ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, January 19, 2017

ഹനുമാന്‍റെ വിശുദ്ധി

ഓം ശ്രീ വജ്രദേഹായ രാമഭക്തായ വായുപുത്രായ നമോസ്തുതേ


സത്യസന്ധമായി അഭിപ്രായപ്പെട്ടാല്‍ വിശുദ്ധിയുടെ കാര്യത്തില്‍ സീതാരാമന്മാരെപ്പോലും പിന്നിലാക്കി വിരാജിക്കുന്ന ഒരു കഥാപാത്രമാണ് രാമായണത്തിലെ ഹനുമാന്‍. അതേ വിശുദ്ധിക്ക് മരണമില്ല. ഹനുമാന്‍ ചിരംജീവിയാണ്.

“”രഘു നാഥപ്രിയം ആത്മനാഥം
ആഞ്ജനേയം നമോ നമ’’ എന്ന കവി വചനമാണ് ഹനുമാനെ സ്മരിക്കാന്‍ ആദ്യം ഓര്‍മയിലെത്തിയത്.


നിത്യ ബ്രഹ്മചാരി, നിത്യ ഭക്തന്‍, നിരാമയ ഭക്തന്‍, നിര്‍മ്മല ഭക്തന്‍, നിരഹങ്കാരി, നിര്‍ഭയന്‍, ഉത്തമ സഹകാരി, അനന്ത ശക്തിമാന്‍, അവിശ്രമ പരിശ്രമി, പിറന്ന് വീണപ്പോള്‍ തന്നെ സൂര്യബിംബം തിന്നാനുള്ള കനിയാണെന്നു കരുതി സൂര്യന്‍റെ നേര്‍ക്ക് ചാടിയവന്‍. ഇങ്ങനെ നമുക്കു പരിചിതരായ ഏതു മനുഷ്യനെയും മനുഷ്യകഥാപാത്രത്തെക്കാളും തെളിമയും ശോഭയുമുണ്ട് ഹനുമാന്. വാനരനെ, നരനെക്കാള്‍ ഉയര്‍ത്തി ആഞ്ജനേയന്‍. എക്കാലത്തും സുന്ദര ഭാവത്താല്‍, സുഗന്ധം നിറഞ്ഞ ഒരു കല്‍പ വൃക്ഷം പോലെ രാമായണത്തില്‍ നിലകൊള്ളുന്നു ഭക്തഹനുമാന്‍.
ഈ രാമ ദൂതന്‍ വായനക്കാരുടെ ഏതേത് ഭാവാംശങ്ങളെയാണ് തൊട്ടുണര്‍ത്തുന്നത്.

 ഒന്നാമതായി ഈശ്വരത്വം ഉറച്ചഭക്തി. ഒരിക്കല്‍ ഹനുമാന് ഒരു മോതിരം സമ്മാനമായി ലഭിച്ചു. അതിലേക്ക് ഒന്നു നോക്കിയ ഹനുമാന്‍ മുഖം തിരിച്ചു. പിന്നെ, വീണ്ടും കടിച്ചു നോക്കിയിട്ട് ദൂരെ ഒരേറ്. കാരണം തിരക്കിയപ്പോള്‍ രാമരൂപം ഇല്ലാത്ത ഒന്നും തനിക്ക് വിശിഷ്ടമല്ല എന്ന് മറുപടി. തന്‍റെ ഉപസാനാ മൂര്‍ത്തിയിലുള്ള അടിയുറച്ച വിശ്വാസത്തിന് ഇതിലപ്പുറം എന്തു വേണം. രണ്ടാമതായി വിശ്വാസ്യത. പലരുടേയും കാര്യം കുട്ട്യാസു കൊല്ലത്തു പോയതുപോലെയാണ്. കൊല്ലത്തു പോകാന്‍ പറഞ്ഞു, പോയി. എന്തിനാണു പോയതെന്ന് അറിയില്ല. ഇതാണു കുട്ട്യാസുവിന്‍റെ കാര്യം. അതുപോലാണു പലരും പലതും ഏറ്റെടുക്കുന്നത്. എന്നാല്‍, സീതാന്വേഷണവും മൃതസഞ്ജീവനി കൊണ്ടുവരാനുള്ള യാത്രയും ഏറ്റെടുക്കുന്ന കര്‍മം വിശ്വാസ്യതയോടെ പൂര്‍ത്തിയാക്കുകയെന്ന ഹനുമാന്‍റെ സ്വഭാവമഹിമയ്ക്ക് ഉത്തമോദാഹരം. മൂന്നാമതായി നിര്‍മ്മലത്വം. സ്വാമി വിവേകാനന്ദന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. “” സീതയെക്കാള്‍ പരിശുദ്ധിയുള്ള ഒരു സ്ത്രീ അതിന് മുമ്പും അതിന് ശേഷവും ഭൂമിയില്‍ ജീവിക്കുക സാധ്യമല്ല എന്ന്’’
ഇവിടെ ഹനുമാന്‍റെ കാര്യത്തിലും  അതു തന്നെ ആവര്‍ത്തിക്കുന്നു. ഹനുമാനെക്കാളും പവിത്രതയുളള ഒരു കഥാപാത്രത്തെ എവിടെയെങ്കിലും കണ്ടെത്തുക സാധ്യമാണോ. അപ്പോള്‍ പവിത്രതയുടെ പ്രതീകമാണ് ഹനുമാന്‍.


മറ്റൊന്ന് ശക്തിയുടെ പ്രതീകം. മരുന്നിന് പോയവന്‍ മലയുമായി വരുന്നതും സീതാന്വേഷണത്തിന് പോയവന്‍ ലങ്ക ചുട്ടെരിച്ചതും ഭീമസേനനെ തന്‍റെ വാലിന്‍റെ അറ്റംപോലും അനക്കാന്‍ പറ്റാതെ ലജ്ജിപ്പിച്ചതും ശക്തിയുടെ പര്യായമായ ഹനുമാനാണ്. മറ്റൊന്ന് ബ്രഹ്മചര്യം. പലരുടെയും ബ്രഹ്മചര്യം — വാക്കില്‍ മാത്രമായിരിക്കും. അവസരം കിട്ടിയാല്‍ അനുഭവത്തിലും അതിന് കോട്ടം വരുന്നതു കാണാം. വേദവ്യാസ തനയനായ ശുകമഹര്‍ഷിയല്ലാതെ ഹനുമാനോടൊപ്പം ബ്രഹ്മചര്യത്തിന്‍റെ കാര്യത്തില്‍ ഒപ്പത്തിനൊപ്പം നില്‍ക്കാന്‍ മറ്റൊരു കഥാപാത്രമുണ്ടോ എന്ന് അന്വേഷിക്കേണ്ടതാണ്.
പാല് കാച്ചുമ്പോള്‍ പതഞ്ഞു പൊങ്ങുന്നതുപോലെ ആലോചിക്കുന്തോറും ആദരവും, സ്നേഹവും, മനസിന് ഇമ്പവും കൂടുതല്‍ കൂടുതല്‍ എപ്പോഴും എപ്പോഴും നല്‍കുന്ന ഒരു കഥാപാത്രമാണ് രാമായണത്തിലെ ഹനുമാന്‍.


No comments:

Post a Comment