കഴിഞ്ഞ ആറ് അധ്യായങ്ങളിലൂടെ പ്രതിപാദിച്ചതിതാണ്. ജ്ഞാനയോഗമാര്‍ഗ്ഗത്തിലൂടെ പരമപദപ്രാപ്തിക്കുവേണ്ടി പ്രയത്‌നിക്കുന്ന മുമുക്ഷുവിന് ആദ്യം കാമ്യകര്‍മങ്ങള്‍-സ്വര്‍ഗാദിലോകം ആഗ്രഹിച്ച് യാഗാദികര്‍മങ്ങള്‍-അനുഷ്ഠിക്കാന്‍ നിര്‍ദ്ദേശിച്ചു. അതിനുശേഷം ചിത്തശുദ്ധിക്കുവേണ്ടി നിഷ്‌കാമ കര്‍മങ്ങള്‍-ഫലം ആഗ്രഹിക്കാതെ യാഗാദികര്‍മങ്ങള്‍-ചെയ്യാന്‍ ഉപദേശിച്ചു. പിന്നീട്, ഭഗവാന് ആരാധനയായി, ഭഗവാന്‍ സന്തോഷിക്കാന്‍വേണ്ടി വൈദികവും ലൗകികവുമായ കര്‍മങ്ങള്‍ ചെയ്തു കാമവാസനയെ നശിപ്പിക്കണമെന്ന് പറഞ്ഞു.
കാമമാലിന്യം നീങ്ങി ശുദ്ധമായ മനസ്സില്‍ ഭഗവാനെ അഷ്ടാംഗ യോഗവിധി പ്രകാരം ധ്യാനിച്ച് സമാധിയില്‍ എത്തുകയും യോഗത്തിന്റെ പൂര്‍ണാവസ്ഥയില്‍ സ്ഥിതിചെയ്യുകയും വേണമെന്ന് ഉപദേശിച്ചു. എല്ലാത്തരം യോഗികളെക്കാളും ശ്രേഷ്ഠന്‍ മനസ്സ് മുഴുവന്‍ എന്നില്‍ ആമഗ്നമാക്കി, ശ്രദ്ധയോടെ എന്നെ സ്‌നേഹപൂര്‍വം സേവിക്കുന്ന ഭക്തിയോഗി, എന്നെ എപ്പോഴും ബന്ധപ്പെടുന്നവന്‍ ആണെന്നത്രേ ഭഗവാന്റെ അഭിപ്രായം.
അതെങ്ങനെ സാധിക്കും? (7-1)
മയി ആസക്തമനാഃ
‘മയി’ എന്ന പദത്തെ ശ്രീശങ്കരാചാര്യര്‍ വ്യാഖ്യാനിക്കുന്നത്, ഈ അധ്യായത്തില്‍ ഇനി പറയുന്ന എല്ലാ വിശേഷങ്ങളും ഉള്ളവനും എല്ലാ ഈശ്വരന്മാരെയും നിയന്ത്രിക്കുന്ന പരമേശ്വരനുമായ എന്നില്‍, ഈ കൃഷ്ണനില്‍-എന്നര്‍ത്ഥം തന്നെയാണ്. അര്‍ജ്ജുനാ നീ എന്നില്‍ മനസ്സ് ആസക്തമാക്കണം. അങ്ങനെയാണ് എന്നെ ധ്യാനിക്കേണ്ടത്. ആസക്തമാക്കുക എന്നാല്‍ സ്‌നേഹിക്കുക എന്നുതന്നെ.
പോരാ. മദാശ്രയഃ – എന്നെ മാത്രം ആശ്രയിക്കുന്നവനാവണം. പരമേശ്വരനായ കൃഷ്ണന്‍ മാത്രമാണ് ആശ്രയം-ശരണം-എന്ന അവബോധം ഉണ്ടാവണം. മറ്റു യോഗികള്‍- കര്‍മയോഗികള്‍ കര്‍മത്തെയും ജ്ഞാനയോഗികള്‍ ജ്ഞാനത്തെയും (വേദാന്ത ജ്ഞാനം) ആണ് ആശ്രയിക്കുന്നത്. അതുപോരാ. മറ്റെല്ലാ സാധനാനുഷ്ഠാനങ്ങളും ഉപേക്ഷിക്കുക തന്നെ വേണം.
മാം അസംശയം സമഗ്രം ജ്ഞാസ്യസി
ഞാന്‍, സമ്പൂര്‍ണമായ ഐശ്വര്യവും വീര്യവും യശസ്സും സമ്പത്തും ജ്ഞാനവും വൈരാഗ്യവും ഉള്ളവനാണെന്ന വാസ്തവം ഒരു സംശയവും കൂടാതെ നിനക്ക് അറിയാന്‍ കഴിയും. ഈ ജ്ഞാനം, ”ഭഗവത്തത്ത്വവിജ്ഞാനം” എന്ന പേരില്‍ ശ്രീമദ്ഭാഗവതത്തില്‍ പ്രഖ്യാപിക്കുന്നു.
”ഏവം പ്രസന്നമനസോ
ഭഗവദ്ഭക്തിയോഗതഃ
ഭഗവത്തത്ത്വവിജ്ഞാന
മുക്തസാഗസ്യജായതേ
(ഭാഗം-1-2-20)
(ശ്രവണ-കീര്‍ത്തനാദികളായ ഒമ്പതുവിധത്തിലുള്ള ഭക്തിയോഗാനുഷ്ഠാനംകൊണ്ട് സത്വരജസ്തമോ ഗുണങ്ങള്‍ നീങ്ങി നിര്‍മലമായ മനസ്സില്‍ ഭഗവാന്റെ തത്വജ്ഞാനം ഭഗവാന്‍ തന്നെ തരും.)
തത്ശൃണു-ഭഗവാന്റെ അവതാരവും ലീലകളും രൂപവും നാമങ്ങളും കേള്‍ക്കുക-ശ്രവണം-അതാണ് ഭക്തിയോഗത്തിന്റെ ആദ്യത്തെ ഘട്ടം. ഭഗവാനില്‍നിന്നോ ഭക്തന്മാരില്‍നിന്നോ കേള്‍ക്കണം. ഈ കാര്യം സൂചിപ്പിച്ചുകൊണ്ടാണ്-ശൃണു-എന്ന് ഭഗവാന്‍ പറയുന്നത്.
ഭാഗവതാചാര്യന്‍ കാനപ്രം കേശവന്‍ നമ്പൂതിരി
No comments:
Post a Comment