷ്ടന്മാര്‍ക്ക് അത്യന്തഘോരനായും സങ്കല്പിതനായിരിക്കുന്ന ശിവന് ഇവ രണ്ടും അനുയോജ്യമാകുന്നു.


ശിവന്റെ പഞ്ചമുഖങ്ങള്‍ യഥാക്രമം 1.ഈശാനം, 2.തത്പുരുഷം, 3.അഘോരം, 4.വാമദേവം, 5.സദ്യോജാതം എന്നിവയാണ്. നടുവിലത്തേതായ അഘോരരൂപത്തെ ആശ്രയിച്ചാണ് അഘോരശിവന്‍ എന്ന സംജ്ഞ ശിവനു ലഭിച്ചിട്ടുള്ളത്.


ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ പ്രതിഷ്ഠ അഘോരശിവന്റേതാണ്. ഖരപ്രകാശമഹര്‍ഷിയാണ് ആദ്യം അവിടെ ഈ പ്രതിഷ്ഠ നടത്തിയത് എന്ന് ഐതിഹ്യങ്ങള്‍ പറയുന്നു. പിന്നീട് ഒരു ബ്രാഹ്മണന്റെ ശാപംനിമിത്തം ക്ഷേത്രം കാടായിക്കിടന്നുവെന്നും വളരെക്കാലം കഴിഞ്ഞ് വില്വ(ല്ലു)മംഗലം സ്വാമിയാര്‍ (ലീലാശുകന്‍) ആണ് ഈ സ്ഥലം കണ്ടുപിടിച്ച് ദേവനെ പുനഃപ്രതിഷ്ഠിച്ചതെന്നും ഈ കഥ തുടരുന്നു. ഭാദ്രപദമാസത്തിലെ (കന്നി) കൃഷ്ണ ചതുര്‍ദശി അഘോരശിവനെ സംബന്ധിച്ച ഒരു പുണ്യദിനമായതുകൊണ്ട് ആ തിഥിക്ക് അഘോര എന്ന പേര്‍ സിദ്ധിച്ചിട്ടുണ്ട്.



അഘോരമന്ത്രം

അഘോരശിവോപാസനയ്ക്ക് അഘോരമന്ത്രം ഉപയോഗിക്കുന്നു. ഇതിന്റെ ഋഷി, ഛന്ദസ്സ്, ദേവത എന്നിവ യഥാക്രമം അഘോരനും ത്രിഷ്ടുപ്പും അഘോരരുദ്രനും ആകുന്നു. 51 അക്ഷരങ്ങളുള്ള അഘോരമന്ത്രത്തിന്റെ സ്വരൂപം:


ഹ്രീം സ്ഫുര സ്ഫുര പ്രസ്ഫുര പ്രസ്ഫുര
ഘോര ഘോരതരതനുരൂപ
ചട ചട പ്രചട പ്രചട
കഹ കഹ വമ വമ
ബന്ധ ബന്ധ ഖാദയ ഖാദയ ഹും ഫട്

ഈ മന്ത്രത്തിന്റെ ധ്യാനശ്ളോകവും അതിന്റെ സാരവും താഴെ കൊടുക്കുന്നു.

കാലാഭ്രാഭഃ കരാഗ്രൈഃ പരുശുഡമരുകൌ
ഖണ്ഗഖേടൌ ച ബാണേ-
ഷ്വാസൌ ശൂലം കപാലം ദധദതിഭയദൌ
ഭീഷണാസ്യസ്ത്രിണേത്രഃ
രക്താകാരാംബരോ∫ഹിപ്രവരഘടിതഗാ-
ത്രോ∫ഹിനാഗഗ്രഹാദീന്‍
ഖാദന്നിഷ്ടാര്‍ഥദായീ ഭവദനഭിമത-
ച്ഛിത്തയേ സ്യാദഘോരഃ

(കാര്‍മേഘംപോലെ കറുത്ത നിറത്തോടുകൂടിയവനും കൈകളില്‍ പരശു, ഡമരു, ഖഡ്ഗം, ഖേടം, ബാണം, വില്ല്, ശൂലം, കപാലം എന്നിവ ധരിച്ചവനും അതിഭയങ്കരമായ മുഖത്തോടും മൂന്നു കണ്ണുകളോടും കൂടിയവനും ചുവന്ന വസ്ത്രം സര്‍പ്പാഭരണങ്ങള്‍ എന്നിവയണിഞ്ഞവനും ദുഷ്ടഗ്രഹാദികളെ ഉന്മൂലനം ചെയ്തുകൊണ്ടിരിക്കുന്നവനുമായ അഘോരശിവന്‍ നിങ്ങളുടെ അനിഷ്ടങ്ങളെ നശിപ്പിക്കട്ടെ).


ഓം ഹ്രീം എന്ന ബീജാക്ഷരങ്ങള്‍ ചേര്‍ത്തുകൊണ്ട് മന്ത്രം ഉച്ചരിക്കേണ്ടതാണ്. ലക്ഷം ആവൃത്തികൊണ്ട് മന്ത്രസിദ്ധി വരുത്തണം. മോക്ഷം ആഗ്രഹിക്കുന്നവന്‍  അഘോരമൂര്‍ത്തിയെ ധവളവര്‍ണത്തിലും കാവ്യഫലം ആഗ്രഹിക്കുന്നവന്‍ രക്തവര്‍ണത്തിലും ദുഷ്ടഗ്രഹനിവൃത്തി, ആഭിചാരം എന്നിവ ഉദ്ദേശിക്കുന്നവന്‍ കറുത്തവര്‍ണത്തിലും ധ്യാനിക്കുന്നു. അഘോരമന്ത്രംകൊണ്ട് ഹോമം നടത്താറുണ്ട്. ദിവസവും അഘോരമന്ത്രം ഉച്ചരിച്ചുകൊണ്ട് ഭസ്മം ധരിക്കുന്നവനെ ദുഷ്ടഗ്രഹാദികളും രോഗങ്ങളും പീഡിപ്പിക്കുകയില്ല; നിഖിലപ്രേയഃ പ്രാപ്തിയുണ്ടാകും എന്നെല്ലാം വിശ്വസിക്കപ്പെടുന്നു.

No comments:

Post a Comment