ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Monday, January 16, 2017

വടക്കുംനാഥൻ ക്ഷേത്രത്തെ കുറിച്ച്......


തൃശ്ശൂർ നഗരഹൃദയത്തിലുള്ള ചെറിയ കുന്നായ, തേക്കിൻകാട് മൈതാനത്തിന്റെ മദ്ധ്യത്തിലാണ് ശ്രീ വടക്കുംനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശിവൻ (വടക്കുംനാഥൻ), ശങ്കരനാരായണൻ, ശ്രീരാമൻ, പാർവ്വതി എന്നിവരാണ് പ്രധാനദേവതകൾ.


 ശ്രീവടക്കുംനാഥൻ ക്ഷേത്രത്തിനു തൃശ്ശൂരുമായി വളരെ അധികം ചരിത്ര പ്രധാനമായ ബന്ധമാണുള്ളത്. ശക്തൻ തമ്പുരാന്റെ കാലഘട്ടത്തിലാണ് ഈ ക്ഷേത്രം ഇന്നു കാണുന്ന രീതിയിൽ പുനർനിർമ്മിച്ചത്. കേരളത്തിലെ ഏറ്റവും വലിയ മതിൽക്കെട്ട് ഉള്ള വടക്കുംനാഥക്ഷേത്രം 20 ഏക്കർ വിസ്താരമേറിയതാണ്. നാലുദിക്കുകളിലുമായി നാലു മഹാഗോപുരങ്ങൾ ഇവിടെ പണിതീർത്തിട്ടുണ്ട്. വടക്കുംനാഥന്റെ മഹാപ്രദക്ഷിണവഴിയാണ് സ്വരാജ് റൗണ്ട് എന്നറിയപ്പെടുന്നത്. അതിനാൽ തൃശ്ശൂർ നഗരത്തിൽ വരുന്ന ഒരാൾക്കും വടക്കുന്നാഥക്ഷേത്രത്തിന് മുന്നിലൂടെയല്ലാതെ കടന്നുപോകാൻ കഴിയില്ല. 108 ശിവാലയ സ്തോത്രത്തിൽ ഒന്നാം സ്ഥാനം അലങ്കരിയ്ക്കുന്ന തൃശ്ശൂർ വടക്കുംനാഥക്ഷേത്രത്തെ ശ്രീമദ്ദക്ഷിണ കൈലാസം എന്നാണ് അതിൽ പ്രതിപാദിച്ചിരിക്കുന്നത്


വടക്കുംനാഥക്ഷേത്ര നിർമ്മാണം പന്തിരുകുലത്തിലെ പെരുന്തച്ചൻറെ കാലത്ത് നടന്നതാണെന്ന് പറയപ്പെടുന്നു. പെരുന്തച്ചൻറെ കാലം ഏഴാം നൂറ്റാണ്ടിലാകയാൽ ക്ഷേത്രത്തിനും കൂത്തമ്പലത്തിനും 1300 വർഷത്തെ പഴക്കം ഉണ്ടാകുമെന്ന് കരുതുന്നു. ചരിത്രകാരനായ വി.വി.കെ. വാലത്തിന്റെ അഭിപ്രായത്തിൽ വടക്കുംനാഥക്ഷേത്രം ആദിദ്രാവിഡക്ഷേത്രമായ കാവുകളിൽ ഒന്നായിരുന്നു. പിന്നീട് ബുദ്ധ-ജൈന പാരമ്പര്യം നിലനിൽക്കുകയും അതിനുശേഷം ശൈവ-വൈഷ്ണവ സ്വാധീനത്തിലമരുകയും ചെയ്തു. പാറമേക്കാവ് ഭഗവതിയും ആദ്യകാലങ്ങളിൽ ഈ ക്ഷേത്രത്തിൽ തന്നെയായിരുന്നു പ്രതിഷ്ഠിക്കപ്പെട്ടിരുന്നത്. പഴക്കത്തിൽ കുരുംബ ഭഗവതി ക്ഷേത്രം (കൊടുങ്ങല്ലൂർ), ഊരകം അമ്മത്തിരുവടി ക്ഷേത്രം, കൂടൽമാണിക്യം ക്ഷേത്രം എന്നിവയോളം വടക്കുംനാഥ ക്ഷേത്രത്തിനു പഴക്കമില്ല എന്നു ക്ഷേത്ര സ്തോത്രമാല നിന്നും മനസ്സിലാവുന്നു



ഇരുപത്തൊന്ന് വട്ടം ക്ഷത്രിയരെ കൂട്ടക്കൊല ചെയ്തതിന്റെ പ്രായശ്ചിത്തമായി പരശുരാമൻ തനിയ്ക്ക് ലഭിച്ച ഭൂമിയെല്ലാം ബ്രാഹ്മണർക്ക് ദാനം ചെയ്തു. അവിടങ്ങളിലെല്ലാം അദ്ദേഹം അവർക്ക് ആരാധന നടത്താൻ ക്ഷേത്രങ്ങളും നിർമ്മിച്ചുകൊടുത്തു. കൂട്ടത്തിൽ പ്രധാനപ്പെട്ടതായിരുന്നു അദ്ദേഹം തന്നെ മഴുവെറിഞ്ഞ് സൃഷ്ടിച്ച കേരളഭൂമി. കേരളത്തിലെ ബ്രാഹ്മണർക്ക് ആരാധന നടത്താനായി പരശുരാമൻ നൂറ്റെട്ട് ശിവക്ഷേത്രങ്ങളും നൂറ്റെട്ട് ദുർഗ്ഗാക്ഷേത്രങ്ങളും അഞ്ച് ശാസ്താക്ഷേത്രങ്ങളും ഏതാനും വിഷ്ണുക്ഷേത്രങ്ങളും നിർമ്മിച്ചുകൊടുത്തു. അവയിൽ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ ഒന്നാം സ്ഥാനം അലങ്കരിയ്ക്കുന്ന തൃശ്ശൂർ വടക്കുംനാഥക്ഷേത്രത്തിന്റെ ഉത്ഭവത്തിനുപിന്നിൽ ഒരു ഐതിഹ്യമുണ്ട്. അതിങ്ങനെ:


ഒരുദിവസം കൈലാസത്തിലെത്തിയ പരശുരാമൻ താൻ പുതുതായി നിർമ്മിച്ച ഭൂമിയെക്കുറിച്ച് ശിവഭഗവാനോട് സംസാരിയ്ക്കുകയും അവിടെ വാണരുളണമെന്ന് അഭ്യർത്ഥിയ്ക്കുകയും ചെയ്തു. എന്നാൽ ആദ്യം ശിവൻ വിസമ്മതിച്ചു. പിന്നീട് പാർവ്വതീദേവി അഭ്യർത്ഥിച്ചപ്പോൾ മാത്രമാണ് ഭഗവാൻ സമ്മതം മൂളിയത്. ഉടനെത്തന്നെ ശിവപാർഷദന്മാരായ നന്തികേശ്വരൻ, സിംഹോദരൻ, ഭൃംഗീരടി തുടങ്ങിയവരും ശിവപുത്രന്മാരായ ഗണപതിയും സുബ്രഹ്മണ്യനും അടക്കം കൈലാസവാസികളെല്ലാവരും കൂടി ഭാർഗ്ഗവഭൂമിയിലേയ്ക്ക് പുറപ്പെട്ടു. അവർ ഭാർഗ്ഗവഭൂമിയിൽ ഒരു സ്ഥലത്തെത്തിയപ്പോൾ പെട്ടെന്നൊരു സ്ഥലത്തുവച്ച് പെട്ടെന്ന് യാത്ര നിന്നു. അവിടെ ഒരു ഉഗ്രതേജസ്സ് കണ്ട പരശുരാമൻ പ്രതിഷ്ഠയ്ക്ക് ഏറ്റവും ഉചിതമായ സ്ഥലം അതുതന്നെയെന്ന് മനസ്സിലാക്കി. ഉടനെത്തന്നെ അദ്ദേഹം ശിവനോട് അവിടെ കുടികൊള്ളണമെന്ന് അഭ്യർത്ഥിച്ചു. ശിവൻ ഉടനെത്തന്നെ പാർവ്വതീസമേതം അങ്ങോട്ട് എഴുന്നള്ളി. ആ സമയത്ത് അവിടെ പ്രത്യക്ഷപ്പെട്ട മഹാവിഷ്ണുവിനോട് തന്റെ തെക്കുഭാഗത്തിരിയ്ക്കാൻ പറഞ്ഞ ശിവൻ സ്വയം ഒരു ജ്യോതിർലിംഗമായി മാറി വടക്കുഭാഗത്ത് കുടികൊണ്ടു. അങ്ങനെയാണ് പ്രതിഷ്ഠയ്ക്ക് വടക്കുംനാഥൻ എന്ന പേരുണ്ടായത്. 


ക്ഷേത്രമതിൽക്കെട്ടിനുപുറത്ത് വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഒരു ആൽമരത്തിന്റെ തറയിലാണ് ഇത് സംഭവിച്ചതെന്ന് പറയപ്പെടുന്നു. ഇന്ന് അവിടം ശ്രീമൂലസ്ഥാനം എന്നറിയപ്പെടുന്നു. ശ്രീമൂലസ്ഥാനത്ത് ഇന്നും ദിവസവും വിളക്കുവയ്പുണ്ട്. തുടർന്ന് ശ്രീമൂലസ്ഥാനത്തുനിന്നും ശൈവവൈഷ്ണവതേജസ്സുകളെ ആവാഹിച്ച് പരശുരാമൻ തന്നെ ഇന്നത്തെ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചു. അതിനുശേഷം യഥാവിധി പൂജകൾ കഴിച്ച അദ്ദേഹം തുടർന്ന് ക്ഷേത്രത്തിന്റെ വടക്കുകിഴക്കേമൂലയിൽ അന്തർദ്ധാനം ചെയ്തു. ഇന്ന് അവിടെ പരശുരാമസ്മരണയിൽ ദീപപ്രതിഷ്ഠ നടത്തിയിട്ടുണ്ട്.
മൈസൂർ സുൽത്താനായിരുന്ന ടിപ്പുവിന്റെ പടയോട്ടകാലത്ത് വടക്കുംനാഥൻ ക്ഷേത്രത്തിനു കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചതായി ചരിത്രം പറയുന്നില്ല. അതിൽ നിന്നും മനസ്സിലാവുന്നത് നിരവധിക്ഷേത്രങ്ങൾ നശിപ്പിച്ച ടിപ്പു, തൃശ്ശൂർ കടന്നു പോയിട്ടും ക്ഷേത്രേശ ബഹുമാനാർത്ഥം നശീകരണ പ്രവൃത്തികളിൽ നിന്നും മാറിനിന്നിരുന്നു. 


No comments:

Post a Comment