ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, January 31, 2017

ദേവീമഹിഷസംവാദം - ശ്രീമദ്‌ ദേവീഭാഗവതം. 5,. 16 - ദിവസം 108.



തേഷാം തദ്വചനം ശ്രുത്വാ ക്രോധയുക്തോ നരാധിപ:
ദാരുകം പ്രാഹ സരസാ രഥമാനയ മേ fദ്ഭുതം
സഹസ്ര ഖരസംയുക്തം പതാകാ ധ്വജ ഭൂഷിതം
ആയുധൈ: സംയുതം ശുഭ്രം സുചക്രം ചാരുകൂബരം



വ്യാസന്‍ തുടര്‍ന്നു:  അസുരന്മാരില്‍ നിന്നും അസിലോമ വിഡാലന്മാരുടെ മരണവൃത്തന്തമറിഞ്ഞു ചിന്താകുലനായ മഹിഷന്‍ തന്‍റെ വിശ്വസ്ത സചിവനായ ദാരുകനോട് രഥമൊരുക്കി കൊണ്ടുവരാന്‍ കല്‍പ്പിച്ചു. ആയിരം കഴുതകളെ ഒന്നിച്ചു പൂട്ടാവുന്ന ആ രഥത്തിന് അലങ്കാരപ്പണികള്‍ ഉള്ള ചിത്രത്തൂണുകളും കൊടിതോരണങ്ങളും ഉണ്ടായിരുന്നു. ദാരുകന്‍ ക്ഷണനേരത്തില്‍ രഥം അലങ്കരിച്ചു കൊണ്ട് വന്നു നിര്‍ത്തി. മഹിഷന്‍ നേരിട്ട് യുദ്ധത്തിനിറങ്ങാം എന്ന് തീരുമാനിച്ചു. ‘ദേവി എന്നെ വെറുമൊരു പോത്തിനെപ്പോലെ കൊമ്പും വാലുമുള്ള ഒരു വിരൂപനായിട്ടാവും കരുതിയിട്ടുണ്ടാവുക. നാരികള്‍ക്ക് രൂപ ഭംഗിയും ശൌര്യവും എപ്പോഴും പ്രിയപ്പെട്ടവയാണ്. അവള്‍ക്ക് എന്നെക്കണ്ടാല്‍ പ്രേമം തോന്നണം. അതിനായി നല്ല രൂപമെടുത്ത്‌ നയചാതുര്യത്തോടെ പോയ്ക്കളയാം. രണ്ടു പേരും രണ്ടു രൂപത്തിലിരുന്നാല്‍ എന്താണൊരു സുഖം എന്ന് മനസ്സില്‍ പറഞ്ഞ് അയാള്‍ മനുഷ്യരൂപത്തില്‍ തേരിലേറി. സ്വയം അയാള്‍ നന്നായി അലങ്കരിച്ചിരുന്നു. സര്‍വ്വായുധങ്ങളും ധരിച്ച്, എന്നാല്‍ രണ്ടാമതൊരു കാമദേവനുണ്ടെങ്കില്‍ അതിവന്‍ തന്നെയെന്നു തോന്നുമാറ് സുന്ദരനായിരുന്നു മഹിഷന്‍. മാലയും തോള്‍വളയും അമ്പും വില്ലും അവന് അലങ്കാരമായി.


അസുരപ്പടയാല്‍ പരിസേവിതനായി കടന്നു വരുന്ന മഹിഷനെ കണ്ടു ജഗദംബിക ശംഖുനാദം മുഴക്കി. വിസ്മയപ്രദമായ ആ നാദം കേട്ടിട്ടും കൂസാതെ അവന്‍ ദേവിയുടെ സമീപമെത്തി പ്രിയം പറഞ്ഞു: ‘ദേവീ സംസാരചക്രത്തില്‍ ഉഴലുന്ന ആണിനും പെണ്ണിനും സുഖജീവിതമാണല്ലോ അഭികാമ്യം! രണ്ടുപേര്‍ തമ്മിലുള്ള ചേര്‍ച്ചയാണ് സുഖത്തിനു നിദാനം. പരസ്പരം ചേര്‍ച്ചയില്ലെങ്കില്‍ യാതൊരു സുഖവുമില്ല. ഈ ചേര്‍ച്ചതന്നെ പലവിധമാണ്. പ്രീതി, ഹേതു, സ്വഭാവം എന്നിവയ്ക്കനുസരിച്ച് സംയോഗത്തില്‍ മാറ്റങ്ങള്‍ ഉണ്ട്. അവയുടെ രീതികള്‍ ഞാനൊന്ന് പറഞ്ഞു നോക്കാം. മാതാപിതാക്കള്‍ക്ക് മക്കളോടുള്ള ചേര്‍ച്ച ഉത്തമം. സഹോദരങ്ങള്‍ തമ്മിലുള്ളത് മാധ്യമമാണ്. കാരണം അതിനു പിന്നില്‍ പരസ്പര ഉപകാരം എന്നൊരു പ്രതീക്ഷയുടെ നിഴലുണ്ട്. വഴിയാത്രക്കാര്‍ ആകസ്മികമായി കണ്ടുമുട്ടി പിരിഞ്ഞു പോകുന്നതരം ചേര്‍ച്ചയില്‍ കാര്യമില്ല. അതിലെവിടെ പ്രീതി? അത് സ്വാഭാവികം എന്ന പറയാവുന്ന സംയോഗം മാത്രമാണ്. പിന്നെ നിസ്സാരമായ സുഖമല്ലേ അതിന്‍ നിന്നും ലഭിക്കൂ. ഉത്തമമായ സംയോഗം എന്ന് പറയുന്നത് ഉത്തമസുഖത്തെ നല്‍കുന്നതാണ്. സമാനപ്രായരായ നരനും നാരിയും തമ്മിലുള്ള സംയോഗമാണ് ഉത്തമമായത്. പരമസുഖം പ്രദാനം ചെയ്യാന്‍ അതിനാകും. ഇതില്‍ അവര്‍ തങ്ങളുടെ ചാതുര്യം, വേഷം, കുലം, ഗുണം എന്നിവയെക്കുറിച്ചെല്ലാം പരസ്പരം പുകഴ്ത്തി രസിക്കുന്നു. അതിന്‍ പ്രകാരം വീരനായ എന്നെ നീ സ്വീകരിക്കുകയാണെങ്കില്‍ നിനക്ക് അത്യധികം സുഖമുണ്ടാവും എന്ന് നിശ്ചയം. എനിക്ക് സ്വേച്ഛപ്രകാരം പല രൂപങ്ങളും ധരിക്കാനാവും. ഇന്ദ്രാദികളെ ഞാന്‍ നിഷ്പ്രയാസം തോല്‍പ്പിച്ച കാര്യം നിനക്കറിയാമല്ലോ. പിന്നെ കൊട്ടാരത്തില്‍ അന്തമില്ലാത്ത സമ്പത്ത് രത്നങ്ങളായും മറ്റും കൂട്ടി വെച്ചിട്ടുമുണ്ട്. അവ നിന്‍റെ അഭീഷടംപോലെ ഉപയോഗിക്കാം, അല്ലെങ്കില്‍ ദാനം ചെയ്യാം. ഞാന്‍ നിനക്ക് അടിമയാകാം. എന്‍റെ പട്ടമഹിഷിയാവുക. നീ പറഞ്ഞാല്‍ ആ നിമിഷം ഞാന്‍ ദേവന്മാരോടുള്ള വൈരം അവസാനിപ്പിക്കാം. നിന്റെ ഹിതമാണ് എന്‍റെ ഹിതം. നീ എന്ത് കല്‍പ്പിച്ചാലും ഞാനത് നടപ്പിലാക്കാം. കാമബാണമേറ്റ് വിവശനായി എത്തിയ എന്നെ നീ കൈവിടരുത്. നിന്‍റെ ധര്‍മ്മബോധം കാല്‍ക്കല്‍ വന്നു വീഴുന്നവര്‍ക്ക് അഭയം നല്‍കുക എന്നതല്ലേ? സുന്ദരീ, നിന്‍റെ വാക്ക് കേട്ട് ഞാന്‍ മരണം വരെ ദാസനായി നടന്നുകൊള്ളാം. എന്‍റെ വീരബലം ബ്രഹ്മാദികള്‍ക്കൊക്കെ അറിയാം. അങ്ങിനെയുള്ള ഞാനാണിപ്പോള്‍ നിന്‍റെ മുന്നില്‍ മാരതാപപരവശനായി നില്‍ക്കുന്നത്. ഞാന്‍ ജനിച്ചതില്‍പ്പിന്നെ ഇങ്ങിനെയൊരു ദൈന്യത എനിക്കുണ്ടായിട്ടില്ല. എന്‍റെ മുഖത്തേയ്ക്ക് നോക്കൂ. എന്നെ വരിക്കൂ.’



ഇങ്ങിനെ പ്രേമാഭ്യര്‍ത്ഥനയാല്‍ ദീനതയോടെ നില്‍ക്കുന്ന മഹിഷനെ നോക്കി ഒരു പരിഹാസപ്പുഞ്ചിരിയോടെ ദേവി പറഞ്ഞു: ‘പരമപുരുഷനല്ലാതെ മറ്റൊരാളെ ഞാന്‍ എനിക്കു കാന്തനായി കാണുന്നില്ല. ഞാന്‍ പരമപുരുഷനു ചേര്‍ന്ന പ്രകൃതിയാണ്. അദ്ദേഹത്തിന്‍റെ ഹിതാനുസാരം ഞാന്‍ സമസ്തപ്രപഞ്ചത്തെയും സൃഷ്ടിക്കുന്നു. അദ്ദേഹം സാക്ഷിസ്വരൂപനാണ്. ഞാന്‍ മംഗളസ്വരൂപയും. കാന്തത്തിന്‍റെ സാന്നിധ്യം ഇരുമ്പിനെയെന്നപോലെ ആ പരംപുമാന്‍റെ സാന്നിദ്ധ്യമാത്രം കൊണ്ട് എന്നിലെ ചൈതന്യം ചടുലമായി നിലനില്‍ക്കുന്നു. ജഡരൂപമങ്ങിനെ സചേതനമാവുന്നു. സ്ത്രീ സംഗം ആഗ്രഹിക്കുന്ന നീയൊരു മൂര്‍ഖന്‍. നാരി നരനെ ചങ്ങലകൊണ്ടു പൂട്ടിയിടുന്നു എന്ന് നിനക്കറിയില്ലേ? കഷ്ടം മലമൂത്രസഞ്ചയമായ ദേഹത്തിനായാണ്, അങ്ങിനെയുള്ള സ്ത്രീയുടെ സേവയ്ക്കായാണ് നീ കൊതിക്കുന്നത്! നിനക്ക് സുഖം വേണമെങ്കില്‍ ശമം ശീലിക്കുക. നാരീസംഗം ദു:ഖദായിയാണ്. ദേവന്മാരോടുള്ള വൈരം അവസാനിപ്പിച്ച് പാതാളത്തില്‍പ്പോയി വസിക്കുക. അല്ലെങ്കില്‍ നിനക്ക് ഭൂമിയില്‍ സഞ്ചരിക്കാം. അതുമല്ല സ്വനാശമാണ് ലക്ഷ്യമെങ്കില്‍ എന്നെ നേരിടുക. നിന്നെ നശിപ്പിച്ചു ദേവകാര്യം നടപ്പിലാക്കാന്‍ തയ്യാറായിട്ടാണ് ഞാന്‍ വന്നിട്ടുള്ളത്. നീ സൗഹൃദം കാണിച്ചതിനാല്‍ നിന്നെ ഞാന്‍ വെറുതെ വിടുന്നു. ഞാന്‍ നിന്നില്‍ പ്രീതയാണ്. ജീവനോടെ പോയ്ക്കൊള്ളുക. സദ്‌ജനങ്ങള്‍ക്ക് മൈത്രിയുണ്ടാവാന്‍ വെറും ഏഴു ചുവടുകള്‍ മതി. അതുകൊണ്ടാണ് നിന്നെ ഞാന്‍ വെറുതെ വിടുന്നത്. അല്ല, ജീവനില്‍ ആശയില്ലെങ്കില്‍ നമുക്ക് പോരിടാം.’


ദേവിയുടെ വാക്കുകള്‍ കേട്ട് കാമമോഹിതനായ ദൈത്യന്‍ പറഞ്ഞു: ‘മനോഹരേ, നിന്റെ തളിര്‍ മേനിയില്‍ ഞാനെങ്ങിനെ ശരമാരി തൂകും? വിഷ്ണു മുതലായ വീരന്മാരേയെല്ലാം നിഷ്പ്രയാസം ജയിച്ച ഞാന്‍ നിന്നെയെങ്ങിനെ ദേഹോപദ്രപം ഏല്‍പ്പിക്കും? ഇഷ്ടമെങ്കില്‍ നിനക്കെന്നെ വിവാഹം കഴിക്കാം. നാം തമ്മില്‍ മൈത്രിയാണെന്ന് പറഞ്ഞ സ്ഥിതിക്ക് ഞാന്‍ നിന്നെ വെറുതെ വിടാം. എവിടെ നിന്നാണ് നീ വന്നതെന്ന് വച്ചാല്‍ അവിടേയ്ക്ക് മടങ്ങിപ്പോയ്ക്കൊള്ളുക. നിന്നെ കൊല്ലാന്‍ എനിക്കാഗ്രഹമില്ല. നാം തമ്മില്‍ വൈരവുമില്ലല്ലോ? സ്ത്രീഹത്യയും ബാലഹത്യയും ബ്രഹ്മഹത്യയും ചെയ്‌താല്‍ അതിനു പാപപരിഹാരമില്ല എന്നെനിക്കറിയാം. വേണമെങ്കില്‍ നിന്നെ പിടിച്ചു കെട്ടി കൊണ്ടുപോകുക എന്നത് എനിക്ക് നിഷ്പ്രയാസമാണ്. എന്നാല്‍ ബലാല്‍ക്കാരേണയുള്ള ഭോഗംകൊണ്ട് എങ്ങിനെയാണ് സുഖമുണ്ടാവുക?. സ്ത്രീക്കും പുരുഷനും പരസ്പരം കാമമുണ്ടായാലേ സുഖം വരൂ.



പുരുഷനെക്കൂടാതെ നാരിക്കും നാരിയെക്കൂടാതെ നരനും സുഖമില്ല. നീ എന്‍റെ കൂടെ ചേരുക. വിഷ്ണുവിന് രമ, ബ്രഹ്മാവിന് സരസ്വതി, രുദ്രന് പാര്‍വ്വതി, ഇന്ദ്രന് ശചി, ഇങ്ങിനെയൊക്കെയല്ലേ സുഖികള്‍ ദമ്പതികളായി കഴിയുന്നത്? നീയെന്തിനാണ്‌ നല്ലോരുവന്‍ മുന്നില്‍ വന്നു കിട്ടിയിട്ടും വേണ്ടെന്നു വയ്ക്കുന്നത്? പൂവമ്പന് അഞ്ചു ശരങ്ങളുണ്ടായിട്ടും അതിലൊന്നുപോലും നിന്നില്‍ പ്രയോഗിക്കാന്‍ കഴിഞ്ഞില്ലല്ലോ? അല്ല, നിന്‍റെ തളിര്‍മേനിയെ  കാമശരങ്ങള്‍ കൊണ്ട് പോലും പീഡിപ്പിക്കരുതെന്നു കാമന്‍ കരുതിയോ ആവോ? ഭോഗസുഖം നന്നല്ലെന്നുള്ള ഒരു വരണ്ട തത്വവാദം പറഞ്ഞു തന്ന് നിന്നെ ആരോ കബളിപ്പിച്ചിരിക്കുന്നു. അല്ല, ഇനി കാമന് പോലും എന്നോട് വിരോധമുണ്ടോ എന്നും ഞാന്‍ സംശയിക്കുന്നു. ചിലപ്പോള്‍ ദേവന്മാര്‍ കാമനെ സ്വാധീനിച്ചതുമാകാം. നീയിപ്പോള്‍ സുഖം വേണ്ടെന്നു വച്ചാല്‍ പിന്നീട് ദുഖിക്കേണ്ടി വരും. തന്നെ വരിക്കാന്‍ ആഗ്രഹിച്ചു വന്ന ഒരു രാജാവിനെ വേണ്ടെന്നുവച്ച മന്ദോദരിയുടെ കഥ പോലെയാവും നിന്റെ കാര്യം. തനിക്കൊത്ത ഒരുവനെ വേണ്ടെന്നു വച്ച ആ സുന്ദരി ഒടുവില്‍ കാമാര്‍ത്തയായപ്പോള്‍ ഒരു മൂര്‍ഖനെ ഭര്‍ത്താവായി സ്വീകരിക്കേണ്ടതായി വന്നു.'



പുനരാഖ്യാനം: ഡോ. സുകുമാര് കാനഡ. ശ്രീ ടി എസ്. തിരുമുന്പിന്റെ ഭാഷാവിവര്ത്തനം, ശ്രീ എന് വി. നമ്പ്യാതിരിയുടെ മൂലം വിവര്ത്തനം, എന്നിവയെ അവലംബിച്ച് എഴുതിയത്

No comments:

Post a Comment