തരസാ തേ f ഥ സമ്പ്രാപ്യ വൈകുണ്ഡം വിഷ്ണുവല്ലഭം
ദദൃശു: സര്‍വ്വശോഭാഢ്യം ദിവ്യ ഗൃഹവിരാജിതം
സരോവാപീസരിദ്ഭിശ്ച സംയുതം സുഖദം ശുഭം
ഹംസസാരസ ചക്രാഹ്വൈ: കുജദ്ഭിശ്ച വിരാജിതം
വ്യാസന്‍ തുടര്‍ന്നു: അവര്‍ എല്ലാവരും കൂടി മണിമയങ്ങളായ രമ്യഹര്‍മ്മ്യങ്ങളും നന്ദനോദ്യാനങ്ങളും നിറഞ്ഞ പ്രശോഭസുന്ദരമായ വൈകുണ്ഡത്തില്‍ എത്തിച്ചേര്‍ന്നു. മനോഹരങ്ങളായ തടാകങ്ങളും നീര്‍ച്ചാലുകളും പൂക്കള്‍ സദാ വിരിഞ്ഞു വിടര്‍ന്നു നില്‍ക്കുന്ന തോപ്പുകളും കിളികളുടെ കൂജനവും മറ്റുമായി അവിടം അതി സുന്ദരമായിരുന്നു. പാടുന്ന കുയിലുകള്‍ക്ക് ആടുന്ന മയിലുകള്‍ കൂട്ട് നിന്നു. സുനന്ദന്‍, നന്ദനന്‍ എന്നിവരെക്കൂടാതെ അനേകം വിഷ്ണു പാര്‍ഷദന്മാര്‍ ഭഗവാനെ സ്തുതിച്ചുകൊണ്ട് അവിടെ നില്‍ക്കുന്നു. അവിടെല്ലാം കാണപ്പെടുന്ന അംബരചുംബികളായ രമ്യഹര്‍മ്യങ്ങള്‍ക്ക് മാറ്റ് കൂട്ടാന്‍ അവയില്‍ രത്നക്കല്ലുകള്‍ പതിച്ചിരിക്കുന്നു. അപ്സരസ്സുകള്‍ ആടിപ്പാടിയും ദേവകിന്നരഗന്ധര്‍വ്വന്മാര്‍ അവരവരുടെ കലകളില്‍ മുഴുകിയും അവിടെ ഉല്ലസിക്കുന്നു. മാമുനിമാര്‍ വേദപാഠങ്ങള്‍ ചൊല്ലുന്നു. അങ്ങിനെയുള്ള ഹരിനിലയത്തിനു കാവല്‍ നില്‍ക്കുന്നത് ജയവിജയന്മാരാണ്.
‘ബ്രഹ്മ-രുദ്ര-ഇന്ദ്ര പ്രഭൃതികള്‍ ദേവന്മാരോടുകൂടി ഭഗവാനെ കാണാന്‍ വന്നതായി അറിയിക്കൂ’ എന്ന് കേട്ട് വിജയന്‍ ഓടിച്ചെന്നു മഹാവിഷ്ണുവിനെ വിവരമറിയിച്ചു. ‘ദേവ ദേവാ, ബ്രഹ്മാവും രുദ്രനും ഇന്ദ്രനുമൊക്കെ അങ്ങയെക്കാണാന്‍ ഉത്സുകരായി സ്തുതിഗീതങ്ങളുമായി ഗോപുരദ്വാരത്ത് കാത്തു നില്‍ക്കുന്നു.’. അത് കേട്ട മാത്രയില്‍ ഭഗവാന്‍ ചാടിയെഴുന്നേറ്റു. പെട്ടെന്ന് തന്നെ ഗോപുരവാതില്‍ക്കല്‍ നേരിട്ട് വന്ന് ദേവന്മാരെ എതിരേറ്റു. പരിക്ഷീണരായി നില്‍ക്കുന്ന ദേവന്മാരെ അദ്ദേഹം കൃപാപൂരം പൊഴിക്കുന്ന ദൃഷ്ടിയാല്‍ സാന്ത്വനിപ്പിച്ചു. ദേവന്മാര്‍ ഭഗവാന്‍റെ കാല്‍ക്കല്‍ വീണു നമസ്കരിച്ചു. ‘ദേവ ദേവാ ഞങ്ങള്‍ക്ക് അഭയം നല്‍കിയാലും’ എന്നവര്‍ അകമഴിഞ്ഞ് പ്രാര്‍ത്ഥിച്ചു.
എല്ലാവര്‍ക്കും ഉചിതമായ ആസനങ്ങള്‍ നല്‍കി മഹാവിഷ്ണു അവരെ തുഷ്ടരാക്കി. എന്നിട്ട് കുശലം അന്വേഷിച്ചു. ‘ബ്രഹ്മാവും രുദ്രനും മറ്റു ദേവന്മാരും ചേര്‍ന്ന് ഇപ്പോള്‍ ഇവിടെ വന്നതിന് എന്തെങ്കിലും ഉചിതമായ കാരണം ഉണ്ടാവും എന്നെനിക്കറിയാം. എന്താണത്?;
അപ്പോള്‍ ദേവന്മാര്‍ പറഞ്ഞു. ’വരബലത്താല്‍ മദമത്തനായ മഹിഷന്‍ ദേവന്മാരെ വല്ലാതെ വലയ്ക്കുന്നു. ബ്രാഹ്മണര്‍ തരുന്ന യജ്ഞഭാഗം കൂടി അവന്‍ എടുക്കുന്നു. ദേവന്മാര്‍ എല്ലാവരും ഇപ്പോള്‍ കഴിയുന്നത് മലമുകളിലും ഗുഹകളിലുമാണ്. നാന്മുഖനായ ഈ ബ്രഹ്മദേവനാണ് അവന് അജയ്യനാവാനുള്ള വരബലം നല്‍കിയത്. ഇനിയിപ്പോള്‍ അങ്ങേയ്ക്ക് മാത്രമേ അവനെ വെല്ലാന്‍ കഴിയൂ. അവനെ വധിക്കാനുള്ള ഉപായം കണ്ടെത്തണം. ആണുങ്ങള്‍ക്ക് അവനെ കൊല്ലാനാവില്ല. എന്നാല്‍ ആ ബലവാനെ കൊല്ലാന്‍ പെണ്ണായിപ്പിറന്ന ആരുണ്ട്? ത്രിമൂര്‍ത്തികളുടെ പ്രിയതമമാര്‍ക്കൊന്നും ഈ ദുഷ്ടനെ കൊല്ലാന്‍ കഴിയില്ല എന്നാണു ഞങ്ങള്‍ക്ക് തോന്നുന്നത്. ഏതായാലും ഭക്തവത്സലനായ അങ്ങ് പെട്ടെന്നൊരു തീരുമാനമെടുത്തില്ലെങ്കില്‍ ഞങ്ങള്‍ക്ക് ഇനി ജീവനോടെ മുന്നോട്ടു പോവാന്‍ കഴിയില്ല.’
അപ്പോള്‍ മഹാവിഷ്ണു പുഞ്ചിരിയോടെ പറഞ്ഞു: ‘പണ്ട് ഞാന്‍ അവനോടു യുദ്ധം ചെയ്തിട്ടും അവനെ കൊല്ലാന്‍ കഴിഞ്ഞില്ല എന്ന കാര്യം നിങ്ങള്‍ക്കും അറിയാമല്ലോ. എന്നാല്‍ എന്‍റെ അഭിപ്രായത്തില്‍ എല്ലാ ദേവന്മാരും ചേര്‍ന്ന് അവരുടെ തേജസ്സും ബലവും രൂപവും അര്‍പ്പിച്ച് ഒരു നാരിയെ സൃഷ്ടിക്കാമെങ്കില്‍ നമുക്കവനെ വധിക്കാന്‍ പറ്റും. നമ്മുടെയെല്ലാം ശക്തിയുടെ അംശങ്ങള്‍ കൊണ്ട് ജനിക്കുന്ന ഒരു ശക്തിസ്വരൂപിണിക്ക് മാത്രമേ അതിനു കഴിയൂ. നമ്മുടെ പ്രിയതമമാരും അവരുടെ പ്രാര്‍ത്ഥനകള്‍ കൊണ്ട് ആ നാരിയുടെ തേജസ്സു വര്‍ദ്ധിപ്പിക്കട്ടെ. നമ്മുടെ കയ്യിലുള്ള ത്രിശൂലാദി ദിവ്യായുധങ്ങള്‍ അവള്‍ക്ക് നല്‍കാം. സര്‍വ്വായുധങ്ങളും കയ്യിലേന്തി ശക്തിദുര്‍ഗ്ഗമായിത്തീരുന്ന ആ ദേവി ദുരാത്മാവായ ദൈത്യനെ നിഹനിക്കും എന്ന് നിശ്ചയം.’
വ്യാസന്‍ തുടര്‍ന്നു: മഹാവിഷ്ണു ഇത്രയും പറഞ്ഞപ്പോഴേയ്ക്ക് ബ്രഹ്മമുഖത്തു നിന്നും സ്വമേധയാ ഒരു തേജ:പുഞ്ജം ഉത്ഭവിച്ചു. രക്തവര്‍ണ്ണം, ഇളം ചൂടും തണുപ്പും ചേര്‍ന്ന ശുഭ്രത, പത്മരാഗത്തിന്‍റെ ശോഭ എന്നിവ സമ്യക്കായി ചേര്‍ന്നുരുവായ ആ സത്വത്തെക്കണ്ട് രുദ്രനും വിഷ്ണുവും പോലും വിസ്മയിച്ചു. പെട്ടെന്ന് ശങ്കരന്‍റെ ദേഹത്തുനിന്നും അതിപ്രഭാവമുള്ള ഒരു തേജസ്സു വെളുത്ത നിറത്തോടെ ആവീര്‍ഭവിച്ചു. മലപോലെ വലുപ്പമുള്ള ആ തമോഗുണമൂര്‍ത്തി അസുരന്മാര്‍ക്ക് ഭയം ജനിപ്പിക്കും എന്ന് തീര്‍ച്ച. പിന്നെ നീലനിറത്തില്‍ സത്വഗുണം ഘനീഭവിച്ച് വിഷ്ണുദേഹത്തില്‍ നിന്ന് പുറപ്പെട്ട് ആ ദിവ്യസത്വത്തില്‍ എത്തിച്ചേര്‍ന്നു. ഇന്ദ്രനില്‍ നിന്നും സകലഗുണങ്ങളും ഒത്തിണങ്ങിയ തേജസ്സും ഉദ്ഭവിച്ചു. കുബേരന്‍, യമന്‍, വരുണന്‍ തുടങ്ങിയ ദേവപ്രമുഖന്മാരും അവരവരുടെ തേജസ്സുകള്‍ ആ രൂപത്തിലേയ്ക്ക് പകര്‍ന്നു നല്‍കി. മഞ്ഞിന്‍ മലപോലെ വെളുത്തും വലുപ്പമാര്‍ന്നും നിലകൊണ്ട ആ സത്വത്തില്‍ പെട്ടെന്നൊരു നാരീ രൂപം ഉരുത്തിരിഞ്ഞു വന്നു. അത് കണ്ട് എല്ലാവരും വിസ്മയചകിതരായി. അവള്‍ക്ക് പതിനെട്ടു കരങ്ങളുണ്ട്. മൂന്ന് വര്‍ണ്ണങ്ങള്‍, ത്രിഗുണങ്ങള്‍ എന്നിവ സമ്യക്കായി അവളില്‍ ഒത്തു ചേര്‍ന്നിട്ടുണ്ട്. മഹാലക്ഷ്മിയും വിശ്വമോഹിനിയുമായ അവളുടെ മുഖം വെളുത്തും കണ്‍കള്‍ നീലിമയാര്‍ന്നും ചുണ്ടുകള്‍ ചുവന്നും, കൈത്തലങ്ങള്‍ രക്തവര്‍ണ്ണമാര്‍ന്നും കാണപ്പെട്ടു. ദിവ്യാഭരണങ്ങളാല്‍ അലങ്കൃതയായ അവള്‍ അതി സുന്ദരിയുമായിരുന്നു. അവളുടെ പതിനെട്ടു കൈകള്‍ ആവശ്യം വരുമ്പോള്‍ ആയിരം കൈകളായിത്തീരും.’
അപ്പോള്‍ ജനമേജയന്‍ ചോദിച്ചു: ആ ദേവിയുടെ ശരീരോത്പത്തി ഒന്ന് വിശദമാക്കി പറഞ്ഞാലും. ആ ദേവിയിലെ തേജസ്സുകള്‍ വിവിധ ദേവന്മാരില്‍ നിന്നും ഉണ്ടായവയാണല്ലോ? അവ ഒറ്റയ്ക്കൊറ്റയ്ക്ക് നിലകൊണ്ടോ അതോ അവയെല്ലാം കൂടിക്കലര്‍ന്നാണോ അവളില്‍ അങ്കുരിച്ചത്? ആ ദേഹത്തിലെ കണ്ണും മൂക്കും മറ്റും ഓരോന്ന് വെവ്വേറെ ഉണ്ടായി വന്നതാണോ? അവയെല്ലാം ഉരുവായപ്പോഴേ തേജോമയങ്ങള്‍ ആയിരുന്നോ? ഓരോരോ അംഗത്തിന്‍റെയും തേജസ്സുകള്‍ ഏതൊക്കെ ദേവന്മാരുടേതാണ്? ആരൊക്കെ എന്തൊക്കെ ആയുധങ്ങളാണ് അവള്‍ക്ക് നല്‍കിയത്? ആരൊക്കെ എന്തൊക്കെ ആഭരണങ്ങളാണ് നല്‍കിയത്? അങ്ങയുടെ മുഖകമലത്തില്‍ നിന്നും നിര്‍ഗ്ഗളിച്ച മഹാലക്ഷ്മീചരിതം കേട്ട് എനിക്ക് മതി വന്നിട്ടില്ല. ഇനിയും അതിനെപ്പറ്റി പറയൂ.’
രാജാവിന്‍റെ അഭ്യര്‍ത്ഥനയെ മാനിച്ച് വ്യാസന്‍ തുടര്‍ന്നു: ത്രിമൂര്‍ത്തികള്‍ക്ക് ആര്‍ക്കുംതന്നെ ആ ദേവിയുടെ രൂപം ഇന്ന പ്രകാരത്തിലാണ് എന്ന് വര്‍ണ്ണിക്കാന്‍ ആവില്ല. അപ്പോള്‍പ്പിന്നെ എനിക്കതെങ്ങിനെ സാധിക്കും? ദേവി ആവീര്‍ഭവിച്ചു എന്ന് ഏതാനും വാക്കുകളിലൂടെ പറഞ്ഞു വയ്ക്കാന്‍ മാത്രമേ എനിക്ക് കഴിയൂ. നാടകവേദിയില്‍ നടന്‍ ചിലപ്പോള്‍ പല വേഷങ്ങളും നടിക്കുമല്ലോ. അതുപോലെ നിര്‍ഗ്ഗുണയും അരൂപയുമായ ദേവി ദേവകാര്യസാദ്ധ്യത്തിനായി പലരൂപഭാവങ്ങളും ആര്‍ജ്ജിക്കുന്നു. ചിലപ്പോള്‍ ഒരു രൂപം അല്ലെങ്കില്‍ മറ്റുചിലപ്പോള്‍ അനേക രൂപങ്ങള്‍ എന്നിങ്ങിനെ വൈവിദ്ധ്യമാര്‍ന്ന ലീലകളായാണ് അവളുടെ നടനം. കാര്യകര്‍മ്മങ്ങള്‍ക്ക് അനുസരിച്ച് അവള്‍ക്ക് പ്രധാനപ്പെട്ട നാമങ്ങളും അനേകമുണ്ട്. മറ്റ് അമുഖ്യങ്ങളായ നാമങ്ങള്‍ ധാതുഗുണ സംഘാതങ്ങള്‍ക്കനുസരിച്ചാണ് ഉല്‍പ്പന്നമാവുന്നത്.
നാനാ ദേവന്മാര്‍ പ്രദാനം ചെയ്ത തേജസ്സുകളില്‍ നിന്നും അവളെങ്ങിനെ ഉണ്ടായി എന്ന്‍ എന്‍റെ കഴിവുപോലെ ഞാന്‍ പറയാന്‍ ശ്രമിക്കാം. പരമശിവന്‍റെ തേജസ്സില്‍ നിന്നുമാണ് ആ തെളിഞ്ഞു പ്രശോഭിക്കുന്ന മുഖകമലം ഉരുവായത്. യമന്‍റെ തേജസ്സില്‍ നിന്നും നീണ്ടു ചുരുണ്ട് കാര്‍മേഘം പോലെയുള്ള തലമുടിയുണ്ടായി. അഗ്നിയില്‍ നിന്നും മൂന്നു കണ്ണുകള്‍ പ്രോജ്ജ്വലത്തായി ഉരുത്തിരിഞ്ഞു. കറുപ്പും ചുവപ്പും വെളുപ്പുമാണ് ആ കണ്ണുകളെ അലങ്കരിക്കുന്ന നിറക്കൂട്ട്. സാന്ധ്യതേജസ്സാണ് അവളുടെ പുരികക്കൊടികള്‍. അവ കാമന്‍റെ വില്ലുകളെപ്പോലെ തേജോമയമത്രേ. വായുവില്‍ നിന്നും കാതുകള്‍ ഉണ്ടായി. അവയോ മലര്‍ബാണന്‍റെ ഊഞ്ഞാലുപോലെയാണ്. ദേവിയുടെ എള്ളിന്‍ പൂവിനൊത്ത നാസിക കുബേരതേജസ്സില്‍ നിന്നുമാണ് ഉണ്ടായത്. പ്രജാപതിയില്‍ നിന്നും മുല്ലമൊട്ടുകള്‍പോലെ അഗ്രം കൂര്‍ത്ത് നിരയൊത്ത് വെളുത്ത് തിളങ്ങുന്ന പല്ലുകളാണ് കിട്ടിയത്. ചെന്തൊണ്ടിപ്പഴത്തിനൊക്കുന്ന ചുണ്ടുകള്‍ക്ക് കാരണം സൂര്യതേജസ്സാണ്. സുബ്രഹ്മണ്യതേജസ്സില്‍ നിന്നാണ് ഓഷ്ഠം. വിഷ്ണുതേജസ്സിനാല്‍ പതിനെട്ടു കൈകള്‍. ചുവന്നുതുടുത്ത വിരലുകള്‍ വസുക്കളുടെ തേജസ്സാണ്. ചാന്ദ്രതേജസ്സിനാല്‍ സ്തനദ്വയങ്ങള്‍ ഉണ്ടായി. മൂന്നു മടക്കുകളുള്ള കടിമദ്ധ്യഭാഗം നല്‍കിയത് ഇന്ദ്രതേജസ്സാണ്. കാല്‍മുട്ടും തുടകളും വരുണനില്‍ നിന്നും ജഘനം ഭൂമീ ദേവിയില്‍ നിന്നും ഉണ്ടായി. ഇങ്ങിനെയാണ് അതിമനോഹരരൂപത്തോടെ, സുമധുരസ്വരത്തോടെ തേജോമണ്ഡലത്തില്‍ നിന്നും ആ ദേവി ആവീര്‍ഭവിച്ചത്.
ദേവതേജസ്സുകള്‍ ഒത്തുചേര്‍ന്നുരുത്തിഞ്ഞ ആ സൌന്ദര്യധാമത്തെ ദേവന്മാര്‍ വിസ്മയത്തോടെ നോക്കിനിന്നുപോയി. മഹിഷാസുരന്‍റെ പീഡനത്തില്‍ നിന്നും നമ്മെ രക്ഷിക്കാന്‍ പോവുന്നതിവളാണ് എന്നവര്‍ സന്തോഷിച്ചു. മഹാവിഷ്ണു പറഞ്ഞു: ‘നമുക്കിവളെ സര്‍വ്വാഭരണ വിഭൂഷിതയാക്കാം. ഉചിതമായ ആയുധങ്ങളും അവള്‍ക്കേകാം.’ ദേവന്മാര്‍ അവരവരുടെ ആയുധങ്ങളില്‍ നിന്നും തേജോയുക്തങ്ങളായ ആയുധങ്ങള്‍ നിര്‍മ്മിച്ച് അവളുടെ കൈകളെ അലങ്കരിപ്പിച്ചു.
പുനരാഖ്യാനം: ഡോ. സുകുമാര് കാനഡ. ശ്രീ ടി എസ്. തിരുമുന്പിന്റെ ഭാഷാവിവര്ത്തനം, ശ്രീ എന് വി. നമ്പ്യാതിരിയുടെ മൂലം വിവര്ത്തനം, എന്നിവയെ അവലംബിച്ച് എഴുതിയത്
No comments:
Post a Comment