ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Monday, January 30, 2017

അസിലോമ വിഡാല വധം - ശ്രീമദ്‌ ദേവീഭാഗവതം. സ്കന്ധം. 5. 15 - ദിവസം 107.



തൌ തയാ നിഹതൌ ശ്രുത്വാ മഹിഷോ വിസ്മയാന്വിത:
പ്രേഷയാമാസ ദൈതേയാം സ്തദ്വധാര്‍ത്ഥം മഹാബലാന്‍
അസിലോമബിഡാലാഖ്യ പ്രമുഖാന്‍ യുദ്ധദുര്‍മദാന്‍
സൈന്യേന മഹതാ യുക്താന്‍ സായുധാന്‍ സപരിച്ഛദാന്‍


വ്യാസന്‍ തുടര്‍ന്നു: വീരന്മാരായ താമ്രനും ചിക്ഷുരനും ദേവിയോടേറ്റുമുട്ടി മരിച്ചതറിഞ്ഞ് വ്യാകുലപ്പെട്ട മഹിഷന്‍ മറ്റു രാക്ഷസവീരന്മാരെ യുദ്ധത്തിനായി അയക്കാന്‍ തീരുമാനിച്ചു. യുദ്ധപരാക്രമികളായി അറിയപ്പെടുന്ന അസിലോമാവ്‌, വിഡാലന്‍ തുടങ്ങിയ വീരന്മാരാണ് ഇത്തവണ പട നയിക്കാന്‍ നിയുക്തരായി വന്നത്. പതിനെട്ടു കൈകളിലും ആയുധങ്ങളോടെ സിംഹത്തിന്‍റെ പുറത്ത് വിരാജിക്കുന്ന ഭഗവതിയെ അവര്‍ അത്യത്ഭുതത്തോടെ കണ്ടു. അസിലോമാവ്‌ വിനീതഭാവത്തില്‍ ദേവിയുടെ സമീപത്ത് ചെന്നിട്ടു ശാന്തസ്വരത്തില്‍ ചോദിച്ചു: ‘ദേവീ സത്യം പറഞ്ഞാലും എന്തിനാണീ നിരപരാധികളായ അസുരന്മാരെ അവിടുന്നു കൊന്നു തള്ളുന്നത്? ഭവതി എവിടെനിന്നാണ് വരുന്നത്? എന്താണിതിനു പിന്നിലെ കാരണം? നിന്നോടു സന്ധിചെയ്യാനും ഞങ്ങള്‍ തയ്യാറാണ്. നിനക്ക് സ്വര്‍ണ്ണമോ, രത്നങ്ങളോ, മണികളോ പാത്രങ്ങളോ എന്താണ് വേണ്ടത്? എന്തായാലും അവ നിനക്ക് കൊണ്ടുവന്നു  തരാം. എന്തിനാണീ ദുഖപ്രദമായ യുദ്ധം? സുഖത്തെ ഇല്ലാതാക്കുന്ന ഈ പോരിനി തുടരണമോ? അവിടുത്തെ ദേഹമാണെങ്കില്‍ പൂകൊണ്ടുള്ള താഡനം ഏല്‍ക്കാന്‍ പോലും കഴിയുന്നവയല്ല. അപ്പോള്‍പ്പിന്നെ ആ മലര്‍മേനി എന്തിനാണിങ്ങിനെ പീഡിപ്പിക്കുന്നത്? സാമര്‍ത്ഥ്യമുണ്ടെങ്കില്‍ നിനക്ക് സദാ സുഖിച്ചു കഴിയാമല്ലോ? സുഖികള്‍ക്കാണ് ശാന്തമായ ജീവിതം. അപ്പോള്‍ എന്തിനാണീ അശാന്തി നല്‍കുന്ന യുദ്ധം?


സുഖമെന്നത്  നിത്യ സുഖം, അനിത്യസുഖം എന്നിങ്ങിനെ രണ്ടുവിധമാണ്. ആത്മജ്ഞാനമാണ് നിത്യസുഖം. ഭോഗസുഖമോ അനിത്യമാണ്. നിനക്ക് ഭോഗസുഖത്തില്‍ താല്‍പ്പര്യമില്ല എന്നാണെങ്കില്‍ നിത്യസുഖം കിട്ടുന്ന വേദാന്തമാര്‍ഗ്ഗം സ്വീകരിക്കാമല്ലോ. അങ്ങിനെ ബ്രഹ്മജ്ഞാനം നേടി സുഖിയാവുക. എന്നാല്‍ യൌവനത്തില്‍ ശ്രേഷ്ഠമായ ഭോഗസുഖമാണ് അനുഭവിക്കേണ്ടത്. അല്ല, ഇനി നിനക്ക് പരലോകത്തെപ്പറ്റിയാണ്‌ ചിന്തയെങ്കില്‍ യൌവനം നിത്യമല്ലെന്നോര്‍ത്ത് സ്വര്‍ഗ്ഗലാഭത്തിനായി സദാ സത്കര്‍മ്മങ്ങള്‍ ചെയ്യുക. പരദ്രോഹപരമായ കര്‍മ്മങ്ങള്‍ ത്യജിച്ച് ധര്‍മ്മാര്‍ത്ഥകാമങ്ങള്‍ ഉചിതമായി ആചരിക്കുക. അതുകൊണ്ട് ദേവീ, നീയെന്തിനാണ്‌ വെറുതെയീ അസുരന്മാരെ കൊല്ലുന്നത്? ദയ കാണിക്കുകയല്ലേ ഈ ദേഹത്തിന്റെ ധര്‍മ്മം? ദയയും സത്യവും പരമപ്രധാനമാണ്. എന്താണ് ദൈത്യരെ വധിക്കാന്‍ അവിടുന്ന്‍ തീരുമാനിച്ചതെന്ന് പറഞ്ഞാലും’


ദേവി പറഞ്ഞു: ‘മഹാബാഹോ, എന്തിനാണ് ഞാന്‍ വന്നിട്ടുള്ളതെന്നാണല്ലോ നീ ചോദിച്ചത്. ദൈത്യന്മാരെ എന്തിനാണ് കൊല്ലുന്നതെന്നും നീ ചോദിച്ചു. എല്ലാറ്റിനും ഞാന്‍ മറുപടി തരാം. ഞാന്‍ ലോകങ്ങള്‍ എമ്പാടും സഞ്ചരിക്കുന്നവളാണ്. സര്‍വ്വ ജീവജാലങ്ങളെയും സാക്ഷീരൂപത്തില്‍ ഞാന്‍ കാണുന്നു. അവയിലൊന്നും എനിക്കു സംഗമില്ല. അതിനാല്‍ അവരില്‍ ഭോഗേച്ഛയോ വൈരമോ ലോഭമോ എനിക്കില്ല. ധര്‍മ്മസംരക്ഷണം മാത്രമാണ് ഞാന്‍ ലക്ഷ്യമാക്കുന്നത്. സദ്‌ജന സംരക്ഷണം, ദുഷ്ജനസംഹാരം, വേദപരിരക്ഷ എന്നിവയാണ് ഞാന്‍ സദാ ചെയ്യുന്നത്. അതിനായി ഞാന്‍ യുഗം തോറും അവതരിക്കുന്നു. നിന്‍റെ പ്രഭുവായ മഹിഷന്‍ ദേവന്മാരെ അകാരണമായി പീഡിപ്പിക്കുന്നു. അവനെ കൊല്ലുക എന്നതാണ് എന്റെ അവതാരോദ്ദേശം. നിന്നോടു പറഞ്ഞ ഇക്കാര്യം നീ വേണമെങ്കില്‍ ആ പോത്തിന്‍റെ ചെവിയില്‍ പോയി പറയുക. സന്ധിയാണ് വേണ്ടതെങ്കില്‍ ഇനിയും സമയമുണ്ട്. ദേവന്മാരില്‍ നിന്നും തട്ടിപ്പറിച്ചെടുത്തതെല്ലാം തിരികെ കൊടുത്തിട്ട് അവനു പാതാളത്തിലേയ്ക്ക് പോകാം.’



അസിലോമാവ്‌ അപ്പോള്‍ വിഡാലനോടു ചോദിച്ചു: ‘നീയും ദേവി പറഞ്ഞത് കേട്ടുവല്ലോ. എന്താണിനി ചെയ്യേണ്ടത്? സന്ധി വേണോ യുദ്ധം വേണോ?



അപ്പോള്‍ വിഡാലന്‍ പറഞ്ഞു: 'ആ ദുരഭിമാനി സന്ധിക്കൊന്നും സമ്മതിക്കില്ല. എത്ര ഉറ്റവര്‍ മരിച്ചു പോയിട്ടും നമ്മെ യുദ്ധത്തിനായി പറഞ്ഞു വിട്ടത് അതുകൊണ്ടല്ലേ. ഏതായാലും ദൈവഹിതം തടുക്കാന്‍ പറ്റില്ലല്ലോ. നമ്മള്‍ കിങ്കരന്മാരുടെ ജീവിതം കഷ്ടം തന്നെ. അന്യര്‍ ചരട് ചലിപ്പിച്ചു കളിപ്പിക്കുന്ന പാവകളാണ് നാം. കിങ്കരന്മാര്‍ക്ക് സ്വാഭിമാനം എന്നൊന്നില്ല. ‘നമുക്ക് ദേവന്മാരുടെ സമ്പത്തെല്ലാം തിരികെ കൊടുത്ത് പാതാളത്തില്‍ അഭയം തേടാം’ എന്ന്  നമുക്ക് രാജാവിനോട് ധൈര്യപൂര്‍വ്വം പറയാനൊക്കുമോ? പ്രിയവും സത്യവും ആണെങ്കില്‍പ്പോലും അത് രാജഹിതമല്ലെങ്കില്‍ ദൂതന്മാരുടെ കാര്യം കഷ്ടം തന്നെയാണ്. അതുകൊണ്ട് ബുദ്ധിയുള്ളവര്‍ അപ്രിയസത്യം പറയാന്‍ നില്‍ക്കാതെ മൌനം അവലംബിക്കുകയാണ് ചെയ്യുക. നീതി ശാസ്ത്രവും അതാണ്‌ പറയുന്നത്. ഇങ്ങിനെയൊക്കെയാണെങ്കിലും നാം ഇവിടെ വന്ന കാര്യം പ്രഭുഭക്തിയോടെ ചെയ്യുക തന്നെവേണം. നമ്മള്‍ പടയാളികള്‍ക്ക് മരണം തൃണസമാനമാണ്. പ്രാണന്‍ നല്‍കിയും നാം യുദ്ധം ചെയ്യണം.’


വ്യാസന്‍ തുടര്‍ന്നു.: ഇങ്ങിനെ കാര്യവിചാരം ചെയ്ത് ഉറച്ച തീരുമാനത്തോടെ രണ്ടു ദൈത്യവീരന്മാരും യുദ്ധത്തിനു തയ്യാറായി. വിഡാലന്‍റെ വില്ലില്‍ നിന്നും ഏഴു ബാണങ്ങള്‍ ദേവിക്കുനെരെ പ്രയോഗിച്ചപ്പോള്‍ അവയെല്ലാം ദേവി തന്റെ ദിവ്യാസ്ത്രങ്ങള്‍ കൊണ്ട് തടഞ്ഞു. മൂന്നു ശരങ്ങള്‍ ദേവി അവന്‍റെ നേരെ തിരിച്ചും പ്രയോഗിച്ചു. ആ ദൈത്യന്‍ പെട്ടെന്ന് തന്നെ മരണത്തെ പുല്‍കി.



അസിമോലാവും അസ്ത്രപ്രയോഗത്തില്‍ മിടുക്കനായിരുന്നു. കൂട്ടത്തില്‍ സൌമ്യനായ അവന്‍ ഇടതുകൈ പൊക്കി ദേവിയോട് പറഞ്ഞു: ‘അസുരന്മാരുടെ അവസാനമടുത്തു എന്ന് ഞാന്‍ അറിയുന്നു. നീയുമായുള്ള ഈ പോര് രാജഭടനായ എന്റെ കര്‍ത്തവ്യമാണ്. മഹിഷന്‍ മന്ദബുദ്ധിയാണ്. അവന്‍റെ ചെവിയില്‍ ഹിതമോതാന്‍ വയ്യ. ദൈവഹിതം നടക്കട്ടെ. ഈ പൌരുഷം കൊണ്ടൊന്നും ഒരു കാര്യവുമില്ല. നിന്‍റെ അമ്പുകൊണ്ട് വീഴാനാണ് അസുരന്മാരുടെ വിധി!’ എന്ന് പറഞ്ഞുകൊണ്ട് അസിലോമാവ്‌ ക്ഷണത്തില്‍ ശരമാരി തൂകിത്തുടങ്ങി. ദേവി അവയെ ഒന്നൊന്നായി ഖണ്ഡിച്ചു. ദേവിയുടെ ശരമാരിയേറ്റ അസുരന്റെ ഉടല്‍ ശോണിതമണിഞ്ഞു നിറയെ പൂത്തുനില്‍ക്കുന്ന മുരുക്കെന്നപോലെ തിളക്കമാര്‍ന്നു കാണപ്പെട്ടു. അപ്പോള്‍ അവന്‍ തന്‍റെ ഗദയെടുത്ത് സിംഹത്തിന്‍റെ തലയില്‍ ആഞ്ഞടിച്ചു. സിംഹത്തിനു കോപം മുഴുത്ത് അസുരന്‍റെ മാറിടം അതിന്‍റെ കൂര്‍ത്തുമൂര്‍ത്ത നഖങ്ങളാല്‍ കീറിപ്പൊളിച്ചു. എന്നാല്‍ അസുരന്‍ വീണ്ടും ശക്തിയാര്‍ജ്ജിച്ചു ചാടി വന്നു ഗദകൊണ്ട് ഭഗവതിയെയും താഡിച്ചു. അടി കൊള്ളുന്നതിനു മുന്‍പേ ദേവി തന്‍റെ വാളുകൊണ്ട് അസുരന്റെ തലയറുത്തു. തലതെറിച്ചു സമുദ്രത്തില്‍ വീഴ്കേ ദൈത്യ സൈന്യത്തില്‍ ഹാഹാരവം മുഴങ്ങി. ‘അംബികേ ദേവീ, ജയിച്ചാലും വിജയിച്ചരുളിയാലും’ എന്നിങ്ങിനെ വിണ്ണവര്‍ ആഹ്ലാദാരവം മുഴക്കി.


രണ്ടു ദൈത്യരും ചത്തുകഴിഞ്ഞപ്പോള്‍ മറ്റുള്ള അസുര സൈന്യത്തെ സിംഹം ആക്രമിച്ചു. കുറെയേറെ ദൈത്യന്മാരെ സിംഹം ആഹാരമാക്കി. പരിക്കേറ്റു വലഞ്ഞ ഒട്ടേറെ അസുരന്മാര്‍ മഹിഷനെ ചെന്ന് കണ്ടു സങ്കടം പറഞ്ഞു. ‘അസിലോമാവിനെയും വിഡാലനെയും ആ വീരനാരി കൊന്നു കളഞ്ഞു. ബാക്കിയുള്ള ദൈത്യന്മാരെ ആ സിംഹം കൊന്നു തിന്നുകയും ചെയ്തു’ എന്നവര്‍ പറഞ്ഞത് കേട്ട് മഹിഷന്‍ വിഷണ്ണനായി. 'എന്താണിനി ചെയ്യുക?' എന്നവന്‍ ചിന്താകുലനായി.



പുനരാഖ്യാനം: ഡോ. സുകുമാര് കാനഡ. ശ്രീ ടി എസ്. തിരുമുന്പിന്റെ ഭാഷാവിവര്ത്തനം, ശ്രീ എന് വി. നമ്പ്യാതിരിയുടെ മൂലം വിവര്ത്തനം, എന്നിവയെ അവലംബിച്ച് എഴുതിയത്

No comments:

Post a Comment