ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Friday, January 27, 2017

ഉള്ളതില്‍ തൃപ്തി - ദര്‍ശന കഥകള്‍ - 11


ഒരു ഗ്രാമത്തിലെ മനുഷ്യന്‍ പൊതുവെ അസംതൃപ്തരാണ്. ”എന്റെ ജീവിതം ഭാരപൂര്‍ണം, അയല്‍ക്കാരന്റേത് സന്തോഷപൂര്‍ണ്ണം” എന്ന് ഓരോരുത്തരും വിചാരിച്ചു.

ഈ ഭാരം താങ്ങാന്‍ വയ്യ. ഇതൊന്നു മാറ്റിക്കിട്ടുമോ എന്ന് പലരും ചിന്തിച്ചു. അതിനായി ദൈവത്തിനോട് നിരന്തരം പ്രാര്‍ത്ഥിക്കുകയും ചെയ്തു.

കരുണാമയനായ ദൈവം ആ പ്രാര്‍ത്ഥനകള്‍ കേട്ടു. വിശാലമായ ഒരു ദേവാലയ മൈതാനത്ത് ദൈവം പ്രത്യക്ഷനായി പറഞ്ഞു.

”പ്രിയജനങ്ങളേ, നിങ്ങളുടെ പ്രശ്‌നം ഞാനറിയുന്നു. ഒരു പരിഹാരം നിര്‍ദ്ദേശിക്കാം. ഓരോരുത്തരും അവരവരുടെ ജീവിതഭാരം ഈ മൈതാനമധ്യത്തില്‍ നിക്ഷേപിച്ചു മടങ്ങിപ്പോവുക. ഒരു മണിക്കൂര്‍ തികയും മുന്‍പ് വീണ്ടും വരണം. എന്നിട്ട് ഇവിടെയുള്ള ഭാണ്ഡക്കുന്നില്‍നിന്ന് ഭാരം കുറഞ്ഞതെന്ന് തോന്നുന്ന അല്ലെങ്കില്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഒരു ഭാണ്ഡവുമെടുത്ത് പോയ്‌ക്കൊള്ളുക. സന്തോഷത്തോടെ ജീവിക്കുക.”
ആളുകള്‍ സമ്മതിച്ചു. ഓരോരുത്തരും ജീവിതഭാരങ്ങള്‍ വേഗത്തില്‍ വലിച്ചെറിഞ്ഞു.

മൈതാനമദ്ധ്യം ഒരു കുന്നുപോലായി. എല്ലാവരും ആഹ്ലാദത്തിലാറാടി!
ഒരു മണിക്കൂര്‍ തികയും മുന്‍പ് ദൈവം വിളിച്ചു. എല്ലാവരും വന്നു ഭാണ്ഡക്കുന്നു ചികയാന്‍ തുടങ്ങി. ഒന്നു മാറ്റി വേറൊന്നെടുത്തു. അത് മാറ്റി മറ്റൊന്ന്; പിന്നെയും മാറ്റി…. ഏതാവും സന്തോഷം നിറഞ്ഞത്? ഭാരം കുറഞ്ഞത് തേടല്‍…..ഒടുവില്‍ ഓരോ ഭാണ്ഡവുമെടുത്തു എല്ലാവരും മടങ്ങി.
ഹാവൂ! ഇന്നലെവരെ എന്തുവലിയ ജീവിതദുഃഖങ്ങളായിരുന്നു ഞാന്‍ ചുമന്നത്? ഇപ്പോള്‍ തിരഞ്ഞെടുത്തതു ആരുടേതുമാകട്ടെ, അത്ര വിഷമം പിടിച്ചതാവില്ല എന്ന ഉറച്ച വിശ്വാസത്തോടെയായിരുന്നു മടക്കം.

പക്ഷെ, അടുത്ത ദിവസം മുതല്‍ ഓരോരുത്തരും പിറുപിറുക്കാന്‍ തുടങ്ങി! മുടന്തന് കിട്ടിയത് കണ്ണുപൊട്ടന്റെ ഭാണ്ഡം; കണ്ണു നഷ്ടപ്പെട്ടവന് ഇരുകൈകളും ഇല്ലാത്തവന്റെ ഭാണ്ഡം!

കൃഷിക്കാരന് വ്യാപാരിയുടെയും, സ്വര്‍ണപ്പണിക്കാരന് കശാപ്പുകാരന്റെയും ജീവിതം കിട്ടി; മുക്കുവന് പൂജാരിയുടേയും! ആ ജീവിതരീതികളോടും പ്രശ്‌നങ്ങളോടും പൊരുത്തപ്പെടാന്‍ കഴിയാതെ പലരും വിഷമത്തിലായി. നാട്ടുപ്രമാണിയുടെ ഭാര്യയ്ക്ക് മദ്യശാല നടത്തുന്ന സ്ത്രീയുടെ ജീവിതഭാരമാണ് ലഭിച്ചത്.

വീണ്ടും വലിയ അസംതൃപ്തിയോടെ വലിയ നിലവിളികള്‍ ഉയര്‍ന്നു. ദൈവത്തിനോട് അവര്‍ പ്രാര്‍ത്ഥിച്ചു.

”ദൈവമേ! ഈ ജീവിതഭാരം ഞങ്ങളില്‍ നിന്ന് മാറ്റേണമേ! ഞങ്ങള്‍ക്ക് പഴയ ജീവിതഭാണ്ഡം തന്നെ തന്നാലും. അതാണ് ക്ലേശം കുറഞ്ഞതെന്ന് ഞങ്ങള്‍ക്ക് ഇപ്പോള്‍ ബോധ്യമായിരിക്കുന്നു. ഞങ്ങളോട് ക്ഷമിച്ചാലും!”

ആ പ്രാര്‍ത്ഥന കേട്ട് ദൈവം ചിരിച്ചു. ദേവാലയമുറ്റത്ത് വീണ്ടും പ്രത്യക്ഷനായി ദൈവം പറഞ്ഞു.

”ശരി. നിങ്ങള്‍ക്ക് നിങ്ങളുടെ പഴയ ജീവിതാവസ്ഥ തന്നെ ഞാനിതാ തിരിച്ചുതരുന്നു. പക്ഷെ, ഒരു കാര്യം ഓര്‍മ വേണം. ചുറ്റിലും നോക്കി അസൂയപ്പെട്ടും അത്യാര്‍ത്തി പിടിച്ചും നടക്കരുത്. അപ്പോള്‍ ദുഃഖഭാരങ്ങള്‍ കൂടുന്നതായി തോന്നും. ഉള്ളതു മതി എന്നുള്ളില്‍ തോന്നുമ്പൊഴോ?

മുഖത്തു സന്തോഷം വിരിയും. അപ്പോള്‍ തലയില്‍ ഭാരം അനുഭവപ്പെടുകയേ ഇല്ല കേട്ടോ. ഓരോരുത്തര്‍ക്കും താങ്ങാവുന്ന ഭാരമേ ഞാന്‍ തന്നിട്ടുള്ളൂ. പോകൂ, സന്തോഷത്തോടെ ജീവിക്കൂ.”ദൈവം അപ്രത്യക്ഷനായി. ജനങ്ങള്‍ സ്വന്തം കര്‍മങ്ങളിലേക്ക് മടങ്ങുകയും ചെയ്തു.

പി.ഐ.ശങ്കരനാരായണന്‍


No comments:

Post a Comment