അമൃതവാണി
മന്ത്രജപം ഒരു നിമിഷംപോലും വിടാന്‍ പാടില്ല. ഏതു ജോലി ചെയ്യുമ്പോഴും മന്ത്രജപം തുടരണം. മനസ്സില്‍ ജപം ചെയ്യാം എന്ന് വിചാരിച്ചാല്‍ പലപ്പോഴും നടക്കില്ല. അതിനാല്‍ ചുണ്ടനക്കിത്തന്നെ ആദ്യം ജപിച്ചു ശീലിക്കണം.
വെള്ളം കുടിക്കാന്‍ മീന്‍ ചുണ്ടനക്കുംപോലെ. മന്ത്രം ജപിക്കാന്‍ കഴിയാത്ത ജോലികളാണ് ചെയ്യുന്നതെങ്കില്‍, ജോലി തുടങ്ങുന്നതിന് മുന്‍പും, അതിനുശേഷവും അല്‍പനിമിഷം കണ്ണടച്ച് ഇഷ്ടമൂര്‍ത്തിയെ ധ്യാനിക്കണം. ജപം എപ്പോഴും തുടര്‍ന്നുകൊണ്ടിരുന്നാല്‍ ജോലിക്കിടയില്‍ അനാവശ്യമായ സംസാരം കുറയും. മനസ്സ് സദാ ശാന്തമായിരിക്കും. ഇന്ന് കാണുന്ന മിക്ക രോഗങ്ങള്‍ക്കും കാരണം മനസ്സിന്റെ അശാന്തിയാണ്. മന്ത്രജപം മനസ്സിനും ശരീരത്തിനും ആരോഗ്യം നല്‍കും.
മന്ത്രം ജപിച്ചുകൊണ്ട് ചെയ്യുവാന്‍ കഴിയാത്ത ജോലിയാണുള്ളതെങ്കില്‍ ജോലി ചെയ്യുന്നതിന് മുന്‍പ് ‘പ്രഭോ ഇത് അവിടുത്തേക്ക് പ്രിയമായ രീതിയില്‍ ചെയ്തു തീര്‍ക്കുവാന്‍ അനുഗ്രഹിക്കണേ’ എന്ന് പ്രാര്‍ത്ഥിക്കണം. ജോലി കഴിയുമ്പോള്‍, തന്നില്‍നിന്നും എന്തെങ്കിലും പിഴ അറിഞ്ഞോ അറിയാതെയോ സംഭവിച്ചിട്ടുണ്ടെങ്കില്‍, അതിന് ഭഗവാനോട് ക്ഷമ ചോദിക്കണം.
നമ്മുടെ മടിയില്‍നിന്ന് വഴിയാത്രയ്ക്കുള്ള പണം നഷ്ടപ്പെട്ടാല്‍, എത്ര വേവലാതിയോടെ അത് തിരഞ്ഞ് കണ്ടെത്താന്‍ നാം ശ്രമിക്കും? അപ്രകാരം അല്‍പ്പസമയം മന്ത്രം ജപിക്കാന്‍ കഴിയാതെ പോയാല്‍, ‘ഈശ്വരാ, ഇത്ര സമയം എനിക്ക് നഷ്ടമായല്ലോ?’ എന്ന വ്യഥ വരണം. ആ വ്യഥയുണ്ടെങ്കില്‍ ഉറങ്ങുന്ന സമയം പോലും നഷ്ടമാകയില്ല.
മക്കളേ, കോടി രൂപ നഷ്ടമായാല്‍ അത് നേടാം. ഒരു സെക്കന്റ് നഷ്ടമായാല്‍ അത് തിരികെ കിട്ടുകയില്ല.
No comments:
Post a Comment