ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Saturday, January 14, 2017

എല്ലാത്തരം യോഗികളെക്കാളും ശ്രേഷ്ഠന്‍ ആരെന്ന് പറയുന്നു (6-47) - ഗീതാദര്‍ശനം 14


ഭാഗവതാചാര്യന്‍ കാനപ്രം കേശവന്‍ നമ്പൂതിരി


കഴിഞ്ഞ ശ്ലോകത്തില്‍ വിശദീകരിച്ചതുപോലെ, വിവിധതരത്തിലും വിവിധതലത്തിലുമുള്ള യോഗമാര്‍ഗ്ഗങ്ങള്‍ ഭഗവത് സാക്ഷാരത്തിലെത്തിക്കുന്നവയാണ് എന്നു പറയാം. പക്ഷേ ഭക്തിയോഗംപോലെ നേരിട്ട് ഭഗവദ്പദം പ്രാപിക്കുന്നവയല്ല. ഭഗവദ് ഭക്തിയോഗം നേരിട്ട് ഭഗവത് പദം പ്രാപിക്കുന്നതും വിഘ്‌നങ്ങള്‍ ഇല്ലാത്തതും അത്രേ. മറ്റു യോഗമാര്‍ഗ്ഗങ്ങള്‍ ഭക്തിമാര്‍ഗ്ഗത്തില്‍ നമ്മെ കൊണ്ടെത്തിക്കും. അത്രയേ ഉള്ളൂ. അവ പല വിഘ്‌നങ്ങളാകുന്ന കല്ലും മുള്ളും നിറഞ്ഞതുമാണ്. അതുകൊണ്ടാണ് ഭഗവാന്‍ പറയുന്നത്- ”യോഗിനാം അവ സര്‍വേഷാം.”
മറ്റു യോഗികളുടെ കൂട്ടത്തില്‍ ഉള്‍പ്പെട്ടവനല്ല, ഭഗവദ് ഭക്തന്‍. അതുകൊണ്ട് ഈ ശ്ലോകത്തിലെ ഷഷ്ഠീ വിഭക്തിക്ക്, പഞ്ചമി വിഭക്തിയുടെതിനെക്കാള്‍ അര്‍ത്ഥമുണ്ടെന്ന് ശ്രീരാമാനുജാചാര്യര്‍ പറയുന്നു. മറ്റു യോഗികളെക്കാള്‍ ഭക്തനുള്ള യോഗ്യത എന്താണ്?

ഒന്നാമതായി അവര്‍, ഈശ്വരഭാവവും ജ്ഞാനവും, വീര്യവും കീര്‍ത്തിയും സമ്പത്തും വൈരാഗ്യവും പൂര്‍ണമായി ഇല്ലാത്ത രുദ്രന്‍, ആദിത്യന്‍, സോമന്‍ തുടങ്ങിയ ദേവന്മാരെ ധ്യാനയോഗത്തിലൂടെ സേവിക്കുന്നവര്‍ മാത്രമാണ്. എന്റെ ഭക്തന്‍ അങ്ങനെയല്ല. എന്നെയാണ്-ജ്ഞാന വൈരാഗ്യാദി ഷഡ്ഗുണ സമ്പൂര്‍ണനും എല്ലാ ദേവന്മാരെയും നിയന്ത്രിക്കുന്നവനും സച്ചിദാനന്ദ സ്വരൂപനുമായ ഈ കൃഷ്ണനെയാണ് അവര്‍ സേവിക്കുന്നത്. അതും ഗുരുനാഥന്മാരുടെയും ശാസ്ത്രങ്ങളുടെയും നിര്‍ദ്ദേശങ്ങളെ പിഴക്കാതെ അനുഷ്ഠിക്കുന്നവനാണ്. അവന്റെ മനസ്സും ഇന്ദ്രിയങ്ങളും എന്നില്‍ മാത്രം ആമഗ്നമായി നില്‍ക്കുകയാണ്. കാരണം, എന്റെ സച്ചിദാനന്ദമയമായ സ്വരൂപം, കോടികാമന്മാരുടെ സൗന്ദര്യത്തെ വെല്ലുവിളിക്കുന്ന സൗന്ദര്യം, അപാരമായ കാരുണ്യം, സ്‌നേഹവാത്സല്യാദികളായ ഗുണങ്ങള്‍ മുതലായവ ഭക്തന്റെ മനസ്സിനെ എന്നില്‍ ഉറപ്പിച്ചു നിര്‍ത്തുകയാണ്.

മാം ഭജതേ– ഭജതേ, എന്ന സംസ്‌കൃതപദത്തിന്റെ അര്‍ത്ഥം സ്‌നേഹത്തോടെ, വിശ്വാസത്തോടെ എന്നെ സേവിക്കുന്നു എന്നര്‍ത്ഥമാണ്. ആരാധിക്കുന്ന, ആദരിക്കുന്ന ബഹുമാനിക്കുന്ന എന്നര്‍ത്ഥമല്ല. എന്നെ സ്‌നേഹിക്കാതെ, എന്നെ ധ്യാനിക്കാതെ, എന്റെ നാമങ്ങളെ ജപിക്കാതെ, കീര്‍ത്തിക്കാതെ, പൂജിക്കാതെ എന്നെപ്പറ്റി സംസാരിക്കാതെ, എന്റെ ഭക്തന് ജീവിക്കാനോ ശ്വാസം കഴിക്കാനോ സാധ്യമല്ല. അവര്‍ ആഹാരം കഴിക്കുകയും ഉറങ്ങുകയും വൈദികകര്‍മങ്ങള്‍ ചെയ്യുന്നുമുണ്ടാവാം. അതൊക്കെയും എനിക്ക് വേണ്ടിയാണ്, എന്നെ കേന്ദ്രീകരിച്ചാണ്, എന്റെ ഭഗവത്ത്വത്തില്‍ ആമഗ്നമാണ്. എന്റെ ഭക്തന്മാരാണ്, സേവകന്മാരാണ് എന്ന ഉറച്ച അവബോധത്തോടെയാണ് അവന്‍ മറ്റു ദേവന്മാരെ ഭജിക്കുന്നതും. ഈ രീതിയില്‍ എന്നെ സേവിക്കുന്ന ഭക്തിയോഗിയാണ് യുക്തതമന്‍-എന്നോട് എപ്പോഴും യോജിച്ചു നില്‍ക്കുന്നവന്‍ എന്നാണ് എന്റെ അഭിപ്രായം, അല്ല തീരുമാനം. മനനം, ചിന്ത ചെയ്തു ഉറപ്പിച്ചത് എന്ന് താല്‍പ്പര്യം. അതുകൊണ്ട് ‘യോഗീഭവ’ എന്ന് ഞാന്‍ പറഞ്ഞത്, എന്റെ ഇഷ്ട കാര്യമായ, അവതാര ലക്ഷ്യമായ ദുഷ്ട നിഗ്രഹത്തില്‍ പങ്കെടുത്ത് എന്നെ സേവിക്കുന്നവനേ ഉത്തമഭക്തിയോയോഗിയായിത്തീരൂ എന്നാണ്.

No comments:

Post a Comment